ലിർ രാജാവിന്‍റെ കുട്ടികള്‍ ഭാഗം 2- ഐറിഷ് നാടോടിക്കഥ
അങ്ങിനെ മുന്നൂറ് വർഷങ്ങൾ അവർ ഡാർവ്ര തടാകത്തിന് മുകളിലൂടെ പറന്നു, അതിലെ വെള്ളത്തിൽ നീന്തി. പലപ്പോഴും അവരുടെ പിതാവ് തടാകത്തിനരികിൽ വന്ന് അവരെ വിളിച്ചു. അവര്‍ അടുത്ത് വന്നപ്പോള്‍ സന്തോഷത്തോടും സ്നേഹത്തോടും കൂടി അവരെ തഴുകി; പലപ്പോഴും അവരുടെ ബന്ധുക്കൾ അവരുമായി സംസാരിക്കാൻ വന്നു; പലപ്പോഴും ഹാർപ്പറുകളും സംഗീതജ്ഞരും അവരുടെ പാട്ടിന്‍റെ മാധുര്യം കേൾക്കാൻ വന്നു. മുന്നൂറ് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഹംസങ്ങൾ പെട്ടെന്ന് പറന്നുയര്‍ന്ന് ദൂരേക്ക് പറന്നു പോയി.
അവരുടെ പിതാവും, ബന്ധുക്കളുമെല്ലാം അവരെ അന്വേഷിച്ചു, പക്ഷേ ഹംസങ്ങൾ ഒരിക്കലും ഭൂമിയിൽ തൊടുകയോ അയർലൻഡിനും സ്കോട്ട്ലൻഡിനും ഇടയിൽ ഒഴുകുന്ന ഇടുങ്ങിയ മൊയ്‌ലെ കടലിൽ എത്തുന്നതുവരെ ഒരിക്കൽ പോലും വിശ്രമിക്കുകയോ ചെയ്തില്ല.
മൊയ്‌ലെ ഒരു തണുത്ത കൊടുങ്കാറ്റുള്ള ഏകാന്തമായ കടലായിരുന്നു. ഹംസങ്ങൾക്ക് അവരുടെ പാട്ട് കേൾക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല, പച്ചപ്പു നിറഞ്ഞ കയ്പേറിയ തിരമാലകൾക്കിടയിൽ പാടാൻ അവർക്ക് മനസ്സില്ലായിരുന്നു. കൊടുങ്കാറ്റ് അവരെ കഠിനമായി ഉപദ്രവിച്ച് കൊണ്ടിരുന്നു, പലപ്പോഴും അവർ വേർപിരിഞ്ഞ് അകന്നു പോയി. മറുപടി ലഭിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലാതെ അവര്‍ പരസ്പരം വിളിച്ചു അന്വേഷിച്ച്കൊണ്ടിരുന്നു. പല പ്രാവശ്യം ഇങ്ങിനെ കൂട്ടം തെറ്റിയപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ബുദ്ധിമാതിയായ ഫിയോണുല പറഞ്ഞു:
"നമുക്ക് ഒരു കൂടിക്കാഴ്ചയ്ക്കുള്ള സ്ഥലം തിരഞ്ഞെടുക്കാം, അങ്ങനെയെങ്കില്‍ നമ്മൾ വേർപിരിഞ്ഞ് വഴിതെറ്റി അലഞ്ഞുതിരിയുമ്പോൾ മറ്റുള്ളവർക്കായി എവിടെ കാത്തിരിക്കണമെന്ന് എല്ലാവർക്കും മനസ്സിലാകും"
അത് നല്ല ആശയമാണെന്ന് അവളുടെ സഹോദരങ്ങള്‍ സമ്മതിച്ചു; അങ്ങിനെ അവർ ഒരു സ്ഥലത്ത് ഒരുമിച്ച് കണ്ടുമുട്ടാൻ സമ്മതിച്ചു, അവർ തിരഞ്ഞെടുത്ത സ്ഥലം കടല്‍നായ്ക്കളുടെ പാറയായ കാരൈഗ്-ന-റോൺ ആയിരുന്നു. അവർ ആ തീരുമാനം എടുത്തത് നന്നായി എന്ന് താമസിയാതെ അവര്‍ക്ക് ബോധ്യമായി. കാരണം അതിനടുത്ത ഒരു രാത്രിയിൽ ഒരു വലിയ കൊടുങ്കാറ്റ് അവരുടെ മേലടിച്ച് കടലിനു മുകളിലൂടെ അവരെ വളരെ ദൂരെ ചിതറിച്ചു കളഞ്ഞു. അവരുടെ ശബ്ദങ്ങൾ കൊടുങ്കാറ്റിൽ മുങ്ങി. ഇരുട്ടിൽ അവർ അങ്ങോട്ടും ഇങ്ങോട്ടും കാറ്റില്‍ ഗതികിട്ടാതെ കറങ്ങികൊണ്ടേയിരുന്നു.
