രണ്ട് പെൺകുട്ടികളും രഹസ്യനിധിയും - Two Girls and the Treasure

ഒരിക്കല്‍ ഒരിടത്ത് ഒരു കര്‍ഷകനുണ്ടായിരുന്നൂ. ഭാര്യയും ഏഴു പെണ്മക്കളുമടങ്ങുന്ന ഒരു വലിയ കുടുംബമായിരുന്നു അയാളുടേത്.

ഒരു ദിവസം സാധാരണ പോലെ അച്ഛൻ കാട്ടില്‍ വിറകു ശേഖരിക്കാൻ പോയപ്പോൾ  ഏഴ് കാട്ടുതാറാവ് മുട്ടകൾ കണ്ടെത്തി. അയാള്‍ അതെല്ലാമെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നു. മക്കൾക്ക് ഒന്നും കൊടുക്കാതെ  അവ മുഴുവന്‍ തനിക്കും ഭാര്യക്കും തിന്നാമെന്നായിരുന്നു അയാളുടെ ചിന്ത. 


വൈകീട്ട് അമ്മ മുട്ടകള്‍ പാകം ചെയ്യുന്നതിനിടയില്‍ മൂത്തമകള്‍ അമ്മയുടെ അടുത്തെത്തി അമ്മയോട് എന്താണ് പാചകം ചെയ്യുന്നതെന്ന് ചോദിച്ചു. അമ്മ പറഞ്ഞു: “ഞാൻ കാട്ടുതാറാവ് മുട്ടകൾ പാചകം ചെയ്യുകയാണ്. ഞാൻ അതിലൊന്ന് നിനക്കും തരാം, പക്ഷേ നീ നിന്‍റെ സഹോദരിമാരെ കാര്യം അറിയിക്കരുത്.” 

മൂത്തമകള്‍ അത് സമ്മതിച്ചു. അമ്മ അവള്‍ക്ക് ഒരു മുട്ട കഴിക്കാന്‍ കൊടുത്തു. അതിനിടയില്‍ രണ്ടാമത്തെ മകൾ അവിടെയെത്തി.  അവളും അമ്മയോട് എന്താണ് പാചകം ചെയ്യുന്നതെന്ന് ചോദിച്ചു. അമ്മ പറഞ്ഞു: 

“ഇത് കുറച്ചു കാട്ടുതാറാവ് മുട്ടകളാണ്. നീ നിന്‍റെ മറ്റ് സഹോദരിമാരോട് പറയില്ലെങ്കില്‍, ഞാൻ നിനക്കു ഒരെണ്ണം തരാം.” അങ്ങനെ രണ്ടാമത്തെ മകള്‍ക്കും കിട്ടി ഒരു മുട്ട!

പിന്നീട് പെൺമക്കൾ ഓരോരുത്തരായി അമ്മയുടെ അടുത്തെത്തി. എല്ലാവരോടും ഒരേ നിര്‍ദേശം കൊടുത്ത് അമ്മ ഓരോ മുട്ട നല്കി. ഒടുവിൽ  എല്ലാ മുട്ടകളും അവര്‍ കഴിച്ചു തീര്‍ത്തു. അച്ഛന്‍ വരുമ്പോള്‍ കൊടുക്കാനായി ഒന്നും അവശേഷിച്ചില്ല.

പണി കഴിഞ്ഞെത്തിയ അച്ഛന്‍ സംഭവം അറിഞ്ഞതും അതീവ കോപാകുലനായി. പെൺമക്കൾ മുട്ട മുഴുവന്‍ കഴിച്ചു തീര്‍ത്തത് അയാള്‍ക്ക് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല.

അയാള്‍ എല്ലാവരോടുമായി ചോദിച്ചു: “നിങ്ങളില്‍ ആരാണ് നാളെ രാവിലെ മുത്തശ്ശിയുടെ അടുത്തേക്ക് പോകാൻ ആഗ്രഹിക്കുന്നത്?” 

