ഒരു ജർമൻ നാടോടിക്കഥയാണ് ഇത്തവണ!
ചാൾസ് എന്ന ഒരു ചെറുപ്പക്കാരൻ ഒരു കച്ചവടക്കാരന്‍റെ സേവകനായിരുന്നു. വര്‍ഷങ്ങളോളം തന്‍റെ യജമാനനെ വിശ്വസ്തതയോടെ സേവിച്ച ചാൾസ് ഒരു ദിവസം അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു.
"യജമാനനേ, ഈ കാലമത്രയും ഞാൻ അങ്ങയെ സേവിച്ചു. കുറെ വർഷങ്ങളായി ഞാൻ എന്‍റെ അമ്മയെ ഒന്ന് കണ്ടിട്ട്. ഇനി എനിക്ക് വീട്ടിൽ പോയി എന്‍റെ അമ്മയെ കാണാൻ ആഗ്രഹമുണ്ട്, അതിനാൽ എന്നെ പോകാൻ അനുവധിച്ചാലും."
അവന്‍റെ യജമാനൻ പറഞ്ഞു—
"നീ പറഞ്ഞത് ശരിയാണ്. നിനക്ക് വീട്ടിൽ പോകാൻ അനുവാദം തന്നിരിക്കുന്നു. ഇത്രയും കാലം നീ വിശ്വസ്തനും നല്ലവനുമായ ഒരു ജോലിക്കാരനായിരുന്നു. അതിനാൽ നിനക്ക് അതിന് അർഹമായ കൂലി ഞാൻ തരുന്നതാണ്."
ചാൾസിന് കൂലിയായി അയാൾ നല്കിയത് ഒരു വലിയ കനമുള്ള വെള്ളിക്കട്ടി ആയിരുന്നു. ചാൾസ് സന്തോഷത്തോടെ അത് തന്‍റെ ഒരു തുണിയിൽ പൊതിഞ്ഞു തന്‍റെ തോളിൽ ഇട്ടു. എല്ലാവരോടും യാത്ര പറഞ്ഞു തന്‍റെ വീട്ടിലേക്ക് യാത്രയായി.
കുറെ ദൂരം പിന്നിട്ടപ്പോൾ, ഒരു വലിയ കുതിരപ്പുറത്ത് സന്തോഷത്തോടെ സഞ്ചരിക്കുന്ന ഒരു യാത്രക്കാരനെ അവൻ കണ്ടുമുട്ടി.
"ആഹാ!" ചാൾസ് ഉറക്കെ പറഞ്ഞു, "കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത് എത്ര നല്ല കാര്യമാണ്! കല്ലുകൾ തട്ടി വീഴുമെന്ന പേടി വേണ്ട, ചെരിപ്പിൽ ചെളിയാകുകയുമില്ല.വെറുതേ ഇങ്ങനെ സുഖമായി ഒരു കസേരയിൽ ഇരിക്കുന്നത് പോലെ ഇരുന്നാൽ മതി, എത്തേണ്ട സ്ഥലത്ത് സുഖമായി എത്തിച്ചേരാം."
കുതിരക്കാരൻ ഇത് കേട്ടു, എന്നിട്ട് ചോദിച്ചു.—
"അങ്ങിനെയെങ്കിൽ പിന്നെ നീ എന്തിനാണ് കാൽനടയായി പോകുന്നത്?"
"ആഹ്!" അവൻ പറഞ്ഞു, "ഇത് കണ്ടില്ലേ. എന്‍റെ തോളിൽ ഉള്ള ഈ ഭാരം, അതൊരു വെള്ളിക്കട്ടിയാണ്. അത് വളരെ ഭാരമുള്ളതിനാൽ എനിക്ക് എന്‍റെ തല നിവര്‍ത്തി നേരെ നടക്കാൻ പോലും വയ്യ. എന്‍റെ തോൾ വളരെ വേദനിക്കുന്നു."
