തവള രാജകുമാരി ഭാഗം 1 - റഷ്യന്‍ നാടോടിക്കഥ The Frog Princess Part 1

പണ്ട് പണ്ട് ഏതോ ഒരു പഴയ റഷ്യൻ സാമ്രാജ്യത്തില്‍, ഒരു പരമാധികാര സര്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ ഭാര്യയോടൊപ്പം രാജ്യം ഭരിച്ചിരുന്നു. സത്യത്തില്‍ അവര്‍ ജീവിച്ചിരുന്ന കാലം എപ്പോഴാണെന്ന് എനിക്കറിയില്ല. എപ്പോഴായിരുന്നാലും,  അവർക്ക് മൂന്ന് ആൺമക്കളുണ്ടായിരുന്നു, മൂന്നു പേരും ചെറുപ്പക്കാരും, എഴുത്തിലൂടെ  വിവരിക്കാൻ കഴിയാത്തത്ര ധീരന്മാരായ പോരാളികളുമായിരുന്നു. അതില്‍ ഇളയവന്‍റെ പേര് ഇവാൻ സാരെവിച്ച് എന്നായിരുന്നു. 

ഒരു ദിവസം അവരുടെ പിതാവ് തന്‍റെ മക്കളോട് പറഞ്ഞു:

"എന്‍റെ പ്രിയപ്പെട്ട മക്കളേ, നിങ്ങള്‍ക്ക് മൂന്നു പേര്‍ക്കും വിവാഹപ്രായമായി. അത് കൊണ്ട് നിങ്ങള്‍ക്ക് പറ്റിയ വധുക്കളെ കണ്ടെത്താന്‍ സമയമായി.  നിങ്ങൾ ഓരോരുത്തരും ഓരോ അമ്പ് എടുക്കുക, നിങ്ങളുടെ ശക്തമായ വില്ലുമെടുത്ത് അമ്പ് കുലച്ച് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ദിശയിലേയ്ക്ക് അമ്പെയ്യുക; അത് ഏത് കൊട്ടാരത്തിൽ ചെന്ന് വീഴുന്നുവോ, ആ കൊട്ടാരത്തിൽ നിങ്ങള്‍ക്കായുള്ള വധു ഉണ്ടാകും."

മൂത്ത സാരെവിച്ചിന്‍റെ  അമ്പ് സ്ത്രീകൾ താമസിക്കുന്ന ഒരു ഗോപുരത്തിന് തൊട്ടുമുന്നിലുള്ള ഒരു പ്രഭുവിന്‍റെ വീട്ടിൽ പതിച്ചു. രണ്ടാമത്തെ സാരെവിച്ചിന്റെ അമ്പ് ഒരു ധനികനായ വ്യാപാരിയുടെ പൂമുഖത്തേക്ക് ആണ് പറന്ന് ചെന്ന് വീണത്! ആ പൂമുഖത്താണെങ്കിലോ, ഒരു സുന്ദരിയായ പെൺകുട്ടി, വ്യാപാരിയുടെ മകൾ ഇരിപ്പുണ്ടായിരുന്നു. ഏറ്റവും ഇളയവനും ധീരനുമായ സാരെവിച്ച് ഇവാൻ, തന്‍റെ കഷ്ടകാലത്തിന് ഒരു ചതുപ്പിന്‍റെ നടുവിലേക്കാണ് അമ്പെയ്തത്. അവിടെ അത് ചെന്ന് വീണതോ ഒരു വലിയ തവളയുടെ അടുത്തും!

ഇവാൻ സാരെവിച്ച് തന്‍റെ പിതാവിന്റെ അടുക്കൽ ചെന്നു പറഞ്ഞു: "എനിക്ക് എങ്ങനെ തവളയെ വിവാഹം കഴിക്കാൻ കഴിയും? അവൾ എനിക്ക് തുല്യയാണോ? തീർച്ചയായും അതെനിക്കൊരു യോജിച്ച ഭാര്യയായിരിക്കില്ല.""

"സാരമില്ല," അച്ഛൻ മറുപടി പറഞ്ഞു, "നീ തവളയെ തന്നെ വിവാഹം കഴിക്കണം, കാരണം നിന്‍റെ വിധി അങ്ങനെയാണ്."

