മൂന്നു ചോദ്യങ്ങള്‍ - ഒരു സോക്രട്ടീസ് കഥ

ലോകം ആദരിക്കുന്ന ഒരു ഗ്രീക്ക് തത്വചിന്തകനാണ് സോക്രട്ടീസ്, അദ്ദേഹതിനെക്കുറിച്ചുള്ള  ഒരു കഥയാണ് ഇത്തവണ.

ഒരിയ്ക്കല്‍ ഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്"

എന്താണ് കാര്യം എന്ന് തിരക്കിയ സോക്രട്ടീസിനോട് അയാള്‍ പറഞ്ഞു.



"താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ട ഒരു കാര്യമാണ്."

അയാള്‍ തുടര്‍ന്ന് എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ സോക്രട്ടീസ് അയാളെ തടഞ്ഞു കൊണ്ട് ചോദിച്ചു.

"കാര്യം പറയുന്നതിന് മുന്‍പ് എനിക്കു താങ്കളോട് മൂന്ന് കാര്യങ്ങള്‍ ചോദിക്കാനുണ്ട്. അതിന് തൃപ്തികരമായ മറുപടി താങ്കള്‍ തന്നാല്‍ ഞാന്‍ താങ്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാം"

"അതിനെന്താ? ചോദിച്ചോളൂ" സുഹൃത്ത് പറഞ്ഞു.

"എന്‍റെ ആദ്യത്തെ ചോദ്യം താങ്കള്‍ പറയാന്‍ പോകുന്ന കാര്യത്തിന്റെ സത്യാവസ്ഥയെക്കുറിച്ചാണ്. താങ്കള്‍ പറയാൻ പോകുന്നത് സത്യമാണെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ?"

"അതില്ല. ഞാൻ അത് മറ്റൊരാള്‍ പറഞ്ഞുകേട്ടതാണ്."

"ശരി, അടുത്ത ചോദ്യം. നിങ്ങൾ പറയാൻ പോകുന്നത് ഒരു നന്‍മയുള്ള അല്ലെങ്കില്‍ നല്ല ഒരു കാര്യമാണോ?"

"അതുമല്ല. എനിക്കു പറയാനുള്ളത് അത്ര നല്ല കാര്യമല്ല."

"രണ്ടു ചോദ്യത്തിനും നിങ്ങള്‍ നല്കിയ മറുപടി തൃപ്തികരമല്ല. എന്നിരുന്നാലും ഒരു അവസരം കൂടിയുണ്ട്.   എന്‍റെ മൂന്നാമത്തെ ചോദ്യത്തിനെങ്കിലും തൃപ്തികരമായ ഒരു മറുപടി നല്കിയാല്‍  നിങ്ങൾക്ക് അതെന്നോട് പറയാം" സോക്രട്ടീസ് പറഞ്ഞു

"ശരി. എന്താണ് മൂന്നാമത്തെ ചോദ്യം?" സുഹൃത്ത് അക്ഷമനായി ചോദിച്ചു.

"മൂന്നാമത്തെ ചോദ്യം ഇതാണ് , നിങ്ങള്‍ എന്നോടു ഇപ്പോള്‍ പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ, നിങ്ങൾക്കോ, അതോ മറ്റ് വല്ലവര്‍ക്കുമോ എന്തെങ്കിലും ഗുണമോ പ്രയോജനമോ ഉണ്ടാകാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? "

"ഒരിക്കലുമില്ല. അത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല". സുഹൃത്ത് പറഞ്ഞു.

"എങ്കിൽ പിന്നെ താങ്കള്‍ അത് പറയാതിരിക്കുന്നതല്ലേ നല്ലത്. സത്യമെന്ന് താങ്കള്‍ക്ക് ഒരു ബോധ്യവുമില്ലാത്ത, അത്ര നല്ലതല്ലാത്ത, ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത ഒരു കാര്യം പറഞ്ഞു നാം രണ്ടുപേരും നമ്മുടെ സമയം മിനക്കേടുത്തേണ്ട ആവശ്യമുണ്ടോ?"

സോക്രട്ടീസിന്റെ ചോദ്യത്തിന് സുഹൃത്തിന് ഉത്തരമില്ലായിരുന്നു.

കൂട്ടുകാര്‍ക്ക് എന്തു തോന്നുന്നു? നാം എത്ര സമയമാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി വെറുതെ കളയുന്നതല്ലേ? വാട്സാപ്പിലും മറ്റും വരുന്ന നുണക്കഥകളും, അപവാദങ്ങളുമെല്ലാം ഒരു കാര്യവുമില്ലാതെ പ്രചരിപ്പിക്കുന്നതില്‍ എത്ര ഉത്സാഹമാണ് നമുക്ക്. അത് കൊണ്ട് എന്തും പറയുന്നതിനും കേള്‍ക്കുന്നതിനും മുന്‍പ് സോക്രട്ടീസിന്റെ ഈ മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കാം, അല്ലേ?

Post a Comment

0 Comments