കാറ്റും കോളും ശമിച്ചതോടെ അടുത്ത പ്രഭാതത്തിൽ ഫിയോണുല കടല്‍നായ്ക്കളുടെ പാറയിലേക്ക് വന്നു. കാറ്റിനാൽ അവളുടെ തൂവലുകൾ ഒടിഞ്ഞുപോയിരുന്നു. അവൾ ഉറക്കെ വിലപിച്ചു കൊണ്ട് ആവോദിനെയും ഫിയാക്രയെയും കോണിനെയും വിളിച്ചു കൊണ്ടേയിരുന്നു.
അവരെ കാണാതിരിക്കുകയും, ആരില്‍ നിന്നും ഒരു ശബ്ദവും, ഉത്തരവും ലഭിക്കാതിരിക്കുകയും ചെയ്തപ്പോൾ, അവൾ ഒരു വേദനാജനകമായ വിലാപത്തോടെ പറഞ്ഞു.
"ഞങ്ങലൂടെ മേല്‍ പഠിച്ച അയോഫ നല്കിയ ദുര്‍വിധിയേക്കാൾ കറുത്ത രാത്രിയാണിത്! ഞാൻ സ്നേഹിച്ച എന്‍റെ മൂന്ന് സഹോദരര്‍ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ തനിച്ചായിപ്പോയിരിക്കുന്നു!"
ചുവന്ന സൂര്യൻ ഉദിക്കുന്നത് കാഴ്ച നോക്കി അവള്‍ നിന്നു. സൂര്യന്‍റെ ചുവപ്പ് വെള്ളത്തിൽ സ്പർശിച്ചപ്പോൾ, കോൺ അവളുടെ അടുത്തേക്ക് പറന്നു വന്നു. അവന്‍റെ തൂവലുകൾ കാറ്റിൽ ഒടിഞ്ഞ് കടലിന്‍റെ ഉപ്പുരസത്താൽ നിറഞ്ഞിരുന്നു. ഫിയോണുവാല അവനെ തന്‍റെ ചിറകിനടിയിൽ ചേർത്തു പിടിച്ച് അവനെ ആശ്വസിപ്പിച്ചു, അവൾ പറഞ്ഞു:
"ആയോദും ഫിയാക്രയും വന്നിരുന്നെങ്കിൽ! ഈ പകൽ എനിക്ക് കയ്പേറിയതായി തോന്നില്ലായിരുന്നു."
അൽപ്പസമയത്തിനുള്ളിൽ ഫിയാക്ര പ്രക്ഷുബ്ധമായ കടലിനു മുകളിലൂടെ നീങ്ങിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. അവൾ തന്‍റെ ചിറകുകൾ കൊണ്ട് അവനെ ആശ്വസിപ്പിച്ചു.
"ഓ ആവോദ്, ആവോദ്, നീ കൂടി എന്‍റെ അടുത്തേക്ക് വരൂ!"
ആകാശത്ത് സൂര്യൻ ഉയർന്നപ്പോൾ ആവോദ് വന്നുചേര്‍ന്നു. ആവോദിന്‍റെ തൂവലുകൾ തിളക്കമുള്ളതും ശക്തവുമായിരുന്നു. കഠിനമായ കൊടുങ്കാറ്റിന്‍റെ ഒരു സൂചനയും അവനിൽ ഉണ്ടായിരുന്നില്ല.
“ആവോദ്, നീ എവിടെയായിരുന്നു?” ഫിയോണുലയും ഫിയാക്രയും കോണും അവനോട് ചോദിച്ചു.
"നമ്മുടെ ബന്ധുക്കളെ കാണാൻ കഴിയുന്നിടത്തേയ്ക്ക് ഞാൻ പറന്നുയര്‍ന്നു. മാർച്ചിലെ കാറ്റിനേക്കാൾ വേഗതയുള്ള വെളുത്ത കുതിരകളെയും, നമുക്ക് നമ്മുടെ സ്വന്തം രൂപങ്ങൾ ഉണ്ടായിരുന്നപ്പോൾ നമ്മുടെ സുഹൃത്തുക്കളായിരുന്ന കുതിരപ്പടയാളികളെയും ഞാൻ കണ്ടു. ബോവ് ഡിയേർഗിന്റെ രണ്ട് മക്കളായ ആവോദിനെയും ഫെർഗസിനെയും ഞാൻ കണ്ടിരുന്നു."
