ചീഞ്ഞ തക്കാളികള്‍ - പ്രചോദനാത്മകമായ ഒരു കഥ

അദ്ധ്യാപിക അന്ന് തന്‍റെ കുട്ടികളോട് ആവശ്യപ്പെട്ടത് അടുത്ത ദിവസം വരുമ്പോള്‍ കുറച്ചു തക്കാളികള്‍ ഒരു കവറിലിട്ട് കൊണ്ട് വരണമെന്നായിരുന്നു.

അടുത്ത ദിവസം തന്നെ കുട്ടികള്‍ എല്ലാവരും കവറില്‍ തക്കാളികളുമായി എത്തി.

"എല്ലാവരും തങ്ങളുടെ കയ്യിലുള്ള തക്കാളികള്‍ക്ക് പേരിടണം. ആ പേര് നിങ്ങള്‍ വെറുക്കുന്ന ഒരു വ്യക്തിയുടെ പേരായിരിക്കണം! അപ്പോള്‍ നിങ്ങള്‍ എത്ര പേരെ വെറുക്കുന്നുണ്ടോ, അത്രയും തക്കാളികള്‍ നിങ്ങളുടെ കവറില്‍ ഉണ്ടായിരിക്കും." അദ്ധ്യാപിക ആവശ്യപ്പെട്ടു.


ഒന്നമ്പരന്നെങ്കിലും കുട്ടികള്‍ അതനുസരിച്ചു. പേരിടല്‍ കഴിഞ്ഞപ്പോള്‍ ചിലരുടെ കൈയില്‍ രണ്ടും, മൂന്നും, അഞ്ചും എന്തിന് പത്തിലധികം തക്കാളികള്‍ കൈവശമുള്ളവരുണ്ടായിരുന്നു. ജീവിതത്തില്‍ നമ്മള്‍ വെറുക്കുന്നവര്‍ക്കാണോ പഞ്ഞം!

"ഇനി അടുത്ത കുറെ ദിവസത്തേയ്ക്ക് നിങ്ങള്‍ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം നിങ്ങള്‍ ഈ തക്കാളികള്‍ കൊണ്ട് പോകണം." അധ്യാപിക ആവശ്യപ്പെട്ടു.

കുട്ടികള്‍ അതും അനുസരിച്ചു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ചില കുട്ടികള്‍ പരാതിപ്പെടാന്‍ തുടങ്ങി. പ്രത്യേകിച്ച് കൂടുതല്‍ തക്കാളികള്‍ കവറിലുള്ളവര്‍. അവര്‍ക്ക് തക്കാളികളുടെ ഭാരം താങ്ങാനാകുന്നതിലധികം ആയിരുന്നു. ചിലരുടെയെല്ലാം തക്കാളി ചീഞ്ഞു മണം വന്നു തുടങ്ങിയിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞതും ദുര്‍ഗന്ധം അസഹനീയമായി. കുട്ടികള്‍ ഇനി ഇത് തുടരാന്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു.

"എനിക്കറിയാം, ഇനി നിങ്ങള്‍ക്ക് ഇത് തുടരാന്‍ പറ്റില്ലെന്ന്!." അദ്ധ്യാപിക ചിരിച്ച് കൊണ്ട് പറഞ്ഞു. പിന്നെ അവര്‍ തുടര്‍ന്നു.

"ഒന്നാലോചിച്ച് നോക്കൂ. കുറച്ചു ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഈ ചീഞ്ഞ തക്കാളികള്‍ സഹിക്കാനാകാതായില്ലേ? അത് പോലെ തന്നെയല്ലേ നിങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കൊണ്ട് നടക്കുന്ന നിങ്ങള്‍ വെറുക്കുന്ന ആ വ്യക്തികളുടെ ഭാരവും. നമ്മള്‍ എപ്പോഴും എവിടേയും ആ ഭാരവും വഹിച്ചു കൊണ്ടല്ലേ ജീവിക്കുന്നത്? അത് നമ്മുടെ മനസ്സിനെ എത്ര മാത്രം മലീമസമാക്കുന്നുണ്ട്? ഈ ചീഞ്ഞ തക്കാളികളെ പോലെ അത്തരം ചീഞ്ഞ ചിന്തകള്‍ ഇനിയും കൊണ്ട് നടക്കാനാകില്ലെന്ന് നിങ്ങള്‍ക്ക് തീര്‍ത്തു പറഞ്ഞു കൂടെ? വലിച്ചെറിഞ്ഞു കൂടെ ഈ വെറുപ്പിന്‍റെ തക്കാളികളെ നിങ്ങളുടെ മനസ്സില്‍ നിന്ന്?"

Post a Comment

1 Comments