ചക്രവർത്തിനിയുടെ കിരീടവും റാബിയും - The Crown of the Empress and the Rabbi

"ചക്രവർത്തിനിയുടെ അമൂല്യമായ കിരീടം നഷ്ടപ്പെട്ടു!" നിമിഷ നേരം കൊണ്ടാണ് ആ ഞെട്ടിക്കുന്ന വാർത്ത റോമാ നഗരം മുഴുവൻ  പടർന്നത്. കേട്ടവർ അത്ഭുതത്തോടെ മൂക്കത്ത് വിരൽ വെച്ചു. ചക്രവരത്തിനിയുടെ കിരീടം അത്രയും സുരക്ഷിതമായ കൊട്ടാരത്തിൽ നിന്നും നഷ്ടപ്പെടുകയോ? ആരാണ് കൊട്ടാരത്തിൽ കയറി മോഷ്ടിക്കുവാൻ ധൈര്യപ്പെടുക?


കിരീടം തേടി പടയാളികളും അനുചരന്മാരും കൊട്ടാരത്തിളും നഗരവീദികളിലും പരക്കം പാഞ്ഞു. എത്ര തിരഞ്ഞിട്ടും കിരീടം കണ്ടെടുക്കാൻ സാധിച്ചില്ല. 

അവസാനം, കിരീടം കണ്ടെടുത്ത് കൊട്ടാരത്തിലെത്തിക്കുന്നവർക്ക് പാരിതോഷികം കൊടുക്കാൻ ചക്രവർത്തിനി തീരുമാനിച്ചു. അപ്രകാരം നാടെങ്ങും വിളംബരം മുഴങ്ങി. 

"ചക്രവർത്തിനിയുടെ കിരീടം മുപ്പത് ദിവസത്തിനുള്ളിൽ കണ്ടെടുക്കുന്നവർക്ക് രാജകീയമായ പാരിതോഷികം നല്കപ്പെടും. പക്ഷേ, മുപ്പത് ദിവസത്തിന് ശേഷം അത് തിരികെ നല്കുന്നവർക്ക് സ്വന്തം തല നഷ്ടപ്പെടും!"

റോമാ നഗരം അക്കാലത്ത് പല ദേശങ്ങളിൽ നിന്നുമെത്തിയ ജനങ്ങളാൽ  സമൃദ്ധമായിരുന്നു. പല തരക്കാരായ ജനങ്ങൾ ഈ വിചിത്രമായ വിളംബരം കേട്ട് അതിശയിച്ചു. ഭൂരിഭാഗം പേരും കിരീടം തിരഞ്ഞു പുറപ്പെട്ടു. 

അക്കാലത്ത് ആ നഗരത്തിൽ ഒരു റാബി താമസിച്ചിരുന്നു. കിഴക്ക് നിന്നെത്തിയ ഒരു മഹാ പണ്ഡിതനായ അദ്ദേഹം, പാശ്ചാത്യലോകത്തിന്റെ ബാഹളങ്ങളിൽ  നിന്നൊഴിഞ്ഞു നീതിപൂർവും ലളിതവുമായ ഒരു ജീവിതം നയിച്ചു പോന്നു. ഒരു നിലാവുള്ള രാത്രിയിൽ  തന്റെ പതിവ് ധ്യാനത്തിൽ മുഴുകി നടക്കുകയായിരുന്ന അദ്ദേഹത്തിന്റെ കാലിൽ  എന്തോ തടഞ്ഞു. താഴെ നോക്കിയ അദ്ദേഹം തന്റെ കാലിനരികെ വെട്ടിത്തിളങ്ങുന്ന ആ കിരീടം കണ്ടു. അദ്ദേഹം കിരീടവുമായി തന്റെ ഭവനത്തിലേക്ക് തിരികെ പോയി. 

വീട്ടിലെത്തിയ റാബി  ആ കിരീടം വളരെ ഭദ്രമായി ഒരിടത്ത് സൂക്ഷിച്ച് വെച്ചു. പിന്നെ തന്റെ ദൈനംദിന പ്രവൃത്തികളിൽ വ്യാപൃതനായി. 

ചക്രവർത്തിനിയുടെ വിളംബരം കഴിഞ്ഞു കൃത്യം മുപ്പത് ദിവസം കഴിഞ്ഞപ്പോൾ  റാബി കിരീടവുമായി കൊട്ടാരത്തിലേയ്ക് പുറപ്പെട്ടു. കൊട്ടാരത്തിലെത്തിയ റാബി ചക്രവർത്തിനിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. 

ചക്രവർത്തിനിയുടെ മുൻപിലെത്തിയ റാബി തനിക്ക് കിരീടം കിട്ടിയ കഥ വിവരിച്ച്  കിരീടം അവർക്ക് സമർപ്പിച്ചു. കിരീടം കണ്ടതും സന്തോഷവതിയായ ചക്രവർത്തിനി, അടുത്ത നിമിഷം റാബിയോട് ചോദിച്ചു. 

"അല്ലയോ റാബീ, നിങ്ങൾ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുവിച്ച വിളംബരം കെട്ടിരുന്നില്ലേ? ഇന്നിത് എത്രാമത്തെ ദിവസം ആണെന്നറിയുമോ?"

"തീർച്ചയായും! ഇന്നിപ്പോൾ  മുപ്പത് ദിവസം കഴിഞ്ഞിരിക്കുന്നു" റാബി അക്ഷോഭ്യനായി മറുപടി പറഞ്ഞു. 

"മുപ്പത് ദിവസം കഴിഞ്ഞാലുള്ള ശിക്ഷ അറിയാമായിരുന്നിട്ടും എന്തു കാരണത്താലാണ് താങ്കൾ ഇത് തിരിച്ചു തരാൻ  വൈകിയത്?" ചക്രവർത്തിനി ചോദിച്ചു. 

"അത് മറ്റൊന്നും കൊണ്ടല്ല, " റാബി പറഞ്ഞു. "ഞാൻ  ഈ കിരീടം തിരിച്ചു തരുന്നത് അങ്ങ് വാഗ്ദാനം ചെയ്ത പാരിതോഷികം ആഗ്രഹിച്ചിട്ടല്ല. അത് കൊണ്ടാണ് ഞാൻ മുപ്പത് ദിവസം വരെ അത് കൈവശം വെച്ചത്. അങ്ങ് വിധിച്ച ശിക്ഷയെ ഭയമില്ലാത്തത് കൊണ്ടാണ് മുപ്പത് ദിവസം കഴിഞ്ഞു ഞാൻ ഇത് തിരിച്ചു തന്നത്. ഞാൻ  ഇത് ചെയ്യുന്നത് ഞാൻ  ശരിയായത് ചെയ്യാൻ  ആഗ്രഹിക്കുന്നത് കൊണ്ട് മാത്രമാണ്. കളഞ്ഞു കിട്ടിയ മുതല് അതിന്റെ യഥാർത്ഥ അവകാശിയെ തിരികെയേൽപ്പിക്കുവാനാണ് ദൈവം കളപ്പിക്കുന്നത്. ഞാനത് അനുസരിക്കുന്നു എന്നു മാത്രം!"

"ദൈവത്തിന് സ്തുതി!" റാബിയുടെ മറുപടി കേട്ട് ചക്രവർത്തിനി പറഞ്ഞു. "തീര്ച്ചയായും നന്മ ചെയ്യേണ്ടത് നന്മയ്ക്ക് വേണ്ടിയും ദൈവ പ്രീതിക്കും വേണ്ടിയും മാത്രമാണ്!';


Post a Comment

0 Comments