കൂട്ടുകാര്‍ക്ക് പ്രേതത്തെ ഭയമുണ്ടോ? ആരെങ്കിലും കണ്ടിട്ടുണ്ടോ? ഭയപ്പെടുത്തുന്നവയാണെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്, അല്ലേ?
ഇതാ ഒരു ചെറിയ കഥ.
ഒരു കാല്‍നട യാത്രക്കാരന്‍ തന്‍റെ ലക്ഷ്യസ്ഥാനത്തെത്താന്‍ യാത്രയിലാണ്. സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. ഇനി അയാള്‍ക്ക് കടന്നു പോകേണ്ടത് ഒരു ശ്മശാനത്തിലൂടെയാണ്. ഒറ്റയ്ക്ക് ശ്മശാനത്തിലൂടെ പോകുന്ന കാര്യം ആലോചിച്ചപ്പോള്‍ തന്നെ അയാള്‍ക്ക് ശരീരം വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ പതിയെ മുന്നോട്ട് നീങ്ങി.
ശ്മശാനത്തിന് തൊട്ടരികിലെത്തിയപ്പോഴുണ്ട്, ഭാഗ്യത്തിന് മുന്പില്‍ മറ്റൊരാള്‍! യാത്രക്കാരന് സമാധാനമായി. ഒരാള്‍ കൂട്ടിനുണ്ടല്ലോ!
യാത്രക്കാരന്‍ വേഗം മുന്‍പോട്ടോടി അപരിചിതന്‍റെ അരികിലെത്തി.
"ഹലോ!" യാത്രക്കാരന്‍ പതിയെ വിളിച്ചു.
"ഹലോ!" തിരിഞ്ഞു നോക്കിയ അപരിചിതന്‍ യാത്രക്കാരനെ കണ്ട് പുഞ്ചിരിച്ചു.
"താങ്കളെ കണ്ടത് നന്നായി. ഒറ്റയ്ക്ക് ഈ ശ്മശാനത്തിലൂടെ പോകണമല്ലോ എന്നാലോചിച്ച് ഞാനാകെ പേടിച്ചിരിക്കുകയായിരുന്നു. ഇനിയിപ്പോള്‍ ഒരുമിച്ച് പോകാമല്ലോ." യാത്രക്കാരന്‍ പറഞ്ഞു.
"ഓ! അതിനെന്താ?" അപരിചിതന്‍ പ്രതിവചിച്ചു.
രണ്ടു പേരും ഓരോ കാര്യങ്ങളും പറഞ്ഞു മുന്നോട്ട് നീങ്ങികൊണ്ടിരുന്നു.
"താങ്കള്‍ക്ക് പ്രേതമുണ്ടെന്ന് വിശ്വാസമുണ്ടോ?" യാത്രക്കാരന്‍ ചോദിച്ചു.
"ആദ്യമൊന്നുമില്ലായിരുന്നു. എന്നാലിപ്പോഴുണ്ട്!" അപരിചിതന്‍ പറഞ്ഞു.
"അപ്പോള്‍ പിന്നെ ഈ ശ്മശാനത്തിലൂടെ രാത്രിയില്‍ പോകാന്‍ നിങ്ങള്‍ക്ക് ഭയമൊന്നുമില്ലേ?" യാത്രക്കാരന് അത്ഭുതമായി.
"പണ്ടൊക്കെ വിശ്വാസമില്ലെങ്കിലും കുറച്ച് ഭയമൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ തീരെയില്ല!" അയാള്‍ പറഞ്ഞു.
"അത് അതിശയമായിരിക്കുന്നല്ലോ? പ്രേതമുണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍ പിന്നെ ഭയമുണ്ടാവേണ്ടതല്ലേ?" യാത്രക്കാരന്‍ വീണ്ടും ചോദിച്ചു.
"എന്തിന് ഭയക്കണം? ഞാന്‍ മരിച്ചിട്ടിപ്പോള്‍ ഒരു വര്‍ഷമാകുന്നു. ഇനിയെന്തിനാണ് ഞാന്‍ പേടിക്കുന്നത്"
"പ്തോം" പിറകില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും അയാള്‍ തിരിഞ്ഞു നോക്കാതെ തന്‍റെ കല്ലറ ലക്ഷ്യമാക്കി നടന്നു!
0 Comments