വളരെക്കാലം മുമ്പ് നടന്ന ഒരു കഥയാണ്. ഒരിടത്ത് ഒരു രാജാവിനും രാജ്ഞിക്കും സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. ഒരു ദിവസം, ആ രാജകുമാരി പൂന്തോട്ടത്തിൽ ഉലാത്തിക്കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു കൊടുങ്കാറ്റ് വീശിയടിച്ച് രാജകുമാരിയെയും കൊണ്ടുപോയി. യദാര്‍ത്ഥത്തില്‍ ഒമ്പത് തലകളുള്ള ഒരു പക്ഷിയുടെ ചിറകടിയായിരുന്നു ആ കൊടുങ്കാറ്റിന് കാരണം! പക്ഷിയാണ് സത്യത്തില്‍ രാജകുമാരിയെ അപഹരിച്ചു തന്‍റെ ഗുഹയിലേക്ക് കൊണ്ടുപോയത്. രാജകുമാരി എവിടെയാണ് അപ്രത്യക്ഷമായതെന്നോ എന്താണ് സംഭവിച്ചതെന്നോ രാജാവിന് ഒരു ധാരണയും കിട്ടിയില്ല, അതിനാൽ അദ്ദേഹം രാജ്യം മുഴുവൻ ഇപ്രകാരം ഒരു വിളംബരം പുറപ്പെടുവിച്ചു:
“രാജകുമാരിയെ തിരികെ കൊണ്ടുവരുന്നയാൾക്ക് അവളെ വധുവായി ലഭിക്കും!”
![]() |
| Image generated by leonardo.ai |
വിളംബരം കേട്ട പലരും രാജകുമാരിയെ കണ്ടുപിടിക്കാന്‍ ഒരുങ്ങി പുറപ്പെട്ടു. പക്ഷേ എന്തു കാര്യം? ആരാണ് രാജകുമാരിയെ തട്ടിക്കൊണ്ട് പോയത് എന്ന് ഒരു ഊഹം പോലുമില്ലാതെ അവര്‍ വെറുതെ അലഞ്ഞു തിരിഞ്ഞത് മാത്രം മിച്ചം!
എന്നാല്‍ ഒരു യുവാവ് രാജകുമാരിയെ പക്ഷി അതിന്‍റെ ഗുഹയിലേക്ക് കൊണ്ടുപോകുന്നത് കണ്ടിരുന്നു. എന്നാല്‍ ഈ ഗുഹ ഒരു വലിയ പാറക്കെട്ടിന്‍റെ മധ്യത്തിലായിരുന്നു. ഒരാൾക്ക് താഴെ നിന്ന് അതിലേക്ക് കയറാൻ കഴിയില്ല, ചെങ്കുത്തായ മലമുകളിൽ നിന്ന് അതിലേക്ക് ഇറങ്ങാനും സാധ്യമല്ല. യുവാവ് എന്തു ചെയ്യണമെന്ന് അറിയാതെ ആ പാറയ്ക്ക് ചുറ്റും നടക്കുമ്പോൾ, മറ്റൊരു യുവാവ് അവിടെയെത്തി. ആദ്യത്തെ യുവാവിനോട് താങ്കള്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു.
ആദ്യത്തെ യുവാവ് അവനോട് പറഞ്ഞു, "ഒമ്പത് തലകളുള്ള ഒരു പക്ഷി രാജകുമാരിയെ തട്ടിക്കൊണ്ടു വന്ന് അതിന്‍റെ ഗുഹയിലേക്ക് കൊണ്ട് പോകുന്നത് ഞാന്‍ കണ്ടിരുന്നു. അതാ ഈ പാറക്കെട്ടിന്റെ മധ്യത്തിലുള്ള ആ ഗുഹായിലേയ്ക്കാണ് ആ പക്ഷി രാജകുമാരിയെ കൊണ്ട് പോയത്"
രാണ്ടാമത്തെ യുവാവിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമായിരുന്നു. അവൻ ആദ്യത്തെ യുവാവിനെയും കൂട്ടി അവർ ആ മലമുകളിലേയ്ക്ക് കയറി. രണ്ടാമന്‍ ആദ്യത്തെയാളോട് തന്‍റെ ആശയം പങ്കിട്ടു. മുകളില്‍ നിന്നും ഒരാള്‍ ഒരു കൂട്ടയില്‍ ഇരുന്ന് പതിയെ താഴോട്ട് ഇറങ്ങി ആ ഗുഹയില്‍ കടന്ന് പക്ഷിയില്‍ നിന്നും രാജകുമാരിയെ രക്ഷിക്കുക. എന്നാല്‍ ആദ്യത്തെ യുവാവ് അതിന് തയ്യാറായില്ല. ഒമ്പത് തലയുള്ള ആ ഭീകരന്‍ പക്ഷിയെ എതിരിടുന്ന കാര്യം അയാള്‍ക്ക് ആലോചിക്കാനേ സാധിക്കില്ലായിരുന്നു. ഒടുക്കം രണ്ടാമന്‍ തന്നെ മറ്റെയാളുടെ സഹായത്തോടെ ഒരു കൊട്ടയിൽ താഴെ ഗുഹയിലേക്ക് ഇറങ്ങി.