അങ്ങനെ ആ സഹോദരന്മാർ വിവാഹിതരായി: മൂത്തയാൾ ഒരു പ്രഭുവിന്‍റെ മകളായ ഒരു ചെറുപ്പക്കാരിയെയും; രണ്ടാമൻ വ്യാപാരിയുടെ സുന്ദരിയായ മകളെയും, ഇളയവനായ സാരെവിച്ച് ഇവാൻ ആ പോക്കാച്ചി തവളയെയും വിവാഹം കഴിച്ചു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചക്രവര്‍ത്തി രാജകുമാരൻ തന്‍റെ മൂന്ന്ആ ൺമക്കളെ വിളിച്ച് അവരോട് പറഞ്ഞു:

"നാളെ രാവിലെ നിങ്ങളുടെ ഭാര്യമാരിൽ ഓരോരുത്തരും ഓരോ വെളുത്ത അപ്പം തയ്യാറാക്കി തരട്ടെ."

ഇവാൻ വീട്ടിലേക്ക് മടങ്ങി. അവന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നില്ല, അവന്റെ നെറ്റി മാനസിക പിരിമുറുക്കം കാരണം ചുളിഞ്ഞിരുന്നു.

"പേക്രോം...പേക്രോം...  എന്‍റെ പ്രിയപ്പെട്ട ഭർത്താവ്, സാരെവിച്ച് ഇവാൻ, എന്തിനാണ് ഇത്ര സങ്കടം?" തവള സൌമ്യമായി ചോദിച്ചു. "കൊട്ടാരത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ?"

"ശരിക്കും വല്ലാത്ത ഒരു പ്രശ്നം തന്നെയാണ്," ഇവാൻ സാരെവിച്ച് മറുപടി പറഞ്ഞു; "എന്‍റെഅച്ഛൻ, സാർ ചക്രവര്‍ത്തി, തന്‍റെ മരുമക്കള്‍ നാളെ ഒരു വെളുത്ത അപ്പം ചുട്ടു തരണമെന്ന് ആഗ്രഹിക്കുന്നു."

"അത്രയേയുള്ളോ? വിഷമിക്കേണ്ട, സാരെവിച്ച്. ഉറങ്ങാൻ പോകൂ; നാളെ രാവിലെ എല്ലാ പ്രശനത്തിനും പരിഹാരമുണ്ടാകും."

ഭാര്യയുടെ ഉപദേശം സ്വീകരിച്ച് സാരെവിച്ച് ഉറങ്ങാൻ പോയി. അപ്പോൾ തവള തന്‍റെ തവളത്തോൽ വലിച്ചെറിഞ്ഞ് സുന്ദരിയായ, വാസിലിസ എന്ന് പേരുള്ള പെൺകുട്ടിയായി മാറി. അവൾ പൂമുഖത്തേക്ക് ഇറങ്ങി ഉറക്കെ വിളിച്ചു പറഞ്ഞു:

"പരിചാരികരേ, ഉടൻ എന്‍റെ അടുക്കൽ വന്ന് നാളെ രാവിലത്തേയ്ക്കുള്ള വെളുത്ത അപ്പം തയ്യാറാക്കുക, എന്‍റെ പിതാവിന്‍റെ രാജകൊട്ടാരത്തിൽ ഞാൻ കഴിക്കുന്നതുപോലെയുള്ള രുചികരവും മൃദുവായതുമായ ഒരു അപ്പം."

രാവിലെ കോഴികളുടെ കൂവല്‍ കേട്ടാണ് സാരെവിച്ച് ഇവാൻ ഉണർന്നത്. കോഴികള്‍ ഒരിക്കലും വൈകി കൂവാറില്ലെന്ന് നിങ്ങൾക്കറിയാമല്ലോ? അത്ര നേരത്തെ തന്നെ,  അപ്പം ഇതിനകം തയ്യാറാക്കിയിരുന്നു.  അതും വളരെ മനോഹരമായ അപ്പം, ആർക്കും അത് വിവരിക്കാൻ പോലും കഴിയില്ല കാരണം ഫെയറിലാൻഡിൽ മാത്രമേ അത്തരം അത്ഭുതകരമായ അപ്പങ്ങൾ കണ്ടെത്താൻ കഴിയൂ. അത് എല്ലായിടത്തും മനോഹരമായ രൂപങ്ങളാൽ അലങ്കരിച്ചിരുന്നു, മാത്രമല്ല അത് മഞ്ഞ് പോലെ വെളുത്തതും തൂവൽ പോലെ പ്രകാശപൂരിതവുമായിരുന്നു.

