ഭാവി പ്രവചിക്കുന്നയാള്‍!

കൈ നോക്കിയും, മുഖം നോക്കിയും, നക്ഷത്രങ്ങളെ നോക്കിയുമൊക്കെ ഭാവി പ്രവചിക്കുന്നവരെ കണ്ടിട്ടില്ലേ? ഇത് അത്തരത്തില്‍ നക്ഷത്രങ്ങളെ നോക്കി ഭാവി പ്രവചിച്ചിരുന്ന ഒരാളുടെ കഥയാണ്. വളരെക്കാലം മുന്‍പ് ഒരു ചെറിയ ഗ്രാമത്തിലാണ് നമ്മുടെ പ്രവാചകന്‍ ജീവിച്ചിരുന്നത്.  ഭാവി അറിയാനും, എളുപ്പത്തില്‍ ധനം കൈവരാനുള്ള കുറുക്കുവഴികള്‍ തേടിയും ആളുകള്‍ അയാളുടെ അടുത്ത് ചെല്ലുമായിരുന്നു. (ശാസ്ത്രം ഒരു പാട് പുരോഗമിച്ച ഈ യുഗത്തിലും ഇത്തരക്കാരെ തേടി ചെല്ലുന്നവര്‍ കുറവല്ലല്ലോ?)

എന്തായാലും തന്‍റെ അടുത്തെത്തുന്നവരെ ഗ്രഹനില നോക്കി ഭാവി പ്രവചിക്കാന്‍ ആള്‍ മിടുക്കനായിരുന്നു. ഗ്രാമവാസികളില്‍ ചിലര്‍ക്കെങ്കിലും അയാളുടെ തട്ടിപ്പ് വിദ്യകള്‍ അറിയാമായിരുന്നു.



ഒരു സന്ധ്യാസമയം നമ്മുടെ പ്രവാചകന്‍ എങ്ങോ പോയി തിരികെ തന്‍റെ ആശ്രമത്തിലേയ്ക്ക് വരികയായിരുന്നു. പതിവ് പോലെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഭാവിയില്‍ നടക്കാനിരിക്കുന്നതെന്തെന്ന് തേടിക്കൊണ്ടാണ് കക്ഷി നടന്നിരുന്നത്. നക്ഷത്രങ്ങളുടെ സ്ഥാനവും നോക്കി നടക്കുന്നതിനിടയില്‍ താഴെ വഴിയിലുള്ള വലിയ കുഴി അയാള്‍ കണ്ടില്ല. 

"പ്ധിം!" ദാ കിടക്കുന്നു നമ്മുടെ പ്രവാചകന്‍ കുഴിയില്‍. ആകെ ചെളി നിറഞ്ഞ കുഴിയില്‍ നിന്നും കര കയറാനാകാതെ അയാള്‍ കുഴഞ്ഞു.

"ആരെങ്കിലും ഓടി വരണേ! രക്ഷിക്കണേ!" അയാള്‍ ഉറക്കെ വിളിച്ച് പറഞ്ഞു.

കുറെ സമയം അയാള്‍ സഹായത്തിനായി ഉറക്കെ വിളിച്ച് കരഞ്ഞു. ഒടുവില്‍ ഗ്രാമവാസികളില്‍ ആരൊക്കെയോ അയാളുടെ കരച്ചില്‍ കേട്ട് ഓടിയെത്തി. അതില്‍ ഒരാള്‍ എറിഞ്ഞു കൊടുത്ത വള്ളിയില്‍ പിടിച്ച് തൂങ്ങിയ അയാളെ എല്ലാവരും ചേര്‍ന്ന് കരയ്ക്ക് വലിച്ചു കയറ്റി.

"എന്തു പറ്റി? എങ്ങിനെയാണ് അങ്ങ് കുഴിയില്‍ വീണത്?" ആരോ ചോദിച്ചു.

"ഞാന്‍ ആ കുഴി കണ്ടില്ലായിരുന്നു!" പ്രവാചകന്‍ മറുപടി പറഞ്ഞു.

"സ്വന്തം കാല്‍ച്ചുവട്ടില്‍ ഉള്ള കുഴി കാണാത്ത ആളാണോ ഭാവിയില്‍ എന്തു നടക്കാന്‍ പോകുന്നെന്ന് പ്രവചിക്കുന്നത്? നാണമില്ലല്ലോടോ തനിക്ക്?" ഒരാള്‍ ചോദിച്ചു.

പ്രവാചകന്‍ കുഴിയില്‍ വീണ കഥ നാട്ടില്‍ പാട്ടായതോട് കൂടി അയാളുടെ വരുമാനം നിലച്ചു. ആരെങ്കിലും ഭാവി അറിയാന്‍ വന്നിട്ട് വേണ്ടേ? അതോടെ അയാള്‍ ആ ഗ്രാമം വിട്ടു.

Post a Comment

0 Comments