ധീരനായ ആ യുവാവ് സധൈര്യം ഗുഹയിലേക്ക് കയറി. സശ്രദ്ധം അയാള്‍ മുന്നോട്ട് പോയി. കുറച്ചു അകത്തേയ്ക്ക് ചെന്നപ്പോള്‍, അതിനുള്ളില്‍ രാജകുമാരി ഒമ്പത് തലകളുള്ള പക്ഷിയുടെ മുറിവ് കഴുകുന്നത് കണ്ടു. സ്വർഗ്ഗത്തിലെ വേട്ടനായ ആ പക്ഷിയുടെ പത്താമത്തെ തല കടിച്ചു മുറിച്ചിരുന്നു. അങ്ങിനെയാണ് അതിന് ഒമ്പത് തലയായത്. ആ മുറിവിൽ നിന്ന് ഇപ്പോഴും രക്തം ഒഴുകിക്കൊണ്ടിരുന്നു. രാജകുമാരി ആ പക്ഷിയെ പരിചരിക്കുന്നതിനിടയില്‍, അവിടെ കടന്നു വന്ന യുവാവിനെ കണ്ടു. രാജകുമാരി യുവാവിനോട് എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ ആംഗ്യം കാണിച്ചു. യുവാവ് അതനുസരിച്ച് ഒരു പാറയ്ക്ക് പുറകില്‍ പതുങ്ങിയിരുന്നു.
രാജകുമാരി പക്ഷിയുടെ മുറിവ് വൃത്തിയാക്കി അത് കെട്ടിക്കൊടുത്തു. അതോടെ ഒമ്പത് തലകളുള്ള പക്ഷിക്ക് വളരെ സുഖം തോന്നി. പക്ഷി പതിയെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. ഒന്നിന് പുറകെ ഒന്നായി അതിന്‍റെ ഒമ്പത് തലകളും ഉറക്കത്തിലായി.
തക്കം പാര്‍ത്തിരുന്ന യുവാവ് ഉടന്‍ തന്നെ തന്നെ ഒളിത്താവളത്തിൽ നിന്ന് പുറത്തിറങ്ങി, ഒരു വാളുകൊണ്ട് പക്ഷിയുടെ ഒമ്പത് തലകളും വെട്ടിക്കളഞ്ഞു. എന്നിട്ട് രാജകുമാരിയെ കൂട്ടി പുറത്തു കടക്കാന്‍ ഒരുങ്ങി.
എന്നാൽ രാജകുമാരി പറഞ്ഞു: "ആദ്യം താങ്കള്‍ പുറത്തു കടന്നോളൂ, ഞാൻ പിന്നാലെ വരുന്നതായിരിക്കും നല്ലത്."
"അത് വേണ്ട," യുവാവ് പറഞ്ഞു. "നീ സുരക്ഷിതയാകുന്നതുവരെ ഞാൻ ഇവിടെ തന്നെ കാത്തിരിക്കും." ആദ്യം രാജകുമാരി അതിന് തയ്യാറായില്ല; ഒടുവിൽ യുവാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ ആദ്യം പുറത്തു കടക്കാന്‍ തയ്യാറായി. അങ്ങിനെ രാജകുമാരി ആ കൊട്ടയിൽ കയറി. പക്ഷേ, അതിന് മുമ്പ്, അവൾ തന്‍റെ മുടിയിൽ നിന്ന് ഒരു നീണ്ട പിൻ എടുത്ത്, അതിനെ രണ്ടായി പൊട്ടിച്ച്, ഒരു കഷണം ആ യുവാവിന് കൊടുത്തു, മറ്റേത് അവളുടെ കൈവശം വച്ചു. പിന്നെ തന്‍റെ പട്ടുതൂവാലയുടെ ഒരു കഷണവും രാജകുമാരി ആ യുവാവിന് നല്കി. തന്‍റെ രണ്ട് സമ്മാനങ്ങളും നന്നായി പരിപാലിക്കാൻ യുവാവിനോട് പറഞ്ഞു.
