ഒരിടത്തൊരിടത്ത് ഒരു മരംവെട്ടുകാരനുണ്ടായിരുന്നു. മരം വെട്ടുകാരന് വനദേവതയുടെ അനുഗ്രഹം വഴി സ്വര്‍ണ്ണമഴു കിട്ടിയ കഥ കൂട്ടുകാര്‍ മുന്‍പ് കേട്ടിട്ടുണ്ടാകുമല്ലോ? ഇല്ലെങ്കില്‍ ഇവിടെ വായിക്കാം.
ഈ കഥ മറ്റൊരു മരംവെട്ടുകാരന്‍റേതാണ്. ഒരു ദിവസം അയാള്‍ കാട്ടിലെത്തി പതിവുപോലെ ഒരു മരത്തിന്മെല്‍ കയറി തനിക്ക് വേണ്ട മരച്ചില്ലകള്‍ ഓരോന്നായി താഴേയ്ക്ക് വെട്ടിയിടാന്‍ തുടങ്ങി. പെട്ടെന്നാണ് അയാള്‍ ഒരു ശബ്ദം കേട്ടത്.
"അരുത്! ദയവ് ചെയ്ത് ഈ മരം വെട്ടരുത്. ഇത് എന്‍റെ താമസസഥലമാണ്!"
മരംവെട്ടുകാരന്‍ അത്ഭുതത്തോടെ ചുറ്റും നോക്കി. ആരെയും കാണാനില്ല. ചെറിയൊരു ഭയത്തോടെ അയാള്‍ ഉറക്കെ വിളിച്ച് ചോദിച്ചു.
"ആരാണത്? എനിക്കാരെയും കാണാന്‍ കഴിയുന്നില്ലല്ലോ? നിങ്ങളെവിടെയാണ്?"
"ഞാന്‍ ഈ മരത്തില്‍ താമസിക്കുന്ന ഒരു യക്ഷിയാണ്. നിങ്ങള്‍ക്ക് എന്നെ കാണാന്‍ കഴിയില്ല. നിങ്ങള്‍ ഈ മരം വെട്ടരുത്"
"പക്ഷേ, മരം വെട്ടി വിറ്റ് കൊണ്ട് കിട്ടുന്ന പണം കൊണ്ടാണ് ഞാന്‍ കുടുംബം പോറ്റുന്നത്". മരംവെട്ടുകാരന്‍ പറഞ്ഞു.
"ഈ മരം വെട്ടാതിരുന്നാല്‍ നിങ്ങള്‍ക്ക് ഞാന്‍ മൂന്ന് വരങ്ങള്‍ നല്‍കാം. നിങ്ങളെന്താഗ്രഹിക്കുന്നുവോ അത് നിങ്ങള്‍ക്ക് ലഭിക്കും. എന്താണ് വേണ്ടതെന്ന് പറഞ്ഞോളൂ". മരത്തിലെ യക്ഷി പറഞ്ഞു.
മരംവെട്ടുകാരന് സന്തോഷമായി. ഇനിയിപ്പോള്‍ കഷ്ടപ്പെടാതെ ജീവിക്കാമല്ലോ.
"പക്ഷേ എന്താണ് വേണ്ടതെന്ന് എനിക്ക് എന്‍റെ ഭാര്യയോട് ആലോചിക്കണം" അയാള്‍ പറഞ്ഞു.
"ശരി. എങ്കില്‍ അങ്ങിനെയാകട്ടേ. നിങ്ങളും ഭാര്യം ആദ്യം ആഗ്രഹിക്കുന്ന മൂന്ന് കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും" യക്ഷി സമ്മതിച്ചു.
മരംവെട്ടുകാരന്‍ സന്തോഷത്തോടെ വീട്ടിലേയ്ക്ക് മടങ്ങി.
വീട്ടിലെത്തിയ അയാള്‍ക്ക് ഭാര്യ കഴിക്കാന്‍ കഞ്ഞി എടുത്ത് കൊടുത്തു. ഭക്ഷണത്തിനിരിക്കെ തനിക്ക് കിട്ടിയ വരത്തെപറ്റി അയാള്‍ ഭാര്യയോട് പറഞ്ഞു.
"അതുകൊള്ളാം! അപ്പോള്‍ എനിക്കണിയാന്‍ കുറെ നല്ല ആഭരണങ്ങള്‍ ആവശ്യപ്പെടാം." ഭാര്യ പറഞ്ഞു.
