ഒരിടത്തൊരിടത്ത് പിശുക്കനായ ഒരു പണക്കാരന്‍ ഉണ്ടായിരുന്നു. പിശുക്കനെന്ന് പറഞ്ഞാല്‍ പോര, അറുപിശുക്കന്‍! ഒരു ചില്ലിക്കാശ് പോലും ചിലവാക്കാതെ ജീവിക്കുന്ന ഒരു മനുഷ്യന്‍. ആവശ്യത്തിന്‍ ഭക്ഷണം പോലും അയാള്‍ കഴിക്കില്ല. പൈസ ചിലവാകുമല്ലോ?
അയാള്‍ക്ക് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. പാവം ആ പെണ്‍കുട്ടിയുടെ കാര്യം വളരെ കഷ്ടമായിരുന്നു. അവള്‍ക്ക് ആവശ്യത്തിന് നല്ല വസ്ത്രം പോലും അയാള്‍ വാങ്ങികൊടുക്കില്ലായിരുന്നു.
മകള്‍ മുതിര്‍ന്നതും പലരും അവള്‍ക്ക് കല്യാണമാലോചിച്ചെത്തി. പെണ്‍കുട്ടിയുടെ സ്വഭാവഗുണവും സൌന്ദര്യവും കാരണമാണ് അവര്‍ അതിനു മുതിര്‍ന്നത് തന്നെ. പക്ഷേ, നമ്മുടെ പിശുക്കന്‍ അവളെ വിവാഹം കഴിച്ചു കൊടുക്കാന്‍ തയ്യാറായില്ല. തന്നെപ്പോലെ പിശുക്കനായ ഒരുവനെ കണ്ടെത്തിയാല്‍ അയാള്‍ക്ക് മകളെ വിവാഹം ചെയ്തു കൊടുക്കാം. അല്ലെങ്കില്‍ അവളുടെ ഭാവി ബുദ്ധിമുട്ടിലായാലോ? ഇതായിരുന്നു പിശുക്കന്‍റെ ചിന്ത!
അങ്ങിനെ ഒരു നല്ല മരുമകനെ തേടി പിശുക്കന്‍ പുറപ്പെട്ട്. പല നാടുകളില്‍ പല ചെറുപ്പക്കാരെ അയാള്‍ ചെന്നു കണ്ടു. പക്ഷേ പറ്റിയ ഒരു പിശുക്കന്‍ പയ്യനെ കിട്ടേണ്ടേ?
അതേ ഗ്രാമത്തില്‍ തന്നെ ബുദ്ധിമാനും സുന്ദരനുമായ ഒരു യുവാവുണ്ടായിരുന്നു. അവന്‍ പിശുക്കന്‍റെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കി. അയാളെ പറ്റിച്ച് മകളെ വിവാഹം കഴിക്കാന്‍ അവന്‍ ഉറപ്പിച്ചു. അത് പ്രകാരം അവന്‍ പിശുക്കനെ പിന്തുടര്‍ന്നു.
ഇതിനിടെ നടന്നു ക്ഷീണിച്ച പിശുക്കന്‍ ഒരു പുഴക്കരയില്‍ എത്തി. ദാഹിച്ച് വലഞ്ഞിരുന്ന അയാള്‍ പുഴയില്‍ നിന്നും കുറച്ചു വെള്ളം കോരിക്കുടിക്കാന്‍ തീരുമാനിച്ച് പുഴയുടെ അടുത്തെത്തി. എന്നിട്ട് തന്‍റെ കയ്യിലുണ്ടായിരുന്ന ഒരു പൊതിയെടുത്ത് അതില്‍ നിന്നും ഒരു നുള്ള് കല്‍ക്കണ്ടമെടുത്ത് വെള്ളത്തില്‍ കലക്കി കുറച്ചു കൈക്കുമ്പിള്‍ വെള്ളം കുടിച്ചു. കല്‍ക്കണ്ടം ചിലവാകാതിരിക്കാനുള്ള വിദ്യ!
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന യുവാവ് കുറച്ചു മാറി പുഴയരികിലെത്തി. പിശുക്കന്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അവന്‍ ഒരു കഷണം കല്‍ക്കണ്ടം ഒരു നൂലില്‍ കെട്ടി പുഴയിലെ വെള്ളത്തിന് മേല്‍ പിടിച്ച്. എന്നിട്ട് കല്‍ക്കണ്ടത്തിന്റെ നിഴല്‍ വീണ ഭാഗത്ത് നിന്നും കുറച്ചു വെള്ളം കൊടിക്കൂടിച്ചു, നെടുതായി ഒരു ഏമ്പക്കം വിട്ട് കയറി ഒരു പാറക്കല്ലില്‍ വിശ്രമിക്കാനിരുന്നു.
ഇത് കണ്ടുകൊണ്ടിരുന്ന പിശുക്കന് സന്തോഷം അടക്കാനായില്ല. തന്നെക്കാളും വലിയ ഒരു പിശുക്കനല്ലേ തൊട്ട് മുന്നില്‍! അയാള്‍ വേഗം യുവാവിന്‍റെ അടുത്ത് ചെന്നു പരിചയപ്പെട്ടു. യുവാവ് സ്വന്തം ഗ്രാമത്തിലെതാണെന്നറിഞ്ഞപ്പോള്‍ പിശുക്കന് കൂടുതല്‍ സന്തോഷമായി. അതോടെ അയാള്‍ യുവാവിന് തന്‍റെ മകളെ വിവാഹം കഴിച്ചു കൊടുത്തു.പിന്നീടുള്ള കാലം അവര്‍ സുഖമായി ജീവിച്ച്.
0 Comments