രാജകുമാരി കൂട്ടയില്‍ കയറിയതും മലമുകളില്‍ കാത്തു നിന്നിരുന്ന ആദ്യത്തെ യുവാവ് അവളെ പതിയെ മുകളിലേയ്ക്ക് വലിച്ചു കയറ്റി. എന്നാല്‍ ദുഷ്ടനായ അയാള്‍ രണ്ടാമത്തെയാള്‍ക്ക് വേണ്ടി കൂട്ട താഴെക്കിറക്കാന്‍ തയ്യാറായില്ല. അയാള്‍ രാജകുമാരിയുടെ എതിര്‍പ്പ് വകവെക്കാതെ അവളെയും കൂട്ടി, രണ്ടാമത്തെ യുവാവിനെ ഗുഹയിൽ ഉപേക്ഷിച്ചു രാജകൊട്ടാരത്തിലേയ്ക്ക് യാത്രയായി.
രണ്ടാതെ യുവാവ് ഗുഹയില്‍ അകപ്പെട്ടു. അവന്‍ വിഷമിച്ചിരിക്കാതെ ഗുഹയിൽ ചുറ്റിനടന്നു. അവിടെ അവൻ നിരവധി കന്യകമാരുടെ മൃതശരീരങ്ങള്‍ കണ്ടു, അവരെയെല്ലാം ഒമ്പത് തലകളുള്ള പക്ഷി തട്ടികൊണ്ട് വന്നതായിരുന്നു.
ഗുഹയുടെ ചുമരിൽ ഒരു മത്സ്യം തൂക്കിയിട്ടിരുന്നു, നാല് ആണികള്‍ കൊണ്ട് അതിനെ ചുമരില്‍ തറച്ചു വെച്ചിരിക്കുകയായിരുന്നു. യുവാവ് ആ മത്സ്യത്തെ തൊട്ടപ്പോൾ, അത് പെട്ടെന്ന് ഒരു സുന്ദരനായ യുവാവായി മാറി. തന്നെ രക്ഷിച്ചതിന് അയാള്‍ ആദ്യത്തെ യുവാവിനോട് നന്ദി പറഞ്ഞു, തന്നെ ഒരു സഹോദരനായി കണക്കാക്കാമെന്ന് പറഞ്ഞു. ഞൊടി നേരത്തിനുള്ളില്‍ ആ യുവാവ് അവിടെ നിന്നും അപ്രത്യക്ഷനായി.
താമസിയാതെ ആദ്യത്തെ യുവാവിന് വിശന്നു തുടങ്ങി. ഭക്ഷണം തേടി അയാള്‍ ഗുഹയുടെ മുന്‍പിലെയ്ക്കെത്തി. പക്ഷേ അവിടെ കല്ലുകൾ മാത്രമേ കിടന്നിരുന്നുള്ളൂ. പെട്ടെന്ന്, ഒരു വലിയ മഹാവ്യാളി ഒരു കല്ല് നക്കുന്നത് അവൻ കണ്ടു. ആ യുവാവ് അതിനെ അനുകരിച്ചു കൊണ്ട് ഒരു കല്ലില്‍ നക്കി നോക്കി അധികം താമസിയാതെ അവന്റെ വിശപ്പ് അപ്രത്യക്ഷമായി. അടുത്തതായി അവൻ വ്യാളിയോട് ഗുഹയിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് ചോദിച്ചു, വ്യാളി തന്റെ വാലിന്‍റെ ദിശയിലേക്ക് തലയാട്ടി, തന്‍റെ പുറകില്‍ ഇരിക്കുവാന്‍ ആണ് വ്യാളി പറയുന്നതെന്ന് കരുതി അയാള്‍ ഉടനെ തന്നെ അതിന്‍റെ മുകളിലേക്ക് കയറി. കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ അവൻ നിലത്ത് തെറിച്ചു വീണു, വ്യാളി അപ്രത്യക്ഷനായി.
