ജംബോ: വിഖ്യാതനായ ആനയുടെ കഥ - The Story of Jumbo: the famous elephant

വളരെക്കാലം മുമ്പ്, 1860 ഡിസംബർ 25-ന്, ആഫ്രിക്കയിലെ സുഡാനിലാണ്  ജംബോയുടെ ജനനം.  ദുഃഖകരമെന്നു പറയട്ടെ, അവന്റെ അമ്മയെ വേട്ടക്കാർ കൊന്നു. അവർ ആ ചെറിയ ആനയെ പിടികൂടി ഒരു ഇറ്റാലിയൻ  വ്യാപാരിക്ക് വിറ്റു.  പിന്നീടവൻ  ഫ്രാൻസിൽ പാരീസിലെ ഒരു മൃഗശാലയിൽ എത്തിപ്പെട്ടു.

കാനഡയിലെ ഒന്റാറിയോയിലെ സെന്റ് തോമസിലെ ജംബോ പ്രതിമ (വിക്കിപീഡിയ)

അവിടെ, അവന് ഒരു പ്രത്യേക പേര് നൽകി: ജംബോ. തലവൻ അല്ലെങ്കിൽ നേതാവ് എന്നർത്ഥം വരുന്ന സ്വാഹിലി പദമായ "ജംബെ"യിൽ നിന്നായിരിക്കാം അവന്റെ പേര് വന്നത്. ആഫ്രിക്കൻ കഥകളിൽ ഉപയോഗിക്കുന്ന ഒരു പേരായ "ജംബെ-ജംബോ" എന്നതിൽ നിന്നാണ് ഇത് വന്നതെന്നാണ് മറ്റൊരു കഥ. എന്തായാലും, ജംബോയുടെ പേര് പിന്നീട് ലോകപ്രശസ്തമായി, ഇന്ന്, ജംബോ ജെറ്റ്, ജംബോ പിസ്സ അല്ലെങ്കിൽ ജംബോ ബലൂൺ പോലുള്ള വളരെ വലിയ ഒന്നിനെ അർത്ഥമാക്കാൻ നമ്മൾ "ജംബോ" ഉപയോഗിക്കുന്നു!

ജംബോ ചെറുപ്പമായിരുന്നപ്പോൾ, അവനെ ഇംഗ്ലണ്ടിലെ ലണ്ടൻ മൃഗശാലയിലേക്ക് മാറ്റി. വളരെ വലിയ ഒരാനയായിട്ട് കൂടി അവൻ ആളുകളോട് വളരെ സൌഹൃദപൂർവ്വം ഇടപഴകിയിരുന്നതിനാൽ, അവനെ എല്ലാവരും ഇഷ്ടപ്പെട്ടു. ആനപ്പുറത്ത് കുട്ടികൾക്ക് നിർഭയം സവാരികൾ ചെയ്യാമായിരുന്നതിനാൽ ആളുകൾ അവനെ സന്ദർശിക്കാൻ ഇഷ്ടപ്പെട്ടു - ചിലർ പറയുന്നത് വിക്ടോറിയ രാജ്ഞിയുടെ കുട്ടികൾ പോലും അവന്റെ പുറത്ത് കയറി സവാരി ചെയ്യുമായിരുന്നു എന്നാണ്!

 മാത്യു സ്കോട്ട് എന്ന ദയയുള്ള ഒരു മൃഗശാലാ സൂക്ഷിപ്പുകാരനായിരുന്നു  അവനെ പരിപാലിച്ചു പോന്നത്. 

എന്നാൽ പ്രായമായതോടെ  ജംബോ വളരെയധികം  വലിയ ഒരാനയായിത്തീർന്നു. മാത്രമല്ല ചില സമയങ്ങളിൽ  അവന്റെ ഭാവം മാറാനും തുടങ്ങി.  മത്തു പിടിച്ച ആന ആരെയെങ്കിലും ഉപദ്രവിച്ചേക്കുമെന്ന് മൃഗശാല അധികൃതർ  ഭയപ്പെട്ടു, അതിനാൽ അവർ അവനെ വിൽക്കാൻ തീരുമാനിച്ചു. 1882-ൽ, പ്രശസ്ത അമേരിക്കൻ ഷോമാൻ പി. ടി. ബർണാം ജംബോയെ വാങ്ങി തന്റെ സർക്കസിനായി അമേരിക്കയിലേക്ക് കൊണ്ടുപോയി.

