അവർ പടിഞ്ഞാറൻ കടലിൽ എത്തിയപ്പോൾ അവർക്ക് സങ്കടം തോന്നി, കാരണം പടിഞ്ഞാറൻ കടൽ മൊയ്‌ലെയെക്കാൾ വന്യവും തണുപ്പുള്ളതും ഭയങ്കരവുമായിരുന്നു. അടുത്ത മുന്നൂറ് വർഷക്കാലം ആ കടലിനു മുകളിലൂടെ സഹോദരങ്ങളായ ആ ഹംസങ്ങൾ പറന്നു നടന്നു. അക്കാലമത്രയും അവർക്ക് ഒരിക്കല്‍പോലും ആശ്വാസം ലഭിച്ചില്ല, ഒരിക്കൽ പോലും അവർ വേട്ടമൃഗങളുടെയോ, കുതിരയുടെയോ കാലടി ശബ്ദം കേട്ടില്ല. ഒരിക്കല്‍ പോലും അവരുടെ ബന്ധുക്കളെ ആരെയും കണ്ടതുമില്ല.
അങ്ങിനെ മുന്നൂറ് വര്‍ഷമെന്ന സമയം കഴിഞ്ഞപ്പോൾ, ഹംസങ്ങൾ വെള്ളത്തിൽ നിന്ന് എഴുന്നേറ്റ് സന്തോഷത്തോടെ പരസ്പരം പറഞ്ഞു:
“ഇനി ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകാം, നമ്മുടെ സമയം കഴിഞ്ഞു!”
അവർ വേഗത്തിൽ തങ്ങളുടെ വീട് ലക്ഷ്യമാക്കി പറന്നു. ഒരു ദിവസം മുഴുവന്‍ പറന്ന്ലി അവര്‍ ലിർ താമസിക്കുന്ന സ്ഥലത്ത് എത്തി. അവർ താഴേക്ക് നോക്കിയപ്പോൾ വീട്ടിൽ വെളിച്ചം കണ്ടില്ല, സംഗീതമോ ശബ്ദങ്ങളോ കേട്ടില്ല. പല നിറങ്ങളിലുള്ള വീട് ശൂന്യമായിരുന്നു, അതിൽ നിന്ന് എല്ലാ സൗന്ദര്യവും ഇല്ലാതായിരുന്നു; വെളുത്ത വേട്ടമൃഗങ്ങളും തിളക്കമുള്ള കുതിരകളും കാണാനെയില്ലായിരുന്നു, സിദ്ധെയിലെ എല്ലാ സൌന്ദര്യവാന്മാരും സന്തോഷവാന്‍മാരുമായ ആളുകളും അപ്രത്യക്ഷരായിരുന്നു.
“എല്ലാ സ്ഥലവും ആകെ ഇരുണ്ടതാണ്!” കോൺ പറഞ്ഞു. “ആ കുന്നുകൾ നോക്കൂ!”
ഹംസങ്ങൾ തങ്ങൾക്ക് പരിചിതമായ കുന്നുകളിലേക്ക് നോക്കി, അവർക്ക് കാണാൻ കഴിയുമായിരുന്ന എല്ലാ കുന്നുകളും പർവതങ്ങളും ഇരുണ്ടതും ദുഃഖഭരിതവുമായിരുന്നു: ഒന്നിനും പ്രകാശമുള്ള നക്ഷത്രഹൃദയമില്ല, ഒന്നിനും ജ്വാലിക്കുന്ന കിരീടമില്ല, അതിലൊന്നിലൂടെ സംഗീതം സ്പന്ദനമേയില്ല!
“ഓ ആവോദ്, കോൺ, ഫിയാക്ര,” ഫിയോണുല പറഞ്ഞു, “ഭൂമിയിൽ നിന്ന് സൗന്ദര്യം ഇല്ലാതായി: നമുക്ക് ഇപ്പോൾ ഒരു വീടില്ലാതായി!”
