ഒരിടത്ത് ദരിദ്രരായ ഒരു കര്‍ഷക കുടുംബം ജീവിച്ചിരുന്നു. വളരെയധികം കഷ്ടപ്പെട്ടാണ് അവര്‍ ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്.
ഒരു ദിവസം വയലില്‍ പണിയെടുക്കാന്‍ പോയ കര്ഷകന് അവിടെ നിന്നും ഒരു താറാക്കുഞ്ഞിനെ കിട്ടി. അയാള്‍ അതിനെ വീട്ടില്‍ കൊണ്ട് പോയി. അയാളുടെ ഭാര്യയ്ക്ക് വളരെ സന്തോഷമായി. അവര്‍ രണ്ടു പേരും അതിനെ വളര്‍ത്താന്‍ തീരുമാനിച്ചു. അവര്‍ക്കതിനെ ജീവനായിരുന്നു. നല്ല ഭക്ഷണമൊക്കെ കൊടുത്ത് സ്വന്തം കുഞ്ഞിനെയെന്ന പോലെ അവരതിനെ നോക്കി.
അങ്ങിനെ താറാകുഞ്ഞു വലുതായി. അധികം താമസിയാതെ അത് മുട്ടയിടാന്‍ തുടങ്ങി. ആദ്യ ദിവസം മുട്ടയെടുക്കാന്‍ ചെന്ന കര്‍ഷകന്റെ ഭാര്യ കൂട്ടിനുള്ളില്‍ തിളങ്ങുന്ന മുട്ട കണ്ട് അത്ഭുതപ്പെട്ട് പോയി. അവര്‍ വേഗം ഭര്‍ത്താവിനെ വിളിച്ച് ആ മുട്ട കാട്ടിക്കൊടുത്തു. അതൊരു സ്വര്‍ണ്ണ മുട്ടയായിരുന്നു!
കര്ഷകന് ആ മുട്ട കൊണ്ട് പോയി വിറ്റു. അയാള്‍ക്ക് ധാരാളം പണം കിട്ടി. അങ്ങിനെ ദിവസേന താറാവ് ഓരോ സ്വര്‍ണ്ണമുട്ടയിട്ട് കൊണ്ടിരുന്നു. മുട്ടകള്‍ വിറ്റ് ആ കുടുംബം ധനികരായി മാറി.
പണം കൂടുമ്പോള്‍ ചിലര്‍ക്ക് ആര്‍ത്തി കൂടും. ഇവിടെയും അത് തന്നെ സംഭവിച്ചു.
ഒരു ദിവസം കര്‍ഷകന്റെ ഭാര്യയ്ക്ക് ഇങ്ങിനെ തോന്നി: "ദിവസം ഓരോ മുട്ട കിട്ടുന്നതിന് പകരം എല്ലാ മുട്ടയും കൂടി ഒരുമിച്ച് കിട്ടിയാല്‍ എല്ലാം കൂടി വിറ്റ് പെട്ടെന്ന് ധനികരാകാമല്ലോ?"
അവര്‍ അത് ഭര്‍ത്താവിനോട് പറഞ്ഞു. സംഗതി ശരിയാണല്ലോ എന്ന് അയാള്‍ക്കും തോന്നി. എങ്ങിനെയാണ് എല്ലാ മുട്ടയും ഒരുമിച്ച് കൈക്കലാക്കുക? അതായി അവരുടെ ചിന്ത.
അങ്ങിനെ രണ്ടാളും കൂടി ഒരു പദ്ധതി തയ്യാറാക്കി. താറാവിന്റെ വയര്‍ കീറി മുഴുവന്‍ മുട്ടയും പുറത്തെടുക്കുക!
പിന്നെ താമസിച്ചില്ല, കര്ഷകന് താറാവിനെ പിടിച്ച് ഒരു കത്തിയെടുത്ത് അതിന്റെ വയര്‍ കീറി. വയറ് കീറിയതും ഭാര്യ വേഗം തന്നെ താറാവിന്റെ വയറ്റില്‍ നിന്നും കൂടല്‍ മാലയും മറ്റും വലിച്ചു പുറത്തിട്ട് സ്വര്‍ണ്ണ മുട്ട തിരയാന്‍ തുടങ്ങി. എന്നാല്‍ അതിനുള്ളില്‍ ഒരു മുട്ട പോലും ഉണ്ടായിരുന്നില്ല. പാവം താറാവ് മരിക്കുകയും ചെയ്തു.
അത്യാഗ്രഹികളായ ധമ്പതികള്ക്ക് താറാവും, കിട്ടിയിരുന്ന ഒരു മുട്ടയും നഷ്ടപ്പെട്ടു. താമസിയാതെ അവര്‍ പഴയ പോലെ ദാരിദ്ര്യത്തില്‍ ആയി.
2 Comments
സൂപ്പർ
ReplyDeleteADYPOLI
ReplyDelete