യഥാര്‍ത്ഥ ഉടമസ്ഥന്‍ - ബീര്‍ബല്‍ കഥ

ഒരിയ്ക്കല്‍ വിചിത്രമായ ഒരു തര്‍ക്കവുമായി രണ്ടു പ്രഭുക്കള്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ  അടുത്തെത്തി. ഒരു വിശേഷപ്പെട്ട കുതിരയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു അത്. പ്രത്യേക ജനുസ്സില്‍ പെട്ട ആ കുതിരയെ താന്‍ പേര്‍ഷ്യയില്‍ നിന്നും വരുത്തിയതാണ് എന്നും അതിനെ മറ്റെയാള്‍ മോഷ്ടിച്ച് കൈക്കലാക്കിയെന്നുമാണ് ആദ്യത്തെ പ്രഭു പരാതി പറഞ്ഞത്.


കുതിര തന്‍റേത് തന്നെയാണെന്നും, തന്‍റെ ലായത്തിലുള്ള നിരവധി കുതിരകളില്‍ ഒന്നു മാത്രമാണ് ഈ കുതിരയെന്നും രണ്ടാമത്തെയാള്‍ വാദിച്ചു. ഇത്ര കുതിരകള്‍ സ്വന്തമായുള്ള തനിക്ക് മറ്റൊരാളുടെ കുതിര മോഷ്ടിക്കേണ്ട ആവശ്യമില്ലെന്നും, ആദ്യത്തെയാള്‍ തനിക്കെതിറെ വെറുതെ പരാതിയുമായി വന്നിരിക്കുകയാണെന്നും അയാള്‍ ബോധിപ്പിച്ചു.

രണ്ടു പേരുടെയും വാദങ്ങള്‍ കേട്ട അക്ബര്‍ സത്യത്തില്‍ അല്പ്പം ആശയക്കുഴപ്പത്തിലായി. രണ്ടു പേരും ഉയര്‍ന്ന സ്ഥിതിയിലുള്ള, നാട്ടിലെ പേര് കേട്ട പ്രമാണിമാര്‍! ആരെ വിശ്വസിക്കണം എന്ന് അദ്ദേഹത്തിന് ഒരു പിടിയുമില്ലായിരുന്നു.കുതിര തന്‍റേതാണെന്ന് തെളിയിക്കാന്‍ ആദ്യത്തെ ആളുടെ കയ്യില്‍ ഒരു തെളിവുമില്ലായിരുന്നു. ഉടന്‍ തന്നെ അക്ബര്‍ ആ പരാതി ബീര്‍ബലിനെ ഏല്‍പ്പിച്ചു. ബീര്‍ബല്‍ അതിന് പരിഹാരം കാണുമെന്ന് അക്ബറിന് ഉറപ്പായിരുന്നു.

ബീര്‍ബല്‍ രണ്ടു പേരുടെയും വാദമുഖങ്ങള്‍ കേട്ടു. കുറച്ചു നേരം ചിന്തിച്ച ശേഷം ബീര്‍ബല്‍ പറഞ്ഞു.

"എന്തായാലും നിങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ തിരികെ പോയി നാളെ രാവിലെ വരൂ. പിന്നെ എനിക്കീ കുതിരയെ ഒന്നു കാണണം. അതിനെയും കൊണ്ട് വരാനുള്ള ഏര്‍പ്പാട് ചെയ്യൂ."

പിറ്റേദിവസം രാവിലെ രണ്ടു പേരും ബീര്‍ബലിന്റെ അടുത്തെത്തി. കുതിരയെയും നേരത്തെ തന്നെ അവിടെ എത്തിച്ചിട്ടുണ്ടായിരുന്നു. ബീര്‍ബല്‍ കുതിരയുടെ അടുത്ത് ചെന്ന് അതിനെ വിശദമായി പരിശോധിച്ചു. അതിന് ശേഷം രണ്ടാമത്തെയാളുടെ അടുത്തെത്തി ഇങ്ങിനെ ചോദിച്ചു.