നീണ്ട നനഞ്ഞ പുല്ലിൽ, രാവിലെ വരെ, ഹംസങ്ങൾ ഒളിച്ചിരുന്നു. അവർ പരസ്പരം സംസാരിച്ചില്ല; വിലപിച്ചില്ല; ദുഃഖഭാരത്താൽ അവർ നിശബ്ദരായി. പ്രഭാതവെളിച്ചം ഭൂമിയിലെത്തിയപ്പോള്‍ അവർ വായുവിലേക്ക് പറന്നുയര്‍ന്ന് അവരുടെ ബന്ധുക്കളെ തേടി പറന്നു നടന്നു. അപരിചിതരായ ജനങ്ങള്‍ വസിക്കുന്ന വാസസ്ഥലങ്ങള്‍ കണ്ടു. തുവാത ഡി ഡാനാൻ വെള്ളി കൊമ്പുകളുള്ള വെളുത്ത മാനുകളെ വേട്ടയാടിയ സമതലങ്ങളിൽ അവര്‍ ആട്ടിൻകൂട്ടത്തെ മേയിക്കുകയും ധാന്യം വിതയ്ക്കുകയും ചെയ്യുന്നതും അവര്‍ക്ക കാണാനായി.
“എല്ലാ ദുഖങ്ങളെക്കാളും വലിയ ദുഖമാണ് നമ്മുടെ മേൽ പതിച്ചിരിക്കുന്നത്!” ഫിയോണുല പറഞ്ഞു. "നമുക്ക് കീഴിൽ ഹരിതാഭമായ ഭൂമിയുണ്ടോ അതോ കയ്പേറിയ കടൽ തിരമാലകളുണ്ടോ എന്നത് ഇപ്പോൾ പ്രശ്നമല്ല: നമ്മൾ ഹംസങ്ങളുടെ ശരീരത്തിലാണെന്നതിനാല്‍ അതൊന്നും നമുക്ക് ബാധകമല്ല."
അവളുടെ സഹോദരന്മാർക്ക് അവൾക്ക് ഉത്തരം നൽകാൻ വാക്കുകളില്ലായിരുന്നു. അപ്പോഴാണ് ആവോദ് സംസാരിച്ചത്:
"വിജനമായ ഈ വീട്ടിൽ നിന്നും ചത്തകുന്നുകളിൽ നിന്നും നമുക്ക് വളരെ ദൂരെയ്ക്ക് പറന്നു പോകാം. പടിഞ്ഞാറൻ കടലിന്‍റെ ഇടിമുഴക്കം കേൾക്കുന്നിടത്തേക്ക് നമുക്ക് പോകാം."
ഹംസങ്ങൾ ചിറകുകൾ വിടർത്തി പടിഞ്ഞാറോട്ട് പറന്നു, ഒരു ചെറിയ പുല്‍തടാകത്തിലെത്തി. അവര്‍ അവിടെ പറന്നിറങ്ങി, അഭയം പ്രാപിച്ചു, കാരണം അവർക്ക് കൂടുതൽ മുന്നോട്ട് പോകാൻ മനസ്സില്ലായിരുന്നു.
അവർ ദിവസങ്ങളെക്കുറിച്ച് ശ്രദ്ധിച്ചില്ല, പലപ്പോഴും ആകാശത്ത് ചന്ദ്രനാണോ സൂര്യനാണോ എന്ന് അവർക്ക് അറിയില്ലായിരുന്നു, പക്ഷേ അവർ പരസ്പരം പാട്ട് പാടി കേള്‍പ്പിക്കുമായിരുന്നു. അതായിരുന്നു അവർക്ക് ആകെയുള്ള ആശ്വാസം.
ഒരു ദിവസം, ഫിയോണുല പാടിക്കൊണ്ടിരിക്കുമ്പോൾ, അന്യജാതിക്കാരനായ ഒരാൾ പാട്ട് കേൾക്കാൻ അടുത്തേക്ക് വന്നു. വളരെയധികം കഷ്ടപ്പാടുകൾ സഹിച്ച ഒരാളുടെ രൂപമായിരുന്നു ആ അപരിചിതന്. അദ്ദേഹത്തിന്‍റെ വസ്ത്രങ്ങൾ മോശവും കീറിപ്പറിഞ്ഞതുമായിരുന്നു. വെയിലും മഴയും കൊണ്ട് അദ്ദേഹത്തിന്‍റെ മുടി വെളുത്തിരുന്നു. പാട്ട് കേട്ടപ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകളിൽ ഒരു പ്രകാശം വന്നു, അദ്ദേഹത്തിന്‍റെ മുഖം മുഴുവൻ മനോഹരമായി. പാട്ട് അവസാനിച്ചപ്പോൾ അദ്ദേഹം ഹംസങ്ങളുടെ മുന്നിൽ കുമ്പിട്ട് പറഞ്ഞു:
"മരുഭൂമിയിലെ വെളുത്ത ഹംസങ്ങളേ, നിങ്ങൾ പല ദേശങ്ങളിലൂടെയും പറന്നവരല്ലേ? നിങ്ങളാരെങ്കിലും യൗവനം നഷ്ടപ്പെടാത്ത തിർ-നാൻ-ഓഗെയെയോ; മനോഹരമായതെല്ലാം എന്നെന്നേക്കുമായി ജീവിക്കുന്ന തിർ-ന-മോയെയോ; അല്ലെങ്കിൽ പുഷ്പങ്ങളാൽ തേൻ മധുരമുള്ള മോയ്-മെലിനെയോ കണ്ടിട്ടുണ്ടോ?"