യുവാവ് ചാടിയെണീറ്റ് വീണ്ടും മുന്നോട്ട് പോയി. അവിടെ അവന്‍ മനോഹരമായ മുത്തുകൾ നിറഞ്ഞ ഒരു ആമത്തോട് കണ്ടെത്തി. അവ മാന്ത്രിക മുത്തുകളായിരുന്നു, കാരണം അവയെ തീയിലേക്ക് എറിഞ്ഞാൽ, തീ കത്തുന്നത് നിലയ്ക്കും, അവയെ വെള്ളത്തിലേക്ക് എറിഞ്ഞാൽ, വെള്ളം രണ്ടായി വിഭജിക്കപ്പെടും, അതിലൂടെ നടക്കാനുള്ള വഴി തെളിയും. എന്തായാലും ആ യുവാവ് ആമത്തോട്ടിൽ നിന്ന് മുത്തുകൾ പുറത്തെടുത്ത് തന്‍റെ കീശയില്‍ ഇട്ടു. വീണ്ടും അവന്‍ മുന്നോട്ട് നടന്നു.
കുറെ നടന്നതും അവന്‍ ഒരു കടൽത്തീരത്ത് എത്തി. കടല്‍ കടന്ന് പോകാന്‍ വഴിയൊന്നുമില്ലെന്ന് ബോധ്യപ്പെട്ട അയാള്‍ കുറച്ചു നേരം അവിടെ ഇരിക്കാന്‍ തീരുമാനിച്ചു. വെറുതെ ഇരിക്കവേ, അവന്‍ തന്‍റെ കീശയില്‍ നിന്നും ഒരു മുത്തെടുത്ത് കടലിലേയ്ക്ക് എറിഞ്ഞു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടല്‍ രണ്ടായി പിളർന്നു. തന്നെ പറ്റിച്ച് കടന്നു കളഞ്ഞ ആ കടൽ വ്യാളിയെ കടലിനടിയില്‍ കണ്ട് യുവാവ് ആശ്ചര്യപ്പെട്ടു.
"എന്‍റെ സ്വന്തം രാജ്യത്ത് ആരാണ് എന്നെ ശല്യപ്പെടുത്തുന്നത്?" കടൽ വ്യാളി നിലവിളിച്ചു കൊണ്ട് ചോദിച്ചു.
യുവാവ് മറുപടി പറഞ്ഞു: “ഞാന്‍ ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ല. ഒരു ആമയുടെ തോടിൽ നിന്ന് ഞാൻ കുറെ മുത്തുകൾ കണ്ടെത്തി, അവയില്‍ ഒന്ന് ഞാന്‍ വെറുതെ കടലിലേക്ക് എറിഞ്ഞു, ഇപ്പോൾ വെള്ളം ദാ ഇങ്ങിനെ രണ്ടായി പിളർന്നു.”
“അങ്ങനെയാണെങ്കിൽ, നീ എന്‍റെ കൂടെ കടലിൽ വരൂ, നമുക്ക് അവിടെ ഒരുമിച്ച് താമസിക്കാം.” വ്യാളി അവനോടു പറഞ്ഞു.
യുവാവ് ആ വ്യാളിയോടൊപ്പം കടലിലേയ്ക്ക് പോയി. വ്യാളിയുടെ കൊട്ടാരത്തിലെത്തിയ യുവാവ് അവിടെ താന്‍ ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തിയ ചെറുപ്പക്കാരനെ കണ്ടുമുട്ടില്‍: അത് ആ വ്യാലിയുടെ മകനായിരുന്നു!
“നീ എന്‍റെ മകനെ രക്ഷിച്ച് അവന്‍റെ സഹോദരനായതിനാൽ, ഞാൻ നിനക്ക് പിതാവിനെപ്പോലെയാണ്,” വ്യാളി പറഞ്ഞു. അവര്‍ അവന് നല്ല ക്ഷണവും വീഞ്ഞും നൽകി. യുവാവ് അവിടെ കുറച്ചു ദിവസം സുഖമായി അതിഥിയായി താമസിച്ചു.
ഒരു ദിവസം അവന്‍റെ സുഹൃത്ത് അവനോട് പറഞ്ഞു: “എന്‍റെ അച്ഛൻ നിനക്ക് പ്രതിഫലം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാണ്. പക്ഷേ അദ്ദേഹത്തില്‍ നിന്ന് പണമോ ആഭരണങ്ങളോ നീ സ്വീകരിക്കരുത്, അവിടെ കാണുന്ന ആ ചെറിയ കുപ്പി മാത്രം സ്വീകരിക്കുക. അത് ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്തു നേടിയെടുക്കാന്‍ പറ്റും.”
