അന്ന് അക്ബര്‍ ചക്രവര്‍ത്തി രാജസദസ്സിലെത്തിയത് വളരെ ആകുലത നിറഞ്ഞ മുഖത്തോട് കൂടിയായിരുന്നു. ചക്രവര്‍ത്തിയുടെ മുഖത്തെ വിഷമം കണ്ട് എല്ലാവരും എന്താണ് സംഭവമെന്നറിയാതെ അമ്പരന്നു. അപ്പോഴാണ് ചക്രവര്‍ത്തി കൊട്ടാരം ജ്യോത്സ്യനെ വിളിച്ചത്. ജ്യോത്സ്യനോട് ചക്രവര്‍ത്തി പറഞ്ഞു.
ചക്രവര്‍ത്തിയുടെ സ്വപ്നത്തെക്കുറിച്ച് കുറച്ചാലോചിച്ച ജ്യോത്സ്യന്‍ വളരെ ദുഖിതനായി പറഞ്ഞു.
"പ്രഭോ അങ്ങ് കണ്ട വിചിത്രമായ സ്വപ്നം അര്‍ത്ഥമാക്കുന്നത് അങ്ങയുടെ ബന്ധുജനങ്ങളെല്ലാം അങ്ങേയ്ക്കും മുന്‍പ് തന്നെ മരണപ്പെടുമെന്നതാണ്"
ഈ വിശദീകരണം കേട്ട ചക്രവര്‍ത്തി വളരെ ദുഖിതനായി. അദ്ദേഹം കുപിതനായി ജ്യോത്സ്യനോട് കടന്നു പോകാനും ഇനി മേലില്‍ തന്‍റെ കണ്‍മുന്നില്‍ കണ്ട് പോകരുതെന്നും കല്‍പ്പിച്ചു.
കുറെ നേരത്തിന് ശേഷം ബീര്‍ബല്‍ കൊട്ടാരത്തിലെത്തി ചക്രവര്‍ത്തിയെ മുഖം കാണിച്ചു. അക്ബര്‍ ചക്രവര്‍ത്തിയുടെ മുഖത്തെ വിഷമം ശ്രദ്ധിച്ച ബീര്‍ബല്‍ അദ്ദേഹത്തോട് കാര്യം അന്വേഷിച്ചു. ചക്രവര്‍ത്തി താന്‍ കണ്ട വിചിത്രമായ സ്വപ്നത്തെക്കുറിച്ച് ബീര്‍ബലിനോട് പറഞ്ഞു.
ഉടന്‍ തന്നെ ബീര്‍ബല്‍ അത്യധികം സന്തോഷത്തോടെ പറഞ്ഞു.
"ഇതില്‍ വിഷമിക്കാനെന്തിരിക്കുന്നു പ്രഭോ? അങ്ങ് അങ്ങയുടെ ബന്ധുജനങ്ങളെക്കളും കൂടുതല്‍ കാലം ജീവിച്ചിരിക്കുമെന്നാണ് സ്വപ്നം സൂചിപ്പിക്കുന്നത്!"
ബീര്‍ബലിന്‍റെ വ്യാഖ്യാനം കേട്ടു സന്തുഷ്ടനായ അക്ബര്‍ ബീര്‍ബലിന് കൈ നിറയെ സമ്മാനങ്ങള്‍ കൊടുത്തു. ചക്രവര്‍ത്തിയുടെ ദു:ഖമെല്ലാം മാറി അദ്ദേഹം പ്രസന്നവദനനായി തന്‍റെ കര്‍ത്തവ്യങ്ങളില്‍ മുഴുകി.
ബീര്‍ബലിന്‍റെ വ്യാഖ്യാനം നമ്മുടെ കൊട്ടാരം ജ്യോത്സ്യന്‍റെ കാതിലുമെത്തി. താന്‍ പറഞ്ഞ കാര്യം തന്നെയല്ലേ ബീര്‍ബലും പറഞ്ഞത്. ചക്രവര്‍ത്തി തന്‍റെ ബന്ധുജനങ്ങളെക്കാള്‍ കൂടുതല്‍ കാലം ജീവിക്കും എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് മുന്‍പ് തന്നെ അവരെല്ലാം മരണപ്പെടുമെന്ന് തന്നെയല്ലേ? എന്നിട്ടും തനിക്ക് ചക്രവര്‍ത്തിയുടെ കോപവും ബീര്‍ബലിന് സമ്മാനങ്ങളും ആണ് കിട്ടിയത്!
പറയുന്ന കാര്യങ്ങള്‍ നല്ല രീതിയില്‍ സകാരാത്മകമായി (പോസിറ്റീവ് ആയി) പറയുന്നതാണ് ഉത്തമം എന്ന് ജ്യോത്സ്യന്‍ ബോധ്യമായി.
0 Comments