"അങ്ങിനെയാണെങ്കിൽ നിന്നെ ഞാൻ സഹായിക്കാം."" കുതിരക്കാരൻ പറഞ്ഞു. "ഞാൻ നിങ്ങൾക്ക് എന്‍റെ കുതിരയെ തരാം, നിങ്ങൾ എനിക്ക് ആ വെള്ളിക്കട്ടി പകരം തരണം."
"വളരെ സന്തോഷം," ചാൾസ് പറഞ്ഞു, "പക്ഷേ ഞാൻ നിങ്ങളോട് ഒരു കാര്യം തുറന്നു പറയാം. അത് വലിച്ചിഴച്ചു കൊണ്ട് പോകുന്നത് നിങ്ങൾക്ക് ഒരു ക്ഷീണമുള്ള ജോലി തന്നെയാകും.."
കുതിരക്കാരൻ തന്‍റെ കുതിരപ്പുറത്ത് നിന്നും ഇറങ്ങി, കുതിരയെ ചാൾസിന് കൈമാറി. പകരം വെള്ളി എടുത്തു, എന്നിട്ട് പറഞ്ഞു—
"നിനക്ക് വളരെ വേഗത്തിൽ പോകാൻ ആഗ്രഹിക്കുമ്പോൾ, നീ ഉറക്കെ ചുണ്ടുകൾ അടിച്ച് 'ജിപ്പ്' എന്ന് വിളിക്കണം."
ചാൾസ് കുതിരപ്പുറത്തിരുന്ന് സന്തോഷത്തോടെ മുന്നോട്ട് കുതിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചുകൂടി വേഗത്തിൽ പോകണമെന്ന് അവൻതോന്നി, അങ്ങനെ കുതിരക്കാരൻ പറഞ്ഞത് പോലെ അവൻ ചുണ്ടുകൾ ചേര്ത്ത് "ജിപ്പ്" എന്ന് വിളിച്ചു. അത് കേട്ടതും കുതിര പെട്ടെന്ന് കുതിച്ച് പാഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ചാൾസ് അറിയുന്നതിനു മുമ്പ്, അവൻ ദൂരെ തെറിച്ചുവീണു. വഴിയരികിലെ ഒരു കുഴിയിലാണ് അവൻ ചെന്നു വീണത്. ഭാഗ്യത്തിന് ആ വഴി വന്ന ഒരു ഇടയൻ അവന്റെ കുതിരയെ തടഞ്ഞു നിർത്തി. അല്ലെങ്കിൽ അവന്‍റെ കുതിര ഓടിപ്പോകുമായിരുന്നു. ചാൾസിന് പെട്ടെന്ന് തന്നെ ബോധം വന്നു, അവൻ വേഗം കുഴിയിൽ നിന്നും പുറത്ത് കയറി. അവൻ സങ്കടത്തോടെ ഇടയനോട് പറഞ്ഞു—
"ഇതുപോലുള്ള ഒരു കുതിരയുടെ പുറത്ത് യാത്ര ചെയ്യുന്നത് അത്ര രസമുള്ള കാര്യമല്ല, പ്രത്യേകിച്ചും അത് നമ്മുടെ കഴുത്ത് ഒടിയുന്നതുപോലെ തെറിപ്പിച്ച് കളയുമ്പോൾ! എന്തായാലും എനിക്ക് മതിയായി. നിങ്ങളുടെ പശുവാണ് എന്തുകൊണ്ടും നല്ലത്. പതിയെ അവളുടെ പിന്നിൽ നടന്നാൽ മതി. എല്ലാ ദിവസവും പാലും വെണ്ണയും ചീസും കഴിക്കാം. ഈ പശുവിനെ കിട്ടാൻ ഞാൻ എന്തും നല്കും!"
"ശരി," ഇടയൻ പറഞ്ഞു, "നിനക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ഞാൻ എന്‍റെ പശുവിനെ നിങ്ങളുടെ കുതിരയ്ക്ക് പകരം തരാം."
"അത് കൊള്ളാം!" ചാൾസ് സന്തോഷത്തോടെ പറഞ്ഞു.