സത്യത്തില്‍ അവരെ മുത്തശ്ശിയുടെ അടുത്തേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചൊന്നുമല്ല അയാള്‍ അങ്ങിനെ ചോദിച്ചത്. കുട്ടികളെ മലമുകളിലേക്ക് കൊണ്ട് ചെന്ന് അവിടെ  ചെന്നായ്ക്കള്‍ക്ക്  ഇരയായി നാല്‍കാനുമായിരുന്നു അയാളുടെ പദ്ധതി. 

മൂത്ത പെൺമക്കൾ അച്ചന്റെ ചോദ്യം കേട്ടു ചില സംശയങ്ങള്‍ തോന്നി, അവർ പറഞ്ഞു: “ഞങ്ങൾ പോകാന്‍ ആഗ്രഹിക്കുന്നില്ല!” 

എന്നാൽ ഇളയ രണ്ട് പെൺമക്കൾ പറഞ്ഞു: “ഞങ്ങൾ വരുന്നുണ്ട് മുത്തശ്ശിയുടെ അടുത്തേയ്ക്ക്.”

 അങ്ങനെ അടുത്ത ദിവസം രാവിലെ അവർ അച്ഛനോടൊപ്പം പുറപ്പെട്ടു. കുറെ ദൂരം യാത്ര ചെയ്തപ്പോള്‍  അവർ ചോദിച്ചു: “മുത്തശ്ശിയുടെ വീടെത്താറായോ?” “ദാ, ഉടന്‍ എത്തും,” അവരുടെ അച്ഛൻ പറഞ്ഞു. 

ഒടുവില്‍ അവര്‍ മലമുകളിൽ എത്തി.  “നിങ്ങള്‍ ഇവിടെ കാത്തിരിക്കൂ. ഞാന്‍ നേരെ ഗ്രാമത്തില്‍ പോയി മുത്തശ്ശിയോട് നിങ്ങള്‍ വരുന്ന വിവരം അറിയിച്ക് വരാം.” അച്ഛന്‍ നിര്‍ദേശിച്ചു. 

പിന്നെ അയാള്‍ കഴുതവണ്ടിയുമായി യാത്രയായി. പാവം കുട്ടികള്‍ അയാള്‍ പറഞ്ഞതനുസരിച്ച് അവിടെ കാത്തിരുന്നു, പക്ഷേ വൈകുന്നേരമായിട്ടും അവരുടെ അച്ഛൻ തിരികെ വന്നില്ല. ഒടുവിൽ അവരെ കൊണ്ടുവരാൻ അവരുടെ അച്ഛൻ തിരിച്ചുവരില്ലെന്നും അയാള്‍ അവരെ മലയില്‍ തനിച്ചാക്കിയിരിക്കുകയാണെന്നും അവർക്കു മനസ്സിലായി. അങ്ങനെ അവർ അഭയം തേടി കൂടുതല്‍ കൂടുതൽ ഉയരത്തിലേയ്ക്ക് പോയി. 

കുറെ മുകളിലെത്തിയപ്പോള്‍ അവർ ഒരു വലിയ കല്ല് കണ്ടു. രാത്രി ചിലവഴിക്കാന്‍ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തിയാല്‍ അത് ഒരു തലയിണയായി ഉപയോഗിക്കാമെന്ന് അവര്‍ കരുതി.  അവര്‍ ആ കല്ല് പതിയെ ഉരുട്ടിമാറ്റി.  കല്ല് നീങ്ങിയപ്പോള്‍ ഒരു ഗുഹയുടെ വാതില്‍ അവര്‍ കണ്ടു.  ഗുഹയിൽ നല്ല വെളിച്ചം ഉണ്ടായിരുന്നു, അവർ അതിനുള്ളിലേയ്ക്ക് കയറി. അവർ കണ്ട വെളിച്ചം വന്നത് ഗുഹയിലെ പലതരത്തിലുള്ള വിലയേറിയ കല്ലുകളില്‍ നിന്നും രത്നങ്ങളില്‍ നിന്നുമായിരുന്നു.  

അവയെല്ലാം  ഒരു ചെന്നായയുടെയും കുറുക്കന്‍റെയും വകയായിരുന്നു. രാത്രിയിൽ തിളങ്ങുന്ന വിലയേറിയ കല്ലുകളും മുത്തുകളും കൊണ്ട് നിർമ്മിച്ച നിരവധി പാത്രങ്ങൾ അവരുടെ കൈവശമുണ്ടായിരുന്നു. മാത്രമല്ല, സ്വർണ്ണ എംബ്രോയ്ഡറി ചെയ്ത കവറുകളുള്ള രണ്ട് സ്വർണ്ണ കിടക്കകൾ അവിടെ ഉണ്ടായിരുന്നു.

