തവള രാജകുമാരി ഭാഗം 2 - റഷ്യന്‍ നാടോടിക്കഥ The Frog Princess Part 2

 ആറ് മനോഹരമായ വെളുത്ത കുതിരകൾ വലിക്കുന്ന ഒരു സ്വർണ്ണ വണ്ടി ആ ചുവന്ന പൂമുഖത്തേക്ക് പറന്നു വന്നു.  എല്ലാ വിവരണത്തിനും അതീതമായ സുന്ദരിയായ വാസിലിസ അതില്‍ നിന്നിറങ്ങി. സൌമ്യമായി തന്‍റെ ഭർത്താവിനു നേരെ കൈ നീട്ടി. അവൻ അവളെയും കൂട്ടി കൊട്ടാരത്തിനകത്തേയ്ക്ക് ഓക്ക് മരങ്ങള്‍ കൊണ്ടുണ്ടാക്കിയ മനോഹരമായ തീന്‍ മേശകല്‍ക്കരികിലേയ്ക്ക് കൊണ്ട് പോയി. മഞ്ഞുപോലെ വെളുത്ത ലിനൻ കൊണ്ട് പൊതിഞ്ഞ ആ തീന്‍ മേശകളില്‍ യക്ഷികളുടെ നാട്ടിൽ മാത്രം അറിയപ്പെടുന്നതും മറ്റൊരിടത്തും ലഭിക്കാത്തതുമായ നിരവധി അത്ഭുതകരമായ വിഭവങ്ങൾ ലഭ്യമായിരുന്നു. അതിഥികൾ ഭക്ഷണം കഴിക്കുകയും സന്തോഷത്തോടെ സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്നു.

വാസിലിസ കുറച്ച് വീഞ്ഞ് കുടിച്ചു, ടംബ്ലറിൽ ബാക്കി വന്നത് അവൾ ഇടതു കൈയിലേക്ക് ഒഴിച്ചു. വറുത്ത ഹംസത്തിൽ നിന്ന് കുറച്ച് അവൾ കഴിച്ചു, എല്ലുകൾ വലതു കൈയിലേക്ക് എറിഞ്ഞു. രണ്ട് മൂത്ത സഹോദരന്മാരുടെ ഭാര്യമാർ അവള്‍ ചെയ്യുന്നത് കണ്ട് അതെല്ലാം അതേപോലെ ചെയ്തു.

നീണ്ട, ഹൃദ്യമായ അത്താഴം കഴിഞ്ഞപ്പോൾ, അതിഥികൾ നൃത്തം ചെയ്യാനും പാടാനും തുടങ്ങി. സുന്ദരിയായ വാസിലിസ ഒരു നക്ഷത്രം പോലെ, തിളക്കത്തോടെ മുന്നോട്ട് വന്നു, തന്‍റെ പരമാധികാരിയായ ചക്രവര്‍ത്തിയെ വണങ്ങി, മാന്യരായ അതിഥികളെ വണങ്ങി, ഭർത്താവ് സാരെവിച്ച് ഇവാനോടൊപ്പം നൃത്തം ചെയ്തു.

