പത്തായത്തിലെ ഭൂതം!

 ഒരിടത്തൊരിടത്ത് ആരോരുമില്ലാത്ത ഒരു  വൃദ്ധ താമസിച്ചിരുന്നു. അവര്‍ക്കാകെയുള്ള സമ്പാദ്യം കുറച്ചു സ്വര്‍ണ്ണാഭരണങ്ങളായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം വൃദ്ധ ഒരു തീര്‍ത്ഥയാത്ര പോകാന്‍ തീരുമാനിച്ചു. ഗുരുവായൂരപ്പനെ കാണാന്‍ കുറെ നാളായുള്ള മോഹമാണ്. പക്ഷേ അപ്പോഴാണ് ഒരു പ്രശ്നം. സ്വര്‍ണ്ണാഭരണങ്ങള്‍ എന്തു ചെയ്യും. വീട്ടില്‍ വെച്ചിട്ട് പോയാല്‍ കള്ളന്മാര്‍ തട്ടിയെടുത്താലോ?

അവര്‍ അയല്‍വാസിയായ രാമുവിനെ കണ്ടു പറഞ്ഞു.

"മോനേ, ഞാന്‍ ഒരു പത്തു ദിവസത്തേയ്ക്ക് ഒരു യാത്ര പോകുകയാണ്. ഞാന്‍ പോയി തിരികെ വരും വരെ നീ ഈ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിക്കണം."


"അതിനെന്താ അമ്മൂമ്മേ, ഞാന്‍ സൂക്ഷിച്ചോളാം" രാമു വേഗം അതിനു തയ്യാറായി.

സ്വര്‍ണ്ണാഭരണങ്ങള്‍ രാമുവിനെ ഏല്‍പ്പിച്ച് വൃദ്ധ യാത്രയായി.

പത്തു ദിവസം കഴിഞ്ഞ് വൃദ്ധ തിരിച്ചെത്തി. അവര്‍ രാമുവിനെ കണ്ട് തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ ചോദിച്ചു.

"സ്വര്‍ണ്ണാഭരണങ്ങളോ? ഏത് ആഭരണങ്ങളുടെ കാര്യമാണ് നിങ്ങള്‍ പറയുന്നതു? എനിക്കൊന്നും മനസ്സിലാകുന്നില്ല" രാമു കൈ മലര്‍ത്തി.

രാമു തന്നെ ചതിക്കുകയാണെന്ന് മനസ്സിലായ വൃദ്ധ സങ്കടത്തോടെ വീണ്ടും രാമുവിനോട് ആഭരണം തിരികെ തരാന്‍ യാചിച്ചു.

"പോയി പണി നോക്കണം തള്ളേ! എന്‍റെ കയ്യിലെങ്ങനെയാണ് നിങ്ങളുടെ ആഭരണം വരുന്നത്. വെറുതെ നിങ്ങള്‍ വല്ല സ്വപ്നം കണ്ടതാവും. ഇപ്പോള്‍ ഇറങ്ങിക്കൊള്ളണം. അല്ലെങ്കില്‍ ഞാന്‍ എന്‍റെ പട്ടിയെ അഴിച്ചു വീടും" രാമു ഭീഷണിപ്പെടുത്തി.

പാവം വൃദ്ധ! അവരെന്ത് ചെയ്യാന്‍? അവര്‍ നേരെ കൊട്ടാരത്തിലേയ്ക്ക് തിരിച്ചു.

കൊട്ടാരത്തിലെത്തിയ അവര്‍ രാജാവിനെ കാണണമെന്ന് പാറാവുകാരോട് പറഞ്ഞു. പാറവുകാരന്‍ അവരെ മന്ത്രിയുടെ അടുത്തേയ്ക്ക് നയിച്ചു. 

"രാജാവിനെ കാണാന്‍ ഇപ്പോള്‍ പറ്റില്ല. പകരം മന്ത്രിയെ കണ്ട് കാര്യം പറഞ്ഞാല്‍ മതി" അയാള്‍ പറഞ്ഞു.

 എന്നാല്‍ ദുഷ്ടനായ മന്ത്രി അവരെ കാണാന്‍ പോലും സമ്മതിച്ചില്ല. വൃദ്ധയ്ക്ക് വിഷമമായി. പെട്ടെന്ന് അവര്‍ക്ക് ഒരു ബുദ്ധി തോന്നി.

അവര്‍ പാറാവുകാരനോട് പറഞ്ഞു.

"ഞാന്‍ പരാതി പറയാനൊന്നും വന്നതല്ല. ഒരു നിധിയുടെ കാര്യം പറയാനാണ് വന്നത്"

പാറാവുകാരന്‍ വേഗം മന്ത്രിയെ കാര്യം ധരിപ്പിച്ചു. നിധി എന്ന് കേട്ടതും മന്ത്രി വൃദ്ധയെ കാണാന്‍ തയ്യാറായി. 

