ആകാശം ഇത്ര ഉയരത്തിലായതെങ്ങനെ? - ബംഗാളി നാടോടിക്കഥ

 എത്ര ഉയരത്തിലാണ് ആകാശം, അല്ലേ കൂട്ടുകാരേ? പക്ഷേ പണ്ട് ആകാശം ഇത്ര ഉയരത്തിലായിരുന്നില്ലത്രേ! ഒരു ചെറിയ കസേരയില്‍ നിന്ന് കയ്യെത്തിച്ചാല്‍ കൊച്ചു കൂട്ടുകാര്‍ക്ക് പോലും കയ്യെത്തിക്കാവുന്ന ദൂരത്തിലായിരുന്നത്രേ ആകാശം. അപ്പോള്‍ നിങ്ങള്‍ ചോദിക്കും പിന്നെന്താണ് സംഭവിച്ചതെന്ന്! ഈ ബംഗാളി നാടോടിക്കഥ വായിച്ചു നോക്കൂ.


പണ്ട് പണ്ട്, എന്നു വെച്ചാല്‍ വളരെ പണ്ട്, അങ്ങ് ദൂരെ ഒരു ചെറുഗ്രാമത്തില്‍ ഒരമ്മൂമ്മ ജീവിച്ചിരുന്നു. വയസ്സായി നടുവൊക്കെ വളഞ്ഞു കൂനികൂടിയ ഒരമ്മൂമ്മ. ആ ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായിരുന്നു കേട്ടോ നമ്മുടെ അമ്മൂമ്മ! എന്ന് വെച്ച് അവരങ്ങിനെ അടങ്ങിയൊതുങ്ങി ഇരിക്കുകയൊന്നുമില്ല കേട്ടോ! പിന്നെയോ? എപ്പോഴും എന്തെങ്കിലുമൊക്കെ അടിച്ചും തുടച്ചുമൊക്കെ അങ്ങിനെ പണിയെടുത്ത് നടക്കും.

"എന്തോരം പണിയാ ചെയ്യാന്‍ കിടക്കുന്നത്!" അമ്മൂമ്മ എപ്പോഴും പിറുപിറുത്ത് കൊണ്ടേയിരിക്കും.

ഒരു ദിവസം അമ്മൂമ്മ തന്‍റെ കുടില്‍ അടിച്ചു വാരാന്‍ തുടങ്ങി. നല്ല വേനല്‍ക്കാലമായതിനാല്‍ അവിടമാകെ പൊടിയാണ്. അമ്മൂമ്മ ഒരു പണി തുടങ്ങിയാല്‍ പിന്നെ അറിയാമല്ലോ, അതങ്ങ് വെടിപ്പായി ചെയ്യും. അങ്ങിനെ അമ്മൂമ്മ വീടിനകം ഒരു ചൂലെടുത്ത് തൂത്തുവാരി തുടങ്ങി. ഛന്നം, പിന്നം ഇടം വലം തൂത്തുവാരികൊണ്ടേയിരുന്നു. തറയിലെ പൊടി മുഴുവന്‍ മുകളിലേയ്ക്കുയരാന്‍ തുടങ്ങി. അകം തൂത്തുവാരിക്കഴിഞ്ഞപ്പോള്‍ അമ്മൂമ്മ പുറത്തേക്കിറങ്ങി മുറ്റം വൃത്തിയാക്കാന്‍ തുടങ്ങി. 

ഛന്നം, പിന്നം ഇടം വലം നിറുത്താതേയുള്ള അമ്മൂമ്മയുടെ മുറ്റമടി തുടര്‍ന്നതും ആ ഭാഗമാകെ പൊടി കൊണ്ട് നിറഞ്ഞു. പതിയെ പതിയെ പൊടി മേലോട്ടുയര്‍ന്നു. നിമിഷ നേരത്തിനുള്ളില്‍ ആര്‍ക്കും ഒന്നും കാണാന്‍ പറ്റാത്തവിധം പൊടി നിറഞ്ഞു. പക്ഷേ അമ്മൂമ്മയുണ്ടോ നിര്‍ത്തുന്നു. അവര്‍ വീണ്ടും വീണ്ടും മുറ്റമടിച്ചു കൊണ്ടേയിരുന്നു.

അധികം താമസിയാതെ പൊടി ആകാശത്തിലെത്തി. ഓര്‍മ്മയുണ്ടല്ലോ ആകാശം കയ്യെത്തും ദൂരത്തായിരുന്നു അന്നൊക്കെ! പാവം ആകാശത്തിന്‍റെ മൂക്കിലും വായിലും ഒക്കെ പൊടി കയറി. ഒടുക്കം ഒരു രക്ഷയുമില്ലാതായതും...

