ഒരിക്കൽ ഒരു രാജാവ് രാജ്യത്തെ എല്ലാ വൃദ്ധരെയും കൊന്നുകളയുകയോ നാടുകടത്തുകയോ ചെയ്യണമെന്ന് ഉത്തരവിറക്കി. രാജാവിന്‍റെ ആജ്ഞയല്ലേ? പട്ടാളക്കാർ ഓരോ വൃദ്ധരെയും കണ്ടുപിടിച്ച് നാടുകടത്തി, എതിര്‍ത്തവരെയെല്ലാം കൊന്നൊടുക്കി.
ഏതോ ഒരു മകൻ മാത്രം തന്‍റെ വൃദ്ധപിതാവിനെ ആരും അറിയാതെ ഭൂമിക്കടിയിൽ നിലവറയുണ്ടാക്കി രക്ഷപ്പെടുത്തി.
അധികം താമസിയാതെ രാജ്യത്ത് കൊടിയ ഭക്ഷ്യക്ഷാമം തുടങ്ങി. മതിയായ ഭക്ഷണം കിട്ടാതെ ആളുകള്‍ മരണപ്പെട്ടു. ഒടുവില്‍ കൃഷി ചെയ്യാന്‍ പോലും ഒരു മണി നെല്ല് കിട്ടാതെ ജനം വലഞ്ഞു. കൃഷി ചെയ്യാനുള്ള വിത്തുകള്‍ ശേഖരിക്കാന്‍ രാജാവ് ഉത്തരവിട്ടു. പടയാളികള്‍ വീട് വീടാന്തരം കയറിയിറങ്ങി വിത്തുകള്‍ അന്വേഷിച്ചു. എവിടെ നിന്ന് കിട്ടാന്‍?
രക്ഷയില്ലാതെ വന്നപ്പോള്‍ ആളുകള്‍ രാജ്യം വിട്ടു പോകാന്‍ തുടങ്ങി. പിതാവിനെ രഹസ്യമായി പാര്‍പ്പിച്ച മകന്‍ ഒരു ദിവസം അച്ഛനെ കണ്ടു പറഞ്ഞു.
"അച്ചാ, ഇനി നാം ഇവിടെ നിന്നിട്ട് കാര്യമില്ല. ഭക്ഷണമില്ലെന്ന് മാത്രമാല്ല ഒരു ഭക്ഷ്യ ധാന്യത്തിന്റെയും വിത്ത് പോലും കിട്ടാനില്ല. അത് കൊണ്ട് പട്ടിണി കിടന്ന് മരിക്കാതെ നമുക്ക് സ്ഥലം വിടാം"
എന്നാല്‍ ആ പിതാവ് അതിന് സമ്മതിച്ചില്ല.
" നീ നാളെ തന്നെ നമ്മുടെ ഗ്രാമത്തോട് ചേർന്നുള്ള കുന്നിന്‍ താഴ്‌വരയിൽ നാളെ മുതൽ കലപ്പകൊണ്ട് ഉഴുത് എന്നും വെള്ളവും വളവും ഇടണം. അവിടെ കൃഷിചെയ്യണം."
"ഒരു തരി വിത്തില്ലാതെ എങ്ങനെയാ അച്‌ഛാ കൃഷി ചെയ്യുക.?" മകന്‍ സംശയത്തോടെ ചോദിച്ചു.
എന്നാല്‍ പിതാവ് താന്‍ പറയുന്നതു പോലെ ചെയ്യാന്‍ അവനോടു പറഞ്ഞു.
അനുസരണശീലമുള്ള ആ മകൻ താഴ്‌വാരത്തിലെ മണ്ണിനെ ഉഴുത് മറിച്ച് വെള്ളവും വളവും വിതറി. വിത്തില്ലാതെ കൃഷിചെയ്യുന്ന അവന്റെ പ്രവൃത്തി കണ്ട് അവനു ഭ്രാന്തായെന്ന് എല്ലാവരും വിശ്വസിച്ചു. ആളുകള്‍ കളിയാക്കി.പക്ഷേ മകൻ അത് കേട്ടു പിന്‍മാറിയില്ല. അവൻ അച്ചന്‍റെ വാക്ക് അക്ഷരം പ്രതി അനുസരിച്ചു.
