നെപ്പോളിയന്‍റെ കൈരേഖ

  കൂട്ടുകാര്‍ നെപ്പോളിയൻ ബോണപ്പാർട്ടിനെ കുറിച്ച് കേട്ടു കാണുമല്ലോ? ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്ന നെപ്പോളിയൻ ലോകത്തിലെ ഏറ്റവും മികച്ച പട്ടാളമേധാവികളിലൊരാൾ എന്ന് അംഗീകരിക്കപ്പെട്ട വ്യക്തിയാണ്. "അസാധ്യമായി ഒന്നുമില്ല" എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. നെപ്പോളിയന്റെ ബാല്യത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. അവയിലൊന്നാണ് ഇവിടെ പറയുന്നത്.



ഒരു ദിവസം നെപ്പോളിയൻ സ്കൂളിൽ പോകുമ്പോൾ ഒരു ആൽമരചുവട്ടിൽ വലിയ ഒരു ആൾക്കൂട്ടം കണ്ടു. ആള്‍ക്കൂട്ടം കണ്ടാല്‍ ആര്‍ക്കുമുണ്ടാകുന്നത് പോലെ ഒരു ആകാംക്ഷ നെപ്പോളിയനുമുണ്ടായി. അവന്‍ വേഗം അങ്ങോട്ട് ചെന്ന് എത്തി നോക്കി.

അവിടെ ഒരു കൈനോട്ടക്കാരൻ ഭാവി, ഭൂതം, വർത്തമാനം എന്നിവ പറയുന്നു. ആളുകള്‍ തങ്ങളുടെ കൈ നീട്ടി ഭാവി അറിയാന്‍ തിക്കിത്തിരക്കുന്നു.

അവസരം കിട്ടിയയ്ത്തും നെപ്പോളിയൻ ആകാംക്ഷയോടെ തന്‍റെ കൈ നീട്ടി ചോദിച്ചു. 

"ഞാൻ ഒരു ചക്രവർത്തി ആകുമോ"?

കൈനോട്ടക്കാരൻ നെപ്പോളിയന്‍റെ കൈ വിശദമായി പരിശോധിച്ച ശേഷം വിഷമത്തോടെ പറഞ്ഞു. 

"ചക്രവർത്തി ആകാൻ ഉള്ള ഒരു രേഖയും ഈ കൈകളിൽ ഞാന്‍ കാണുന്നില്ല."

"അതെവിടെയാണ് ചക്രവര്‍ത്തിയാകാനുള്ള രേഖ ഉണ്ടാകുക?" നെപ്പോളിയന്‍ ചോദിച്ചു.

കൈ നോട്ടക്കാരന്‍ അവന്‍റെ കൈവെള്ളയില്‍ ഒരു വര വരച്ചു കൊണ്ട് കാണിച്ചു.

"ഇതാ ഇവിടെ!" 

നെപ്പോളിയൻ പിന്മാറിയില്ല. തൊട്ടടുത്ത് ഇരുന്ന ചെറിയ കത്തി എടുത്ത് തന്‍റെ കൈവെള്ളയിൽ കൈ നോട്ടക്കാരന്‍ കാണിച്ചു കൊടുത്ത ഭാഗത്ത് വരഞ്ഞിട്ട് ചോദിച്ചു. 

"ഇതാ ഇനി പറയൂ, ഈ വരകൊണ്ട് ഞാൻ ചക്രവർത്തി ആകുമോ "?

കൈനോട്ടക്കാരൻ പറഞ്ഞു. 

"ലോകത്തിൽ ഒരു ശക്തിക്കും നീ ചക്രവർത്തി ആകുന്നത് തടയാൻ ആകില്ല. കാരണം ഈ വര വരച്ചത് നീയാണ്"

Post a Comment

0 Comments