"അത് കൊള്ളാം, ഞങ്ങള്‍ തിർ-നാൻ-ഓഗെയെ കണ്ടിട്ടുണ്ടോ എന്നോ? അത് ഞങ്ങളുടെ സ്വന്തം രാജ്യമാണ്! ഞങ്ങള്‍ അവിടത്തെ രാജാവായ ലിറിന്‍റെ മക്കളാണ്."
"ആ രാജ്യം എവിടെയാണ്? ഒരാൾക്ക് എങ്ങനെ അവിടെ എത്താൻ കഴിയും? പറയൂ!" അപരിചിതന്‍ ചോദിച്ചു.
"ഓ! അതിന്ന് ലോകഭൂപടത്തില്‍ എവിടെയും ഇല്ല. ഞങ്ങളുടെ പിതാവിന്‍റെ വീട് ഇപ്പോള്‍ ശൂന്യമാണ്!"
"നിങ്ങൾ കള്ളം പറയുകയാണ്! ലോകം മുഴുവൻ നശിച്ചുപോയെന്ന് വരാം, എന്നാല് തിർ-നാൻ-ഓഗെ നശിക്കുകയേയില്ല!"
"എന്തു ചെയ്യാം, സത്യത്തിന്‍റെ കയ്പ്പ് മാത്രമേ ഞങ്ങളുടെ നാവുകളില്‍ നിന്നുമുതിരൂ." ആവോദ് പറഞ്ഞു." ഹാ! കഷ്ടം! തിർ-നാൻ-ഓഗെയിലെ പലനിറങ്ങളിലുള്ള അതിമനോഹരങ്ങളായ പക്ഷികള്‍ ഇരുന്ന്തി പാട്ടുകള്‍ പാടിയിരുന്ന, ജ്വലിക്കുന്ന ശാഖകളുള്ള ആ മരങ്ങളിൽ നിന്ന് ഒരു ഇലയെങ്കിലും നമുക്ക് കാണാൻ കഴിയുമോ?
അപരിചിതൻ ദുഃഖത്തോടെ ഉച്ചത്തിൽ നിലവിളിച്ച് നിലത്തേക്ക് വീണു. അയാളുടെ കൈവിരലുകള്‍ പുല്ലുകളുടെ കടയില്‍ പിടിച്ച് വലിച്ചു.. അയാളുടെ ശരീരം ദുഃഖത്താൽ വിറച്ചു കൊണ്ടിരുന്നു.
ലിറിന്റെ മക്കൾ അയാളെ നോക്കി അത്ഭുതപ്പെട്ടു, ആവോദ് പറഞ്ഞു:
"താങ്കള്‍ ഈ ദുഖം മറന്ന് സ്വയം ആശ്വസിപ്പിക്കുക. ഇതുപോലെ തന്നെ കഠിനമായ ദുഃഖത്തില്‍ കഴിയുന്ന ഞങ്ങൾ ഈ രീതിയിൽ വിലപിച്ചിട്ടില്ല."
അപരിചിതൻ സ്വയം എഴുന്നേറ്റു: വേട്ടയാടപ്പെട്ട ഒരു മൃഗം വേട്ടക്കാരെ നേരിടുമ്പോളെന്ന പോലെഅയാളുടെ കണ്ണുകൾ ജ്വലിച്ചു.
