ഒരു നല്ല ചോദ്യത്തിന്‍റെ ശക്തി: ഇസിഡോർ റാബിയുടെ കഥ - The Power of a Good Question

ന്യൂക്ലിയർ മാഗ്നെറ്റിക് റിസോണൻസ് കണ്ടുപിടിച്ചതിന് 1944-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഇസിദോർ ഐസക് റാബി. ഈ സാങ്കേതികവിദ്യ പിന്നീട് എംആർഐ (മാഗ്നറ്റിക് റെസണൻസ് ഇമേജിങ്) പോലുള്ള പ്രാധാനപ്പെട്ട ടെക്‌നോളജികളുടെയും അടിസ്ഥാനമായി മാറി.

ഇസിഡോർ ഐ. റാബിയോട് ഒരിക്കൽ അദ്ദേഹത്തിന്റെ സുഹൃത്ത്, ബഹുമുഖ പ്രതിഭയായ ആർതർ സാക്ലർ ചോദിച്ചു, ''നിങ്ങളുടെ അയൽപക്കത്തുള്ള മറ്റ് കുടിയേറ്റ കുട്ടികളെപ്പോലെ ഒരു ഡോക്ടറോ അഭിഭാഷകനോ ബിസിനസുകാരനോ ആകുന്നതിനുപകരം നിങ്ങൾ ഒരു ശാസ്ത്രജ്ഞനായത് എന്തുകൊണ്ടാണ്?''

ഈ ചോദ്യത്തിന് അദ്ദേഹം നല്കിയ ഉത്തരം വളരെയധികം പ്രചോദനാത്മകമായിരുന്നു.

“എന്‍റെ അമ്മയാണ്, അവര്‍ പോലുമറിയാതെ, എന്നെ ഒരു ശാസ്ത്രജ്ഞനാക്കിയത്. ബ്രൂക്ലിനിലെ മറ്റെല്ലാ ജൂത അമ്മമാരും സ്കൂൾ കഴിഞ്ഞ് വരുന്ന തന്‍റെ കുട്ടിയോട് ചോദിക്കും: 

"ഇന്ന് നിങ്ങൾ എന്തെങ്കിലും പഠിച്ചോ?" 

പക്ഷേ എന്‍റെ അമ്മ വ്യത്യസ്ഥയായിരുന്നു. 

“ഇസീ,” അമ്മ ചോദിക്കും, “ഇന്ന് നീ ക്ലാസ്സില്‍ ഒരു നല്ല ചോദ്യം ചോദിച്ചോ?” 

ആ വ്യത്യാസം - നല്ല ചോദ്യങ്ങൾ ചോദിക്കൽ - എന്നെ ഒരു ശാസ്ത്രജ്ഞനാക്കി.”


ഒരു ശാസ്ത്രജ്ഞനായി ലോകപ്രശസ്തനായ ഇസിഡോർ റാബിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു പ്രധാന പാഠം  "നല്ല ചോദ്യങ്ങൾ ചോദിക്കുക" എന്നതാണ്. നല്ല ചോദ്യങ്ങൾ, എളുപ്പമുള്ള മറുപടിയിലേക്കുള്ള വഴികൾ മാത്രമല്ല, മറിച്ച് നമ്മുടെ ചിന്തകളെ കൂടുതൽ ആഴത്തിലേക്ക് നയിക്കാൻ സഹായിക്കുന്നു.

ചോദ്യങ്ങൾ ഉന്നയിക്കുന്നത് ക്ലാസിൽ കൂടുതൽ ശ്രദ്ധയും, ആകർഷണവും സൃഷ്ടിക്കും. ദിശാബോധമുള്ള ചോദ്യങ്ങൾ കൂടുതൽ ശരിയായ അറിവുകളിലേക്ക് വഴിയൊരുക്കുന്നു.

അത് കൊണ്ട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക. പഠനത്തെ കൂടുതൽ സജീവവും രസകരവുമായ ഒരു അനുഭവമാക്കുക.

'Izzy, Did You Ask a Good Question Today? The New York Times Jan. 19, 1988


Post a Comment

0 Comments