ചന്തയിലേക്കു പോയ ഹോജ, അവിടെ വില്പനയ്ക്ക് വെച്ചിരുന്ന പക്ഷികളെ കണ്ടു.
ഒരു വ്യാപാരി അതിന്റെ സമീപം നിന്നുകൊണ്ട് ഉല്ലാസത്തോടെ വിളിച്ചു പറയുന്നു.
"ഇത് കാണൂ! ശരിക്കും സംസാരിക്കുന്ന തത്തകൾ ! ഒന്നിന് വെറും 500 റിയാല്‍ മാത്രം!"
ധാരാളം പേർ തത്തകളോട് സംസാരിക്കുകയും അവയെ വാങ്ങുകയും ചെയ്യുന്നു!ഓരോ തത്തക്കും അഞ്ഞൂറു റിയാൽ വിലയാണെന്ന് കണ്ടപ്പോൾ, ഹോജ വിചാരിച്ചു: "എന്റെ പിടക്കോഴി ഇവയേക്കാൾ വലുതാണ്, അതിന് നല്ല ഭാവനയും അറിവുമുണ്ട്. അതിനെന്തായാലും ഇവയെക്കാൾ കൂടുതൽ വില കിട്ടും."
അടുത്ത ദിവസം തന്റെ പ്രിയപ്പെട്ട പിടക്കോഴിയെ കൊണ്ടു ഹോജ ചന്തയിൽ എത്തി. "ഇതാണെന്റെ പ്രിയപ്പെട്ട പിടക്കോഴി! വില്പനയ്ക്ക്! അത്യന്തം പ്രത്യേകതയുള്ള ഇതിന് വെറും 550 റിയാൽ മാത്രം!"
'550 റിയാലോ?" ആളുകൾ മൂക്കത്ത് വിരൽ വെച്ചു. "അമ്പതു റിയാല്‍ കൊടുക്കാം. അതിനേക്കാള്‍ കൂടുതൽ ഒരു കോഴിക്ക് എവിടെ കിട്ടാനാണ് " അവർ ചോദിച്ചു.
ഹോജ നിരാശയോടെ ചോദിച്ചു:
"ഇത് എന്തു ന്യായം? ഇന്നലെ നിങ്ങളിൽ പലരും ഇതിന്റെ പകുതി വലിപ്പമുള്ള പക്ഷികൾക്ക് പത്തിരട്ടി വില കൊടുത്ത് വാങ്ങുന്നത് ഞാൻ കണ്ടതാണല്ലോ?"
അപ്പോൾ ഒരാൾ വിശദീകരിച്ചു:
"ഹോജാ, അവ തത്തകളാണ്. അവ സംസാരിക്കും. അതുകൊണ്ടാണ് അവയ്ക്ക് കൂടുതൽ വില."
ഹോജ ഉടനെ മറുപടി പറഞ്ഞു:
"അവയ്ക്ക് സംസാരിക്കാൻ കഴിയും എന്നതുകൊണ്ട് നിങ്ങൾ അവയെ വിലമതിക്കുന്നു. എന്നാൽ എന്റെ പിടക്കോഴിക്ക് അത്ഭുതകരമായ ചിന്തകളും നല്ല സ്വഭാവവുമുണ്ട് – എന്നാൽ വെറുതെ സംസാരിച്ച് അതാരെയും ശല്യപ്പെടുത്തുന്നില്ല. എന്നിട്ടും നിങ്ങൾ അതിനെ വിലകുറച്ച് കാണുന്നു!"
0 Comments