ഒരിയ്ക്കല്‍ എലികളുടെ ശല്യം കൊണ്ട് വലഞ്ഞ തെനാലി രാമന്‍ ഒരു പൂച്ചയെ വാങ്ങി വളര്‍ത്താന്‍ തീരുമാനിച്ചു. അങ്ങിനെ രാമന്‍ ഒരു മിടുക്കന്‍ പൂച്ചയെ കണ്ടെത്തി. പൂച്ച എത്തിയതോടെ വീട്ടിലെ എലി ശല്യം അവസാനിച്ചു. രാമന്‍ സന്തോഷവാനായി.
എന്നാല്‍ പുതിയൊരു പ്രശ്നം തുടങ്ങി. വേറൊന്നുമല്ല, എലികളുണ്ടായിരുന്നപ്പോള്‍ പൂച്ചക്ക് ഭക്ഷണത്തിന് ഒട്ടും മുട്ടുണ്ടായിരുന്നില്ല. എലികള്‍ തീര്‍ന്നതോടെ കാര്യം കുഴപ്പമായി. പൂച്ചയ്ക്ക് വിശപ്പ് തീരാതെയായി. അവന്‍ അടുത്തുള്ള വീടുകളിലേയ്ക്ക് ഭക്ഷണം തേടി നടപ്പായി.
രാമന്‍റെ തൊട്ടടുത്ത് ഒരു പ്രഭു താമസിച്ചിരുന്നു. പൂച്ച അവിടെയുമെത്തി. പ്രഭ്വി ഒമനിച്ച് വളര്‍ത്തിയിരുന്ന കിളിയിലായിരുന്നു പൂച്ചയുടെ കണ്ണ്. അതിനെ പിടിച്ച് തിന്നാനായി പൂച്ചയുടെ ശ്രമം. കുറച്ചു ദിവസത്തെ ശ്രമഫലമായി ഒടുക്കം പൂച്ച കാര്യം സാധിച്ചു. അവന്‍ ആ കിളിയെ പിടിച്ച് ശാപ്പിട്ടു.
പ്രഭ്വിക്ക് ദേഷ്യവും സങ്കടവും അടക്കാനായില്ല. അവര്‍ പ്രഭുവിനോട് ആ പൂച്ചയെ എങ്ങിനെയെങ്കിലും കൊന്നെ പറ്റൂ എന്ന് തീര്‍ത്തു പറഞ്ഞു. ഒടുവില്‍ പ്രഭു പൂച്ചയെ പിടികൂടി.
പൂച്ചയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ തെനാലി രാമന്‍ അതിനെ കൊല്ലാതെ വിടണമെന്ന് പ്രഭുവിനോട് അഭ്യര്‍ഥിച്ചു.
"ഈ പൂച്ച എനിക്കു വളരെയധികം ഉപകാരമുള്ളതാണ്. അത് നന്നായി എലിയെ പിടിച്ച് കൊല്ലും, നിങ്ങള്‍ക്കെല്ലാവര്‍ക്കും അതിന്റെ ഗുണമുണ്ട്. അത് കൊണ്ട് ദയവു ചെയ്തു അതിനെ കൊല്ലാതെ വിടണം".
"പിന്നേ, എലിയെ കൊല്ലാന്‍ ഈ കള്ളപ്പൂച്ചയെ ഞാന്‍ വെറുതെ വിടണമല്ലേ? അത് നടക്കില്ല സുഹൃത്തേ. പൂച്ചയൊന്നുമില്ലാതെ എലിയെ പിടിക്കാന്‍ എനിക്കറിയാം. വേണമെങ്കില്‍ തനിക്കും ഞാന്‍ പഠിപ്പിച്ച് തരാം." പ്രഭു രാമനെ പരിഹസിച്ചു. എന്നു മാത്രമല്ല ആ പൂച്ചയെ അയാള്‍ തള്ളിക്കൊന്നു കളഞ്ഞു.
രാമന് വളരെയധികം വിഷമമായി. ദുഷ്ടനായ പ്രഭുവിനെ ഒരു പാഠം പഠിപ്പിക്കാന്‍ രാമനുറച്ചു.
കുറെ ദിവസങ്ങള്‍ക്ക് ശേഷം പ്രഭുവിന് ഒരു സമ്മാനപ്പെട്ടി കിട്ടി. ഏതെങ്കിലും സുഹൃത്തുക്കള്‍ അയച്ചതായിരിക്കും എന്ന് കരുതി പ്രഭുവും പ്രഭ്വിയും അത്യധികം ആകാംക്ഷയോടെ പെട്ടി തുറന്നു. പെട്ടി തുറന്നതും അതിനുള്ളില്‍ നിന്നും കുറെ എലികള്‍ പുറത്തു ചാടി. നിമിഷങ്ങള്‍ക്കകം വീട് എലികളെ കൊണ്ട് നിറഞ്ഞു. വീട് മുഴുവന്‍ എലികള്‍ പരക്കം പായാന്‍ തുടങ്ങി. പ്രഭുവും പ്രഭ്വിയും ഭയന്ന് പോയി.
ഇതാരാണ് തങ്ങളോടു ഈ ചതി ചെയ്തത് എന്നറിയാന്‍ പ്രഭു പെട്ടിയിലേയ്ക്ക് നോക്കി. അതിനുള്ളില്‍ ഒരെഴുത്തുണ്ടായിരുന്നു.
"ബഹുമാന്യ സുഹൃത്തേ,
താങ്കള്‍ക്ക് പൂച്ചയില്ലാതെ എലിയെ പിടിക്കാന്‍ വിദ്യ വശമുണ്ടെന്ന് പറഞ്ഞല്ലോ. ആ വിദ്യ പരീക്ഷിക്കാനും പിന്നേ അന്ന് പറഞ്ഞത് പോലെ എന്നെ പഠിപ്പിക്കാനും ഒരവസരമാണ് ഞാന്‍ തങ്കള്‍ക്ക് ഒരുക്കി തന്നിരിക്കുന്നത്. പരീക്ഷിച്ച് വിജയിച്ച ശേഷം എന്നെയും പടിപ്പിക്കുമല്ലോ?
എന്ന് സ്വന്തം രാമന്‍"
"
0 Comments