ജീവിതത്തിന്റെ മൂല്യം

ഒരു ദിവസം ക്ലാസ് തുടങ്ങുന്നതിന് മുന്‍പെ അദ്ധ്യാപകന്‍ ഒരു അഞ്ഞൂറ് രൂപാ നോട്ട് ഉയര്‍ത്തിക്കാണിച്ച് ചോദിച്ചു.

"ഇതാ ഞാന്‍ ഈ നോട്ട് നിങ്ങളിലൊരാള്‍ക്ക് സൌജന്യമായി നല്കാം. ആര്‍ക്കാണ് ഇത് വേണ്ടത്?"

"എനിയ്ക്ക്!" സംശയലേസമന്യേ എല്ലാവരും ഒരേ സ്വരത്തില്‍ വിളിച്ച് പറഞ്ഞു.


അദ്ധ്യാപകന്‍ ആ നോട്ട് കയ്യിലിട്ട് ചുരുട്ടി. നന്നായി ചുളിഞ്ഞ ആ നോട്ട് ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം ചോദിച്ചു.

"ഇപ്പോഴോ? ആര്‍ക്കൊക്കെയാണ് ഈ നോട്ട് വേണ്ടത്?"

അപ്പോഴും എല്ലാ കുട്ടികളും ഒരു പോലെ തനിക്ക് നോട്ട് വേണമെന്ന് പറഞ്ഞു കൈ ഉയര്‍ത്തി.

ഇത്തവണ അദ്ധ്യാപകന്‍ ആ നോട്ട് താഴെയിട്ട് ചവിട്ടി, തറയിലെ പൊടിയില്‍ കിടന്ന് അഴുക്ക് പിടിച്ച ആ നോട്ട് കയ്യിലുയര്‍ത്തി അദ്ദേഹം വീണ്ടും ചോദിച്ചു.

"ഇനിയിതാര്‍ക്കെങ്കിലും വേണോ?"

ഒരാളുടെയും കൈ താഴ്ന്നില്ല. എല്ലാവരും ആ നോട്ട് വേണമെന്ന് തന്നെ പറഞ്ഞു. 

"അതെന്താണ് ഇത്ര മുഷിഞ്ഞിട്ടും ഈ വൃത്തിയില്ലാത്ത നോട്ട് വേണമെന്ന് നിങ്ങള്‍ പറയുന്നത്?" അദ്ധ്യാപകന്‍ ചോദിച്ചു.

"എത്ര മുഷിഞ്ഞാലും അഞ്ഞൂറ് രൂപ അഞ്ഞൂറ് രൂപ തന്നെയല്ലേ?" അവര്‍ തിരിച്ച് ചോദിച്ചു.

"അതേ, അത് തന്നെയാണ് നമ്മുടെ ഇന്നത്തെ ജീവിതപാഠം. എത്ര മുഷിഞ്ഞാലും ഈ അഞ്ഞൂറ് രൂപാ നോട്ടിന്റെ മൂല്യം ഒട്ടും കുറയുന്നില്ല. അത് പോലെ തന്നെയാണ് നമ്മുടെ ജീവിതവും. ജീവിതത്തില്‍ പലപ്പോഴും അഴുക്ക് പുരണ്ടേക്കാം, വലിച്ചെറിയപ്പെട്ടേക്കാം, ചവിട്ടിതാഴ്ത്തപ്പെട്ടേക്കാം. എത്ര പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും നിങ്ങളുടെ ജീവിതത്തിന്‍റെ മൂല്യം ഒട്ടും കുറയുന്നില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. എത്ര ചെളി പറ്റിയാലും സ്വന്തം ജീവിതത്തെ നിങ്ങള്‍ സ്നേഹിക്കണം. ഒരിയ്ക്കലും ആര്‍ക്കും വേണ്ടെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകരുത്. നിങ്ങളുടെ വില നിങ്ങള്‍ അറിഞ്ഞിരിക്കണം". അദ്ധ്യാപകന്‍ പറഞ്ഞു നിര്‍ത്തി.


Post a Comment

0 Comments