ഇടയൻ കുതിരപ്പുറത്ത് കുതിരപ്പുറത്ത് ചാടിക്കയറി. ചാൾസ് നിശബ്ദമായി പശുവിനെ തളിച്ച് നടന്നു. തന്‍റെ ഈ മാറ്റക്കച്ചവടം വളരെ ഭാഗ്യകരമായ ഒന്നാണെന്ന് അവൻ കരുതി.
"എനിക്ക് ഒരു കഷണം റൊട്ടി മാത്രമേ ഉള്ളൂവെങ്കിൽ കൂടി, എനിക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം, എന്റെ വെണ്ണയും ചീസും അതിനൊപ്പം കഴിക്കാം, ദാഹിക്കുമ്പോൾ എനിക്ക് എന്‍റെ പശുവിന്‍റെ പാൽ കുടിക്കാനും കഴിയും. എനിക്ക് അതിൽ കൂടുതൽ എന്താണ് വേണ്ടത്?" അവൻ സ്വയം പറഞ്ഞു.
കുറെ ദൂരം യാത്ര ചെയ്ത ഒരു സത്രത്തിൽ എത്തിയപ്പോൾ അവൻ യാത്ര നിർത്തി, തന്‍റെ കയ്യിലുള്ള അപ്പം മുഴുവൻ കഴിച്ചു, ഒരു ഗ്ലാസ് ബിയറിനായി തന്‍റെ അവസാന ചില്ലിക്കാശും നൽകി.പിന്നീട് അവൻ തന്‍റെ പശുവുമായി തന്‍റെ അമ്മയുടെ ഗ്രാമത്തിലേക്ക് യാത്ര തുടർന്നു. ഉച്ചയോടെ ചൂട് വർദ്ധിച്ചു, ഒടുവിൽ ചാൾസ് ഒരു വിശാലമായ തരിശുഭൂമിയിൽ എത്തി. അത് കടക്കാൻ ഒരു മണിക്കൂറിലധികം എടുക്കുമെന്ന് അവന് മനസ്സിലായി. അവന്‍റെ നാവ് വരണ്ട് അണ്ണാക്കിൽ പറ്റിപ്പിടിച്ചു.
"ഇതിന് എനിക്ക് ഒരു പരിഹാരം കണ്ടെത്താൻ കഴിയും," അവൻ ചിന്തിച്ചു. "ഇപ്പോൾ ഞാൻ എന്‍റെ പശുവിനെ കറക്കും, എന്റെ ദാഹം മാറ്റാൻ അത് മതിയാകും." അങ്ങനെ അവൻ പശുവിനെ ഒരു മരത്തിന്‍റെ കുറ്റിയിൽ കെട്ടി, തന്റെ തുകൽ തൊപ്പിയിൽ പാൽ കറക്കാൻ ഒരുങ്ങി, പക്ഷേ ഒരു തുള്ളി പാൽ പോലും കിട്ടിയില്ല.
അവൻ തന്‍റെ ഭാഗ്യം പരീക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ ഒരിക്കൽ പോലും പശുവിനെ കറന്നു പരിചയമില്ലാത്ത ചാൾസ് തന്‍റെ ശ്രമം തുടരുന്നതിനിടയിൽ അസ്വസ്ഥയായ പശു അവന്‍റെ തലയിൽ ഒരു ചവിട്ടു കൊടുത്തു. അതോടെ അവൻ താഴെ വീണു. അവിടെ അവൻ വളരെ നേരം ബോധരഹിതനായി കിടന്നു. ഭാഗ്യവശാൽ ഒരു കശാപ്പുകാരൻ ഒരു പന്നിയെ ഓടിച്ചുകൊണ്ട് ആ വഴി വന്നു.
"നിനക്കെന്താണ് പറ്റിയത്?" കശാപ്പുകാരൻ അവനെ എഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചു..