ഇംഗ്ലണ്ടിലെ ആളുകൾ ഈ കച്ചവടത്തിൽ  വളരെ അതൃപ്തരായിരുന്നു. വിൽപ്പന നിർത്താൻ ഒരു ലക്ഷത്തിലധികം കുട്ടികൾ വിക്ടോറിയ രാജ്ഞിക്ക് കത്തുകൾ പോലും എഴുതി, പക്ഷേ അത് ഫലം കണ്ടില്ല. ജംബോ തന്റെ കാവൽക്കാരനായ മിസ്റ്റർ സ്കോട്ടിനൊപ്പം അമേരിക്കയിലേക്ക് കപ്പലിൽ യാത്ര ചെയ്തു.

യുഎസിൽ, ജംബോ സർക്കസിലെ സുപ്രധാന താരമായി. ജംബോയെ കാണാൻ ആളുകൾ ഒഴുകിയെത്തി.  ആനയ്ക്ക് നൽകിയ പണം ബർണാം വളരെ  വേഗത്തിൽ തിരികെ നേടി. 1884 മെയ് 17 ന്, ബ്രൂക്ലിൻ പാലം സുരക്ഷിതമാണെന്ന് തെളിയിക്കാൻ പാലം കടന്ന ബർണമിന്റെ 21 ആനകളിൽ ഒന്നായിരുന്നു ജംബോ. പാലം തകർന്നുവീഴുമോ എന്ന ഭയം മൂലം ഉണ്ടായ തിക്കിലും തിരക്കിലും 15 പേർ മരിച്ച് ഒരു വർഷത്തിനു ശേഷമായിരുന്നു ഈ പ്രകടനം.

1885-ൽ, സർക്കസ് കാനഡയിലെ സെന്റ് തോമസിലായിരുന്നു. ഒരു രാത്രി, ഷോ കഴിഞ്ഞ്, ജംബോയെ തന്റെ ട്രെയിൻ കാറിലേക്ക് കൊണ്ടുപോകുമ്പോൾ അപ്രതീക്ഷിതമായി ഒരു ട്രെയിൻ വന്നു ജംബോയെ ഇടിച്ചു. താമസിയാതെ ജംബോ മരണപ്പെട്ടു.   വാർത്തയറിഞ്ഞ് അവന്റെ ആരാധകരായ ആളുകളുടെ  ഹൃദയം തകർന്നു പോയി.

ജംബോയുടെ മരണശേഷവും ജംബോ കൂടുതൽ പ്രശസ്തനായി:

ജംബോയുടെ അസ്ഥികൾ നാച്ചുറൽ  ഹിസ്റ്ററി മ്യൂസിയത്തിൽ  സൂക്ഷിച്ചിട്ടുണ്ട്. ജംബോയുടെ ശരീരം അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിച്ചിരുന്നു. ജംബോയുടെ തുമ്പിക്കൈയുടെ മൂക്കിൽ ഒരു നാണയം ഇടുന്നത് പരീക്ഷയിലോ കായിക മത്സരത്തിലോ ഭാഗ്യം കൊണ്ടുവരുമെന്ന് ഒരു അന്ധവിശ്വാസം വരെ ഉണ്ടായിരുന്നു.

ജംബോയെ ഓർമ്മിക്കാൻ കാനഡയിലെ സെന്റ് തോമസിൽ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

"വളരെ വലുത്" എന്നർത്ഥം വരുന്ന "ജംബോ ജെറ്റ്" അല്ലെങ്കിൽ "ജംബോ ബർഗർ" പോലുള്ള വാക്കുകളിൽ ആ പേര് നിലനിൽക്കുന്നു.

ഇന്നും, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആനകളിൽ ഒന്നായി ജംബോ എന്ന ആന ഓർമ്മിക്കപ്പെടുന്നു.



Post a Comment

0 Comments