നൃത്തം ചെയ്യുമ്പോൾ, വാസിലിസ തന്‍റെ ഇടതു കൈ വീശി. ഹാളിന്റെ നടുവിൽ ഒരു മനോഹരമായ തടാകം പ്രത്യക്ഷപ്പെടുകയും വായുവിനെ തണുപ്പിക്കുകയും ചെയ്തു. പിന്നെ അവൾ വലതു കൈ വീശി, അതോടെ വെളുത്ത ഹംസങ്ങൾ ആ തടാകത്തില്‍ പ്രത്യക്ഷപ്പെട്ടു നീന്തി തുടങ്ങി. ചക്രവര്‍ത്തിയും, അതിഥികളും, പരിചരകരും, എന്തിന്, ഒരു മൂലയിൽ ഇരുന്നിരുന്ന ചാരനിറത്തിലുള്ള പൂച്ച പോലും അതെല്ലാം കണ്ട് അത്ഭുതപ്പെട്ടു,  മറ്റ് രണ്ട് മരുമക്കൾ മാത്രം - അവളോട് അസൂയപ്പെട്ടു. നൃത്തം ചെയ്യാനുള്ള അവരുടെ ഊഴം വന്നപ്പോൾ, വാസിലിസ ചെയ്തതുപോലെ അവർ ഇടത് കൈകള്‍ വീശി, അത്ഭുതം! അവർ ചുറ്റുപാടും വീഞ്ഞ് തെറിപ്പിച്ചു. അവർ പിന്നീട് വലതു കൈകൾ വീശി, ഹംസങ്ങൾക്ക് പകരം അസ്ഥികൾ ചക്രവര്‍ത്തിയുടെ മൂഖത്തേയ്ക്ക് ചെന്നു വീണു. ചക്രവര്‍ത്തി വളരെ കോപിച്ചു, കൊട്ടാരം വിട്ടുപോകാൻ അവരോട് ആവശ്യപ്പെട്ടു.

അതിനിടയിൽ ഇവാൻ സാരെവിച്ച് തനിക്ക് കിട്ടിയ ഒരു അവസരത്തില്‍ ആരും കാണാതെ പുറത്തു കടന്നു. അയാൾ തങ്ങളുടെ വീട്ടിലേക്കാണ് ഓടിയത്. അവിടെയെത്തിയതും അയാള്‍ ആ തവളത്തോൽ കണ്ടെത്തി, അത് തീയിൽ കത്തിച്ചു കളഞ്ഞു.

വാസിലിസ തിരിച്ചെത്തിയപ്പോൾ, തന്‍റെ തവളത്തോല്‍ തിരഞ്ഞു, അത് കണ്ടെത്താനാകാതെ വന്നപ്പോൾ അവളുടെ സുന്ദരമായ മുഖം ദുഃഖപൂരിതമായി, അവളുടെ തിളങ്ങുന്ന കണ്ണുകളില്‍ കണ്ണുനീർ നിറഞ്ഞു. അവൾ ഭർത്താവ് സാരെവിച്ച് ഇവാനോട് പറഞ്ഞു:

"ഓ, പ്രിയപ്പെട്ട സാരെവിച്ച്, നീ എന്താണ് ചെയ്തത്? ആ വൃത്തികെട്ട തവളത്തോൽ ധരിക്കാൻ എനിക്ക് വളരെ കുറച്ച് സമയമേ ബാക്കിയുണ്ടായിരുന്നുള്ളൂ. നമുക്ക് എന്നേക്കും ഒരുമിച്ച് സന്തോഷിക്കാൻ കഴിയുമായിരുന്ന നിമിഷം അടുത്തിരുന്നു. ഇപ്പോൾ ഞാൻ നിങ്ങളോട് വിട പറയേണ്ടതായി വന്നിരിക്കുന്നു! ഇനി ഒരാള്‍ക്ക് പോലും വഴിയറിയാത്ത ഏതോ വിദൂരമായ രാജ്യത്തില്‍, മരണമില്ലാത്ത കോസ്റ്റ്ഷെയുടെ കൊട്ടാരത്തിൽ നീ എന്നെ അന്വേഷിക്കുക" ഇത്രയും പറഞ്ഞ് വാസിലിസ ഒരു വെളുത്ത ഹംസമായി മാറി ജനാലയിലൂടെ പറന്നകന്നു.

പാവം സാരെവിച്ച് ഇവാൻ! അവന്‍ ദു:ഖം സഹിക്കാനാകാതെ കഠിനമായി കരഞ്ഞു. പിന്നെ അവൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിച്ചു, കുരിശ് വരച്ച് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും എന്നിങ്ങനെ എല്ലാ ദിക്കുകളും ലക്ഷ്യമാക്കി ഒരു യാത്ര പുറപ്പെട്ടു. 

