ഒരിയ്ക്കൽ ഒരു കുറുക്കൻ തീറ്റ തേടി നടക്കവേ അബദ്ധത്തിൽ ഒരു കിണറ്റിൽ വീണു. അധികം താഴ്ചയില്ലാത്ത ഒരു കിണറായിരുന്നു അത്. എന്നിട്ടും എത്ര ശ്രമിച്ചിട്ടും അവന് കിണറ്റിൽ നിന്നും പുറത്ത് കയറാൻ സാധിച്ചില്ല. കുറുക്കൻ ആകെ വിഷമത്തിലായി. ഇനി എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു ആട് ആ വഴി വന്നത്.
കിണറ്റിൽ നിന്നും ശബ്ദം കേട്ട് ആട് കിണറ്റിലേക്ക് എത്തി നോക്കി. കിണറ്റിൽ കിടക്കുന്ന കുറുക്കനെ കണ്ട് അവൾ ചോദിച്ചു.
"അല്ല കുറുക്കച്ചാ, എന്താണ് കിണറ്റിൽ പരിപാടി?"
"അത് കൊള്ളാം. അപ്പോൾ നിനക്കീ വിവരമൊന്നുമറിയില്ലേ? ഈ കിണറ്റിലെ വെള്ളം നല്ല മധുരമുള്ള, വളരെ വിശേഷപ്പെട്ട വെള്ളമാണ്! ഞാൻ അത് കേട്ടറിഞ്ഞ് വന്നതാണ്. സംഗതി ശരിയാണ് കേട്ടോ! എന്തു രസമാണ് ഈ വെള്ളത്തിന്! ഇനി അധികമൊന്നും ബാക്കിയില്ല. ഓരോരുത്തരായി വന്നു കുടിച്ചു തീരത്തു. നിനക്ക് വേണമെങ്കിൽ ഇപ്പോൾ കൂടിച്ചോളൂ!"
കുറുക്കന്റെ സംസാരം കേട്ട ആട് അത് വിശ്വസിച്ചു. അത് വേഗം കിണറ്റിലേക്ക് ചാടി. തക്കം പാത്ത് നിന്ന കുറുക്കൻ ഒറ്റ ചാട്ടത്തിന് ആടിന്റെ പുറത്ത് കയറി, അടുത്ത ചാട്ടത്തിന് കിണറ്റിന് പുറത്തെത്തി.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ നിന്ന ആടിനോട് അവൻ വിളിച്ച് പറഞ്ഞു.
"വളരെ നന്ദി കേട്ടോ! ഇനി നീ അവിടെ കിടന്ന് ഇഷ്ടം പോലെ വെള്ളം കൂടിച്ചോ!"
കുറുക്കൻ വേഗം തന്റെ പണി നോക്കി പോയി. പാവം ആട്, തനിക്ക് പറ്റിയ അബദ്ധം ഓർത്ത് സങ്കടത്തോടെ നിന്നു.
ആരെങ്കിലും പറയുന്നത് കേട്ട് എടുത്ത് ചാടരുത്. സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് തീരുമാനമെടുക്കുക .
0 Comments