ഒരിയ്ക്കല്‍ ഒരു മരം വെട്ടുകാരന്‍ കാട്ടിലെ നദിക്കരയില്‍ മരം വെട്ടുകയായിരുന്നു. അങ്ങിനെ മരം വെട്ടിക്കൊണ്ടിരിക്കെ അയാളുടെ കയ്യില്‍ നിന്നും മഴു വഴുതി നദിയിലേയ്ക്ക് തെറിച്ച് വീണു.
പാവം മരംവെട്ടുകാരന്‍! അയാള്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ആ മഴുവാണ് അയാളുടെ ഏക സമ്പാദ്യം. മരം വെട്ടിയെടുത്ത് ചന്തയില്‍ വിറ്റാണ് അയാള്‍ കുടുംബം പോറ്റിയിരുന്നത്. ഇനിയെന്ത് ചെയ്യുമെന്നറിയാതെ അയാള്‍ ആ മരച്ചുവട്ടിലിരുന്ന് കരയാന്‍ തുടങ്ങി.
മരംവെട്ടുകാരന്‍റെ കരച്ചില്‍ വനദേവത കേട്ടു. ദേവതയ്ക്ക് അയാളോട് കരുണ തോന്നി. ദേവത ആ പാവത്തെ സഹായിക്കാന്‍ തന്നെ തീരുമാനിച്ചു. വനദേവത ഉടന്‍ തന്നെ മരംവെട്ടുകാരന്‍റെ മുന്പില്‍ പ്രത്യക്ഷപ്പെട്ടു.
ജലത്തില്‍ നിന്നും ഉയര്‍ന്ന് വന്ന വനദേവതയുടെ തേജസ്സാര്‍ന്ന രൂപം കണ്ട് മരംവെട്ടുകാരന്‍ ചാടിയെഴുന്നേറ്റു.
"അല്ലയോ മരംവെട്ടുകാരാ, നിങ്ങളെന്തിനാണ് കരയുന്നത്?" വനദേവത ചോദിച്ചു
"എന്‍റെ മഴു പുഴയില്‍ വീണു പോയി. അതില്ലാതെ എനിക്ക് മരം വെട്ടാന്‍ സാധിക്കില്ല" അയാള്‍ പറഞ്ഞു.
"അത്രയേയുള്ളൂ? നിങ്ങള്‍ വിഷമിക്കേണ്ട. മഴു ഞാന്‍ എടുത്തു തരാം." ദേവത അയാളെ ആശ്വസിപ്പിച്ചു.
വനദേവത ഉടന്‍ തന്നെ നദിയില്‍ മുങ്ങി. മരം വെട്ടുകാരന്‍ ആകാംക്ഷയോടെ കാത്തു നിന്നു. അല്‍പ്പസമയത്തിനുള്ളില്‍ ദേവത വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് വന്നു. ദേവതയുടെ കയ്യില്‍ തിളങ്ങുന്ന ഒരു സ്വര്‍ണ്ണതിന്‍റെ മഴുവുണ്ടായിരുന്നു.
"ഇതാ നിന്‍റെ മഴു" ആ സ്വര്‍ണ്ണമഴു നീട്ടിക്കൊണ്ട് ദേവത പറഞ്ഞു.
"അതിനിതെന്‍റെ മഴുവല്ല!" മരംവെട്ടുകാരന്‍ പറഞ്ഞു.
ദേവത വീണ്ടൂം വെള്ളത്തില്‍ മുങ്ങിപ്പോയി. അല്‍പ്പസമയം കഴിഞ്ഞ് ഉയര്‍ന്ന് വന്ന ദേവതയുടെ കയ്യില്‍ തിളങ്ങുന്ന ഒരു വെള്ളിമഴുവുണ്ടായിരുന്നു.
"ദാ! നിങ്ങളുടെ മഴു കിട്ടിപ്പോയ്!" ദേവത പറഞ്ഞു.
"ഇതും എന്‍റേതല്ല. എന്‍റേത് ഒരു സാധാരണ മഴുവാണ്" മരംവെട്ടുകാരന്‍ പറഞ്ഞു.
ദേവത ഒന്നും പറയാതെ വീണ്ടൂം വെള്ളത്തിലേയ്ക്ക് മുങ്ങി. കുറച്ച് നേരത്തിന് ശേഷം ഉയര്‍ന്ന് വന്ന ദേവതയുടെ കയ്യില്‍ ഒരു സാധാരണ മഴുവുണ്ടായിരുന്നു.
"ഹായ്! ഇത് എന്‍റെ മഴുവാണ്!" ദേവതയുടെ കയ്യിലെ മഴു കണ്ടതും മരം വെട്ടുകാരന്‍ സന്തോഷത്തോടെ പറഞ്ഞു.
മരംവെട്ടുകാരന്‍റെ സത്യസന്ധതയില്‍ തൃപ്തയായ വനദേവത ആ മൂന്ന് മഴുവും മരംവെട്ടുകാരന് സമ്മാനിച്ചു.
0 Comments