ഇവാന്‍ അതുമായാണ് കൊട്ടാരത്തിലെത്തിയത്. സാർ ചക്രവര്‍ത്തി ആ അപ്പം കണ്ഡു സന്തോഷിച്ചു, സാരെവിച്ചിന് പ്രത്യേക അഭിനന്ദനവും ലഭിച്ചു. മറ്റ് രണ്ടു സഹോദരന്മാരും അത് കണ്ട് അസൂയപ്പെട്ടു.

"ഇന്നിനി മറ്റൊരു ജോലിയുണ്ട്," സാർ ചക്രവര്‍ത്തി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "നാളെ നിങ്ങളുടെ ഭാര്യമാര്‍ ഓരോപരവതാനി നെയ്യട്ടെ."

സാരെവിച്ച് ഇവാൻ വീട്ടിലേക്ക് മടങ്ങി. മുഖത്ത് പുഞ്ചിരിയില്ല, നെറ്റി തലേദിവസത്തെപ്പോലെ ചുളിഞ്ഞിരുന്നു.

"പേക്രോം...പേക്രോം... ! പ്രിയപ്പെട്ട സാരെവിച്ച് ഇവാൻ, എന്‍റെ ഭർത്താവും യജമാനനും, എന്തുകൊണ്ടാണ് ഇന്നും ഇത്ര വിഷമിച്ചത്? അച്ഛൻ അപ്പം കണ്ട് സന്തോഷിച്ചില്ലേ?"

"എനിക്ക് എങ്ങനെ വിഷമിക്കാതിരിക്കാന്‍ കഴിയും? എന്‍റെ അച്ഛൻ, സാർ ചക്രവര്‍ത്തി നാളെ ഒരു പരവതാനി നെയ്തു കൊണ്ട് ചെല്ലാന്‍ കല്‍പ്പിച്ചിട്ടുണ്ട്."

"വിഷമിക്കേണ്ട, സാരെവിച്ച്. താങ്കള്‍ ഉറങ്ങാൻ പോകൂ;  പ്രഭാതത്തില്‍ എല്ലാം ശരിയായിരിക്കും!" തവള അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

വീണ്ടും തവള വാസിലിസ എന്ന ബുദ്ധിമതിയായ കന്യകയായി മാറി, അവൾ വീണ്ടും ഉറക്കെ വിളിച്ചു:

"പ്രിയപ്പെട്ട  എന്‍റെ വിശ്വസ്തരായ പരിചാരികമാരേ, പുതിയ ജോലിക്കായി എന്‍റെ അടുക്കൽ വരൂ. എന്‍റെ രാജകൊട്ടാരത്തിൽ ഞാൻ സാധാരണ ഇരിക്കാറുണ്ടായിരുന്നതുപോലെ ഒരു പരവതാനി നെയ്യുക."

കുമാരി പറഞ്ഞു കഴിഞ്ഞതും വളരെ വേഗത്തില്‍ പരിചാരകര്‍ ആ പണി തീര്‍ത്തു. കോഴികൾ അതിരാവിലെ കൂകിയതും സാരെവിച്ച് ഇവാൻ ഉണർന്നു, അതാ! അവന്റെ മുന്നിൽ ഏറ്റവും മനോഹരമായ പട്ടുപരവതാനി കിടക്കുന്നു, ആർക്കും വിവരിക്കാൻ തുടങ്ങാൻ കഴിയാത്തത്ര മനോഹരമായ ഒരു പരവതാനി. തിളക്കമുള്ള നിറമുള്ള പട്ടുക്കിടയിൽ വെള്ളിയും സ്വർണ്ണവും നൂലുകൾ ഇഴചേർന്നിരുന്നു.

ഇത്തവണയും ഇവാന്‍ കൊണ്ട് ചെന്ന പരവതാനി കണ്ട് ചക്രവര്‍ത്തി അതിയായി സന്തോഷിച്ചു, മകൻ ഇവാന് നന്ദി പറഞ്ഞു. എന്നിട്ടോ?  ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. തന്‍റെ  സുന്ദരന്മാരായ മൂന്ന് പുത്രന്മാരുടെ ഭാര്യമാരെ കാണാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.  അടുത്ത ദിവസം അവർ അവരുടെ വധുക്കളുമായി ചക്രവര്‍ത്തിയുടെ മുന്‍പിലെത്താന്‍ അദ്ദേഹം കല്‍പ്പിച്ചു.