"നിങ്ങളുടെ ദുഃഖം എന്‍റെതിന് തുല്യമാകുന്നത് എങ്ങനെ? നിങ്ങൾ തിർ-നാൻ-ഓഗെയിൽ താമസിച്ചു; മഞ്ഞിനേക്കാൾ വെളുത്തതും കൊടുങ്കാറ്റിനെക്കാൾ വേഗതയുള്ളതുമായ കുതിരകളെ നിങ്ങൾ സവാരി ചെയ്തു; തേൻ സമതലത്തിൽ നിങ്ങൾ പൂക്കൾ ശേഖരിച്ചു. പക്ഷേ ഞാൻ അത് ഒരിക്കലും കണ്ടിട്ടില്ല - ഒരിക്കൽ പോലും! എന്നെ നോക്കൂ! ഞാൻ ഒരു രാജാവായി ജനിച്ചു! എന്നിട്ടും ഞാൻ ഒരു പുറത്താക്കപ്പെട്ടവനായി, അടിമകളുടെ പരിഹാസപാത്രമായി! ഞാൻ ഐബ്രിക് എന്ന നാടോടി ആണ്! ആ രാജ്യം കണ്ടെത്താനുള്ള പ്രതീക്ഷയോടെ ഞാൻ എല്ലാം നൽകി--എല്ലാം. അത് ഇപ്പോൾ പോയി - അത് ലോകത്തൊരിടത്തും ഇല്ല!"
"ഞങ്ങളോടൊപ്പം നിൽക്കൂ," ഫിയാക്ര പറഞ്ഞു, "ഞങ്ങൾ നിങ്ങൾക്കുവേണ്ടി പാടുകയും തിർ-നാൻ-ഓഗെയുടെ കഥകൾ പറയുകയും ചെയ്യും."
"എനിക്ക് നിങ്ങളോടൊപ്പം നിൽക്കാൻ കഴിയില്ല! നിങ്ങളുടെ പാട്ടുകൾ എനിക്ക് കേൾക്കാൻ കഴിയില്ല! ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കണം; അന്വേഷിച്ചുകൊണ്ടിരിക്കണം" ഐബ്രിക് പറഞ്ഞു. "ജീവനുള്ള കാലത്തോളം ഞാൻ അന്വേഷിക്കും. ഞാൻ മരിച്ചാൽ എന്‍റെ സ്വപ്നങ്ങൾ എന്നെ പീഡിപ്പിക്കില്ല. അപ്പോൾ എനിക്ക് പരിപൂർണ്ണ ശാന്തത ലഭിക്കും."
"തിർ-നാൻ-ഓഗെ പ്രഭാതത്തിലെ വെളുത്ത മൂടൽമഞ്ഞ് പോലെ അപ്രത്യക്ഷമായിരിക്കുന്നു എന്ന് ഞങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് ഞങ്ങളെ വിശ്വസിക്കാൻ കഴിയുന്നില്ലേ? അത് എവിടെയും ഇല്ല."
"അത് എന്‍റെ ഹൃദയത്തിലും എന്‍റെ മനസ്സിലും എന്‍റെ ആത്മാവിലും ഉണ്ട്! അത് തീ പോലെ കത്തുന്നു! അത് എന്നെ തളരാത്ത കാറ്റ് പോലെ നയിക്കുന്നു! ഞാൻ യാത്രയാകുന്നു. നിങ്ങള്ക്ക് വിട!"
"നിൽക്കൂ!" ആവോദ് വിളിച്ചുപറഞ്ഞു, "ഞങ്ങൾ നിങ്ങളോടൊപ്പം വരാം. തവിട്ടുനിറത്തിലുള്ള ഭൂമിയും ഒഴുകുന്ന മേഘങ്ങളും ക്ഷയിച്ച വെള്ളവും അല്ലാതെ ഇപ്പോൾ ഞങ്ങൾക്ക് എവിടേയും ഒന്നുമില്ല. കാറ്റിനനുസരിച്ച് നമ്മൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് പോയി ഓരോ ദിവസവും പുതിയ പുല്‍പാടങ്ങൾ, പുതിയ വനവൃക്ഷങ്ങൾ, പുതിയ പർവതങ്ങൾ എന്നിവ കാണാമല്ലോ! ഓ, ഇനി ഒരിക്കലും ഒരു പർവതത്തിലും നമുക്ക് നക്ഷത്രഹൃദയം കാണാൻ കഴിയില്ല! "
“പർവതങ്ങൾ മരിച്ചു കഴിഞ്ഞു,” കോൺ പറഞ്ഞു.