പെൺകുട്ടികൾ പറഞ്ഞു: “ഇത് എത്ര മനോഹരമായ ഗുഹയാണ്! നമുക്ക് ഇന്ന് ഇവിടെ കിടന്നുറങ്ങാം.” അങ്ങനെ അവർ അവിടെ കിടന്നുറങ്ങി.

രാത്രിയായതും ചെന്നായയും കുറുക്കനും അവരുടെ വീട്ടിലെത്തി. ചെന്നായ പറഞ്ഞു: “എനിക്ക് മനുഷ്യ മാംസം മണക്കുന്നു!” 

കുറുക്കൻ മറുപടി പറഞ്ഞു: “അസംബന്ധം! നമ്മുടെ ഗുഹയിൽ പ്രവേശിക്കാൻ കഴിയുന്ന മനുഷ്യരില്ല. നമ്മൾ അത് നന്നായി അടച്ചു വെക്കാറില്ലെ?.” 

ചെന്നായ പറഞ്ഞു: “ശരി, നേരം കുറെയായി. നമുക്ക് നമ്മുടെ കിടക്കകളിൽ കിടന്ന് ഉറങ്ങാം.” 

 “അത് വേണ്ട, ഇന്ന് നമുക്ക് അടുപ്പിനു മുകളിലെ വലിയ കെറ്റില്‍ പാത്രങ്ങളില്‍ ചുരുണ്ടുകൂടി ഉരങ്ങാം. അടുപ്പില്‍ നിന്ന് ഇപ്പോഴും കുറച്ച് ചൂട് ലഭിക്കും.” 

ഒരു പാത്രം സ്വർണ്ണവും മറ്റേത് വെള്ളിയും ആയിരുന്നു, അവർ അവയിൽ ചുരുണ്ടുകൂടിക്കിടന്ന് ഉറങ്ങി.

പെൺകുട്ടികൾ അതിരാവിലെ എഴുന്നേറ്റപ്പോൾ, ചെന്നായയും കുറുക്കനും അവിടെ കിടക്കുന്നത് കണ്ടു.  അവർ വളരെ ഭയന്നു. ചെന്നായയ്ക്കും കുറുക്കനും വീണ്ടും പുറത്തുകടക്കാൻ കഴിയാത്തവിധം അവർ കട്ടിയുള്ള കവറുകള്‍ ഇട്ടു പാത്രങ്ങള്‍ മൂടുകയും,  അതിനു മുകളില്‍ നിരവധി വലിയ കല്ലുകൾ കൂട്ടിയിട്ട് ചെന്നായയും കുറുക്കനും പുറത്തു കടക്കാന്‍ കഴിയാത്ത വിധം ഉറപ്പിക്കുകയും ചെയ്തു. അതിനു ശേഷം അവര്‍ അടുപ്പില്‍ തീയിട്ടു. 

ചെന്നായയും കുറുക്കനും പറഞ്ഞു: “ഓ, ഇന്ന് രാവിലെ എത്ര സുഖകരമായ ചൂടാണ്! ഇതെങ്ങിനെ സംഭവിച്ചു?” എന്നാൽ താമസിയാതെ അത് അവർക്ക് സഹിക്കാൻ കഴിയാത്തത്ര ചൂടായി. അപ്പോഴാണ് ആ രണ്ട് പെൺകുട്ടികളും അവിടെയുള്ളത് അവര്‍ അറിഞ്ഞത്! അവരാണ് അവിടെ തീ കത്തിച്ചതെന്ന് അവര്‍ക്ക് മനസ്സിലായി. 