എന്താണ് സംഭവിച്ചതെന്ന് ചാൾസ് അയാളോട് പറഞ്ഞു, കശാപ്പുകാരൻ അവന് ഒരു ഫ്ലാസ്ക് നൽകി പറഞ്ഞു—
"ഇതാ, ഇത് കുടിക്കൂ, എന്നിട്ട് ഉന്മേഷം വീണ്ടെടുക്കൂ. നിങ്ങളുടെ പശു നിങ്ങൾക്ക് പാൽ തരില്ല; അത് ഒരു വയസ്സായ മൃഗമാണ്, കശാപ്പുശാലയ്ക്ക് മാത്രമേ അനുയോജ്യമാകൂ."
"അയ്യോ, അയ്യോ!" ചാൾസ് പറഞ്ഞു, "ഞാൻ അതിനെ കൊന്നാൽ എന്തു പ്രയോജനം? എനിക്ക് പശുവിറച്ചി ഇഷ്ടമല്ല; അത് എനിക്ക് വേണ്ടത്ര മൃദുവല്ല. അത് ഒരു പന്നിയായിരുന്നെങ്കിൽ അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയും; എന്തായാലും അത് കൊണ്ട് ചില സോസേജുകൾ ഉണ്ടാക്കാണെങ്കിലും സാധിക്കും."
"ശരി," കശാപ്പുകാരൻ പറഞ്ഞു, "അങ്ങിനെയെങ്കിൽ നിന്‍റെ പശുവിന് പകരമായി ഞാൻ എന്‍റെ പന്നിയെ തരാം."
"നിന്റെ ദയയ്ക്ക് ദൈവം പ്രതിഫലം നൽകും!" ചാൾസ് പറഞ്ഞു, കശാപ്പുകാരന് പശുവിനെ നൽകി, അയാളുടെ പന്നിയെ എടുത്ത് അതിന്‍റെ കാലിൽ കെട്ടിയ ഒരു ചരടിൽ പിടിച്ചുകൊണ്ട് അതുമായി യാത്രയായി.
അങ്ങനെ അവൻ സുഖമായി യാത്ര തുടർന്നു. ഇപ്പോൾ എല്ലാം ശരിയായി പോകുന്നതായി തോന്നി. തീർച്ചയായും, അവന് ചില നിർഭാഗ്യങ്ങൾ നേരിടേണ്ടിവന്നു, പക്ഷേ ഇപ്പോൾ അവന് എല്ലാത്തിനും നല്ല പ്രതിഫലം തന്നെ ലഭിച്ചു എന്ന് അവന്‍ കരുതി.
അടുത്തതായി അവൻ കണ്ടുമുട്ടിയത് ഒരു നല്ല വെളുത്ത വാത്തയെ കൈയ്യിൽ വഹിച്ചുകൊണ്ട് വന്ന ഒരു നാട്ടിൻപുറത്തുകാരനെയായിരുന്നു. നാട്ടിൻപുറത്തുകാരൻ സമയം എത്രയായി എന്ന് ചോദിക്കാൻ വേണ്ടി നിന്നു. ചാൾസ് അയാളോട് തന്‍റെ ഭാഗ്യത്തെ പറ്റി പറയാൻ തുടങ്ങി. എങ്ങനെയാണ് താൻ ഇത്രയധികം നല്ല വിലപേശലുകൾ നടത്തിയതെന്നും പറഞ്ഞു. നാട്ടിൻപുറത്തുകാരൻ തന്‍റെ വാത്തയെ ഒരു സ്നാനത്തിന് കൊണ്ടുപോകാൻ പോകുകയാണെന്ന് പറഞ്ഞു.
"നോക്കിക്കേ," അയാൾ പറഞ്ഞു, "എത്ര ഭാരമുള്ളതാണ് ഈ വാത്തയെന്ന്! അതിന് വെറും എട്ട് ആഴ്ച മാത്രമേ പ്രായമായിട്ടുള്ളൂ. അത് വറുത്ത് തിന്നുന്ന ആർക്കും നല്ല ഭക്ഷണം ആസ്വദിക്കാൻ പറ്റും."