സുഹൃത്ത് പറഞ്ഞത് പോലെ തന്നെ വൃദ്ധനായ വ്യാളി അവനോട് എന്താണ് പ്രതിഫലമായി വേണ്ടതെന്ന് ചോദിച്ചു, യുവാവ് മറുപടി പറഞ്ഞു: "എനിക്ക് പണമോ ആഭരണങ്ങളോ വേണ്ട. എനിക്ക് വേണ്ടത് അപ്പുറത്തുള്ള ചെറിയ ആ കുപ്പി മാത്രമാണ്."
ആദ്യം വ്യാളി അത് ഉപേക്ഷിക്കാൻ ആഗ്രഹിച്ചില്ല, പക്ഷേ ഒടുവിൽ അത് അവന് സമ്മാനമായി കൊടുത്തു. തുടർന്ന് യുവാവ് വ്യാളിയുടെ കൊട്ടാരം വിട്ടു യാത്രയായി.
കരയിലേക്ക് കാലെടുത്തു വച്ചപ്പോൾ അവന് വല്ലാതെ വിശന്നു. നല്ല ഭക്ഷണം കിട്ടിയെങ്കില്‍ എന്ന് അവന് ആഗ്രഹിച്ചതും അയാളുടെ മുന്നിൽ ഒരു മേശ പ്രത്യക്ഷപ്പെട്ടു, അതിൽ സമൃദ്ധവുമായ ഭക്ഷണം നിറഞ്ഞിരുന്നു. അവൻ ആവശ്യത്തിന് തിന്നുകയും കുടിക്കുകയും ചെയ്തു. കുറച്ചു വിശ്രമിച്ച് അയാള്‍ യാത്ര തുടര്‍ന്നു. കുറച്ചു ദൂരം നടന്നതും, അയാൾക്ക് ക്ഷീണം തോന്നി. ഒരു കഴുതയെ കിട്ടിയിരുന്നെങ്കില്‍ അതിന്‍റെ പുറത്തു കയറി സുഖമായി പോകാമായിരുന്നു, യുവാവ് വിചാരിച്ചു.
അത്ഭുതകരം എന്നല്ലാതെ എന്തു പറയാന്‍, ഒരു കഴുത അവിടെ അവനെ കാത്തുനിന്നിരുന്നു, പിന്നീടുള്ള യാത്ര കഴുതപ്പുറത്തായി. കുറച്ചു നേരം സവാരി ചെയ്തപ്പോൾ, കഴുതയുടെ നടത്തവും അതിന് പുറത്തുള്ള യാത്രയും വളരെ അസഹനീയമായി അവന് തോന്നി. അതിന് പകരം വല്ല വന്ദിയുമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു, അയാള്‍ കരുതി. അതോടെ ഒരു കുതിരവണ്ടി വന്നു, അവൻ അതിൽ കയറി. പക്ഷേ വണ്ടിയുടെ കുലുക്കം അവനെ അസ്വസ്ഥനാക്കി, അവൻ ചിന്തിച്ചു: "എനിക്ക് ഒരു കിടക്ക കിട്ടിയിരുന്നെങ്കില്‍! അത് എനിക്ക് നല്ല സഹായമാകുമായിരുന്നു." അതോടെ കിടക്കയും വന്നെത്തി, അവൻ അതിൽ ഇരുന്നു സുഖമായി യാത്ര തുടര്‍ന്നു. "രാജകുമാരിയുടെ അടുത്തെത്തിയിരുന്നെങ്കില്‍!" അവന്‍ ആഗ്രഹിച്ചതും കുതിരവണ്ടി അവനെ രാജകൊട്ടാരമിരിക്കുന്ന നഗരത്തിലേക്ക് കൊണ്ടെത്തിച്ചു..
ഇതിനകം നമ്മുടെ ആദ്യത്തെ യുവാവ് രാജകുമാരിയെ തിരികെ രാജാവിനടുത്ത് എത്തിച്ചിരുന്നല്ലോ? വാഗ്ദാനം ചെയ്തത് പോലെ മകളുടെ വിവാഹം അവളെ രക്ഷിച്ച് കൊട്ടാരത്തിലെത്തിച്ച യുവാവുമായി നടത്താൻ തീരുമാനിച്ചു.
