സുവാനും വജ്രമോതിരവും - ഒരു നാടോടിക്കഥ

ഒരിക്കല്‍ ഒരിടത്ത് സുവാന്‍ എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അതീവ തന്ത്രശാലിയായിരുന്നു സുവാന്‍. ഒരു ദിവസം പതിവ് പോലെ അമ്മ അവനെ ഒരുക്കി സ്കൂളിലേയ്ക്കയച്ചു. എന്നാല്‍ സ്കൂളില്‍ പോകാതെ സുവാന്‍ അവിടെയുമിവിടെയും കളിച്ചു നടന്നു. വൈകിട്ടായപ്പോള്‍ അവന്‍ വഴിയരികിലെ ഒരു മരത്തിന് പുറകില്‍ ഒളിച്ചു നിന്നു. അവന്‍റെ അമ്മ അത് വഴിയെയാണ് സ്ഥിരമായി ചന്തയില്‍ പോകാറുള്ളത്. അമ്മ ചന്തയിലേയ്ക്ക് പോകുന്നത് കണ്ട സുവന്‍ അവരുടെ പിന്നാലേ ചന്തയിലേയ്ക്ക് പോയി. അമ്മ ചന്തയില്‍ നിന്നും ഓരോ സാധനങ്ങളും വാങ്ങുന്നത് അവന്‍ ഒളിച്ചു നിന്നു കണ്ടു.

അമ്മ ചന്തയില്‍ നിന്നും തിരികെ വീട്ടിലെത്തി കുറെ കഴിഞ്ഞതും സുവാനും വീട്ടിലെത്തി.


"അമ്മേ, അമ്മ ഇന്ന് ചന്തയില്‍ പോയി അല്ലേ?" അവന്‍ ചോദിച്ചു.

"ഉവ്വ്." അമ്മ മറുപടി പറഞ്ഞു.

"എന്നാല്‍ അമ്മ ചന്തയില്‍ നിന്നും എന്തൊക്കെയാണ് വാങ്ങിയതെന്ന് ഞാന്‍ പറയട്ടെ?" സുവാന്‍ ചോദിച്ചു.

തുടര്‍ന്ന് അമ്മയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ ഓരോ സാധനങ്ങളായി കൃത്യമായി പറഞ്ഞു. 

പിന്നീട് പല ദിവസങ്ങളിലും സുവാന്‍ ഇത് പോലെ അമ്മ എവിടെയാണ് പോയിരുന്നതെന്നും എന്താണ് ചെയ്തതെന്നും ഒക്കെ പറയാന്‍ തുടങ്ങി. സ്കൂളില്‍ ആയിരുന്ന മകന്‍ താന്‍ ചെയ്ത കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞതോടെ ആ സ്ത്രീ മകന് എന്തോ ദിവ്യസിദ്ധിയുണ്ടെന്ന് വിശ്വസിക്കാന്‍ തുടങ്ങി.

മറ്റൊരു ദിവസം സുവാന്‍ തന്‍റെ അടുത്ത വീട്ടിലെ പശുവിനെ പിടിച്ച് കൊണ്ട് പോയി ദൂരെ കാട്ടിലെ ഒരു പൊട്ടക്കിണറ്റില്‍ കൊണ്ട് പോയിട്ടു.

അയല്‍വാസി ആളുകളെയും കൂട്ടി പശുവിനെ തിരഞ്ഞ് നടന്ന് മടുത്ത് പരവശനായി വീട്ടിലിരിക്കുകയായിരുന്നു. അപ്പോഴാണ് സുവാന്‍റെ അമ്മ അവിടെയെത്തിയത്.

"നിങ്ങള്‍ വിഷമിക്കേണ്ട. എന്‍റെ മകന് ചില അത്ഭുതസിദ്ധീകളൊക്കെയുണ്ട്. അവന് ചിലപ്പോള്‍ നിങ്ങളെ സഹായിക്കാന്‍ പറ്റും!"

വിശ്വാസമൊന്നുമായില്ലെങ്കിലും അയല്‍വാസി സുവാനോട് സഹായമഭ്യര്‍ത്ഥിച്ചു.

സുവാന്‍ ഒരു കടലാസെടുത്ത് അതില്‍ കുറെ ചിഹ്നങ്ങള്‍ വരച്ചു. എന്നിട്ട് അത് നിലത്തു വെച്ചു. ആകാശത്തേയ്ക്ക് നോക്കി, കണ്ണുകളടച്ച് എന്തൊക്കെയോ മന്ത്രങ്ങള്‍ പോലെ ഉരുവിട്ടു. എന്നിട്ട് കടലാസിലേയ്ക്ക് സൂക്ഷിച്ച് നോക്കി.

