അതിഭാഗ്യവാനും നിര്‍ഭാഗ്യവതിയായ രാജകുമാരിയും - The Lucky Man and the Unlucky Princess

പണ്ട് പണ്ടൊരു രാജ്യത്ത് വളരെ അഭിമാനിയായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരേയൊരു മകളാണ് ഉണ്ടായിരുന്നത്. എന്നാൽ മകൾ ജാതകവശാല്‍ വളരെ നിർഭാഗ്യവതിയായിരുന്നു. മകള്‍ക്ക് വിവാഹപ്രായമെത്തിയപ്പോള്‍ രാജാവു ഒരു സ്വയംവരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. സുന്ദരിയായ രാജകുമാരിയെ സ്വന്തമാക്കാന്‍ നാനാദിക്കില്‍ നിന്നും രാജകുമാരന്മാരും, പ്രഭുക്കളും മറ്റും രാജകൊട്ടാരത്തില്‍ എത്തിച്ചെര്‍ന്നു. 

രാജകുമാരി അവർക്കിടയിലേയ്ക്ക് നടന്നു ചെന്നു. അവളുടെ കയ്യില്‍  ഒരു ചുവന്ന പട്ടുനൂൽ പന്ത് ഉണ്ടായിരുന്നു. രാജകുമാരി അത് തനിക്ക് ഇഷ്ടപ്പെട്ടയാളുടെ നേര്‍ക്ക് എറിയും. അത് പിടിച്ചെടുത്താല്‍ അയാളെ അവളുടെ ഭർത്താവായി വരിക്കും. ഇതായിരുന്നു സ്വയംവരത്തിന്‍റെ രീതി.

കൊട്ടാരത്തില്‍ ഒത്തുകൂടിയവരുടെ ഇടയിൽ ഒരു യാചകനും ഉണ്ടായിരുന്നു. രാജകുമാരിക്ക് അവന്റെ ചെവിയിൽ നിന്നും ചെറിയായ് ഡ്രാഗനുകള്‍ ഇഴഞ്ഞു കയറുന്നതും അവ പിന്നീട് അവന്റെ മൂക്കിൽ നിന്ന് വീണ്ടും ഇഴഞ്ഞിറങ്ങുന്നതും കാണാൻ കഴിഞ്ഞു, കാരണം അവൻ അതീവ ഭാഗ്യവാനായ ഒരു വ്യക്തിയായിരുന്നു. രാജകുമാരിയ്ക്ക് അത് മനസ്സിലായി. തന്‍റെ ഭാഗ്യദോഷം അകറ്റാന്‍ അയാളുമായി ചേരുന്നതായിരിക്കും നല്ലതെന്ന് അവള്‍ കരുതി. അത് കൊണ്ട് അവള്‍ പന്ത് ആ ഭിക്ഷക്കാരന് നേരെ എറിഞ്ഞു. . അയാള്‍ അത് അനായാസം തന്‍റെ കൈപ്പിടിയിലൊതുക്കി.

രാജാവു മകളുടെ പ്രവൃത്തി കണ്ടു ഞെട്ടിപ്പോയി. അദ്ദേഹം ദേഷ്യത്തോടെ ചോദിച്ചു: "എന്തുകൊണ്ടാണ് നീ  പന്ത് ആ യാചകന്റെ കൈകളിലേക്ക് എറിഞ്ഞത്?"

"അവൻ ഭാഗ്യത്തിന് പ്രിയപ്പെട്ടവനാണ്," രാജകുമാരി പറഞ്ഞു, "ഞാൻ അവനെ വിവാഹം കഴിക്കും, പിന്നെ, ഒരുപക്ഷേ, ഞാൻ അവന്റെ ഭാഗ്യത്തിൽ പങ്കുചേരും, എന്‍റെ ഭാഗ്യദോഷം തീരുകയും ചെയ്യും"

പക്ഷേ അരാജാവിന് അത് അത്ര ബോധിച്ചില്ല, അവൾ നിർബന്ധം പിടിച്ചതിനാല്‍ വേറെ വഴിയില്ലാതെ അദ്ദേഹം  അവളെ കോട്ടയിൽ നിന്ന് പുറത്താക്കി. അങ്ങനെ രാജകുമാരിക്ക് ആ യാചകനോടൊപ്പം പോകേണ്ടിവന്നു. അവൾ അവനോടൊപ്പം ഒരു ചെറിയ കുടിലിൽ താമസിച്ചു, അവർക്ക് എന്തെങ്കിലും കഴിക്കാൻ വേണ്ടി അവൾ സസ്യങ്ങളും വേറുകളും മറ്റും ശേഖരിച്ച് അവ സ്വയം പാചകം ചെയ്യുകയും ചെയ്തു; പലപ്പോഴും അവർ രണ്ടുപേരും ഒന്നും കഴിക്കാനില്ലാതെ വിശന്ന് തളര്‍ന്നാണ് ഉറങ്ങിയിരുന്നത്.

