ആത്മവിശ്വാസം - തോമസ് ആൽ‌വ എഡിസന്‍റെ കഥ

ലോകം കണ്ട മഹാന്മാരായ ശാസ്ത്രജ്ഞരില്‍ പ്രമുഖനായ തോമസ് ആൽ‌വ എഡിസൺ എന്ന ഭൗതികശാസ്ത്രജ്ഞനെ കുറിച്ചുള്ള ഒരു കഥയാണ് താഴെ പറയുന്നത്. "മെൻലോപാർക്കിലെ മാന്ത്രികൻ" എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ആയിരത്തിലധികം പേറ്റന്‍റുകള്‍ നേടിയ വ്യക്തിയാണ് അദ്ദേഹം ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു.

ഒരു ദിവസം എഡിസൺ തന്‍റെ പരീക്ഷണശാലയിൽ നിന്നും പുറത്തു വന്നത് വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ പുതിയ പരീക്ഷണം കാണാന്‍ ആകാംക്ഷയോടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ തന്‍റെ പുതിയ കണ്ടുപിടിത്തമായ ബള്‍ബ് പ്രദർശിപ്പിക്കുവാൻ അദ്ദേഹം തയ്യാറായി.


ആ ബൾബ്  എഡിസണ്‍ തന്‍റെ അസിസ്റ്റന്റ്റിന്‍റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്നല്ലാതെ എന്തു പറയാന്‍! അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി.

എല്ലാവരും ഞെട്ടിപ്പോയി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു 

"ഇനി ഇത് പുനർനിർമ്മിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ നാളെ വൈകിട്ടാകാം പ്രദർശനം ". ആളുകള്‍ നിരാശരായി തിരിച്ചു പോയി. എഡിസണ്‍ തന്‍റെ പരീക്ഷണശാലയിലേക്ക്  തിരികെ കയറി.

അതിനടുത്ത ദിവസം എഡിസണ്‍ പുതിയ ബള്‍ബുമായി രംഗത്തെത്തി. വീണ്ടും കുറെയധികം ആളുകള്‍ അത് കാണുന്നതിനായി അവിടെ തടിച്ചു കൂടിയിരുന്നു.

എഡിസണ്‍ ചുറ്റും നോക്കി. കഴിഞ്ഞ ദിവസം ബള്‍ബ് താഴെയിട്ട് പൊട്ടിച്ച അസിസ്റ്റന്‍റ്  അതാ ദൂരെ മാറി നിൽക്കുന്നു. എഡിസണ്‍ അയാളെ തന്‍റെ അരികിലേക്ക് വിളിച്ചു. എന്നിട്ട് എല്ലാവരും ആകാംക്ഷയോടെ നോക്കി നിൽക്കേ, ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അതിന് ശേഷം നടത്തിയ പ്രദര്‍ശനം വന്‍ വിജയമായിരുന്നു.

പരിപാടിക്ക് ശേഷം ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു.

"കഴിഞ്ഞ ദിവസം ആ ബള്‍ബ് താഴെയിട്ട് പൊട്ടിച്ച് താങ്കളുടെ പ്രദര്‍ശനം പരാജയപ്പെടുത്തിയ അതേ വ്യക്തിയുടെ കയ്യില്‍ തന്നെ  ഇന്നും  ബള്‍ബ് കൊടുക്കാന്‍  അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു " . 

അതിന് മറുപടിയായി എഡിസൺ പറഞ്ഞു

"ഇനി ഒരിക്കൽ കൂടി ആ ബള്‍ബ് തകർന്നാലും 24 മണിക്കൂർ കൊണ്ടെനിക്കിത് പുനർനിർമ്മിക്കാം, എന്നാൽ അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ ഇരുപത്തിനാല് വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല."


Post a Comment

0 Comments