എല്ലാവരും കടലാസിലേയ്ക്ക് നോക്കി. അവര്‍ക്ക് അതില്‍ ഒന്നും തന്നെ കാണാനായില്ല,

"പേടിക്കേണ്ട! നിങ്ങളുടെ പശു നഷ്ടപ്പെട്ടിട്ടില്ല. അത് ദൂരെ കാട്ടിലുള്ള പൊട്ടക്കിണറ്റില്‍ വീണ് കിടപ്പുണ്ട്. പിന്നേ, അതിന്‍റെ ഒരു പിന്‍ കാല്‍ സ്വല്‍പ്പം ഒടിഞ്ഞതായി കാണുന്നുണ്ട്" സുവാന്‍ പറഞ്ഞു.

സുവാന്‍ കൊടുത്ത മാര്‍ഗത്തിലൂടെ നടന്ന് അയല്‍വാസി തന്‍റെ പശു കിടക്കുന്ന പൊട്ടക്കിണറ്റിനടുത്തെത്തി. സുവാന്‍ പറഞ്ഞത് പോലെ അതിന്റെ ഒരു കാല്‍ ഒടിഞ്ഞിട്ടുണ്ടായിരുന്നു!

അതോടെ സുവാന്‍ നാട്ടിലെ പ്രശസ്തനായി. പിന്നെ പലരും സുവാന്‍റെ ഇല്ലാത്ത ദിവ്യശക്തിയെപ്പറ്റി കഥകള്‍ പറയാന്‍ തുടങ്ങി.

അങ്ങിനെയിരിക്കെ ഒരു ദിവസം രാജകുമാരിയുടെ വജ്ര മോതിരം കളഞ്ഞു പോയി. അതോടെ രാജകുമാരി കരച്ചിലായി. ഭക്ഷണമൊന്നും ശരിക്കും കഴിക്കാതെ അവശയായി. എത്ര തിരഞ്ഞിട്ടും കിട്ടാതായതോടെ രാജാവ് ഒരു വിളംബരം നടത്തി.

"രാജകുമാരിയുടെ വജ്ര മോതിരം കണ്ടെടുക്കുന്നവന് രാജകുമാരിയെ വിവാഹം ചെയ്തു കൊടുക്കുന്നതായിരിക്കും. അതിന് ശ്രമിച്ചിട്ട് പരാജയപ്പെടുന്നവരുടെ തല നാം കൊയ്യുകയും ചെയ്യും!"

വിളംബരം കേട്ടതും സുവാന്‍റെ അമ്മ രാജകൊട്ടാരത്തിലെത്തി പറഞ്ഞു.

"രാജാവേ, അങ്ങ് വിഷമിക്കേണ്ട.  എന്‍റെ മകന് ചില അത്ഭുതസിദ്ധീകളൊക്കെയുണ്ട്. അവന്‍ നിശ്ചയമായും കുമാരിയുടെ മോതിരം വീണ്ടെടുത്ത് തരും!"

നിമിഷ നേരത്തിനുള്ളില്‍ രാജാവ് തന്‍റെ പടയാളികളെ സുവാനെ കൂട്ടിക്കൊണ്ട് വരുവാന്‍ അയച്ചു. 

രാജകല്‍പ്പന കേട്ട സുവാന്‍ ഞെട്ടിപ്പോയി. താന്‍ കാണിച്ച കുസൃതി തനിക്ക് ഇങ്ങനെ ഒരു വിനയായി തീരുമെന്ന് അവന്‍ ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല. അമ്മ അറിയാതെയാണെങ്കിലും തന്നെ കൊലയ്ക്ക് കൊടുക്കുകയാണല്ലോ ചെയ്തത് എന്ന് അവന്‍ വിഷമത്തോടെ ഓര്‍ത്തു.

കൊട്ടാരത്തിലേയ്ക്ക് പോകാനായി അവന്‍ ചെന്ന് കൊട്ടാരത്തില്‍ നിന്നായച്ച കുതിരവണ്ടിയില്‍ കയറി. 

കുതിര വണ്ടി കൊട്ടാരത്തിലേയ്ക്ക് പായവേ, സുവാന്‍ ഭയത്തോടെ പറഞ്ഞു.

"നിന്‍റെ കളവെല്ലാം ഇന്ന് പൊളിഞ്ഞത് തന്നെ. നിന്‍റെ തല പോയത് തന്നെ!"