"എന്‍റെ വീട്ടിലെ പത്തായത്തില്‍ ഒരു നിധിയുണ്ട്. അതെടുക്കാന്‍ സഹായം തേടി വന്നതാണ് ഞാന്‍. വേറെയാരെയും വിശ്വസിക്കാന്‍ പറ്റില്ലല്ലോ?"

മന്ത്രി വൃദ്ധയെ സഹായിക്കാമെന്നേറ്റു. പകരം പകുതി നിധി തനിക്ക് തരണം എന്നും പറഞ്ഞു.

വൃദ്ധ സമ്മതിച്ചു. അങ്ങിനെ രണ്ടു പേരും വൃദ്ധയുടെ വീട്ടിലെത്തി. വൃദ്ധ മന്ത്രിയെ വീട്ടിലെ വലിയ പത്തായത്തിനടുത്തേയ്ക്ക് കൊണ്ട് പോയി. മന്ത്രി അതിനുള്ളിലേയ്ക്ക് എത്തി നോക്കി. വെറും ഇരുട്ട്. ഒന്നും കാണുന്നില്ല. മന്ത്രി വേഗം പത്തായത്തിനുള്ളില്‍ ഇറങ്ങി നിധി തിരയാന്‍ തുടങ്ങി. ആ സമയം വൃദ്ധ പത്തായാമ് അടച്ചു താഴിട്ട് പൂട്ടി.

അപ്പോഴേയ്ക്കും രാത്രിയായിരുന്നു. അടുത്ത ദിവസം രാവിലെ വൃദ്ധ രാമുവിന്റെ അടുത്തെത്തി പറഞ്ഞു. 

"രാമൂ.. നീ എന്നെ ഒന്നു സഹായിക്കണം. എന്‍റെ വീട്ടിലെ പത്തായത്തില്‍ കുറച്ചു സ്വര്‍ണ്ണമിരിപ്പുണ്ട്. അതെടുക്കാന്‍ ചെന്നപ്പോള്‍ അതിനകത്തൊരു പാമ്പ്! അതെടുക്കാന്‍ സഹായിച്ചാല്‍ നിനക്കു ഞാന്‍ പകുതി സ്വര്‍ണ്ണം തരാം."

രാമു സന്തോഷത്തോടെ സമ്മതിച്ചു. എന്നിട്ട് വൃദ്ധയോടൊപ്പം ചെന്നു. പത്തായത്തിനടുത്തെത്തിയപ്പോള്‍ വൃദ്ധ ചോദിച്ചു. 

"ഒരു പ്രശ്നമുണ്ട്. നിധി എടുക്കാന്‍ സത്യം പറയുന്നവര്‍ക്ക് മാത്രമേ സാധിക്കൂ. അത് കൊണ്ട് നീ സത്യം പറയണം. ഞാന്‍ തീര്‍ത്ഥയാത്രയ്ക്ക് പോകുമ്പോള്‍ ഞാന്‍ നിന്നെ കുറെ സ്വര്‍ണ്ണാഭരണങ്ങള്‍ ഏല്‍പ്പിച്ചില്ലെ?"

"ഉണ്ട് അമ്മൂമ്മേ!" രാമു പറഞ്ഞു.

"അത് തിരിച്ച് തരാതിരിക്കാന്‍ നീ എന്നോടു നുണ പറഞ്ഞതല്ലേ?" വൃദ്ധ വീണ്ടും ചോദിച്ചു.

"അതേ അമ്മൂമ്മേ" രാമു സമ്മതിച്ചു.

"എന്നാല്‍ പിന്നെ എന്‍റെ സ്വര്‍ണ്ണം തിരിച്ചു താ. എന്നിട്ട് മതി ബാക്കി കാര്യം" വൃദ്ധ പറഞ്ഞു.

"നിങ്ങള്‍ പോയി നിങ്ങളുടെ പണി നോക്ക്. ആ സ്വര്‍ണ്ണം ഞാന്‍ തിരികെ തരില്ല" രാമു അവിടെ നിന്നും ഇറങ്ങി പോയി.

വൃദ്ധ നേരെ രാജസന്നിധിയിലേയ്ക്ക് പോയി. ഇത്തവണ മന്ത്രി ഇല്ലാത്തതിനാല്‍ രാജാവിന്‍റെ അടുത്തേയ്ക്ക് പറാവുകാരന്‍ അവരെ കൊണ്ട് പോയി. വൃദ്ധ രാജാവിനോട് രാമു തന്നെ പറ്റിച്ച കഥ പറഞ്ഞു.

രാജാവ് അപ്പോള്‍ തന്നെ രാമുവിനെ വിളിപ്പിച്ചു. പക്ഷേ പഠിച്ച കള്ളനല്ലേ രാമു! അയാള്‍ വൃദ്ധ പറയുന്നതു കളവാണെന്നും, അവര്‍ക്ക് പ്രായമായതിനാലുള്ള ഓര്‍മ്മക്കുറവാണെന്നും വാദിച്ചു.

