ഓര്‍ഫിയസിന്‍റെയും യൂറിഡിസിന്‍റെയും കഥ - ഗ്രീക് ഐതിഹ്യ കഥ

പണ്ട് ഗ്രീസിൽ ഓർഫിയസ് എന്ന മഹാനായ ഒരു സംഗീതജ്ഞൻ ജീവിച്ചിരുന്നു. അപ്പോളോ ദേവന്റെ പുത്രനായ അദ്ദേഹത്തിന് അപ്പോളോ ദേവന്‍ കൊടുത്ത ഒരു കിന്നരമുണ്ടായിരുന്നു. 

"ശത്രുക്കളും, മൃഗങ്ങളുമൊന്നും തന്നെ നിന്‍റെ സംഗീതത്തെ എതിര്‍ക്കാന്‍ സാധിക്കില്ല!"  എന്നൊരു അനുഗ്രഹം അപ്പോളോ ഓര്‍ഫീയസിന് നല്കിയിരുന്നു. 


ലോകത്തില്‍ ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ സംഗീതം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞിരുന്നു. അദ്ദേഹം തന്റെ ഗീതങ്ങൾ വായിക്കുമ്പോൾ  പക്ഷികൾ പോലും അത് കേള്‍ക്കാനായി ജനലരികില്‍ വരുമായിരുന്നു.

ഓർഫിയസിന്റെ  ഭാര്യയായിരുന്നു യൂറിഡിസ്. ഓർഫിയസും യൂറിഡിസുമായി അഗാധമായ പ്രണയത്തിലായിരുന്നു.  വിവാഹ സമയം അവരെ അനുഗ്രഹിക്കാനെത്തിയ വിവാഹങ്ങളുടെ ദേവനായ ഹൈമന്‍ അവരുടെ പ്രണയം അധിക കാലം നീണ്ടു നില്‍ക്കില്ല എന്ന് പ്രവചിച്ചിരുന്നു 

ഒരു ദിവസം, യൂറിഡിസ് കാട്ടിൽ പൂക്കൾ പറിക്കുമ്പോൾ, ഒരു പാമ്പ് അവളെ കടിച്ചു. നിര്‍ഭാഗ്യവശാല്‍ അവള്‍ ഉടനെ മരണപ്പെട്ടു. തന്‍റെ പ്രിയപ്പെട്ട ഭാര്യയുടെ മരണത്തോടെ. ഓർഫിയസിന്റെ ജീവിതം പൂർണ്ണമായും മാറി. തീവ്ര ദുഖത്തില്‍ മുഴുകിയ അദ്ദേഹം അതോടെ തന്‍റെ സംഗീതം തന്നെ മറന്ന സ്ഥിതിയായി. അധികം വൈകാതെ ഓർഫിയസ് ഒരു തീരുമാനമെടുത്തു. 

"ഞാന്‍ പാതാള ദേവനായ ഹെയ്ഡ്സിന്‍റെ അടുത്ത് പോയി എന്റെ യൂറിഡീസിനെ തിരികെ കൊണ്ട് വരും" അദ്ദേഹം ദൃഢനിശ്ചയം ചെയ്തു.

പാതാളത്തിലേയ്ക്ക് പോകുക എന്നത് തികച്ചും ദുഷ്കരമായ കാര്യമാണ്. പാതാളത്തില്‍ ചെന്ന ആരും ഇത് വരെ തിരികെ ചെന്ന ചരിത്രമില്ല. ഓർഫിയസിന്‍റെ തീരുമാനമറിഞ്ഞ കൂട്ടുകാര്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ ഓർഫിയസ്  തന്‍റെ കിന്നരവുമായി യാത്ര പുറപ്പെട്ടു.

കുറെ നാളത്തെ യാത്രക്ക് ശേഷം ഓർഫിയസ്  മരണ നദിയുടെ തീരത്തെത്തി. തന്നെ മറുകരയിലേയ്ക്ക് എത്തിക്കാന്‍ ഓർഫിയസ്  തോണിക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ മരിച്ചവര്‍ക്ക് മാത്രമേ പാതാളത്തിലേയ്ക്ക് പോകാന്‍ സാധിക്കൂ എന്ന് പറഞ്ഞു തോണിക്കാരന്‍ ഓർഫിയസിന്‍റെ അഭ്യര്‍ഥന നിരസിച്ചു. നിരാശനാകാതെ ഓർഫിയസ്  തന്‍റെ കിന്നരമെടുത്ത് ഒരു മനോഹരമായ ഗാനം വായിക്കാന്‍ തുടങ്ങി. ആ ഗാനത്തില്‍ ആകൃഷ്ടനായ തോണിക്കാരന്‍ ഓർഫിയസിനെ മറുകരയെത്തിക്കാമെന്ന് സമ്മതിച്ചു.