ഒരു ദിവസം അവളുടെ ഭർത്താവ് അവളോട് പറഞ്ഞു: “ഞാൻ എന്‍റെ ഭാഗ്യം തേടി പുറപ്പെടുകയാണ്.  ഞാൻ അത് കണ്ടെത്തിയാൽ ഞാൻ വീണ്ടും വന്ന് നിന്നെ കൊണ്ടുപോകും.” 

രാജകുമാരിക്ക് അവന്‍ ഭാഗ്യദേവതയുടെ പ്രിയപ്പെട്ടവനാണെന്ന് നല്ല ഉറപ്പായിരുന്നു. ഒരു പക്ഷേ തന്‍റെ ദൌര്‍ഭാഗ്യം കാരണമാണ് അവന്‍ രക്ഷപ്പെടാത്തെങ്കിലോ? അത് കൊണ്ട് അവള്‍ ഒരു മടിയും കൂടാതെ സമ്മതം മൂളി. 

അങ്ങിനെ ആ യാചകന്‍ തന്‍റെ ഭാഗ്യം തേടി പുറപ്പെട്ട്.  പാവം രാജകുമാരി തനിച്ചായി.  ഒരു പാട് വര്‍ഷങ്ങള്‍ കടന്നു പോയി. . രാജകുമാരി ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും തന്നെ ജീവിച്ചു. കഠിന ഹൃദയനായ അവളുടെ അച്ഛൻ അവളെക്കുറിച്ച് അന്വേഷിച്ചത്പോലുമില്ല. അവളുടെ അമ്മ രഹസ്യമായി ഭക്ഷണവും പണവും നൽകിയിരുന്നില്ലെങ്കിൽ, ആ കാലത്തിനുള്ളില്‍ അവൾ പട്ടിണി കിടന്ന് മരിക്കുമായിരുന്നു എന്നതിൽ സംശയമില്ല.

യാചകൻ ഇതിനിടയില്‍ തന്‍റെ ഭാഗ്യം കരസ്ഥമാക്കിയിരുന്നു. പതിയെ പതിയെ അയാള്‍ പല നേട്ടങ്ങളും നേടിയെടുത്തു.  ഒടുവിൽ വിധി അയാളെ ഒരു ചക്രവർത്തിയായി വാഴിച്ചു. നല്ലവനായ അയാള്‍ തന്‍റെ ഭാര്യയെ മറന്നിരുന്നില്ല. 

ചക്രവര്‍ത്തിയായതും അയാള്‍ തിരികെ മടങ്ങിവന്ന് ഭാര്യയുടെ മുന്‍പിലെത്തി. അത്രയും കാലം അയാള്‍ക്കായി കാത്തിരുന്ന അവൾ പക്ഷേ അവനെ തിരിച്ചറിഞ്ഞില്ല. തന്‍റെ മുന്നിലെത്തിയ ചക്രവര്‍ത്തിയെ അവള്‍ ആദരപൂര്‍വം സ്വീകരിച്ചു. 

"ഭവതി സുഖമായിരിക്കുന്നോ?" ചക്രവര്‍ത്തി സ്നേഹപൂര്‍വം ചോദിച്ചു.

രാജകുമാരി അത്ഭുതപ്പെട്ടു. പരമ ദരിദ്രയായ തന്നോട് ഒരു ചക്രവര്‍ത്തി സുഖവിവരം അന്വേഷിക്കുന്നോ?

"ഞാൻ സുഖമായിരിക്കുന്നുവെന്ന് അങ്ങ് എന്തിനാണ് എന്നോട് ചോദിക്കുന്നത്?" അവൾ മറുപടി പറഞ്ഞു. "ഞാൻ അങ്ങയുടെ ശ്രദ്ധയിൽപ്പെടാത്ത വിധം താഴ്ന്ന ഒരുവളാണ്."

“നീ തനിച്ചാണോ ഇവിടെ താമസിക്കുന്നത്? വേറെയാരും തന്നെയില്ലേ?" ചക്രവര്‍ത്തി വീണ്ടും ചോദിച്ചു.

“ഞാന്‍ വിവാഹിതയാണ്. എന്‍റെ ഭർത്താവ് ഒരു യാചകനായിരുന്നു. അവൻ തന്‍റെ ഭാഗ്യം തേടി പോയതാണ്. അത് പതിനെട്ട് വർഷം മുമ്പായിരുന്നു, അവൻ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.”