"ഇതെന്താ കഞ്ഞി മാത്രമേ ഉള്ളോ? ഇന്ന് കറിയൊന്നുമില്ലേ?" അയാള്‍ ചോദിച്ചു.
എന്ത് വരം ചോദിക്കണമെന്ന് ചിന്തയിലായിരുന്ന ഭാര്യ അയാളുടെ ചോദ്യം കേട്ടില്ല. അതു കൊണ്ട് അവര്‍ മറുപടി പറഞ്ഞത് ഇങ്ങിനെയായിരുന്നു.
"നമുക്ക് കുറെ പശുക്കളെ വേണമെന്ന് പറഞ്ഞാലോ? അല്ലെങ്കില്‍ വേണ്ട, നല്ലൊരു വീട് ചോദിക്കാം"
"പശുവും വീടുമല്ല, നിന്‍റെ അടുക്കളയില്‍ നിന്ന് കുറച്ച് കറി ഒഴുകിയെത്തട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്" ഭാര്യ താന്‍ പറഞ്ഞത് ശ്രദ്ധിക്കാത്തതില്‍ ദേഷ്യം വന്ന മരംവെട്ടുകാരന്‍ പറഞ്ഞു.
അയാള്‍ പറഞ്ഞ് നാക്കെടുത്തില്ല, അതിന് മുന്പ് തന്നെ അടുക്കളയില്‍ നിന്നും അയാള്‍ക്കരികിലേയ്ക്ക് കറി ഒഴുകിയെത്താന്‍ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുന്ന ഭര്‍ത്താവിന് നേരെ ഭാര്യ തട്ടിക്കയറാന്‍ തുടങ്ങി.
"മരമണ്ടന്‍! വെറുതെ ഒരു വരം നഷ്ടപ്പെടുത്തി. എന്ത് ഭ്രാന്താണ് നിങ്ങള്‍ പറഞ്ഞത്? അടുക്കളയില്‍ നിന്നല്ല, നിങ്ങളുടെ മൂക്കില്‍ നിന്നുമാണ് കറിയൊഴുകി വരേണ്ടതെന്നാണ് എന്‍റെ ആഗ്രഹം. അപ്പോള്‍ നേരെ വായിലേയ്ക്ക് എത്തിക്കൊള്ളുമല്ലോ?"
അവര്‍ പറഞ്ഞ് നിറുത്തിയില്ല, അയാളുടെ മൂക്കില്‍ നിന്നും കറി ഒഴുകി വായിലേയ്ക്കെത്താന്‍ തുടങ്ങി. താന്‍ ദേഷ്യം മൂത്ത് പറഞ്ഞത് അങ്ങിനെ തന്നെ സംഭവിച്ചത് കണ്ട് ഭാര്യ സ്തംഭിച്ച് നിന്നു.
"എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. രണ്ട് വരവും നഷ്ടപ്പെട്ടു. ഇനി ഒരു വരം കൂടിയുണ്ടല്ലൊ? ഇനിയെങ്കിലും നമുക്ക് വല്ല സ്വര്‍ണ്ണമോ, പണമോ ആവശ്യപ്പെടാം" താന്‍ ചെയ്ത വിഡ്ഢിത്തമോര്‍ത്ത് വിഷമിച്ച ഭാര്യ സമാധാനത്തോടെ പറഞ്ഞു.
"അവളുടെ ഒരു സ്വര്‍ണ്ണവും പണവും! ഈ ശല്യം എന്‍റെ മൂക്കില്‍ നിന്ന് ഒന്നൊഴിഞ്ഞ് കിട്ടിയാല്‍ മതിയെന്നൊരൊറ്റ ആഗ്രഹമേയുള്ളൂ!"
അയാള്‍ പറഞ്ഞതും അയാളുടെ മൂക്കില്‍ നിന്നുമുള്ള കറിയുടെ ഒഴുക്ക് നിലച്ചു. അയാള്‍ സമാധാനത്തോടെ നെടുവീര്‍പ്പിട്ടു.
അതോടെ രണ്ടുപേരുടെയും ദേഷ്യവും അടങ്ങി. പിന്നെ രണ്ട് പേരും തങ്ങള്‍ നഷ്ടപ്പെടുത്തിയ മൂന്ന് വരങ്ങളോര്‍ത്തി സങ്കടപ്പെട്ടിരിപ്പായി.
മുന്‍കോപം ആപത്താണ്. മൂക്കത്ത് ശുണ്ഠിയുള്ളവര്‍ പിന്നീട് ദു:ഖിക്കും
0 Comments