"നീ പറഞ്ഞത് ശരിയാണ്," ചാൾസ് അതിനെ കൈയിൽ തൂക്കി നോക്കി പറഞ്ഞു; "പക്ഷേ എന്‍റെ പന്നി ഒരു നിസ്സാര വസ്തുവല്ല."
അതിനിടയിൽ ആ നാട്ടിൻപുറത്തുകാരൻ ആ പന്നിയെ ഗൗരവമായി നോക്കി ഒന്ന് തലയാട്ടി.
"നിനക്കറിയാമോ?," അയാൾ പറഞ്ഞു, "എന്‍റെ പ്രിയ സുഹൃത്തേ. നിങ്ങളുടെ പന്നി നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. ഞാൻ ഇപ്പോൾ വന്ന ഗ്രാമത്തിൽ നിന്നും ഒരു പന്നിയെ ആരോ അതിന്‍റെ കൂട്ടിൽ നിന്ന് മോഷ്ടിച്ചുവത്രെ! നിങ്ങളുടെ കൈവശം ഈ പന്നിയെ കണ്ടപ്പോൾ ഞാൻ ഭയത്തോടെ ആലോചിച്ചത് അതാണ്! നിങ്ങൾ പന്നിയെ തട്ടിക്കൊണ്ടുപോയി എന്നു കരുതി അവർ നിങ്ങളെ പിടികൂടിയാൽ അത് നിങ്ങളുടെ നാശമായിരിക്കും. കാരണം അവർ ചെയ്യുന്ന ഏറ്റവും കുറഞ്ഞ കാര്യം നിങ്ങളെ കുതിരക്കുളത്തിലേക്ക് എറിയുക എന്നതാണ്."
പാവം ചാൾസ് ഭയത്തോടെ നിലവിളിച്ചു.
"സുഹൃത്തേ," അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു, "എന്നെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കൂ. ഈ നാടിനെ എന്നെക്കാൾ നന്നായി നിങ്ങൾക്കറിയാം; എന്‍റെ പന്നിയെ എടുത്ത് എനിക്ക് ആ വാത്തയെ തരൂ."
"ഇത് എനിക്കത്ര ലാഭമുള്ള കാര്യമല്ല," അയാൾ പറഞ്ഞു; "എന്നിരുന്നാലും, നിങ്ങൾ കുഴപ്പത്തിലായതിനാൽ ഞാൻ നിങ്ങളെ കഷ്ടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല."
അതും പറഞ്ഞു അയാൾ പന്നിയുടെ ചരട് കയ്യിലെടുത്ത് ഒരു വശത്തേക്ക് പന്നിയെ ഓടിച്ചു പോയി, അതേസമയം ചാൾസ് വേറെ ഭീതിയൊന്നുമില്ലാതെ തന്‍റെ വീട്ടിലേക്ക് യാത്ര തുടർന്നു .
"എത്രയായാലും എനിക്ക് ഇതൊരു ലാഭക്കച്ചവടമാണ്," അയാൾ ചിന്തിച്ചു, "എന്‍റെ കൈവശം ഏറ്റവും മികച്ച ഒരു വാത്തയുണ്ട്. ആദ്യം അതിനെ റോസ്റ്റ് ചെയ്തു കഴിക്കാം. അതെന്തായാലും കുറച്ച് ദിവസത്തേക്ക് ഉണ്ടാകും. പിന്നെ കൊഴുപ്പ് ഒരു ആറ് മാസത്തേക്ക് ഉപയോഗിക്കാം. പിന്നെ മനോഹരമായ വെളുത്ത തൂവലുകൾ! ഞാൻ അവ എന്റെ തലയിണയിൽ ഇടും, എന്നിട്ട് എനിക്ക് ഉറപ്പാണ് ഞാൻ സുഖമായി ഉറങ്ങും. എന്‍റെ അമ്മ എത്ര സന്തോഷവതിയായിരിക്കും!"