“പതിനെട്ട് വര്‍ഷങ്ങളോ? അപ്പോഴും ഇത്രയും നീണ്ട കാലം നീ എന്താണ് ചെയ്തത്?” ചക്രവര്‍ത്തി  ചോദിച്ചു.

“അവൻ തിരിച്ചുവരുമെന്ന് കരുതി ഞാൻ കാത്തിരിക്കുകയായിരുന്നു.” രാജകുമാരി മറുപടി പറഞ്ഞു.

“ഇത്രയും കാലം കഴിഞ്ഞ് ഇനി അയാള്‍ തിരികെ വരുമെന്ന് നീ കരുതുന്നുണ്ടോ?. അയാള്‍  ജീവനോടെയിരിക്കുന്നെന്ന് വിശ്വസിക്കുന്നുവോ? അഥവാ അവന്‍ ഇനി ഭാഗ്യം അനുഗ്രഹിച്ചു നല്ല നിലയിലാണെങ്കില്‍ തന്നെ നിന്നെ കാണാന്‍ വരുമോ?' ചക്രവര്‍ത്തി ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടിരുന്നു.

"അവന്‍ തീര്‍ച്ചയായും എന്നെ തേടിയെത്തും എനിക്കുറപ്പുണ്ട്!" അവള്‍ പറഞ്ഞു.

"ഇനി നീ കാത്തിരിക്കുന്നതില്‍ അര്‍ത്ഥം ഉണ്ട് എന്ന് തോന്നുന്നില്ല. നീ മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?” ചക്രവര്‍ത്തി ചോദിച്ചു.

“ഒരിക്കലുമില്ല, ഞാൻ മരിക്കുന്നതുവരെ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായി തുടരും.” അവള്‍ തറപ്പിച്ച് പറഞ്ഞു.

ചക്രവർത്തി തന്‍റെ ഭാര്യയുടെ സ്നേഹവും വിശ്വസ്തതയും കണ്ടപ്പോൾ, താൻ ആരാണെന്ന സത്യം അവളോട് പറഞ്ഞു. അപ്പോഴാണ് അവള്‍ ചക്രവര്‍ത്തിയെ ശ്രദ്ധിക്കുന്നത് തന്നെ! അയാളെ തിരിച്ചരിഞ്ഞതും അവള്‍ സന്തോഷത്തോടെ അയാളെ സ്വീകരിച്ചു. ചക്രവര്‍ത്തി തന്‍റെ പ്രിയതമയെ മനോഹരമായ വസ്ത്രങ്ങൾ ധരിപ്പിച്ച്, തന്‍റെ രാജകൊട്ടാരത്തിലേക്ക് കൊണ്ടുപോയി. അവിടെ അവർ ആഡംബരത്തിലും സന്തോഷത്തിലും ജീവിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ചക്രവർത്തി ഭാര്യയോട് പറഞ്ഞു: “നാം എല്ലാ ദിവസവും പുതുവത്സരം പോലെ ആഘോഷഭരിതമായാണ് ചെലവഴിക്കുന്നത്.”

“എന്തു കൊണ്ട് ആഘോഷിക്കാൻ പാടില്ല?,” അവള്‍ മറുപടി പറഞ്ഞു, “നമ്മൾ ഇപ്പോൾ ചക്രവർത്തിയും ചക്രവർത്തിനിയും അല്ലേ? അപ്പോള്‍ പിന്നെ ആഘോഷിക്കാനുള്ള അര്‍ഹതയില്ലേ?”

ചക്രവര്‍ത്തി അത് ശരിതന്നെയെന്ന് സമ്മതിച്ചു. അങ്ങിനെ ആഘോഷപൂര്‍വം അവര്‍ ഓരോദിവസവും ചിലവഴിച്ചു.

പക്ഷേ വിധിയുടെ നിശ്ചയം മറ്റൊന്നായിരുന്നു. ചക്രവര്‍ത്തിനി  നിർഭാഗ്യവതിയായ ഒരു വ്യക്തി തന്നെയായിരുന്നു. പതിനെട്ട് ദിവസം  ചക്രവർത്തിനിയായി തന്‍റെ ഭര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ ചിലവഴിച്ച് കഴിഞ്ഞതോടെ അവൾ രോഗബാധിതയായി മാറി. താമസിയാതെ ആ നിഭാഗ്യവതിയായ വനിതാരത്നം മരണമടഞ്ഞു..

പക്ഷേ, ചക്രവര്‍ത്തി പിന്നേയും വളരെയധികം കാലം ജീവിച്ചു.

Post a Comment

0 Comments