ഇവാന്‍റെ ആ യാത്ര എത്ര ദൈർഘ്യമുള്ളതാണെന്ന് ആർക്കും അറിയില്ല, പക്ഷേ ഒരു ദിവസം അവൻ ഒരു വൃദ്ധനായ മനുഷ്യനെ കണ്ടുമുട്ടി. അവൻ വൃദ്ധനെ വണങ്ങി. 

"ശുഭദിനം, ധീരനായ സുഹൃത്തേ. നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്, നിങ്ങൾ എവിടേക്കാണ് പോകുന്നത്?" വൃദ്ധന്‍ ചോദിച്ചു.

സാരെവിച്ച് ഇവാൻ ആത്മാർത്ഥമായി മറുപടി പറഞ്ഞു, ഒന്നും മറച്ചുവെക്കാതെ തന്‍റെ നിർഭാഗ്യത്തെക്കുറിച്ച് എല്ലാം തുറന്നു പറഞ്ഞു.

"അതെന്തിനാണ് നീ തവളയുടെ തൊലി കത്തിച്ചത്? അങ്ങനെ ചെയ്തത് തെറ്റായിപ്പോയി. ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കൂ. വാസിലിസ സ്വന്തം പിതാവിനേക്കാൾ ജ്ഞാനിയായി ജനിച്ചു, മകളുടെ ജ്ഞാനത്തിൽ അസൂയപ്പെട്ടതിനാൽ, മൂന്ന് വർഷത്തേക്ക് അവളെ ഒരു തവളയായി ജീവിക്കട്ടെയെന്ന് അദ്ദേഹം ശപിച്ചു. പക്ഷേ എനിക്ക് നിന്നോട് സഹതാപമുണ്ട്, അത് കൊണ്ട് നിന്നെ ഞാന്‍ സഹായിക്കാൻ ആഗ്രഹിക്കുന്നു. ഇതാ ഈ മാന്ത്രിക പന്ത് നീ എടുത്തോളൂ. ഈ പന്ത് ഏത് ദിശയിലേയ്ക്ക് ഉരുണ്ടാലും, ഭയപ്പെടാതെ അതിനെ പിന്തുടരുക."

ഇവാൻ സാരെവിച്ച് നല്ല വൃദ്ധന് നന്ദി പറഞ്ഞു, തന്റെ പുതിയ വഴികാട്ടിയായ പന്തിനെ പിന്തുടർന്നു. വളരെ നീണ്ടതായിരുന്നു അദ്ദേഹത്തിന്‍റെ ആ യാത്ര. ഒരു ദിവസം വിശാലമായ, പുഷ്പങ്ങളുള്ള ഒരു വയലിൽ അദ്ദേഹം ഒരു കരടിയെ കണ്ടുമുട്ടി, ഒരു വലിയ റഷ്യൻ കരടി! ഇവാൻ സാരെവിച്ച് തന്‍റെ വില്ലെടുത്തു കരടിയെ അമ്പെയ്ത്ത വീഴ്ത്താന്‍ തയ്യാറെടുത്തു.

"എന്നെ കൊല്ലരുത്, ദയയുള്ള സാരെവിച്ച്," കരടി പറഞ്ഞു. "ആർക്കറിയാം, ഒരു പക്ഷേ ഞാൻ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം?" അത് കേട്ട ഇവാൻ കരടിയെ അമ്പെയ്തില്ല.

അതേ സമയാം ആകാശത്തു കൂടി  ഒരു താറാവ് പറന്നു പോകുന്നത് ഇവാന്‍ കണ്ടു, ഒരു മനോഹരമായ വെളുത്ത താറാവ്. സാരെവിച്ച് തന്‍റെ വില്ലില്‍ അമ്പ് കുലച്ച് ആ താറാവിന് നേരെ ഉന്നം വെച്ചു. പക്ഷേ താറാവ് അവനോട് പറഞ്ഞു:

"എന്നെ കൊല്ലരുത്, നല്ലവനായ സാരെവിച്ച്. ഒരു ദിവസം ഞാൻ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും."

