ഇതൊരു മാങ്ങാകഥയാണ്. ശരിക്കു പറഞ്ഞാല്‍ ഒന്നല്ല, രണ്ടു മാങ്ങകളുടെ കഥ. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഈ കഥയിലെ നായകന്‍ മാങ്ങയായിരിക്കുമെന്ന്. അല്ലേയല്ല, ഈ കഥയിലെ നായകന്‍റെ പേര് കാദര്‍. ഇത് വളരെക്കാലം മുന്‍പ് നടന്ന കഥയാണേ!
കാദര്‍ ഒരു വീട്ടുവേലക്കാരനാണ്. വലിയ പണക്കാരനായ മത്തായിച്ചന്‍റെ വീട്ടിലാണ് ജോലി.
ഒരു ദിവസം മത്തായിച്ചന്‍ ചന്തയില്‍ പോയി തിരിച്ച് വന്നത് രണ്ടു വലിയ പഴുത്ത മാമ്പഴവും കൊണ്ടാണ്. വന്നയുടനെ അവ രണ്ടും കാദറിനെ ഏല്‍പ്പിച്ച് മത്തായിച്ചന്‍ പറഞ്ഞു.
"അല്പസമയത്തിനകം എന്‍റെ ഒരു സുഹൃത്ത് ഇവിടെ വരും. അവനെ സല്‍ക്കരിക്കാനാണ് ഈ മാമ്പഴങ്ങള്‍. നീ ഇത് നന്നായി കഴുകി മുറിച്ച് ഒരു ശരിയാക്കി വെയ്ക്ക്."
കാദര്‍ വേഗം തന്നെ മാമ്പഴങ്ങളുമായി അകത്തു പോയി. മാങ്ങകള്‍ നന്നായി കഴുകി ഒരു കത്തിയെടുത്ത് ഒരെണ്ണം മുറിച്ചു. നല്ല കൊതിയൂറുന്ന മണം! കാദറിന് കൊതിയടക്കാനായില്ല. അവന്‍ വിചാരിച്ചു.
"ഓ! കണ്ടിട്ടു വായില്‍ വെള്ളമൂറുന്നു. എന്തായാലും ഒരു ചെറിയ കഷണം എടുത്തു രുചിച്ചു നോക്കാം. മുതലാളി അറിയാനൊന്നും പോകുന്നില്ല"
അവന്‍ വേഗം ഒരു ചെറിയ കഷണമെടുത്ത് വായിലിട്ടു.
"എന്തു രുചിയാണിതിന്. പടച്ച തമ്പുരാനെ ഇങ്ങനെയുണ്ടോ ഒരു രുചി. ഒന്നു രണ്ടു കഷണം കൂടി കഴിച്ചാലും വലിയ കുഴപ്പമൊന്നുമില്ല!"
കാദര്‍ ഒരു കഷണം മാമ്പഴം കൂടിയെടുത്ത് കഴിച്ചു. എന്തിനധികം, താമസിയാതെ മുഴുവന്‍ മാമ്പഴവും കാലിയായി.
അതോടെ കാദറിന് ബോധമുദിച്ചു.
"എന്‍റെ റബ്ബേ! ഇനിയിപ്പോള്‍ ഞാനെന്ത് ചെയ്യും? മുതലാളിയോടെന്ത് പറയും? ഏത് നിമിഷവും മുതലാളിയുടെ സുഹൃത്ത് വീട്ടിലെത്താം. ഇന്നെന്‍റെ കാര്യം പോക്കായത് തന്നെ"
ഇനിയെന്ത് ചെയ്യാനെന്ന് ആലോചിച്ച കാദറിന് പെട്ടെന്നൊരു ബുദ്ധിയുധിച്ചു. അവന്‍ നേരെ മുതലാളിയുടെ അടുത്ത് ചെന്ന് പറഞ്ഞു.
"മുതലാളീ, മാങ്ങ മുറിക്കാന്‍ പറ്റുന്നില്ല. കത്തിക്കൊന്നും ഒരു മൂര്‍ച്ചയുമില്ല"
"അതിനെന്താടാ മണ്ടാ? അതൊന്ന് തേച്ച് മൂര്‍ച്ച കൂട്ടിയാല്‍ പോരേ? നീ അതിങ്ങ് കൊണ്ട് വാ!"