"ഓ, ആവോദ്, നമുക്ക് അവരെ എവിടെ കാണാൻ കഴിയുമെന്ന് ഞങ്ങളോട് പറയൂ!" മറ്റ് ഹംസങ്ങൾ പറഞ്ഞു.
"അവർ ബാൻ നദീമുഖത്താണ്," ആവോദ് പറഞ്ഞു, "നമുക്ക് അവിടെ പോകാം, മൊയ്‌ലെ വിട്ടുപോകാൻ കഴിയില്ലെങ്കിലും നമുക്ക് അവരെ കാണാൻ കഴിയും."
എല്ലാ മുഖങ്ങളിലും വളരെയധികം സന്തോഷം നിറഞ്ഞു, അവർ ക്ഷീണവും കൊടുങ്കാറ്റിന്‍റെ കഠിനമായ ആഘാതവും മറന്നു, അവർ എഴുന്നേറ്റ് ബാനിന്‍റെ നദീമുഖത്തേക്ക് പറന്നു. അവിടെ അവർ തങ്ങളുടെ ബന്ധുക്കളെ കണ്ടുമുട്ടി!
"പ്രിയപ്പെട്ട ബന്ധുക്കളേ, ഞങ്ങളോട് പറയൂ," ഹംസങ്ങൾ പറഞ്ഞു, "ഞങ്ങളുടെ പിതാവിന്‍റെ അവസ്ഥ എങ്ങനെയുണ്ട്?"
"മഹാരാജാവ് തന്‍റെ സൗന്ദര്യവും ആരോഗ്യവും വീണ്ടെടുത്തിരിക്കുന്നു," ഫെർഗസ് പറഞ്ഞു.
"ആഹാ," ഫിയോണുവാല പറഞ്ഞു, "നമ്മുടെ പിതാവ് വിരുന്നു കഴിക്കുന്നു, അദ്ദേഹത്തിന്‍റെ ആരോഗ്യം നല്ലതാണ്! അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ സന്തോഷജ്വാലയ്ക്ക് ചാരത്തിൽ സ്വയം അണയാൻ കഴിയില്ല. രാത്രി മുഴുവൻ ഈ കാട്ടു ഹംസങ്ങൾ, അലഞ്ഞുതിരിയുന്നവർ, നഷ്ടപ്പെട്ട കുട്ടികൾ. വിളിക്കുന്നത് അദ്ദേഹത്തിന് കേള്‍ക്കാൻ കഴിയില്ല."
ഹംസങ്ങളുടെ ദയനീയമായ അവസ്ഥ കണ്ട് അവരുടെ ബന്ധുക്കള്‍ അസ്വസ്ഥരായി, പക്ഷേ ആവോദ് തന്റെ ബന്ധുവും സഖാവുമായ ഫെർഗസിനോട് പറഞ്ഞു:
"ഞങ്ങളെ ഓര്‍ത്ത് നീ വിഷമിക്കരുത് ഫെര്‍ഗസ്. ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്."
അപ്പോൾ ഫിയാക്ര ചോദിച്ചു:
"ഓ ഫെർഗസ്, എന്‍റെ സ്വന്തം വെളുത്ത കുതിര എന്നെ ഓര്‍ക്കുന്നുണ്ടാകുമോ ഇപ്പോള്‍?"
"ഓ ഫെർഗസ്, എന്‍റെ രണ്ട് വേട്ടമൃഗങ്ങളോട് ഞാൻ എപ്പോഴെങ്കിലും അവരുടെ അടുത്തേക്ക് തിരിച്ചുവരുമെന്ന് പറയൂ." കോൺ ഓര്‍മ്മിപ്പിച്ചു.
എല്ലാ മനോഹരമായ കാര്യങ്ങളുടെയും ഓർമ്മകൾ ഹംസങ്ങളെ പിടികൂടി, അവർ ദുഃഖിതരായി, ഫിയോണുവല പറഞ്ഞു:
"ഓ, എന്‍റെ സുഹൃത്തുക്കളേ, ഈ കണ്ടുമുട്ടലിന് ഇത്ര ദുഃഖം തരാന്‍ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല: ഇപ്പോൾ നിങ്ങളെ കാണുന്നത് എന്റെ ഹൃദയത്തെ തകർക്കുന്നു,"
തുടര്ന്ന് അവൾ തന്‍റെ സഹോദരന്മാരോട് പറഞ്ഞു:
"നമ്മുടെ ഹൃദയങ്ങൾ പൂർണ്ണമായും ഉരുകിപ്പോകുന്നതിനുമുമ്പ് നമുക്ക് തിരികെ പോകാം."
