ഒരു ദിവസം ക്ലാസ്സിലെത്തിയ പ്രൊഫസ്സര്‍ വിദ്യാർത്ഥികളോട് താനൊരു പരീക്ഷ നടത്താന്‍ പോകുകയാണെന്ന് പറഞ്ഞു. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ കുട്ടികളെ ഒന്ന് ഞെട്ടിച്ചു. സ്വതവേ പരീക്ഷ എന്ന് കേള്‍ക്കുമ്പോഴേ ഒരു ഞെട്ടല്‍ ഉള്ളതാണല്ലോ? അപ്പോള്‍ പിന്നെ ഒരു തയ്യാറെടുപ്പും കൂടാതെ പരീക്ഷ എഴുതുക എന്നു വെച്ചാല്‍!
എന്തായാലും പ്രൊഫസ്സര്‍ പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ്. കുട്ടികളും അതിന് തയ്യാറായി.
ചോദ്യപേപ്പര്‍ വിതരണം ചെയ്തുകൊണ്ട് പ്രൊഫസ്സര്‍ പറഞ്ഞു.
"ആരും ടെന്‍ഷനാകേണ്ട കാര്യമില്ല. വളരെ ശ്രദ്ധയോടെ നിങ്ങള്‍ ആ ചോദ്യപേപ്പറില്‍ എന്താണോ കാണുന്നത് അതിനെക്കുറിച്ച് വിവരിച്ച് എഴുതിയാല്‍ മതി."
തങ്ങള്‍ക്ക് കിട്ടിയ ചോദ്യപേപ്പര്‍ നിവര്‍ത്തി നോക്കിയ വിദ്യാര്‍ത്ഥികള്‍ അമ്പരന്നു. ആ പേപ്പറിന്‍റെ മധ്യത്തിലായി ഒരു കറുത്ത അടയാളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല!
"നിങ്ങൾ ആ ചോദ്യപേപ്പറിൽ എന്താണോ കാണുന്നത് അതിനെ കുറിച്ച് എഴുതിയാല്‍ മതി!" പ്രൊഫസ്സര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.
ആദ്യം ഒന്നു കുഴങ്ങിയെങ്കിലും എല്ലാവരും എഴുതുവാന്‍ തുടങ്ങി. അല്പസമയത്തിന് ശേഷം എല്ലാവരുടെയും ഉത്തരക്കടലാസുകള്‍ ശേഖരിച്ച പ്രൊഫസ്സര്‍ അവ ഓരോന്നായി വായിക്കാന്‍ തുടങ്ങി.
എല്ലാവരും ആ പേപ്പറിലെ കറുത്ത അടയാളത്തെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. അതിന്‍റെ വലുപ്പം, സ്ഥാനം, ആകൃതി എന്നിവയെ കുറിച്ചെല്ലാം അവര്‍ എഴുതിയിരുന്നു. ചിലര്‍ ആ കറുത്ത അടയാളം എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വരെ ഊഹിച്ച് എഴുതിയിട്ടുണ്ടായിരുന്നു.
എല്ലാ ഉത്തര കടലാസും വായിച്ചു കഴിഞ്ഞേപ്പോൾ പ്രൊഫസ്സര്‍ അവരോട് പരീക്ഷയെക്കുറിച്ചും അവരുടെ ഉത്തരങ്ങളെ കുറിച്ചും സംസാരിച്ചു.
"ഇത് നിങ്ങളുടെ അറിവ് അളക്കാനുള്ള പരീക്ഷയായിരുന്നില്ല, മറിച്ച് നിങ്ങളുടെ വീക്ഷണം അറിയാനുള്ള ഒരു പരീക്ഷണമായിരുന്നു. നോക്കൂ, എല്ലാവരും ഈ വെളുത്ത പേപ്പറിലെ കറുത്ത പാടിനെ കണ്ടു, നിരീക്ഷിച്ചു. അതിനെ പറ്റി വിശദമായി എഴുതി. പക്ഷേ നിങ്ങളാരും തന്നെ ആ കറുത്ത പാടിന് ചുറ്റുമുള്ള അതിവിശാലയമായ വെളുത്ത ഭാഗത്തെ ശ്രദ്ധിച്ചതേയില്ല!"
പ്രൊഫസ്സര്‍ തുടര്‍ന്നു.
"ഇത് തന്നെയാണ് നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്. നാം പലപ്പോള്‍ഴും ശ്രദ്ധ പതിപ്പിക്കുന്നത് ജീവിതത്തിലെ ഇത്തരം ചെറിയ പാടുകളിലായിരിക്കും. ചെറിയ ചെറിയ ബുദ്ധിമുട്ടുകളും, അസൌകര്യങ്ങളും നമ്മുടെ മനസ്സിലെ കരാടായി അങ്ങനെ കിടക്കും. അതിനിടയില്‍ നമ്മുടെ ജീവിതത്തിലെ പ്രധാനമായ മറ്റ് പല നല്ല കാര്യങ്ങളെയും നാം മറക്കും. നമ്മുടെ കഴിവുകളും, നമുക്ക് കിട്ടിയ അനുഗ്രഹങ്ങളും വിട്ട് നാം നേരിടുന്ന പ്രശ്നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, അതിനെക്കുറിച്ച് വേവലാതിപ്പെട്ട് ജീവിതം ആസ്വദിക്കാന്‍ വിട്ട് പോകും. അത് കൊണ്ട് നിങ്ങളുടെ കണ്ണുകളെ ചെറിയ കറുത്ത പാട്ടുകളില്‍ നിന്നും തിരിച്ച്, വിശാലമായ ആ വെളുത്ത പ്രതലത്തിലേയ്ക്ക് കേന്ദ്രീകരിക്കാന്‍ പഠിക്കുക. അത് ജീവിതം വിജയകരമാക്കും."
0 Comments