“പർവതങ്ങൾ മരിച്ചിട്ടില്ല,” ഐബ്രിക് പറഞ്ഞു. "അവർ ഒരുപക്ഷേ ഇരുണ്ട് നിശബ്ദമായിരിക്കാം, പക്ഷേ അവർ മരിച്ചിട്ടില്ല. എനിക്കറിയാം. രാത്രിയിൽ ഞാൻ അവരെ വിളിച്ച് കരഞ്ഞു, എന്‍റെ നെറ്റി അവരുടെ ഹൃദയത്തിൽ വച്ചു, അവരുടെ ശക്തമായ ഹൃദയങ്ങളുടെ സ്പന്ദനം ഞാന്‍ അനുഭവിച്ചു. അവർ ഏറ്റവും ജ്ഞാനിയായ ഡ്രൂയിഡിനേക്കാൾ ജ്ഞാനികളാണ്, ഏറ്റവും ആർദ്രമായ അമ്മയേക്കാൾ ആർദ്രരാണ്. ലോകത്തെ ജീവനോടെ നിലനിർത്തുന്നത് അവരാണ്."
“ഓ,” ഫിയോണുല പറഞ്ഞു, “പർവതങ്ങൾ ശരിക്കും ജീവിച്ചിരിപ്പുണ്ടെങ്കിൽ നമുക്ക് അവരുടെ അടുത്തേക്ക് പോകാം; നമുക്ക് അവരോട് നമ്മുടെ ദുഃഖകരമായ കഥ പറയാം. അവർ നമ്മളോട് കരുണ കാണിക്കും, നമ്മൾ പൂർണ്ണമായും എല്ലാം നഷ്ടപ്പെട്ടവരാകില്ല."
ഐബ്രിക്കും ഹംസങ്ങളും ഒരുമിച്ച് യാത്ര ചെയ്തു, സന്ധ്യാസമയത്ത് അവർ ഉയരമുള്ള മനോഹരമായ ഒരു പർവതത്തിലെത്തി - പടിഞ്ഞാറ് നെഫിൻ എന്നറിയപ്പെടുന്ന പർവതം.
മങ്ങിയ ആകാശത്തിനെതിരെ ആ പര്‍വതും ഇരുണ്ടതും ശാന്തവുമായി കാണപ്പെട്ടു. നിരാകരിക്കപ്പെട്ടതും, നിശബ്ദവുമായ നമ്മുടെ കാട്ടു ഹംസങ്ങളുടെ ഹൃദയങ്ങളിൽ ഒരു വിറയല്‍ പകർന്നു: അവർ കണ്ണുകളിലെ കണ്ണുനീർ മറയ്ക്കാൻ തല തിരിച്ചു. എന്നാൽ ഐബ്രിക് തന്‍റെ കൈകൾ പർവതത്തിലേക്ക് നീട്ടി വിളിച്ചുപറഞ്ഞു:
"ഓ സുന്ദരനായ മഹത്വമുള്ള സഖാവേ, ഞങ്ങളോട് കരുണ കാണിക്കൂ! തിർ-നാൻ-ഓഗെ ഇനിയില്ല, മോയ്-മെൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു! ലിറിന്‍റെ മക്കളെ സ്വാഗതം ചെയ്താലും, കാരണം നിങ്ങളും അയർലണ്ടിന്‍റെ ഭൂമിയും അല്ലാതെ ഞങ്ങൾക്ക് മറ്റൊന്നും ശേഷിക്കുന്നില്ല!"
അപ്പോൾ ഒരു അത്ഭുതം സംഭവിച്ചു.
നെഫിന്‍ പര്‍വതത്തിന്‍റെ നക്ഷത്രഹൃദയം ഉജ്വലമായ വൈഡൂര്യം തിളങുന്നത് കാണാറായി!
ഹംസങ്ങൾ പരസ്പരം വിളിച്ചുപറഞ്ഞു:
"പർവ്വതം ജീവിച്ചിരിക്കുന്നു! സൗന്ദര്യം വീണ്ടും ഭൂമിയിലേക്ക് വന്നിരിക്കുന്നു! ഐബ്രിക്, നീ ഞങ്ങൾക്ക് യുവത്വത്തിന്‍റെ നാടിനെ തിരികെ തന്നു!”
