ഒരിയ്ക്കൽ കൂട്ടുകാരായ കുറുക്കനും പൂച്ചയും ഒരു യാത്ര ചെയ്യുകയായിരുന്നു. കാട്ടിലൂടെ അവരുടെ ഭക്ഷണത്തിനുള്ള വക തേടി നടക്കവേ, അവർ തമ്മിൽ ചെറിയ വാക്കു തർക്കത്തിൽ ഏർപ്പെട്ടു.
"നിനക്കൊരു ധാരണയുണ്ട്, നീ മഹാ ബുദ്ധിമാനാണെന്ന്!" കുറുക്കൻ പൂച്ചയോട് പറഞ്ഞു. "പക്ഷേ, നീ ഒന്ന് മനസ്സിലാക്കണം, എന്റെ പകുതി ബുദ്ധി പോലും നിന്നാക്കില്ലെന്ന്. ഏതാപത്തിൽ നിന്നും രക്ഷപ്പെടാൻ എന്റെ കയ്യിൽ ഒരായിരം തന്ത്രങ്ങളുണ്ട്."
പൂച്ച വിനയത്തോടെ പറഞ്ഞു. "നീ പറയുന്നത് ശരിയായിരിക്കം. നിനക്ക് ഒരായിരം വിദ്യകൾ വശ്യമുണ്ടാകാം. പക്ഷേ, എനിക്കാകെ ഒരൊറ്റ വിദ്യ മാത്രമേ അറിയാവൂ. അത് പ്രയോഗിച്ച് എനിക്ക് ഏത് ശത്രുവിൽ നിന്നും രക്ഷ നേടാനാകും."
പെട്ടെന്ന്, ദൂരെ നിന്നും കുറെയേറെ വേട്ടനായ്ക്കളുടെ കുര കേൾക്കാനായി . നിമിഷ നേരത്തിനുള്ളിൽ വേട്ട നായ്ക്കൾ അവിടെ പാഞ്ഞെത്തി. ശരവേഗത്തിൽ പൂച്ച കുതിച്ച് പാഞ്ഞ് അടുത്തുള്ള ഒരു മരത്തിൽ കയറി രക്ഷപ്പെട്ടു. പകച്ചു നിന്ന കുറുക്കനോട് പൂച്ച വിളിച്ചു പറഞ്ഞു.
"ഇതാണ് എനിക്കറിയാവുന്ന ഒരേയൊരു സൂത്രം. നീ എന്തു ചെയ്യാൻ പോകുന്നു?"
പാവം കുറുക്കൻ, അവന് അവന്റെ ആയിരം തന്ത്രങ്ങളിൽ ഏത് പ്രയോഗിക്കണമെന്ന് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല.
1 Comments
Super stories
ReplyDelete