അദ്ധ്വാനത്തിന്‍റെ മഹത്വം

കര്‍ഷകനായ അച്ഛന്‍ ഒരു ദിവസം തന്‍റെ രണ്ട് ആണ്‍മക്കളെയും കൂട്ടി വയലിലെത്തി. അന്നവര്‍ക്ക് സ്കൂള്‍ അവധിയാണ്. അച്ഛന്‍ മക്കളെയും കൂട്ടി പണിക്കിറങ്ങി. നല്ല പൊരിഞ്ഞ വെയിലിലും അയാള്‍ മക്കളെ തന്‍റേയൊപ്പം തന്നെ പനിക്ക് നിറുത്തി. 

നട്ടുച്ചയായി. സൂര്യന്‍റെ ചൂട് കനത്തതോടെ അച്ഛന്‍ പണി നിറുത്തി മക്കളുമായി കരയ്ക്ക് കയറി. 



ഇതെല്ലാം ഒരു പരിചയക്കാരന്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ക്ക് കര്‍ഷകന്‍റെ പ്രവൃത്തി അത്ര സ്വീകാര്യമായി തോന്നിയില്ല. അയാള്‍ ചോദിച്ചു.

"നിങ്ങള്‍ എന്തു പണിയാണീ കാണിക്കുന്നത്? നിങ്ങള്‍ക്ക് അത്യാവശ്യത്തില്‍ കൂടുതല്‍ പണമുണ്ടല്ലോ? കൃഷിപ്പണിക്ക് വേറെ ആളെ വെച്ചു കൂടെ? അല്ലെങ്കില്‍ തന്നെ ഇത്രയും ഉള്ളത് പോരേ? വെറുതെ ഈ പാവം കുട്ടികളെ കഷ്ടപ്പെടുത്തിയിട്ട് വേണോ തനിക്ക് തന്‍റെ കൃഷി വലുതാക്കാന്‍?"


തന്‍റെ മക്കളെ ചേര്‍ത്തു പിടിച്ച് കൊണ്ട് ആ അച്ഛന്‍ പറഞ്ഞു, “നിങ്ങള്‍ പറഞ്ഞത് ശരിയാണ്. എനിക്കിനിയും എന്‍റെ കൃഷി വലുതാക്കേണ്ട ഒരാവശ്യവുമില്ല. എന്‍റെ മക്കളെ അദ്ധ്വാനത്തിന്‍റെ മഹത്വം മനസ്സിലാക്കിക്കുക വഴി  ഞാന്‍ അവരെ  വലുതാക്കാനാണ് ശ്രമിക്കുന്നത്!” 

Post a Comment

0 Comments