 അവൻ താറാവിന്‍റെ അഭ്യര്‍ഥന അനുസരിച്ചു അതിനെ ഉപദ്രവിക്കാതെ കടന്നുപോയി.

തുടര്‍ന്നുള്ള യാത്രയില്‍ അയാൾ ഒരു മിന്നുന്ന മുയലിനെ കണ്ടു. സാരെവിച്ച് അതിനെ എയ്യാൻ ഒരു അമ്പ് തയ്യാറാക്കി, പക്ഷേ ചാരനിറത്തിലുള്ള മിന്നുന്ന മുയൽ പറഞ്ഞു:

"ധീരനായ സാരെവിച്ച്, നീ എന്നെ കൊല്ലരുത്. വളരെ കുറച്ച് സമയത്തിനുള്ളിൽ ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണെന്ന് തെളിയിക്കും."

സാരെവിച്ച് മുയലിനെ വെടിവച്ചില്ല, അതിനെ കടന്നു മുന്നോട്ട് പോയി. ഉരുളുന്ന പന്തിനെ പിന്തുടര്ന്ന് അയാൾ കുറെ ദൂരം നടന്ന് ആഴത്തിലുള്ള നീലക്കടലിലേക്ക് എത്തിചേര്‍ന്ന്. കരയില്‍ ഒരു മത്സ്യം കിടന്നിരുന്നു. ശരിക്കും ആ മത്സ്യത്തിന്‍റെ  പേര് എനിക്ക് ഓർമ്മയില്ല, പക്ഷേ അത് ഒരു വലിയ മത്സ്യമായിരുന്നു, കരയില്‍ മണലില്‍ കിടന്ന്  അത് മരണവെപ്രാളം അടിക്കുകയായിരുന്നു.

"ഓ സാരെവിച്ച് ഇവാൻ!" മത്സ്യം അവനെ കണ്ട് പറഞ്ഞു, "എന്നോട് കരുണ കാണിക്കൂ, എന്നെ ആ തണുത്ത കടലിലേക്ക് തിരികെയെത്തിക്കൂ."

സാരെവിച്ച് അപ്രകാരം തന്നെ ചെയ്തു. തുടര്‍ന്ന് കരയിലൂടെ മുന്നോട്ട് നടന്നു. അപ്പോഴും മുന്നോട്ട് ഉരുണ്ടുകൊണ്ടിരുന്ന പന്ത്, ഇവാനെ ഒരു കുടിലിലേക്ക്, ചെറിയ കോഴികളുടെ കാലിൽ തങ്ങി നിൽക്കുന്ന ഒരു വിചിത്രമായ ചെറിയ കുടിലിലേക്ക്, എത്തിച്ചു.

"ഇസ്ബൂഷ്ക! ഇസ്ബൂഷ്ക!" - റഷ്യയിൽ അവർ ചെറിയ കുടിലുകളെ വിളിക്കുന്നത് അങ്ങനെയാണ് - "ഇസ്ബൂഷ്ക, നീ എന്‍റെ നേരെ മുഖം തിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," ഇവാൻ നിലവിളിച്ചു,

അതാ! ആ ചെറിയ കുടിൽ പെട്ടെന്ന് അവന് നേരെ തിരിഞ്ഞു. ഇവാൻ അപ്പോള്‍ കണ്ടത് ഒരു മന്ത്രവാദിനിയെ ആയിരുന്നു, അയാൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും വൃത്തികെട്ട മന്ത്രവാദിനികളിൽ ഒരാൾ.

"ഹോ! ഇവാൻ സാരെവിച്ച്! നീ എന്തിനാണ്ന്ന ഇവിടെ വന്നത്?" മന്ത്രവാദിനി ചോദിച്ചു.