ഹംസങ്ങൾ മൊയ്‌ലിന് മുകളിലൂടെ പറന്നു പോയി, അവർ വിലപിച്ചുകൊണ്ടിരുന്നു, ഫിയോണുവല പറഞ്ഞു:
"ലിറിന്‍റെ വീട്ടിൽ ഇന്ന് രാത്രി സന്തോഷവും വിരുന്നും ഉണ്ട്, പക്ഷേ അദ്ദേഹത്തിന്‍റെ നാല് മക്കൾക്കും അവരെ മൂടാൻ ഒരു മേൽക്കൂരയില്ല."
"കാറ്റ് വീശുമ്പോൾ നമ്മുടെ തൂവലുകൾ വളരെ മോശം വസ്ത്രമാണ്: രാജാകൊട്ടാരത്തില്‍ നമുക്ക് സുരക്ഷിതമായ വസ്ത്രങ്ങള്‍, പുതപ്പുകള്‍ നമുക്ക് മേൽ ഉണ്ടായിരുന്നു.
"ഇന്ന് രാത്രി ഞങ്ങൾക്ക് എന്തു തണുപ്പാണ്, കടൽ എന്തൊരു തണുത്ത കിടക്കയാണീ നല്‍കുന്നത്: പലപ്പോഴും ഞങ്ങൾക്ക് എംബ്രോയിഡറി ചെയ്ത കവറുകളുള്ള പതുപതുത്ത കിടക്കകൾ ഉണ്ടായിരുന്നു."
"ഞങ്ങളുടെ വീട്ടിലെ സ്വർണ്ണക്കപ്പുകളിൽ നിന്ന് ഞങ്ങൾ പലപ്പോഴും മീഡ് കുടിച്ചിരുന്നു; ഇപ്പോൾ കടലിന്റെ കയ്പ്പും വായിൽ മണലിന്‍റെ കാഠിന്യവുമാണുള്ളത്!"
"മോയ്‌ലിന് മുകളിലൂടെ പറക്കുന്നത് ക്ഷീണമാണ് - ഓ ഒരു വല്ലാത്ത ക്ഷീണം - വിശ്രമമില്ലാതെ, ധാന്യമണികളില്ലാതെ, ആശ്വാസമില്ലാതെ!"
"ഇന്ന് രാത്രി ഞാൻ ആംഗസിനെക്കുറിച്ചാണ് ചിന്തിക്കുന്നത്: അവനെക്കുറിച്ച് എന്നേക്കും സന്തോഷത്തിന്റെ ചിരിയുണ്ട്."
"ഈ രാത്രി ഞാന്‍ സദുദ്രദേവന്‍ മനനൂനിനെയാണ് ഓര്‍ക്കുന്നത്! വെള്ളി മരശാഖകളിലെ വെളുത്ത പൂക്കളെയും കുറിച്ച് ഞാൻ ഓര്‍ക്കുകയാണ്."
"ഓ ഹംസങ്ങളേ, എന്‍റെ സഹോദരന്മാരേ, ഞാൻ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുകയാണ്, നാം അതിൽ നിന്ന് എന്നെന്നേക്കുമായി പറന്നുപോകുന്നു."
ഫെയറി ഹോസ്റ്റിനെ ഹംസങ്ങൾ പിന്നീട് കണ്ടതെയില്ല. അവർ മുന്നൂറ് വര്‍ഷങ്ങള്‍ കാറ്റും കോളും നിറഞ്ഞ മൊയ്ലിലെ തണുത്ത കടലില്‍ നീന്തിക്കൊണ്ടിരുന്നെയിരുന്നു.
"നമുക്ക് പോകാനുള്ള സമയമായി," ഫിയോണുവാല പറഞ്ഞു, "നമ്മൾ ഇനി പടിഞ്ഞാറൻ കടൽ അന്വേഷിക്കണം."
ഹംസങ്ങൾ മൊയ്‌ലിന്റെ വെള്ളം തൂവലുകളിൽ നിന്ന് കുടഞ്ഞു കളഞ്ഞ്പ റക്കാൻ ചിറകുകൾ നീട്ടി.


0 Comments