ഒരു നേർത്ത സംഗീതം ചുറ്റിലും അലയടിച്ചു നിമിഷനേരത്തിനുള്ളില്‍ അപ്രത്യക്ഷമായി. നിശ്ചലമായ സായാഹ്ന വായുവിൽ ആ സംഗീതം വീണ്ടും ഉയര്‍ന്നു വന്നു കൊണ്ടിരുന്നു, നെഫിന്‍റെ ഹൃദയത്തിൽ തേജസ്സ് കൂടിക്കൊണ്ടേയിരുന്നു. ഹംസങ്ങൾ ഏറ്റവും മധുരമായും സന്തോഷത്തോടെയും പാടാൻ തുടങ്ങി, ആ പാട്ടിന്‍റെ ശബ്ദത്തിൽ നക്ഷത്രഹൃദയങ്ങൾ പർവതങ്ങൾതോറും തെളിഞ്ഞു തുടങ്ങി, അയർലണ്ടിലെ ഓരോ പർവതവും സ്പന്ദിക്കുകയും പ്രകാശിക്കുകയും ചെയ്യാന്‍ തുടങ്ങി.
."പർവ്വതങ്ങളേ, കിരീടമണിയുക!" ആവോദ് പറഞ്ഞു, "ഡി ഡാനക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് നമുക്ക് അറിയാൻ വേണ്ടി! പ്രായത്തിന്ലി നശിപ്പിക്കാന്‍ കഴിയാത്ത വിധം ലിറിന്‍റെ വീട് പുനര്‍നിർമ്മിച്ചിരിക്കുന്നു!"
പർവ്വതങ്ങൾ രത്നങ്ങൾ കൊണ്ട് അലങ്കരിച്ച വലിയ പ്രകാശകിരണങ്ങൾ പുറപ്പെടുവിച്ചു, അങ്ങനെ ഓരോരുത്തരെയും മഴവില്ല് കൊണ്ട് കിരീടമണിയിച്ചു; ലിറിന്‍റെ കുട്ടികൾ ആ മഹത്വം കണ്ടപ്പോൾ ഇരുണ്ട കടലിലെ വെള്ളത്തിൽ ചെലവഴിച്ച വർഷങ്ങളെക്കുറിച്ച് ഓര്‍ക്കാനേ കഴിഞ്ഞില്ല, അവർ പരസ്പരം പറഞ്ഞു:
"പ്രാർത്ഥനയ്ക്കായി മുഴങ്ങുന്ന ചെറിയ മണിയുടെ ശബ്ദം നമുക്ക് കേൾക്കാൻ കഴിയുമോ, നമ്മുടെ ഹംസശരീരങ്ങൾ നമ്മിൽ നിന്ന് വീഴുന്നത് നമുക്ക് അനുഭവിക്കാൻ കഴിയുമോ!"
"തീര്‍ച്ചയായും പ്രാർത്ഥനയ്ക്കായി മുഴങ്ങുന്ന ഒരു മണിയുടെ ശബ്ദം എനിക്കറിയാം," ഐബ്രിക് പറഞ്ഞു, "നിങ്ങൾക്ക് അത് കേൾക്കാൻ കഴിയുന്നിടത്ത് ഞാൻ നിങ്ങളെ കൊണ്ടുവരും. ഞാൻ നിങ്ങളെ സെന്റ് കെമോക്കിലേക്ക് കൊണ്ടുവരും, അദ്ദേഹത്തിന്‍റെ മണിയുടെ ശബ്ദം നിങ്ങൾ കേൾക്കും."
"എങ്കില്‍ നമുക്ക് ഇപ്പോള്‍ തന്നെ പോകാം," ഹംസങ്ങൾ പറഞ്ഞു, ഐബ്രിക് അവരെ വിശുദ്ധന്‍റെ അടുത്തേക്ക് കൊണ്ടുപോയി. അവരെ കണ്ടപ്പോൾ വിശുദ്ധൻ കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു, കുറച്ചുനേരം അവിടെ താമസിക്കാനും അവരുടെ അലഞ്ഞുതിരിയലിന്‍റെ, യാത്രകളുടെ കഥ പറയാനും അവരോട് അപേക്ഷിച്ചു. അദ്ദേഹം അവരെ തന്‍റെ ചെറിയ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ സമാധാനത്തോടെയും സന്തോഷത്തോടെയും യുവത്വത്തിന്‍റെ നാട്ടിലെ അത്ഭുതങ്ങളെക്കുറിച്ച് അവർ അദ്ദേഹത്തോട് വിവരിച്ചു.