"ഓ, കിഴവീ!" ഇവാൻ കോപത്തോടെ വിളിച്ചുപറഞ്ഞു. "ക്ഷീണിച്ച അതിഥിക്ക് എന്തെങ്കിലും കഴിക്കാനോ, കുടിക്കാനോ, ശരീരം കഴുകാൻ കുറച്ച് ചൂടുവെള്ളം കൊടുക്കാനോ തയ്യാറാകാതെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതാണോ  വിശുദ്ധ റഷ്യയിലെ പതിവ്?"

മന്ത്രവാദിനിയായ ബാബ യാഗ, ശരീരം കഴുകാന്‍ ചൂടുവെള്ളത്തിന് പുറമേ, സാരെവിച്ചിന് ധാരാളം ഭക്ഷണം കഴിക്കാനും, വീഞ്ഞ് കുടിക്കാനും കൊടുത്തു. സാരെവിച്ച് ഇവാൻ ഉന്മേഷഭരിതനായി. താമസിയാതെ അയാൾ വാചാലനായി, തന്‍റെ വിവാഹത്തിന്‍റെ അത്ഭുതകരമായ കഥ പറഞ്ഞു. തന്‍റെ പ്രിയപ്പെട്ട ഭാര്യയെ എങ്ങനെ നഷ്ടപ്പെട്ടുവെന്നും അവളെ കണ്ടെത്തുക എന്നതാണ് തന്റെ ഏക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

"എനിക്ക് ഇതിനെക്കുറിച്ച് എല്ലാം അറിയാം," മന്ത്രവാദിനി മറുപടി പറഞ്ഞു. "അവൾ ഇപ്പോൾ മരണമില്ലാത്ത കോസ്റ്റ്ഷെയുടെ കൊട്ടാരത്തിലാണ്, കോസ്റ്റ്ഷെ ഭയങ്കരനാണെന്ന് നിങ്ങൾ മനസ്സിലാക്കണം. അവൻ അവളെ രാവും പകലും നിരീക്ഷിക്കുന്നു, ആർക്കും ഒരിക്കലും അവനെ കീഴടക്കാൻ കഴിയില്ല. അവന്‍റെ മരണം ഒരു മാന്ത്രിക സൂചിയെ ആശ്രയിച്ചിരിക്കുന്നു. ആ സൂചി ഒരു മുയലിനുള്ളിലാണ്; ആ മുയൽ ഒരു വലിയ മരപ്പെട്ടിയിലാണ്; ആ മരപ്പെട്ടി ഒരു പഴയ ഓക്ക് മരത്തിന്റെ ശാഖകളിൽ മറഞ്ഞിരിക്കുന്നു; ആ ഓക്ക് മരത്തെ കോസ്റ്റ്ഷെ വാസിലിസയെപ്പോലെ വളരെ അടുത്തിരുന്ന് നിരീക്ഷിക്കുകയുമാണ്, അതായത് അവന്‍റെ ഏതൊരു നിധിയേക്കാളും ശ്രദ്ധയോടെ, അത്ര സുരക്ഷിതമായാണ് കോസ്റ്റ്ഷെ അത് സംരക്ഷിക്കുന്നത്."

പിന്നെ മന്ത്രവാദിനി ഇവാൻ സാരെവിച്ചിനോട് ഓക്ക് മരം എങ്ങനെ, എവിടെ കണ്ടെത്താമെന്ന് പറഞ്ഞു കൊടുത്തു. ഇവാൻ തിടുക്കത്തിൽ ആ സ്ഥലത്തേക്ക് പുറപ്പെട്ടു. പക്ഷേ, ഓക്ക് മരം കണ്ടപ്പോൾ എന്തുചെയ്യണമെന്നോ എങ്ങനെ ജോലി ആരംഭിക്കണമെന്നോ അറിയാതെ അയാൾ വളരെ നിരാശനായി. 