പക്ഷേ രാജകുമാരി അതിന് തയ്യാറായില്ല, അവൾ പറഞ്ഞു: “ഇയാള്‍ എന്നെ രക്ഷിച്ച ശരിയായ ആളല്ല. എന്നെ രക്ഷിച്ചയാള്‍ വന്ന് എന്‍റെ മുടിപിന്നിന്‍റെ പകുതിയും, എന്‍റെ പട്ടുതൂവാലയുടെ പകുതിയും ഒരു അടയാളമായി കൊണ്ടുവരും.”
രാജാവ് അത് സമ്മതിച്ചു. എന്നാൽ ഇത്രയും ദിവസം കാത്തിരുന്നിട്ടും രാജകുമാരി പറഞ്ഞത് പോലെ മറ്റൊരു യുവാവും പ്രത്യക്ഷപ്പെടാതിരുന്നപ്പോൾ, ആദ്യത്തെ യുവാവ് രാജാവിനോട് പറഞ്ഞു: "ഞാന്‍ തന്നെയാണ് കുമാരിയെ രക്ഷിച്ചത്. തനിക്ക് പറ്റിയ അപകടവും, പഖിയുടെ ഗുഹയില്‍പ്പെട്ട മതിഭ്രമവും കാരണം രാജകുമാരി ആശയക്കുഴപ്പത്തിലായതാണ്. അങ്ങിനെ മറ്റൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിനകം വരുമായിരുന്നല്ലോ?
യുവാവ് രാജാവിനെ വളരെയധികം നിർബന്ധിച്ചു. ഒടുവില്‍ രാജാവ് അക്ഷമനായി രാജകുമാരിയോട് പറഞ്ഞു: “നീ വരുമെന്ന് പറഞ്ഞ ആരും തന്നെ ഇത് വരെയായിട്ടും വന്നു കണ്ടില്ല. അത് കൊണ്ട് നിന്‍റെ വിവാഹം ഇനിയും നീട്ടി വെക്കാനാകില്ല. അത് നാളെ തന്നെ നടക്കും!”
രാജകുമാരി സങ്കടത്തോടെ നഗരത്തിലെ തെരുവുകളിലൂടെ തന്നെ രാഖപ്പെടുത്തിയ യുവാവിനെ അന്വേഷിച്ച് നടന്നു. അവനെ കണ്ടുമുട്ടമെന്നുള്ള പ്രതീക്ഷയില്‍ അവള്‍ എല്ലായിടത്തും തിരഞ്ഞു.
അതേസമയം തന്നെയായിരുന്നു നമ്മുടെ കുതിരവണ്ടി അവിടെ എത്തിച്ചേര്‍ന്നത്. കുതിരവണ്ടിയില്‍ നിന്നും അവളുടെ രക്ഷകനായ യുവാവ് അവള്‍ കൊടുത്ത പട്ടുതൂവാലയുടെ കഷണം വീശിക്കൊണ്ട് പതിയെ പുറത്തിറങ്ങി. രാജകുമാരി തന്‍റെ രക്ഷകനെ കണ്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞു നിന്നു,
രാജകുമാരി ഉടന്‍ തന്നെ അവനെ രാജാവിന്‍റെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ രാജാവ് ആവശ്യപ്പെട്ടതനുസരിച്ച് രാജകുമാരിയുടെ മുടിപ്പിന്നിന്‍റെ പകുതി അയാള്‍ സമര്‍പ്പിച്ചു. ആ കഷണം രാജകുമാരിയുടെ കയ്യിലുള്ള പകുതിയില്‍ കൃത്യമായി യോജിച്ചത് കണ്ടതും , രാജാവിന് സത്യം ബോധ്യമായി. നമ്മുടെ യുവാവാണ് യഥാര്‍ത്ഥ നായകന്‍ എന്ന് എല്ലാവരും തിരിച്ചരിഞ്ഞു. അതോടെ വ്യാജനായ യുവാവ് കഠിനമായ ശിക്ഷക്ക് വിധിക്കപ്പെട്ടു.
രാജാവു പ്രഖ്യാപിച്ചത് പോലെ തന്നെ വിവാഹം ആഘോഷമായ നടന്നു. അവർ അവരുടെ ജീവിതാവസാനം വരെ സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചു.


0 Comments