കര്‍ണന്‍റെ ദാനശീലം - മഹാഭാരത കഥ

മഹാഭാരതത്തിലെ തേജസ്സുറ്റ കഥാപാത്രങ്ങളില്‍ ഒരാളാണ് ധീരനും ധാനശീലനും ആയ കർ‌ണ്ണൻ. പാണ്ഡവന്മാരുടെ ജ്യേഷ്ഠനായ മഹാവീര യോദ്ധാവ് ആയിരുന്നു കര്‍ണ്ണന്‍.

പഞ്ചപാണ്ഡവരിൽ ഏറ്റവും മൂത്തയാളാണ് യുധിഷ്ഠിരൻ. ധർമ്മപുത്രരെന്നും അറിയപ്പെടുന്ന യുധിഷ്ഠിരനും ദാനദര്‍മ്മത്തില്‍ ഒട്ടും പുറകിലായിരുന്നില്ല.



ഒരിക്കൽ അർജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്? ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ? പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."

അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .

തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവര്‍ യുധിഷ്ഠിരനോട് ആവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത്തു നിന്നും കിട്ടിയില്ല. അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ ആണ് യുധിഷ്ഠിരന്‍ ബ്രാഹ്മണര്‍ക്ക് നല്കിയത്.

അടുത്തതായി ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അർജുനനും  നേരെ കര്‍ണ്ണന്‍റെ അടുത്തേയ്ക്കാണ് പോയത്.  കർണനോടും അവര്‍ തങ്ങളുടെ ആവശ്യം പറഞ്ഞു.

കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു "മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്. ദയവായി അൽപസമയം കാത്തിരുന്നാലും "

ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്‍റെ കൊട്ടാരത്തിന്‍റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി. എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.

കൃഷ്ണനും അർജുനനും അതേറ്റു വാങ്ങി തിരികെ നടന്നു.

വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു "ഇപ്പൊൾ മനസ്സിലായില്ലേ അർജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്‍റെ ചന്ദനതടിയിൽ നിർമ്മിിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ. പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല."

"യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധർമ്മം ആയതിനാലാണ് . കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്ന പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്."


Post a Comment

0 Comments