അങ്ങിനെ ഓർഫിയസ്  മറുകരയിലുള്ള പാതാളത്തിന്റെ കവാടത്തിലെത്തി. പാതാളത്തിന്റെ കവാടം കാക്കുന്നത് മൂന്നു തലയുള്ള സെര്‍ബസ് എന്ന ഒരു നായയാണ്! സെര്‍ബസിനെ കടന്ന് പാതാളലോകത്തേയ്ക്ക് കടക്കുന്ന കാര്യം സാധാരണ മനുഷ്യനാല്‍ അസാധ്യമാണ്. ഓർഫിയസ്  വീണ്ടും തന്‍റെ കിന്നരമെടുത്ത് സംഗീതമാലപിക്കാന്‍ തുടങ്ങി. ആ മാസ്മരിക സംഗീതത്തില്‍ മുഴുകിയ സെര്‍ബസ് ഓർഫിയസിനെ പതാളകവാടം കടന്ന് അകത്തേയ്ക്ക് പോകാന്‍ അനുവദിച്ചു.

പാതാള രാജാവായ ഹെയ്ദ്സുമ് രാജ്ഞിയായ പെര്‍സഫോണും അവിടേയ്ക്ക് കടന്ന് ചെന്ന ഓർഫിയസിനെ കണ്ടു അമ്പരന്നു പോയി. 

"കേവലമൊരു മനുഷ്യനായ നീ എങ്ങിനെയാണ് ഇവിടെയ്ക്കെത്തിയത്? എന്താണ് നിനക്കിവിടെ കാര്യം?" ഹെയ്ഡ്സ് ചോദിച്ചു.

ഓർഫിയസ്  ഉടന്‍ തന്നെ തന്‍റെ കിന്നരമെടുത്ത് സംഗീതം ആലപിക്കാന്‍ തുടങ്ങി. ആ മാസ്മരിക സംഗീതത്തിലെ വലയത്തിലകപ്പെട്ട  ഹെയ്ദ്സിനോടും പെര്‍സഫോണിനോടും ഓർഫിയസ്  തന്‍റെ ഭാര്യയായ യൂറിഡിസിനെ വിട്ടു തരണമെന്ന് അഭ്യര്‍ത്ഥിച്ചു.

മനോഹരമായ ആ സംഗീതത്തില്‍ ആകൃഷ്ടരായിരുന്ന ഹെയ്ഡ്സ് ഓർഫിയസിന്‍റെ യൂറിഡിസിനോടുള്ള അഗാധമായ പ്രണയത്തില്‍ മതിപ്പ് തോന്നി യൂറിഡീസിനെ വിട്ടു കൊടുക്കാമെന്ന് സമ്മതിച്ചു.

"എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്. ഞാന്‍ യൂറിഡീസിനെ മോചിപ്പിക്കാം.  യൂറിഡിസ് നിന്നെ ഭൂമിയിലേയ്ക്ക് അനുഗമിക്കും. ഭൂമിയിലേയ്ക്കെത്തും വരെ നീ ഒരിയ്ക്കലും അവളെ തിരിഞ്ഞു നോക്കരുത്" ഹെയ്ഡ്സ് നിര്‍ദ്ദേശിച്ചു.

ഓർഫിയസ്   ആ വ്യവസ്ഥ സമ്മതിച്ചു. ഹെയ്ഡ്സ് ദേവന്‍ പറഞ്ഞത് പ്രകാരം ഓർഫിയസ്   ഭൂമിയിലേയ്ക്ക് തിരിച്ച് യാത്ര പുറപ്പെട്ടു. തിരിഞ്ഞു നോക്കാതെയുള്ള യാത്ര.

നടന്ന് നടന്ന് ഓർഫിയസ്  ഭൂമിയിലേയ്ക്കുള്ള കവാടത്തിനരികിലെത്തി. പുറത്തു ഭൂമിയിലെ വെളിച്ചം കാണാം. പുറത്തേയ്ക്ക് കടക്കും മുന്‍പ് ഹെയ്ഡ്സ് ദേവന്‍ പറഞ്ഞത് ശരി തന്നെയോ, തന്‍റെ പുറകില്‍ യൂറിഡിസ് വരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനായി ഓർഫിയസ്   തിരിഞ്ഞു നോക്കി.

പെട്ടെന്ന് ഒരു പ്രകാശം വന്ന് യൂറിഡീസിനെ മൂടുകയും, അവളെ ആ പ്രകാശം തിരികെ പാതാളത്തിലേയ്ക്ക് വലിച്ചു കൊണ്ട് പോകുകയും ചെയ്തു.

"ഓർഫിയസ് ! ഞാനങ്ങയെ സ്നേഹിക്കുന്നു!" പാതാളത്തിലേയ്ക്ക് തിരികെ വലിക്കപ്പെടവേ യൂറിഡീസിനെ ശബ്ദം ഓർഫിയസ്  അവ്യക്തമായി  കേട്ടു,

പിന്നീടൊരിക്കല്‍ കൂടി പാതാളത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഓര്‍ഫിയസിന് കഴിയുകയില്ലായിരുന്നു, 

താന്‍ വ്യവസ്ഥ ലംഘിച്ചത് മൂലം യൂറിഡീസിനെ നഷ്ടപ്പെടല്ലോ എന്ന  വ്യഥയോടെ ഓർഫിയസ്  ഒരു മരണ ഗീതം ആലപിച്ചു. മരണശേഷം യൂറിദീസുമായി ഒത്തു ചേരാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അധികം താമസിയാതെ ഓര്‍ഫിയസ് മരണപ്പെട്ടു യൂറിഡിസുമായി ഒത്തു ചേര്‍ന്നു.





Post a Comment

0 Comments