അവസാനം അവൻ ഒരു ഗ്രാമത്തിൽ എത്തിച്ചേർന്നു. അവിടെ അവന് ഒരു കത്രിക രാകുന്നയാളെ കണ്ടു. അയാൾ തന്‍റെ യന്ത്രത്തിൽ ജോലി ചെയ്ത് സന്തോഷപൂർവ്വം പാട്ട് പാടുന്നു.
ചാൾസ് കുറച്ചുനേരം അതും നോക്കി നിന്നു, ഒടുവിൽ പറഞ്ഞു—
"നിങ്ങൾ വളരെ നല്ല നിലയിലായിരിക്കണം, ഗ്രൈൻഡർ മാസ്റ്റർ, നിങ്ങളുടെ ജോലിയിൽ നിങ്ങൾ വളരെ സന്തോഷവാനാണെന്ന് തോന്നുന്നു."
"അതെ," അയാൾ പറഞ്ഞു, "എന്‍റെത് ഒരു മികച്ച ജോലിയാണ്. ഒരു നല്ല ഗ്രൈൻഡർ തന്‍റെ കീശയിൽ പണമില്ലാതെ ഒരിക്കലും വിഷമിക്കില്ല. അതിരിക്കട്ടെ, നിങ്ങൾക്ക് ആ മനോഹരമായ വാത്തയെ എവിടെ നിന്ന് ലഭിച്ചു?"
"ഓ, അതിനെ ഞാൻ വാങ്ങിയതല്ല, ഒരു പന്നിയെ പകരം കൊടുത്ത് നേടിയതാണ്!" ചാൾസ് പറഞ്ഞു.
"പന്നിയെ എവിടെ നിന്നാണ് നിനക്ക് കിട്ടിയത്?"
"ഞാൻ അതിന് ഒരു പശുവിനെ പകരം കൊടുത്തു."
"പശുവിനെയോ?"
"ഞാൻ അതിന് ഒരു കുതിരയെയാണ് നല്കിയത്."
"അപ്പോൾ പിന്നെ കുതിരയോ?"
"അതിന് എന്‍റെ തലയോളം വലിപ്പമുള്ള ഒരു വെള്ളിക്കട്ടി ഞാൻ പകരം കൊടുത്തു."
"വെള്ളിക്കട്ടി എങ്ങിനെയാണ് കിട്ടിയത്?"
"ഓ! അതിന് ഏഴ് വർഷക്കാലം ഞാൻ കഠിനാധ്വാനം ചെയ്തു."
"ഇതുവരെ ലോകത്ത് നിങ്ങൾ നന്നായി ജീവിച്ചു," അയാള്‍ പറഞ്ഞു, "ഇനിയിപ്പോൾ നിങ്ങൾ നിങ്ങളുടെ കൈ കീശയിൽ വയ്ക്കുമ്പോഴെല്ലാം നിങ്ങൾക്ക് പണം കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങള്‍ അതീവ ഭാഗ്യവാനാകും."
"ശരിയാണ്, പക്ഷേ അത് എങ്ങനെ സാധിക്കും?"
"എന്നെപ്പോലെ ഗ്രൈൻഡർ ആകണം," മറ്റേയാൾ പറഞ്ഞു. "നിങ്ങൾക്ക് ഒരു അരകല്ല് മാത്രമേ ആവശ്യമുള്ളൂ, ബാക്കിയുള്ളത് സ്വയം വരും. ഇതാ എന്‍റെ കയ്യിലുള്ള ഈ കല്ല് വലിയ മോശമല്ലാത്ത ഒന്നാണ്. നിങ്ങളുടെ വാത്തയുടെ വിലയേക്കാൾ കൂടുതൽ ഞാൻ അതിനായി ചോദിക്കില്ല. നിങ്ങൾ നിങ്ങളുടെ വാത്തയെ തന്ന് അത് വാങ്ങുമോ?"
