പനമരത്തിലെ കാക്ക - തെനാലി രാമന്‍ കഥ

 തെനാലി രാമന്‍ പ്രശസ്തനാകുന്നതിന് മുന്പ് നടന്ന കഥയാണിത്. ഒരിയ്ക്കല്‍ തെനാലിയില്‍ കൊടും വരള്‍ച്ച അനുഭവപ്പെട്ടു. മഴയില്ലാതെ കുളങ്ങളും കിണറുകളുമെല്ലാം വറ്റി വരണ്ടു. വെള്ളമില്ലാതെ ജനം വലഞ്ഞു. ആകെ ദുരിതത്തിലായ അവര്‍ മഴയ്ക്ക് വേണ്ടി സകല ദൈവങ്ങളെയും വിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.


അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു സന്യാസി തെനാലിയിലെത്തി. അത്ഭുതകരമെന്ന് പറയട്ടെ സന്യാസി എത്തിയ ദിവസം തന്നെ തെനാലിയില്‍ മഴയും വന്നെത്തി. നല്ല ഇടിയും മിന്നലുമൊക്കെയായി ഒരു പേമാരി തന്നെ!

ജനങ്ങള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സന്യാസിയുടെ ദിവ്യസാന്നിധ്യം കൊണ്ടാണ് മഴ പെയ്തതെന്ന് ആരോ പറഞ്ഞു. കേട്ട പാതി കേള്‍ക്കാത്ത പാതി നാട്ടുകാരെല്ലാം അതെറ്റെടുത്തു. സന്യാസി ഒരു ആലിന്‍ ചുവട്ടിലാണ് ഇരുന്നിരുന്നത്. അവര്‍ ഭക്തിയോടെ സന്യാസിയുടെ കാല്‍ക്കല്‍ കുമ്പിട്ടു. അദ്ദേഹത്തെ ഭക്ത്യാദരപൂര്‍വം വണങ്ങാന്‍ തുടങ്ങി. 

രാമന്‍ മാത്രം ഈ വക ഭക്തിയൊന്നും കാണിച്ചില്ല. അതോടെ നാട്ടുകാരെല്ലാം രാമനെ പുച്ഛിക്കാന്‍ തുടങ്ങി.

"ഗുരുത്വമില്ലാത്തവന്‍! ഇത്രയും ദിവ്യനായ ഒരു സന്യാസിയെ ആദരിക്കാന്‍ പോലും തയ്യാറാല്ലാത്തവന്‍. ഇവനൊക്കെ നാടിന് തന്നെ അപമാനമാണ്!" നാട്ടുകാര്‍ കുറ്റപ്പെടുത്തി.

രാമനാകട്ടെ, ഇതൊന്നും ചെവിക്കൊള്ളാതെ നേരെ സന്യാസിയുടെ അടുത്ത് ചെന്ന് ചോദിച്ചു.

"അല്ലയോ സന്യാസി വര്യാ, പനമരത്തിലെ കാക്ക എങ്ങിനെയുണ്ട്?"

ആളുകള്‍ ആ ചോദ്യം കേട്ട് അമ്പരന്ന് പോയി. ഇത്രയും ദിവ്യനായ ഒരു സന്യാസിയോട് എത്ര പൂച്ചത്തോടെയാണ് രാമന്‍ ഇങ്ങിനെയൊരു വിഡ്ഡിചോദ്യം ഉന്നയിക്കുന്നത്?

രാമന്‍റെ ചോദ്യം കേട്ട് സന്യാസി പുഞ്ചിരിച്ചു. അദ്ദേഹം അവനെ നോക്കി തലകുലുക്കി. കൊണ്ട് പറഞ്ഞു. 

"അതെയതെ, പനമരത്തീലെ കാക്ക തന്നെ!"

ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നില്‍ക്കുന്ന ജനത്തെ നോക്കി രാമന്‍ പറഞ്ഞു.

"പണ്ട് ഒരു കാക്ക പറന്നു തളര്‍ന്ന് ഒരു പനമരത്തില്‍ ചെന്നിരുന്നു. ആ നിമിഷം തന്നെ ഒരു പനങ്കായ് താഴെ വീണു. പനയുടെ ചുവട്ടില്‍ കുറെ ആളുകള്‍ നില്‍പ്പുണ്ടായിരുന്നു. ഇത് കണ്ട അവര്‍ ഉറപ്പിച്ച്. പനങ്കായ് വീഴാന്‍ കാരണം ആ കാക്കയാണെന്ന്. വെറും അന്ധവിശ്വാസം അല്ലാതെ മറ്റെന്ത്?"

ജനങ്ങള്‍ക്ക് രാമന്‍ പറഞ്ഞത് വ്യക്തമായില്ല. അവര്‍ അവനെ കൂടുതല്‍ പുച്ഛിച്ചതെയുള്ളൂ.

പക്ഷേ വിജ്നാനിയായ സന്യാസി രാമനെ അടുത്ത് വിളിച്ച് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

"മകനെ, നീ വളരെ ബുദ്ധിമാനാണ്. തീര്‍ച്ചയായും നീ ഒരു വലിയ ആളാകും"

Post a Comment

0 Comments