അങ്ങിനെയിരിക്കെ ഒരു ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് മകൻ ഉഴുതുമറിച്ച ഭൂമിയിൽ നെല്ലിന്റെ പുതു നാമ്പുകള്‍ തല പൊക്കി.. നിമിഷ നേരത്തിനുള്ളില്‍ ജനം അവിടേയ്ക്ക് ഒഴുകിയെത്തി.
വിവരമറിഞ്ഞ രാജാവ് അവനെ പിടിച്ച് കൊണ്ട് വരാന്‍ പടയാളികളെ അയച്ചു.
"പടയാളികള്‍ വന്നപ്പോള്‍ നാല്‍കാതെ നെല്‍വിത്തുകള്‍ ഒളിപ്പിച്ചു വെച്ച നിനക്ക് രാജ്യദ്രോഹത്തിന് നാം വധശിക്ഷ വിധിക്കുന്നു" ഒട്ടും അമാന്തിക്കാതെ രാജാവ് ശിക്ഷ വിധിച്ചു.
മകന്‍ വേദനയോടെ പറഞ്ഞു.
"പ്രഭോ, മരിക്കുന്നതിന്‍ മുന്പ് എനിക്ക് ഒരാഗ്രഹമുണ്ട്. അങ്ങയുടെ കല്‍പന അനുസരിക്കാതെ ഞാന്‍ എന്‍റെ പിതാവിനെ എന്‍റെ വീടിന്‍റെ നിലവറയില്‍ ഒളിപ്പിച്ചു സംരക്ഷിക്കുകയായിരുന്നു. എന്‍റെ പിതാവിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ അവിടെ ഉഴുതു മരിച്ചു വെള്ളം ഒഴിച്ചത്. ഒരു വിത്ത് പോലും എന്‍റെ കയ്യിലില്ലായിരുന്നു. അവിടെ നെല്‍വിത്തുകള്‍ മുളച്ചതിന്‍റെ രഹസ്യം എന്‍റെ പിതാവില്‍ നിന്നും അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്"
ഉടന്‍ തന്നെ പിതാവിനെ പിടിച്ച് കൊണ്ട് വരുവാന്‍ രാജാവ് കല്‍പ്പിച്ചു. രാജസന്നിധിയിലെത്തിയ വൃദ്ധനോട് രാജാവ് വിത്ത് വിതക്കാതെ നെല്‍ച്ചെടികള്‍ വളര്‍ന്ന് വന്നതെങ്ങനെയാണെന്ന് അന്വേഷിച്ചു.
അദ്ദേഹം പറഞ്ഞു:
"രാജന്‍, എല്ലാ കൊല്ലവും ധാന്യങ്ങൾ നിറച്ച വണ്ടിയുമായി അയൽരാജ്യത്തേക്ക് വിൽപനയ്ക്ക് ഞങ്ങൾ പോയിരുന്നത് ആ കുന്നിന്‍റെ താഴ്‌വരയിൽ കൂടിയായിരുന്നു.ദുർഘടമായ ആ വഴിയിലൂടെ പോകുമ്പോൾ കാളവണ്ടികളുടേ ചക്രങ്ങൾ കുലുങ്ങി നെല്‍ വിത്ത് ആ മണ്ണിൽ വീണുപോകും. അത് കൊണ്ടാണ് അവിടെ ഉഴുതു മരിക്കാനും, വെള്ളമൊഴിക്കാനും ഞാന്‍ മകനോടു പറഞ്ഞത്. അവിടെ ഉറങ്ങിക്കിടക്കുന്ന വിത്തുകള്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും കിട്ടുമ്പോള്‍ മുളക്കുമെന്ന് എനിക്കറിയാമായിരുന്നു"
രാജാവ് അതിശയത്തോടെ വൃദ്ധന്‍റെ വാക്കുകള്‍ കേട്ടിരുന്നു. നാട്ടിലെ വൃദ്ധരെയെല്ലാം നാട് കടത്തിയ താന്‍ എന്തു മണ്ടത്തരമാണ് ചെയ്തതെന്ന് അദ്ദേഹം തിരിച്ചരിഞ്ഞു. വൃദ്ധപിതാവിന് കൈ നിറയെ സമ്മാനം കൊടുത്ത രാജാവ് നാട് കടത്തിയ വൃദ്ധരെയെല്ലാം തിരികെയെത്തിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
0 Comments