വിലയിരുത്തും മുന്‍പ്!

തീവണ്ടിയില്‍ അന്നൊരു തിരക്കുള്ള ദിവസമായിരുന്നു. ടിക്കറ്റ് പരിശോധകന്‍ ഓരോരുത്തരോടും ടിക്കറ്റ് ചോദിച്ച് പരിശോധിച്ചു കൊണ്ട് മുന്‍പോട്ട് വന്നു. ഏസി ക്ലാസ്സിലെത്തിയ അദ്ദേഹം ഏസി കംപാര്‍ട്മെന്‍റില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു വൃദ്ധനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. അയാളുടെ മുഷിഞ്ഞ വേഷവിധാനം കണ്ട പരിശോധകന് അല്പം സംശയം തോന്നാതിരുന്നില്ല.

Image courtesy: https://www.123rf.com/https://www.freepik.com/http://clipart-library.com/

വൃദ്ധന്‍ തന്‍റെ ബാഗിനുള്ളില്‍ ടിക്കറ്റ് തിരയാന്‍ തുടങ്ങി. കുറെ നേരമായിട്ടും വൃദ്ധന് തന്‍റെ ടിക്കറ്റ് കണ്ടെത്താനായില്ല.

"ഞാന്‍ ടിക്കറ്റ് ഇവിടെ എവിടെയോ വെച്ചിരുന്നു" വൃദ്ധന്‍ പറഞ്ഞു.

"എങ്കില്‍ വേഗമൊന്ന് എടുത്തു കാണിക്ക്. എനിക്കിനിയും കുറെ പരിശോധിക്കാനുണ്ട്!" താനിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ പരിശോധകന്‍ ആവശ്യപ്പെട്ടു. 

മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .

കുറച്ചു കഴിഞ്ഞിട്ടും വൃദ്ധന് തന്‍റെ ടിക്കറ്റ് കിട്ടിയില്ല. 

"ശരി. നിങ്ങളത് കണ്ടെത്തിയെടുക്ക്. ഞാന്‍ കുറച്ചു കഴിഞ്ഞു വരാം" പുച്ഛത്തോടെ പറഞ്ഞു കൊണ്ട് പരിശോധകന്‍ മുന്നോട്ട് പോയി. അയാള്‍ ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകന്‍ ഉറപ്പിച്ചു. തിരികെ വന്ന് അയാളില്‍ നിന്നും പിഴ ഈടാക്കാന്‍ തന്നെ തീരുമാനിച്ചു.

മറ്റ് യാത്രക്കാരുടെ  ടിക്കറ്റ് പരിശോധന കഴിഞ്ഞു തിരിച്ചെത്തിയ പരിശോധകന്‍ വൃദ്ധനടുത്തെത്തി. വൃദ്ധൻ തന്‍റെ ഏസി ക്ലാസ് ടിക്കറ്റ് കയ്യില്‍ കരുതി വെച്ചിരുന്നു. പരിശോധകന് വളരെ കുറ്റബോധം തോന്നി.

"ശ്ശെ! കഷ്ടമായിപ്പോയി. ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു". പരിശോധകന്‍ വിചാരിച്ചു.

തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ വൃദ്ധനെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.

പുറത്തിറങ്ങിയതും തന്‍റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു. ചുമട്ടുകാരൻ വേഗം ഓടിയെത്തി വൃദ്ധന്‍റെ ലഗ്ഗെജ് തലയിലേറ്റി. അപ്പോഴാണ് അടുത്ത കമ്പാർട്ടുമെന്റിൽ നിന്നും ഭംഗിയായി വസ്ത്രധാരണം ചെയ്ത ഒരു സ്ത്രീ "കൂലീ" എന്ന് വിളിക്കുന്നത് കേട്ടത്.

ചുമട്ടുകാരന്‍ ഉടന്‍ തന്നെ തന്‍റെ തലയില്‍ നിന്നും വൃദ്ധന്‍റെ ലഗ്ഗെജ് ഇറക്കി വെച്ചു നേരെ ആ സ്ത്രീയുടെ അടുത്തേയ്ക്ക് പോയി. പിന്നീട് അവരുടെ ലഗ്ഗെജ് തലയില്‍ വെച്ചു അവരോടൊപ്പം പുറത്തേയ്ക്ക് നടന്നു പോയി.

ഇതെല്ലാം കണ്ടു കൊണ്ട് നില്‍ക്കുകയായിരുന്ന പരിശോധകന്‍ ആ വൃദ്ധന്‍റെ ലഗ്ഗെജ് സ്വയം എടുത്തു അയാളെ പുറത്തെത്തിച്ചു. വൃദ്ധനെ ഒരു ടാക്സി വിളിക്കാന്‍ സഹായിച്ചു. ടാക്സിയില്‍ കയറും മുന്‍പ് വൃദ്ധന്‍ പരിശോധകന് നന്ദി പറഞ്ഞു കൊണ്ട് ഒരു നൂറു രൂപ നോട്ട് അദ്ദേഹത്തെ ഏല്‍പ്പിച്ച് കൊണ്ട് പറഞ്ഞു.

"ഇത് താങ്കള്‍ ആ ചുമട്ടുകാരനെ ഏല്‍പ്പിക്കണം. എന്നിട്ട് ആരെയും അവരുടെ വേഷം മാത്രം നോക്കി വിലയിരുത്തരുതെന്ന് പറഞ്ഞു കൊടുക്കണം!"

പരിശോധകന് ആ കാര്യത്തില്‍ ഒട്ടും സംശയമില്ലായിരുന്നു. അയാള്‍ക്കും ചുമട്ടുകാരന്‍ ചെയ്ത പ്രവൃത്തി ഇഷ്ടപ്പെട്ടിരുന്നില്ല.

തിരികെ സ്റ്റേഷനുള്ളില്‍ കയറിയ പരിശോധകൻ ചുമട്ടുകാരനെ തിരഞ്ഞു. അയാളെ കണ്ടെത്തിയതും ആ പണം കൊടുത്ത് കൊണ്ട് പറഞ്ഞു.

"നിങ്ങൾ ചെയ്തത് ഒട്ടും ശരിയായില്ല. ആ വൃദ്ധന്‍റെ ലഗ്ഗെജ് അവിടെയിട്ട് നിങ്ങള്‍ ആ സ്ത്രീയുടെ ലഗ്ഗെജ് എടുക്കാന്‍ ഓടിയത് വളരെ മോശമായി. ഈ പണം അദ്ദേഹം നിങ്ങൾക്ക് തന്നതാണ്. വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പ്രത്യേകം പറഞ്ഞു".

"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "ഞാന്‍ ചെയ്തത് തെറ്റായെന്ന് എനിക്കറിയാം. പക്ഷേ തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയതാണ്.  അതൊരു അന്ധയായ സ്ത്രീയാണ്. സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത്. ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല. ആ വൃദ്ധനേക്കാള്‍ എന്‍റെ സഹായം അപ്പോള്‍ ആവശ്യം ആ സ്ത്രീക്കാണെന്ന് തോന്നിയത് കൊണ്ടാണ് ഞാനങ്ങനെ ചെയ്തത്. താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ദേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് എന്ന്!" .

Post a Comment

0 Comments