രാജാവ് സ്വര്‍ണ്ണം രാമുവിന് കൊടുത്തതിന് ആരെങ്കിലും സാക്ഷിയുണ്ടോ എന്ന് ചോദിച്ചു.

"തമ്പുരാനെ, എന്‍റെ വീട്ടിലെ പത്തായത്തില്‍ ഒരു ഭൂതമുണ്ട്. അതിനോടു ചോദിച്ചാല്‍ സത്യമറിയാം" വൃദ്ധ പറഞ്ഞു.

രാജാവിന് അത്ഭുതമായി. ഉടന്‍ തന്നെ പത്തായമെടുത്ത് കൊണ്ട് വരാന്‍ ആളെ വിട്ടു. പത്തു പേര്‍ ചേര്‍ന്നാണ് ആ പത്തായം കൊട്ടാരത്തിലെത്തിച്ചത്.

വൃദ്ധ പത്തായത്തില്‍ നാലിടി ഇടിച്ചു. എന്നിട്ട് പറഞ്ഞു.

"പത്തായത്തിലെ ഭൂതമേ! നീയിപ്പോള്‍ രാജാവിന്റെ മുന്നിലാണ്. ഈ രാമു എന്നെ പറ്റിച്ചത് നിനക്കറിയാമല്ലോ? നിന്റെ മുന്നില്‍ വെച്ചു ഇന്നലെ അവന്‍ അത് സമ്മതിച്ചതുമാണല്ലോ? അത് കൊണ്ട് സത്യമേ പറയാവൂ. "

പത്തായത്തിനുള്ളില്‍ നിന്നും ഒരു ശബ്ദവും കേട്ടില്ല. രാജാവും ജനങ്ങളും വൃദ്ധയെ നോക്കി. രാമുവാണെങ്കില്‍ ചിരിയാടക്കി നില്‍ക്കുകയായിരുന്നു. പത്തായത്തില്‍ എവിടെ നിന്നു വരാനാണ് ഒരു ഭൂതം! വൃദ്ധയ്ക്ക് വട്ടായത് തന്നെ. അവന്‍ കരുതി.

"ഭൂതമേ, സത്യം വേഗം പറഞ്ഞോ. അല്ലെങ്കില്‍ ഞാനീ പത്തായം വെട്ടിപ്പൊളിക്കും. പിന്നെ ഇവിടെയുള്ള എല്ലാവരും നിന്നെ കാണും. അത് വേണ്ടെങ്കില്‍ വേഗം സത്യം പറഞ്ഞോളൂ!" വൃദ്ധ വീണ്ടും പറഞ്ഞു.

പത്തായത്തിനകത്ത് കുടുങ്ങിയ മന്ത്രി വിറച്ച് പോയി. 

"ശരിയാണ്. രാമു കള്ളമാണ് പറയുന്നത്. എനിക്കെല്ലാമറിയാം. " മന്ത്രി സ്വരം മാറ്റി വിളിച്ച് പറഞ്ഞു.

അതോടെ പേടിച്ച് പോയ രാമു സത്യം തുറന്നു പറഞ്ഞു. രാജാവ് സ്വര്‍ണ്ണം തിരികെ കൊടുക്കാന്‍ കല്‍പ്പിച്ചു. ചതിയനായ രാമുവിനെ തുറുങ്കിളടക്കാന്‍ ഉത്തരവിട്ടു.

രാജാവിന് പക്ഷേ അത് കൊണ്ട് തൃപ്തിയായില്ല. പത്തായത്തിനകത്ത് ഏത് ഭൂതമാണ് എന്നറിയാന്‍ രാജാവിന് ജിജ്ഞാസയായി. രാജാവ് വൃദ്ധയോട് തന്നെ ചോദിച്ചു.

"പത്തായം വെട്ടിപ്പൊളിച്ചോളൂ, ഭൂതത്തെ കാണാം!" വൃദ്ധ പറഞ്ഞു.

രാജാവ് പത്തായം വെട്ടിപ്പൊളിക്കാന്‍ ആജ്ഞാപിച്ചു. പത്തായം വെട്ടിപ്പൊളിച്ചപ്പോഴല്ലെ രസം. അതിനുള്ളില്‍ കൂനിക്കൂടി ഇരിക്കുന്നതാരാ? നമ്മുടെ സാക്ഷാല്‍ മന്ത്രി!

രാജാവിന് ഒന്നും പിടികിട്ടിയില്ല. പിന്നെ വൃദ്ധ നടന്നതെല്ലാം രാജാവിനെ ധരിപ്പിച്ചു. അഴിമതിക്കാരനായ മന്ത്രിയെ രാജാവ് ജയിലിലടച്ചു. വൃദ്ധക്ക് കൈ നിറയെ സമ്മാനം നല്‍കിയാണ് രാജാവ് യാത്രയാക്കിയത്!

Post a Comment

0 Comments