"എത്ര വര്‍ഷമായി നിങ്ങള്‍ ഈ കുതിരയെ വാങ്ങിയിട്ട്?"

"ഞാനിതിനെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയതാണ്" അയാള്‍ മറുപടി നല്കി.

"അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക് ഈ കുതിരയെ പറ്റി എല്ലാം അറിയാമായിരിക്കുമല്ലോ?" ബീര്‍ബല്‍ ചോദിച്ചു

"പിന്നില്ലാതെ. അവനെ ഞാന്‍ വളരെ ശ്രദ്ധയോടെ പരിപാലിക്കുന്നതാണ്. അവനെ ഞാന്‍ മറ്റൊരാള്ക്കും കൊടുക്കാറില്ല. എന്റെ സ്വകാര്യ സവാരിക്കേ അവനെ ഞാന്‍ ഉപയോഗിക്കാറുള്ളൂ" അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു.

"എങ്കില്‍ പിന്നെ ഈ കുതിരയുടെ ഒരു കണ്ണിന് കുറച്ചു അന്ധതയുള്ളത് താങ്കള്‍ക്ക് അറിയുമായിരിക്കുമല്ലോ? ഏത് കണ്ണിനാണ് കുഴപ്പമുള്ളത് എന്ന്  താങ്കള്‍ പറയൂ. വലതു കണ്ണിനോ അതോ ഇടതു കണ്ണിനോ?" ബീര്‍ബല്‍ ചോദിച്ചു.

അയാള്‍ കുറച്ചു സമയം ഒന്നും മിണ്ടാതെ നിന്നു. അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മറുപടി പറയാന്‍ അയാള്‍ ഒന്നു മടിച്ചു. പിന്നെ ദൂരെ കെട്ടിയിട്ടിരിക്കുന്ന കുതിരയെ ഒന്നു നോക്കികൊണ്ട് അയാള്‍ പറഞ്ഞു.

"അത് പിന്നെ... വലതു കണ്ണിന്!"

ബീര്‍ബല്‍ കുതിരയെ അടുത്തേയ്ക്ക് കൊണ്ട് വന്നു. എന്നിട്ട് അതിനേ അയാളുടെ അഭിമുഖമായി നിറുത്തി.
"വലതു കണ്ണിനോ? താങ്കള്‍ക്ക് ഉറപ്പാണോ?" ബീര്‍ബല്‍ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു. 

കുതിരയുടെ ഒരു കുഴപ്പവുമില്ലാത്ത വലത്തെ കണ്ണിലേയ്ക്ക് നോക്കി കൊണ്ട് അയാള്‍ പെട്ടെന്ന് പറഞ്ഞു.
"അല്ല ഹുസൂര്‍, ഞാന്‍ ഉദ്ദേശിച്ചത് എന്‍റെ വലതു വശത്തെ കണ്ണിനെന്നാണ്. അതായത് കുതിരയുടെ ഇടതു കണ്ണിനാണ് കുഴപ്പം!" 

ബീര്‍ബല്‍ കുതിരയുടെ ഇടത്തെ കണ്ണ് അയാള്‍ കാണത്തക്ക വിധം അതിനെ നിറുത്തി.  കുതിരയുടെ രണ്ടു കണ്ണിനും ഒരു കുഴപ്പവുമില്ലായിരുന്നു. എല്ലാവര്ക്കും സത്യം ബോധ്യപ്പെട്ടു.

തെറ്റുകാരനായ വ്യക്തി ബീര്‍ബലിനോട് മാപ്പ് ചോദിച്ചു. എന്നാല്‍ അയാളെ അങ്ങനെ വെറുതെ വിടാന്‍ ബീര്‍ബല്‍ തയ്യാറല്ലായിരുന്നു. നല്ലൊരു തുക കുതിരയുടെ യഥാര്‍ത്ഥ ഉടമസ്ഥനും, മറ്റൊരു കനത്ത തുക ഖജനാവിലേയ്ക്ക് പിഴയായും അടക്കാന്‍ ബീര്‍ബല്‍ ഉത്തരവിട്ടു.

Post a Comment

0 Comments