ഗംഗാ സ്നാനം കഥ - ചിന്താശകലം

അയാള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. ഭാര്യ നേരത്തെ മരിച്ചു പോയി. ഏറെ നാളായി അയാള്‍ കിടപ്പിലാണ്. എന്തിനും ഏതിനും മക്കളെ ആശ്രയിക്കണം. മരണമൊട്ട് വിളിക്കുന്നുമില്ല.

മക്കളും ആകെ വിഷമത്തിലാണ്. തീരെ വയ്യാതായ അച്ഛനെ പരിചരിച്ച് അവരും മടുത്തിരുന്നു. ജോലി തിരക്കുകള്‍ക്കിടയില്‍ അച്ഛനെ നോക്കുക രണ്ടു പേര്‍ക്കും ബുദ്ധിമുട്ടായി. ഒരാള്‍ മറ്റെയാളുടെ ചുമലില്‍ അച്ചന്‍റെ ഉത്തരവാദിത്തം വെച്ചു കെട്ടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. 


വൃദ്ധ സദനത്തില്‍ കൊണ്ട് ചെന്നാക്കാമെന്ന് വെച്ചാല്‍ വയസ്സുകാലത്ത് അച്ഛനെ നട തള്ളി എന്നാളുകള്‍ ആക്ഷേപിക്കും. എന്തു ചെയ്യും?

ഒരു ദിവസം ജ്യേഷ്ഠന്‍ അനുജനെ വിളിച്ച് പറഞ്ഞു.

"നമുക്ക് അച്ഛനെ ഗംഗയിൽ കുളിപ്പിക്കാൻ കൊണ്ടു പോയാലോ?  ഗംഗാ സ്നാനത്തിനെന്ന് കേൾക്കുമ്പോൾ അച്ഛനു സന്തോഷമാകും ചാടി പുറപ്പെടുകയും ചെയ്യും."

"പിന്നേ, ഈ തിരക്കിനിടയില്‍ വയ്യാത്ത അച്ഛനെയും താങ്ങി ഗംഗയിലേയ്ക്ക് പോകാന്‍ തനിക്ക് വട്ടാണൊ?" അനുജന് ആശയം തീരെ ഇഷ്ടപ്പെട്ടില്ല.

"സമയമുണ്ടായിട്ടൊന്നുമല്ല! ഇതല്ലാതെ എനിക്കു വേറെ വഴിയൊന്നും തോന്നുന്നില്ല. ഗംഗയുടെ ഒഴുക്ക് നിനക്കറിയാമല്ലോ? സ്നാനം നടത്തുന്ന സമയത്ത് നമ്മള്‍ കയ്യൊന്ന് വിട്ടാല്‍ മതി, അച്ഛന്‍ ഗംഗയില്‍ തീര്‍ന്നോളും. ആര്‍ക്കും ഒരു സംശയവും തോന്നുകയുമില്ല!" ജ്യേഷ്ഠന്‍ വിശദീകരിച്ചു.

"അത് കൊള്ളാം! ഗംഗയില്‍ മരണപ്പെടുന്നത് പുണ്യവുമാണ്. എന്നാല്‍ പിന്നെ അങ്ങിനെ തന്നെ ചെയ്യാം!" അനുജന്‍ സമ്മതിച്ചു.

അടുത്ത ദിവസം തന്നെ രണ്ടു പേരും ചേര്‍ന്ന് അച്ഛനോട് വിവരം പറഞ്ഞു. അദ്ദേഹം വളരെ സന്തോഷത്തോടെ യാത്രയ്ക്ക് തയ്യാറായി.

അങ്ങിനെ മക്കള്‍ അച്ഛനെയും കൊണ്ട് ഗംഗാതീരത്തെത്തി. നല്ല ഒഴുക്കുള്ള സമയമാണ്. മക്കള്‍ അച്ഛനെയും കൊണ്ട് ഗംഗസ്നാനം നടത്താന്‍ ഒരുക്കം തുടങ്ങി.

വൃദ്ധന്‍ കുതിച്ച് പായുന്ന ഗംഗയിലേയ്ക്ക് നോക്കി, പിന്നെ തന്‍റെ മക്കളുടെ മുഖത്തോട്ടും! അച്ചന്‍റെ നോട്ടവും പാടും കണ്ട് രണ്ട് പേരും തെല്ല് പകച്ചു. 

"അച്ഛന് ഇനി വല്ല സംശയവും തോന്നിയിട്ടുണ്ടോ?" മക്കളുടെ മനസ്സില്‍ ഒരു ആവലാതി കയറി.

"മാക്കളെ, എന്നെ നിങ്ങള്‍ ഇവിടെ ഇറക്കണ്ട. അതാ അവിടെ ആ മുകള്‍ ഭാഗത്ത് ഇറക്കിയാല്‍ മതി!" പിതാവ് മുകളിലേയ്ക്ക് കൈ ചൂണ്ടി കൊണ്ട് അവരോടു പറഞ്ഞു.

മക്കള്‍ രണ്ടും അമ്പരപ്പോടെ അച്ഛന്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് നോക്കി. അവിടെ ഒഴുക്ക് വളരെ കൂടുതലാണ്! തങ്ങളുടെ മനസ്സിലിരിപ്പ് അച്ഛന്‍  മനസ്സിലാക്കിയോ എന്നുള്ള ആശങ്ക അവരില്‍ വളര്‍ന്നു.

"അതെന്തിനാ അച്ഛാ, അത്ര മുകളിലേയ്ക്ക് പോകുന്നത്?" മൂത്തമകന്‍ ചോദിച്ചു.

"അത് വേറൊന്നുമല്ല, കുറേയേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്‍റെ അച്ഛനെ അവസാനമായി ഗംഗാസ്നാനം നടത്തിയത് അവിടെയാണ്!" മക്കളുടെ മുഖത്തേയ്ക്ക് നോക്കി ആ പിതാവ് വളരെ പതുക്കെ പറഞ്ഞു.


Post a Comment

0 Comments