Image source |
മത്തായി ഒരു മീന്‍പിടിത്തക്കാരനായിരുന്നു. ദിവസേന രാവിലെ മത്തായി വലയുമായി മീന്‍ പിടിക്കാനിറങ്ങും. മീന്‍ ചന്തയില്‍ വിറ്റ് കിട്ടുന്ന കാശ് കൊണ്ടാണ് മത്തായി കുടുംബം പുലര്‍ത്തിയിരുന്നത്.
ഒരു ദിവസം പതിവ് പോലെ മത്തായി മീന്‍ പിടിക്കാനിറങ്ങി. കുറേ നേരം ശ്രമിച്ചിട്ടും മത്തായിക്ക് മീനൊന്നും കിട്ടിയില്ല. മത്തായി പല സ്ഥലത്തും മാറി മാറി വല വീശി നോക്കി. ഒടുക്കം മത്തായി പുണ്യാളനെ അഭയം പ്രാപിച്ചു. മത്തായി പെട്ടെന്നൊരു നേര്‍ച്ച നേര്‍ന്നു.
"എന്‍റെ ഗീവര്‍ഗ്ഗീസ് പുണ്യാളാ, ഇത് വരെയായിട്ടും എനിക്കൊരു മീന്‍ പോലും കിട്ടിയില്ല. പുണ്യാളന്‍റെ കൃപ കൊണ്ട് എനിക്കിന്നാദ്യം കിട്ടുന്ന മീനിനെ ഞാന്‍ പള്ളിയിലേയ്ക്ക് തന്നേയ്ക്കാമേ!"
ഇതും പറഞ്ഞ് മത്തായി വല ആഞ്ഞ് വീശി. കുറച്ച് സമയം കഴിഞ്ഞ് വല വലിച്ച മത്തായിയുടെ കണ്ണ് തള്ളിപ്പോയി! വലയിലതാ ഒരു മുഴുത്ത മീന്‍! മീനിനെ തന്‍റെ കുട്ടയിലേയ്ക്കിട്ട് മത്തായി പറഞ്ഞു.
"പുണ്യാളാ, അവിടുന്നെന്‍റെ പ്രാര്‍ത്ഥന കേട്ടല്ലോ. വളരെ നന്ദിയുണ്ട്!"
അപ്പോഴാണ് തൊട്ട് മുന്പ് താന്‍ ചെയ്ത നേര്‍ച്ച മത്തായിയ്ക്ക് ഓര്‍മ്മ വന്നത്. മത്തായി കുട്ടയ്ക്കകത്ത് കിടക്കുന്ന മീനിനെ ഒന്ന് നോക്കി. മുഴുത്ത മീന്‍ കിടന്ന് പിടയ്ക്കുന്നത് കണ്ട് മത്തായി പറഞ്ഞു.
"പുണ്യാളാ, ഈ മീന്‍ മത്തായി എടുത്തോളാം. ഇനി കിട്ടുന്ന മീന്‍ തീര്‍ച്ചയായും പള്ളിയിലേയ്ക്ക് തന്നോളാം."
പറഞ്ഞ് തീര്‍ന്നതേയുള്ളൂ! കുട്ടയ്ക്കകത്ത് കിടന്ന് പിടക്കുകയായിരുന്ന മീന്‍ പെട്ടെന്ന് ഒറ്റച്ചാട്ടത്തിന് വെള്ളത്തിലേയ്ക്ക് ചാടിപ്പോയി!
മത്തായി സങ്കടത്തോടെ പറഞ്ഞു.
"ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി. വന്ന് വന്ന് ഒരു തമാശ പറയാന്‍ പോലും പറ്റാതായി. മത്തായി അടുത്ത മീനിനെ പള്ളിയിലേയ്ക്ക് തരാമെന്ന് വെറുതെ ഒരു തമാശ പറഞ്ഞതല്ലിയോ? അപ്പോഴേയ്ക്കും പുണ്യാളന്‍ കെറുവിച്ചത് വല്ലാത്ത കഷ്ടമായിപ്പോയി."
0 Comments