ദൈവാനുഗ്രഹം! ഹോജാ കഥകള്‍ - Daivanugraham

അര്‍ധരാത്രി. ആകാശം ശൂന്യമായിരുന്നു; നിലാവില്ല, നക്ഷത്രങ്ങളില്ല. വീടിന് പുറത്ത് ചെരിയ നാട്ടുവെളിച്ചം മാത്രം. ഹോജ  ഉറങ്ങാന്‍ കിടക്കുകയായിരുന്നു.  പക്ഷേ ജനലിലൂടെ പുറത്ത് തോട്ടത്തിലൊരു ചലനം ഹോജയുടെ ശ്രദ്ധയിൽ പെട്ടു.


അവിടെ, വെളുത്ത ഒരു  വസ്തു! അതിന്റെ ആകൃതി കണ്ട്  ഹോജയ്ക്ക് സംശയമായി … മനുഷ്യരൂപമാണോ?അതോ എന്തിന്റെയെങ്കിലും  നിഴലോ? അജ്ഞാത ഭീതിയും സംശയവും ഒരേസമയം ഹോജയേ പിടികൂടി, ഇനി വല്ല കള്ളനുമാണെങ്കിലോ? 

"വെറുതെ പേടിച്ച് കാത്തിരിക്കാതെ ഇതിനെ നേരിടണം," എന്നു വിചാരിച്ച ഹോജ, തന്റെ പഴയ അമ്പും വില്ലും എടുത്തു. കുറച്ച്  ഭീതിയോടെയും ഉറച്ച മനസ്സോടെയുമാണ് ആ വെളുത്ത രൂപത്തിലേയ്ക്  ഹോജ അമ്പയച്ചു.

അമ്പ് ആ രൂപത്തിൽ തറച്ചിരിക്കണം. എന്നാൽ ആ രൂപത്തിന് ഒരനക്കമോ , ശബ്ദമോ ഉണ്ടായില്ല. ഹോജ പിന്നെ കാത്തിരുന്നില്ല,  എന്താണ് സംഭവിച്ചതെന്ന്  മനസ്സിലാക്കാനായി നേരെ  തോട്ടത്തിലേക്കു നടന്നു. 

അൽപ്പസമയം പക്ഷേ, ഹോജ മടങ്ങിയെത്തിയത് ആകെ തകർന്ന   രൂപത്തിലായിരുന്നു – തല താഴ്ത്തിആകെ ദുഖയാകുലനായി  ആ തിരിച്ചുവരവ് കണ്ട ഭാര്യ ഭയം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹത്തെ നോക്കി ചോദിച്ചു..

"ഹോജാ, എന്താണ് സംഭവിച്ചത്?"

മുല്ല, ശ്വാസം അടക്കിപ്പിടിച്ച് പറഞ്ഞു:

"അത് മനോഹരമായ എന്റെ വെള്ളക്കുപ്പായമായിരുന്നു… അമ്പ് അതിനെ നേരെ ഹൃദയഭാഗം  തുളച്ച് കടന്നു."

"എന്നാലും ഒന്നാലോചിച്ചു നോക്കൂ! ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്! അവിടെ ഉണങ്ങാന്‍ തൂക്കിയിട്ടിരുന്ന ആ വെള്ളക്കുപ്പായത്തിനകത്ത് ഞാനുണ്ടായിരുന്നെങ്കില്‍?"

Post a Comment

0 Comments