"അതെന്തൊരു ചോദ്യമാണ്?" ചാൾസ് പറഞ്ഞു. "എന്‍റെ പോക്കറ്റിൽ കൈ വയ്ക്കുമ്പോഴെല്ലാം എനിക്ക് പണം ലഭിക്കുമെങ്കിൽ ഞാൻ ലോകത്തിലെ ഏറ്റവും സന്തോഷവാനായിരിക്കും. എനിക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? ഇതാ ഈ വാത്തയെ എടുത്തോളൂ."
"ഇതാ," അയാൾ തന്‍റെ അരികിൽ കിടന്നിരുന്ന ഒരു സാധാരണ പരുക്കൻ കല്ല് എടുത്ത് ചാൾസിന് നൽകി, "ഇത് ഏറ്റവും നല്ല കല്ലാണ്. പക്ഷേ അത് ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം, നിങ്ങൾക്ക് അത് ഉപയോഗിച്ച് എന്തും നേടിയെടുക്കാം."
ചാൾസ് കല്ല് എടുത്ത് വളരെ സന്തോഷത്തോടെ പോയി. അവന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി, അവൻ സ്വയം പറഞ്ഞു—
"ഞാൻ ഒരു ഭാഗ്യസമയത്ത് ജനിച്ചതായിരിക്കണം. ഞാൻ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും എല്ലാം എനിക്ക് സ്വയം കൈവരുന്നു."
അതിനിടയിൽ അവൻ ക്ഷീണിതനായി തുടങ്ങി, കാരണം അവൻ നേരം പുലർന്നപ്പോൾ മുതൽ യാത്ര ചെയ്യുകയായിരുന്നു. അവന് വിശക്കാനും തുടങ്ങി. തന്റെ അവസാന പൈസ പോലും നൽകിയതിനാൽ അവന്റെ കയ്യിൽ ഒന്നും ബാക്കിയില്ലായിരുന്നു.. ഒടുവിൽ അവന് ഒരടി കൂടുതൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ആ വലിയ കല്ല് അവനെ വല്ലാതെ ക്ഷീണിപ്പിച്ചു, അതിനാൽ അവൻ കുറച്ച് വെള്ളം കുടിക്കാനും കുറച്ചുനേരം വിശ്രമിക്കാനും വേണ്ടി അടുത്ത് കണ്ട ഒരു കുളത്തിന്റെ അരികിലേക്ക് നീങ്ങി.
അവൻ കല്ല് കരയിൽ ശ്രദ്ധാപൂർവ്വം അരികിൽ വച്ചു, പക്ഷേ കുടിക്കാൻ കുനിഞ്ഞപ്പോൾ അറിയാതെ അവന്റെ കൈ ആ കല്ലിൽ തട്ടി അത് താഴേക്ക് ഉരുണ്ട്, കുളത്തിലേക്ക് വീണു. ആഴമേറിയതും തെളിഞ്ഞതുമായ വെള്ളത്തിൽ അത് മുങ്ങുന്നത് കുറച്ചുനേരം അവൻ നോക്കിനിന്നു, പിന്നെ, സന്തോഷത്തോടെ എഴുന്നേറ്റു, വീണ്ടും മുട്ടുകുത്തി, തന്‍റെ ഒരേയൊരു ഭാരമായ ആ വൃത്തികെട്ടതും ഭാരമേറിയതുമായ കല്ല് എടുത്തുകളഞ്ഞതിൽ ദൈവം കാണിച്ച ദയയ്ക്ക് കണ്ണീരോടെ നന്ദി പറഞ്ഞു.
"ഞാൻ എത്ര സന്തോഷവാനാണ്!" അവൻ വിളിച്ചുപറഞ്ഞു; "എന്നെപ്പോലെ ഭാഗ്യവാനായ മറ്റൊരു മനുഷ്യനും ഉണ്ടായിട്ടില്ല."
പിന്നെ അവൻ പ്രകാശവും സന്തോഷവുമുള്ള ഹൃദയത്തോടെ എഴുന്നേറ്റു, അമ്മയുടെ വീട്ടിലെത്തുന്നതുവരെ തന്‍റെ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും മുക്തനായി നടന്നു.
0 Comments