അപ്പോള്‍ അതാ! അവന്‍റെ പഴയ പരിചയക്കാരനായ റഷ്യൻ കരടി ഓടിവരുന്നു.  കരടി ആ ഓക്ക് മരത്തിനടുത്തെത്തി, അതിനെ പിഴുതെറിഞ്ഞു, അതോടെ ആ  മരപ്പെട്ടി അതിനുള്ളില്‍ നിന്നു താഴെ വീണു തകര്‍ന്നു. ഉടനെ തന്നെ ഒരു മുയൽ മരപ്പെട്ടിയില്‍ നിന്ന് പുറത്തു ചാടി വേഗത്തിൽ ഓടാൻ തുടങ്ങി; എന്നാൽ ഇവാന്റെ സുഹൃത്തായ മുയൽ അതിന്‍റെ പിന്നാലേ ഓടിയെത്തി അനായാസം അതിനെ പിടിച്ചു കീറിമുറിച്ചു. പെട്ടെന്ന് മുയലിനകത്ത് നിന്നും  ഒരു താറാവ് പറന്നുയര്‍ന്നു, ചാരനിറത്തിലുള്ള ഒരു താറാവ് - അത് വളരെ ഉയരത്തിൽ പറന്നു പോയി. മിക്കവാറും അദൃശ്യമായിരുന്നു ആ താറാവ്, പക്ഷേ മനോഹരമായ ഒരു വെളുത്ത താറാവ്, മുന്‍പോരൂ ദിവസം ഇവാന്‍ വെറുതെ വിട്ട അതേ താറാവ്,  അതിനെ പിന്തുടർന്ന് ആക്രമിച്ചു. ആ ആക്രമണത്തിനിടയില്‍ ചാരത്താറാവ് ഒരു മുട്ടയിട്ടു.

എന്നാല്‍ കഷ്ടകാലത്തിന് ആ  മുട്ട ആഴക്കടലിൽ ആണ് വീണത്. ഇതിനിടയിൽ തന്‍റെ വിശ്വസ്തരായ സുഹൃത്തുക്കൾ തന്നെ സഹായിക്കുന്നത് ഇവാൻ ആകാംക്ഷയോടെ നോക്കിക്കൊണ്ടിരുന്നു. എന്നാൽ മുട്ട നീല വെള്ളത്തിൽ അപ്രത്യക്ഷമായപ്പോൾ അയാൾക്ക് കരച്ചിൽ അടക്കാനായില്ല. പെട്ടെന്ന് ഒരു വലിയ മത്സ്യം നീന്തി മുകളിലേക്ക് വന്നു, അവൻ രക്ഷിച്ച അതേ മത്സ്യം! അതിന്‍റെ വായില്‍ ആ മുട്ട കണ്ട് ഇവാന്‍ സന്തോഷിച്ചു. അവൻ വേഗം തന്നെ ആ മുട്ട പൊട്ടിച്ചു. അതിനുള്ളിൽ അതാ ഇരിക്കുന്നു മന്ത്രവാദിനി പറഞ്ഞ ആ സൂചി! എല്ലാം ആശ്രയിച്ചിരിക്കുന്ന മാന്ത്രിക സൂചി.

ഇവാന്‍ ആ സൂചി കരസ്ഥമാക്കിയ അതേ നിമിഷം തന്നെ കോസ്റ്റ്ഷെയ്ക്ക് തന്‍റെ ശക്തിയും അധികാരവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

ഇവാൻ സാരെവിച്ച് കോസ്റ്റ്ഷെയുടെ  വിശാലമായ സാമ്രാജ്യത്തില്‍ പ്രവേശിച്ചു, മാന്ത്രിക സൂചി ഉപയോഗിച്ച് കോസ്റ്റ്ഷെയെ കൊന്നു. ആ കൊട്ടാരങ്ങളിലൊന്നിൽ തന്‍റെ പ്രിയപ്പെട്ട ഭാര്യയായ വാസിലിസയെ കണ്ടെത്തി. അവൻ അവളെ വീട്ടിലേക്ക് കൊണ്ടുപോയി, അതിനുശേഷം അവർ വളരെ സന്തുഷ്ടരായി വളരെക്കാലം ജീവിച്ചു.


Post a Comment

0 Comments