ഓടിക്കൊണ്ടിരുന്ന കുതിരവണ്ടി പെട്ടെന്ന് നിന്നു. വണ്ടി ഓടിച്ചിരുന്നയാള്‍ ഞെട്ടിപ്പോയി. താനാണ് വജ്രമോതിരം മോഷ്ടിച്ചതെന്ന് ഈ മഹാനായ വ്യക്തി ദിവ്യ ശക്തി കൊണ്ട് കണ്ടുപിടിച്ചിരിക്കുന്നു. ഇനി വേറെ വഴിയൊന്നുമില്ല. അയാള്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി സുവാന്‍റെ മുന്നിലെത്തി താണ് വണങ്ങിക്കൊണ്ട് പറഞ്ഞു.

"അങ്ങുന്നെ, എന്നോടു ക്ഷമിക്കണം. അടിയനോരബദ്ധം പറ്റിയതാണ്. രാജകുമാരിയുടെ ദാസി അടിയന്‍റെ കാമുകിയാണ്. സത്യത്തില്‍ അവളാണ് വജ്ര മോതിരം മോഷ്ടിച്ച് എന്‍റെ കൈയില്‍ തന്നത്. എന്നെ രക്ഷിക്കണം. ഇനി ഒരിയ്ക്കലും ഞാനിതു പോലൊരു തെറ്റ് ചെയ്യില്ല"

ആദ്യം ഒന്നമ്പരന്നെങ്കിലും സുവാന് ഉടനെ തന്നെ സംഗതി പിടികിട്ടി. താന്‍ പേടിച്ച് പറഞ്ഞ വാക്കുകള്‍ ഇയാളെപറ്റിയാണെന്ന് തെറ്റിദ്ധരിച്ചാണ് കുറ്റവാളിയായ കുതിരക്കാരന്‍ മാപ്പ് പറയുന്നതെന്ന് സുവാന്‍ മനസ്സിലാക്കി. അവന് തന്‍റെ ഭാഗ്യത്തില്‍ വിശ്വസിക്കാനായില്ല.

"ശരി. നാം വേണ്ടത് ചെയ്യാം. നീ ഒരു കാര്യം ചെയ്യുക. കൊട്ടാരത്തില്‍ വളര്‍ത്തുന്ന ഏതെങ്കിലും ഒരു താറാവിനെ കൊണ്ട് നീ ഈ മോതിരം വിഴുങ്ങിക്കുക. ബാക്കി ഞാന്‍ ശരിയാക്കികൊള്ളാം." സുവാന്‍ പറഞ്ഞു.

സുവാനെ കൊട്ടാരത്തിലെത്തിച്ച് കുതിരക്കാരന്‍ നേരെ പോയത് കൊട്ടാരത്തിലെ താറാവുകളെ വളര്‍ത്തുന്ന ഇടത്തെക്കാണ്. കുതിരക്കാരന്‍  ഒരു താറാവിനെ പിടിച്ച് അതിനെകൊണ്ട് ആ മോതിരം വിഴുങ്ങിപ്പിച്ചു.

ഇതേ സമയം രാജസന്നിധിയിലെത്തിയ സുവാനെ രാജാവ് യഥോചിതം സ്വീകരിച്ചാനയിച്ചു. 

"മഹാരാജന്‍, എനിക്കു ധ്യാനിക്കാന്‍ പറ്റിയ ഒരിടം വേണം. എങ്കിലേ എനിക്ക് മോതിരം എവിടെയെന്ന് കണ്ടുപിടിക്കാനാകൂ" സുവാന്‍ ആവശ്യപ്പെട്ടു.

രാജാവ് സുവാന് ഒരു പൂജാ മുറി കൊടുത്തു. സുവാന്‍ അതിനുള്ളില്‍ കയറി വാതിലടച്ച് കുറെ നേരം അവിടെ ഓരോന്നും ആലോചിച്ചിരുന്നു. 

കുറെ സമയം കഴിഞ്ഞു പുറത്തു വന്ന സുവാന്‍ പറഞ്ഞു.

"മഹാരാജന്‍, മോതിരം കൊട്ടാരം വിട്ട് എങ്ങും പോയിട്ടില്ല. അത് ഇവിടത്തെ ഒരു താറാവിന്‍റെ വയറ്റിലുണ്ട്!"

[5]

രാജാവ് ഉടന്‍ തന്നെ താറാവുകളെ കൊന്ന് മോതിരം കണ്ടെത്താന്‍ ഉത്തരവിട്ടു. കുറച്ചു താറാവുകളെ കൊന്നപ്പോഴേയ്ക്കും പടയാളികള്‍ക്ക് ഒരു താറാവിന്റെ വയറ്റില്‍ നിന്നും മോതിരം കണ്ടെത്താനായി. 

രാജാവ് അത്യന്തം സന്തോഷത്തോടെ സുവാന് രാജകുമാരിയെ വിവാഹം കഴിച്ചു കൊടുത്തു. പിന്നീടുള്ള കാലം അവര്‍ സുഖമായി ജീവിച്ചു.


Post a Comment

0 Comments