ബുദ്ധസന്യാസിയും വിദ്യാര്‍ത്ഥിയും - ചൈനീസ് നാടോടിക്കഥ

 ഒരിയ്ക്കല്‍ ഒരു സ്കൂളിൽ  ബുദ്ധസന്യാസിയായ ഒരു അധ്യാപകൻ ഉണ്ടായിരുന്നു.. എന്തെങ്കിലും ഭക്ഷണവും കഴിച്ച് അത് കഴിഞ്ഞ് സുഖമായി ഒരു മയക്കം അയാള്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. ഓരോ തവണയും അയാള്‍ പഠിപ്പിക്കുന്നതിന് മുന്‍പ് വയര്‍ നിറച്ചു ആഹാരം കഴിച്ചിരുന്നു. അത് കാരണം മര്യാദക്ക് ഒന്നനങ്ങാന്‍ പോലും അയാള്‍ ബുദ്ധിമുട്ടുമായിരുന്നു. എന്നിട്ടോ? പഠിപ്പിക്കാന്‍ തുടങ്ങും മുന്‍പെ അയാള്‍ മയക്കം പിടിക്കും. ക്ലാസ് തീരുന്നതിനുള്ള മണിയടിക്കുന്നത് കേട്ടാലേ ഉണരുകയുള്ളൂ!


അതേ ക്ലാസ്സിലെ ഒരു വിദ്യാർത്ഥിയായിരുന്നു ലീ. അവന്‍ ആ വില്ലേജിലെ ഒരു പാവപ്പെട്ട വീട്ടിലെ അംഗമായിരുന്നു. ഒരിക്കൽ ലീ സന്യാസിയോട് ചോദിച്ചു:

"മാഷേ, എല്ലാ ദിവസവും ഇങ്ങനെ പഠിപ്പിക്കാതെ നിങ്ങൾ കിടന്നുറങ്ങുന്നത് എന്തു കൊണ്ടാണ്?"

"അതോ? അതങ്ങനെയാണ്! ഇങ്ങനെ ഉറങ്ങുന്ന ഈ സന്ദര്‍ഭങ്ങളില്‍ ഞാന്‍ ശ്രീബുദ്ധനെ കാണാറുണ്ട്. അദ്ദേഹത്തിന്റെ ദിവ്യവചനങ്ങള്‍ കേള്‍ക്കാറുണ്ട്. അത് കൊണ്ടാണ് പരമാവധി ഞാന്‍ ഉറങ്ങാന്‍ ശ്രമിക്കുന്നത്." അദ്ധ്യാപകന്‍ ഒരു നാണവുമില്ലാതെ മറുപടി പറഞ്ഞു.

ഒരു ദിവസം ലീയുടെ രോഗിയായ പിതാവിനെ പരിചരിക്കാന്‍ രാത്രി മുഴുവന്‍ അവന് ഉറക്കമിളച്ച് ഇരിക്കേണ്ടി വന്നു. രാത്രി ഉറക്കം നഷ്ടപ്പെട്ടതിനാല്‍ ലീ ക്ലാസ്സിലിരുന്ന് ഉറങ്ങിപ്പോയി. ക്ലാസ് കഴിയാനുള്ള മണിയടിച്ചതും അദ്ധ്യാപകന്‍ സാധാരണ പോലെ ഉണര്‍ന്നു. പാവം ലീ മണിയടി കേട്ടതേയില്ല. ഉറക്കമുണര്‍ന്ന അദ്ധ്യാപകന്‍ കാണുന്നത് നല്ല സുഖമായി കൂര്‍ക്കം വലിച്ചുറങ്ങുന്ന ലീയേയാണ്. അദ്ദേഹത്തിന് നല്ല ദേഷ്യം വന്നു. അയാള്‍ ലീയുടെ ചെവിയില്‍ പിടിച്ച് അവനെ എഴുന്നേല്‍പ്പിച്ചു.

"കള്ളത്തിരുമാലീ, നീ എന്‍റെ ക്ലാസ്സിലിരുന്ന് ഉറങ്ങുകയാണോ?" അയാള്‍ ചോദിച്ചു.

"ക്ഷമിക്കണം മാഷേ. ഞാന്‍ അറിയാതെ ഉറങ്ങിപ്പോയതാണ്. പക്ഷേ അങ്ങയെ പോലെ ഞാനും ഉറക്കത്തില്‍ ശ്രീബുദ്ധനെ കണ്ടിരുന്നു. ഞാന്‍ ബുദ്ധനോട്അ അങ്ങയെ പറ്റി ചോദിച്ചു. അദ്ദേഹം എന്നോട് ഒരു കാര്യം പ്രത്യേകം പറഞ്ഞു."

"ആഹാ, അതെന്താണ് ബുദ്ധഭഗവാന്‍ നിന്നോട് പറഞ്ഞത്" അദ്ധ്യാപകന്‍ ചോദിച്ചു.

"സർവ്വശക്തനായ ബുദ്ധൻ എന്നോട് പറഞ്ഞതെന്താണെന്നോ? എന്‍റെ  ജീവിതത്തിൽ ഒരിക്കലും ഞാൻ നിങ്ങളുടെ ഗുരുവിനെ കണ്ടിട്ടില്ല". ലീയുടെ മറുപടി കേട്ടു അദ്ധ്യാപകന്‍ ഉത്തരമില്ലാതെ നിന്നു പോയി!

Post a Comment

0 Comments