അതിനിടയില്‍ ഹംസങ്ങളെക്കുറിച്ചുള്ള വാർത്ത രാജാവായ ലാർഗ്നന്‍റെ ഭാര്യയുടെ ചെവിയിലെത്തി. അവൾ രാജാവിനോട് ഹംസങ്ങളെ തനിക്ക് വേണ്ടി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഭാര്യ വളരെ ശക്തമായി ആവശ്യപ്പെട്ടതിനാൽ, രാജാവ് ഹംസങ്ങളെ koottikond വരാനായി സെന്റ് കെമോക്കിന്‍റെ പള്ളിയിലേക്ക് യാത്രയായി.
രാജാവ് എത്തിച്ചേര്‍ന്നപ്പോള്‍, സെന്‍റെ കെമോക്ക് ഹംസങ്ങളെ നൽകാൻ വിസമ്മതിച്ചു, ലാർഗ്നൻ അവയെ കൊണ്ടുപോകാൻ പള്ളിയിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നു. ലാർഗ്നൻ വാത്തവത്തില്‍ വടക്കൻ രാജത്തിന്‍റെ രാജാവായിരുന്നു, അദ്ദേഹത്തിന്‍റെ ഭാര്യയാകട്ടെ, തെക്കൻ രാജ്ഞിയായിരുന്നു. അത്തരമൊരു രാജാവായിരിക്കും അയോഫയുടെ മന്ത്രത്തിന്‍റെ ശക്തി അവസാനിപ്പിക്കാനായി വിധിക്കപ്പെട്ടിരുന്നത്!
അദ്ദേഹം ബലിപീഠത്തിലേക്ക് വന്നു, ഹംസങ്ങൾ അതിനടുത്തായിരുന്നു. അവയെ പിടിക്കാൻ അദ്ദേഹം ഹംസങ്ങളുടെ മേല്‍ കൈകൾ വച്ചു. അവൻ അവയെ സ്പർശിച്ചതും അവയുടെ തൂവലുകൾ ചുരുങ്ങി, ചുരുങ്ങി നേർത്ത പൊടി പോലെയായി. ലിറിന്‍റെ കുട്ടികളുടെ ശരീരം ഒരുപിടി ചാരം പോലെയായി. പക്ഷേ അവരുടെ ആത്മാവ് സ്വാതന്ത്ര്യം പ്രാപിക്കുകയും നിത്യജീവജാലങ്ങളുടെ നാട്ടിൽ അവരുടെ ബന്ധുക്കളോടൊപ്പം ചേരുകയും ചെയ്തു.
ലിറിന്‍റെ കുട്ടികളുടെ കഥ ഓർമ്മിച്ചത് ഐബ്രിക്കായിരുന്നു, കാരണം അദ്ദേഹം അവരെ വളരെയധികം സ്നേഹിച്ചിരുന്നു. അദ്ദേഹം ആ കഥ അയർലണ്ടിലെ ജനങ്ങളോട് പറഞ്ഞു, അവർക്ക് ആ കഥ വളരെ ഇഷ്ടമായി., ലിറിന്‍റെ കുട്ടികളോട് അവർക്ക് അത്രയധികം സഹതാപം തോന്നുവാനും അത് കാരണമായി. അതിനാല്‍ ആരും തന്നെ ഒരു കാട്ടു ഹംസത്തെയും ഉപദ്രവിക്കരുതെന്ന് അവർ ഒരു നിയമം ഉണ്ടാക്കി. ഒരു ഹംസം പറക്കുന്നത് കാണുമ്പോൾ അവർ പറയും:
"വെളുത്ത ഹംസമേ, ലിറിന്റെ കുട്ടികൾക്കുവേണ്ടി നിന്നോടൊപ്പം എന്‍റെ അനുഗ്രഹം എന്നുമുണ്ടാകും!"
***


0 Comments