സാരെവിച്ച് ഇവാൻ വീട്ടിലേക്ക് മടങ്ങി. അവന്‍റെ നെറ്റി മുന്‍പത്തെ ദിവസങ്ങളെക്കാളും ചുളിഞ്ഞിരുന്നു. മുഖവും മനസ്സും എന്നത്തേക്കാളും കലുഷിതമായിരുന്നു.

"എന്റെ പ്രിയപ്പെട്ട ഭർത്താവും യജമാനനുമായ സാരെവിച്ച് ഇവാന്‍! , എന്തുകൊണ്ടാണ് ഇത്ര സങ്കടം? കൊട്ടാരത്തിൽ നിന്ന് ഇന്ന് താങ്കൾ എന്തെങ്കിലും അസുഖകരമായ കാര്യം കേട്ടിട്ടുണ്ടോ?"

"അസുഖകരം, തീർച്ചയായും! എന്‍റെ പിതാവ് ഞങ്ങള്‍ മൂന്നു പേരോടും ഞങ്ങളുടെ ഭാര്യമാരെ അദ്ദേഹത്തിന് മുന്‍പില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. ഇനി നീ പറയൂ, ഞാൻ എങ്ങനെ നിന്‍റെയൊപ്പം പോകാൻ ധൈര്യപ്പെടും?"

"അത് അത്ര പ്രശ്നമുള്ള കാര്യമൊന്നുമല്ല" തവള സൌമ്യമായി കരഞ്ഞുകൊണ്ട് മറുപടി പറഞ്ഞു. "ആദ്യം നാളെ നീ ഒറ്റയ്ക്ക് പോകണം, ഞാൻ പിന്നാലെ എത്തികൊള്ളാം. പിന്നെ നീ ഒരു ശബ്ദം, ഒരു വലിയ ശബ്ദം കേൾക്കുമ്പോൾ, ഒട്ടും ഭയപ്പെടേണ്ട; 'എന്‍റെ നിർഭാഗ്യവതിയായ തവള അവളുടെ ദൌര്‍ഭാഗ്യം നിറഞ്ഞ പെട്ടിയിൽ വരുന്നു' എന്ന് പറഞ്ഞാൽ മതി."

രണ്ട് മൂത്ത സഹോദരന്മാരും സുന്ദരികളും, തിളക്കമുള്ളവരും, സന്തോഷവതികളും, ആഡംബരപൂർണ്ണമായ വസ്ത്രങ്ങൾ ധരിച്ചവരുമായ ഭാര്യമാരുമായി ആദ്യം എത്തി. അവര്‍ രണ്ടുപേരും സാരെവിച്ച് ഇവാനെ കളിയാക്കി.

"എന്തുപറ്റി സഹോദരാ, നീ ഒറ്റയ്ക്ക്?" അവർ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു. "എന്തുകൊണ്ടാണ് നീ നിന്‍റെ ഭാര്യയെ കൂടെ കൊണ്ടുവന്നില്ല? അവളെ മൂടാൻ പറ്റിയ ഒരു തുണിക്കഷണം ഉണ്ടായിരുന്നില്ലേ? നിനക്കു എവിടെ നിന്ന് ഇത്രയും സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചത്? ഞങ്ങളുടെ പിതാവിന്റെ അധീനത്തിലുള്ള എല്ലാ ചതുപ്പുനിലങ്ങളിലും തിരഞ്ഞാലും അവളെപ്പോലെ മറ്റൊരാളെ കണ്ടെത്താൻ പ്രയാസമാണെന്ന് ഞങ്ങൾ പന്തയം വെക്കാൻ തയ്യാറാണ്." അവർ അവനെ കളിയാക്കികൊണ്ട് ചിരിച്ചു..

പെട്ടെന്ന് അതാ! വല്ലാത്തൊരു ശബ്ദം! കൊട്ടാരം വിറച്ചു, അതിഥികളെല്ലാം ഭയന്നു.

"പേടിക്കേണ്ട; അത് എന്‍റെ ഭാര്യയായ തവളയാണ് അവളുടെ പെട്ടിയിൽ വരുന്നത്." ഇവാന്‍ സാരെവിച്ച് പറഞ്ഞു.

തുടരും...

Post a Comment

0 Comments