ആങ്ചീ!!! ആകാശം ഉറക്കെ ഒന്നു തുമ്മി. സാധാരണ തുമ്മലൊന്നുമല്ല. ഗ്രാമം മുഴുവന്‍ ഞെട്ടി വിറച്ച ഇടിവെട്ടും പോലെ ഒരു തുമ്മല്‍! ആളുകള്‍ ഭയന്ന് ഓടിയൊളിച്ചു. നമ്മുടെ അമ്മൂമ്മ മാത്രം ഒരു കുലുക്കവുമില്ലാതെ തന്‍റെ പണി തുടര്‍ന്നു. ഒരു പാട് വയസ്സായതല്ലേ, ചിലപ്പോള്‍ ചെവി കേള്‍ക്കാത്തത് കൊണ്ടായിരിക്കും!

പൊടിയുടെ ശല്യം സഹിക്കാനാകാതെ ആകാശം വീണ്ടും തുമ്മി. തുമ്മി തുമ്മി ആകാശത്തിന്‍റെ കണ്ണില്‍ വെള്ളം നിറഞ്ഞു. ആകാശത്തിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ അടര്‍ന്ന് താഴെ ഭൂമിയിലേയ്ക്ക് വീണു. താന്‍ തൂത്ത് കൊണ്ടിരുന്ന മണ്ണില്‍ ഒരു വലിയ മഴത്തുള്ളി വീണപ്പോഴാണ് അമ്മൂമ്മ ഞെട്ടി മുകളിലേയ്ക്ക് നോക്കിയത്. അവര്‍ ആ മഴത്തുള്ളി തട്ടിത്തെറിപ്പിച്ച് കളഞ്ഞു.  എന്നാല്‍ പിന്നേയും പിന്നേയും മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി. എത്ര തട്ടിത്തെറിപ്പിച്ചിട്ടും മഴത്തുള്ളികള്‍ വീണു കൊണ്ടേയിരുന്നു.

അമ്മൂമ്മയ്ക്ക് കലശലായ ദേഷ്യം വന്നു. അവര്‍ ആകാശത്തോട് ദേഷ്യപ്പെട്ടു. തന്‍റെ മുറ്റത്ത് വെള്ളം വീഴ്ത്തരുതെന്ന് അവര്‍ ആകാശത്തെ ഭീഷണിപ്പെടുത്തി. പാവം ആകാശം എന്തു ചെയ്യാന്‍? അതിന് പൊടിയും തുമ്മലും കാരണം കരച്ചില്‍ നിറുത്താന്‍ പറ്റെണ്ടെ?

അമ്മൂമ്മയ്ക്ക് ദേഷ്യം കൊണ്ട് കണ്ണ് കാണാതായി. അവര്‍ ചൂലെടുത്ത് ആകാശത്തിനിട്ട് വീശി ഒരു അടി വെച്ച് കൊടുത്തു. അമ്മൂമ്മയുടെ അടിയില്‍ നിന്നും രക്ഷപ്പെടാന്‍ ആകാശം മുകളിലേയ്ക്ക് ചാടി. അമ്മൂമ്മയുണ്ടോ വിടുന്നു! അവര്‍ വീണ്ടും വീണ്ടും ചൂലെടുത്ത് വീശിയടിച്ചു.

പാവം ആകാശം! അതിന് നില്‍ക്കക്കള്ളിയില്ലാതായി. പൊടിയും, തുമ്മലും സഹിക്ക വയ്യാതെ പൊരുതി മുട്ടിയിരിക്കുമ്പോഴാണ് അമ്മൂമ്മയുടെ വക അടി! ആകാശം പിന്നെയൊന്നും ചിന്തിച്ചില്ല! തുമ്മിയും ചീറ്റിയും, ഇടിവെട്ടും മഴയുമായി അത് മുകളിലേയ്ക്ക് പറന്നുയര്‍ന്നു. പറന്ന്, പറന്ന്, പറന്ന് അമ്മൂമ്മയുടെ കയ്യെത്തും ദൂരത്തിനും മുകളില്‍, അതിനും മുകളില്‍, അതിനും മുകളില്‍ എത്തും വരെ ആകാശം ഉയര്‍ന്നുയര്‍ന്ന് പോയി. അമ്മൂമയുടെ ചൂലും, മുറ്റത്തെ പൊടിയും എത്താത്ത ഉയരത്തിലെത്തിയ ആകാശം ഇനിയേതായാലും താഴോട്ടില്ലെന്ന് തീരുമാനിച്ചു.

അങ്ങിനെയാണത്രേ ആകാശം അങ്ങുയരത്തിലായത്!

Post a Comment

0 Comments