അവർ വിളിച്ചുപറഞ്ഞു: “ഞങ്ങളെ പുറത്തുവിടൂ! ഞങ്ങൾ നിങ്ങൾക്ക് ധാരാളം വിലയേറിയ കല്ലുകളും ധാരാളം സ്വർണ്ണവും നൽകും, നിങ്ങൾക്ക് ഒരു ദോഷവും വരുത്തില്ല!” എന്നാൽ പെൺകുട്ടികൾ അവരുടെ വാക്കുകൾ കേൾക്കാൻ കൂട്ടാക്കാതെ കൂടുതൽ വിറക് ചേര്‍ത്തു തീ ആളിക്കത്തിച്ചു. അതോടെ ചെന്നായയും കുറുക്കനും തീയില്‍ പെട്ട് മരിച്ചു.

പെൺകുട്ടികൾ ഗുഹയിൽ കുറേ ദിവസം സന്തോഷത്തോടെ ജീവിച്ചു. എന്നാൽ അതിനിടെ അവരുടെ അച്ഛന്‍  തന്‍റെ ദേഷ്യം ശമിച്ചതോടെ താന്‍ എന്തു പണിയാണ് ചെയ്തത് എന്നാലോചിച്ച് ദുഖിതനായി. തന്‍റെ രണ്ട് പെണ്‍മക്കളെക്കുറിച്ചുള്ള വിഷമം അയാളെ ബാധിച്ചു. അവര്‍ക്ക് എന്തു സംഭവിച്ചിരിക്കും എന്ന പേടി അയാള്‍ക്ക് സഹിക്കാനാകാതായി. ഒടുവില്‍ അവരെ അന്വേഷിച്ചു അയാള്‍ മലകളിലേക്ക് പോയി. കുറെ നേരം അന്വേഷിച്ചിട്ടും അവരെ കണ്ടെത്താനാകാതെ അയാള്‍ കൂടുതല്‍ മുകളിലേയ്ക്ക് കയറി. അങ്ങിനെ ഒടുവില അയാള്‍ ആ ഗുഹയുടെ മുന്‍പിലെത്തി. അവിടെയുള്ള ആ കല്ലിൽ വിശ്രമിക്കാൻ ഇരുന്നു. എന്നിട്ട് തന്‍റെ പൈപ്പെടുത്ത് ഒരു പുകയെടുക്കാന്‍ ഒരുങ്ങി. പൈപ്പിലെ ചാരം കളയാനായി അയാള്‍ പൈപ്പ് ആ ഗുഹയുടെ കല്ലില്‍ പതിയെ തട്ടി.

ആ ശബ്ദം കേട്ട് ഉള്ളിലുള്ള പെൺകുട്ടികൾ വിളിച്ചു ചോദിച്ചു: “ആരാണ് ഗുഹയുടെ വാതിലിൽ മുട്ടുന്നത്?”

അച്ഛൻ അത്ഭുതത്തോടെ ചോദിച്ചു: “ഇവ എന്‍റെ മക്കളുടെ ശബ്ദമല്ലേ?” 

അച്ഛന്‍റെ ശബ്ദം കേട്ടതും മക്കള്‍ രണ്ടുപേരും അത് അവരുടെ അച്ഛനാണെന്ന് തിരിച്ചറിഞ്ഞു. , അവരെ ജീവനോടെ കണ്ടതിൽ അവരുടെ അച്ഛൻ സന്തോഷിച്ചു. വിലയേറിയ കല്ലുകൾ നിറഞ്ഞ ഈ ഗുഹയിൽ അവർ യാദൃശ്ചികമായി എങ്ങിനെ എത്തിപ്പെട്ടുവെന്ന് ചിന്തിച്ചപ്പോൾ അദ്ദേഹം വളരെയധികം അത്ഭുതപ്പെട്ടു.  അവർ മുഴുവൻ കഥയും അദ്ദേഹത്തോട് പറഞ്ഞു. 

പിന്നെ അവരുടെ അച്ഛൻ വിലകൂടിയ വസ്തുക്കള്‍ എല്ലാം തന്‍റെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.  അയാള്‍ കുറെ സഹായികളുമായി വന്ന് അതെല്ലാം തന്‍റെ വീട്ടിലെത്തിച്ചു. അതോടെ വളരെ സമ്പന്നമായ ഒരു കുടുംബമായി മാറി, അവരുടെ ജീവിതാവസാനം വരെ സന്തോഷത്തോടെ ജീവിച്ചു.

Post a Comment

0 Comments