കാദര്‍ വേഗം തന്നെ ഒരു മൂര്‍ച്ചയില്ലാത്ത കത്തിയെടുത്ത് കൊണ്ട് കൊടുത്തു. മത്തായിച്ചന്‍ അതിനു മൂര്‍ച്ച കൂട്ടാന്‍ തുടങ്ങി.
ആ സമയം കാദര്‍ വീടിന് പുറത്തിറങ്ങി. ദൂരെ നിന്നും മുതലാളിയുടെ കൂട്ടുകാരന്‍ വരുന്നത് കണ്ടു. കാദര്‍ വേഗം ഓടി അയാളുടെ അടുത്തെത്തി ചോദിച്ചു.
"അല്ല സാര്‍, എന്താണ് എന്‍റെ മുതലാളിയുമായി പ്രശ്നം? നിങ്ങള്‍ തമ്മില്‍ വല്ല വഴക്കുമുണ്ടായോ?"
"ഏയ്! അങ്ങിനെ കാര്യമായിട്ടോന്നുമില്ലല്ലോ. എന്തു പറ്റി?" സുഹൃത്ത് ചോദിച്ചു.
"അല്ല മുതലാളി കുറച്ചു ദേഷ്യത്തിലാണെന്ന് തോന്നി. അത് കൊണ്ട് ചോദിച്ചതാ" കാദര്‍ പറഞ്ഞു.
"ങാ, ഇന്നലെ ഞങ്ങള്‍ തമ്മില്‍ ചെറിയ ഒരു തര്‍ക്കമുണ്ടായി. അത് പക്ഷേ അപ്പോള്‍ തന്നെ തീര്‍ന്നു" സുഹൃത്ത് പറഞ്ഞു.
"എന്നാല്‍ അത് തന്നെ കാര്യം. സാര്‍ ഇന്നിവിടെ വരുമെന്നും അപ്പോള്‍ ശരിയാക്കാമെന്നും, കാത് രണ്ടും മുറിച്ചെടുക്കണമെന്നും പറഞ്ഞ് മുതലാളി അവിടെ ഒരു കത്തിയ്ക്ക് മൂര്‍ച്ച കൂട്ടുന്നുണ്ട്." കാദര്‍ പറഞ്ഞു.
സുഹൃത്തിന് അതത്ര വിശ്വാസമായില്ല. കാദര്‍ ഉടന്‍ തന്നെ അയാളെയും കൂട്ടി ജനലിനടുത്തെത്തി. ജനലിലൂടെ എത്തി നോക്കിയ അയാള്‍ കണ്ടത് കത്തിയ്ക്ക് മൂര്‍ച്ച കൂട്ടുന്ന മത്തായിച്ചനെയാണ്. അതോടെ അയാള്‍ തിരികെ നടന്നു തുടങ്ങി.
അതിനകം കാദര്‍ അകത്തു ചെന്ന് മുതലാളിയോട് പറഞ്ഞു.
"മുതലാളീ, അങ്ങയുടെ സുഹൃത്ത് ആള് ഭയങ്കര കൊതിയനാണല്ലോ? വന്നതും അകത്തു കയറി ആ മാങ്ങ രണ്ടുമെടുത്ത് സ്ഥലം വിട്ടു കളഞ്ഞു. മുതലാളി കഴിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും അയാള്‍ കേട്ടതേയില്ല!"
മത്തായിച്ചന്‍ വേഗം പുറത്തിറങ്ങി നോക്കി. ദൂരെ ഗേറ്റ് കടക്കുന്ന സുഹൃത്തിനെ കണ്ടതും മത്തായിച്ചന്‍ ഉറക്കെ വിളിച്ചു കൊണ്ട് പിന്നാലേ ഓടി ചെന്നു.
"എടാ, നില്‍ക്കടാ. എനിക്കൊന്നെന്കിലും വേണമെടാ. അത് കിട്ടാതെ നിന്നെ ഞാന്‍ വിടില്ല"
വിളി കേട്ടു തിരിഞ്ഞു നോക്കിയ സുഹൃത്ത് കണ്ടത് കത്തിയുമായി ഓടി വരുന്ന മത്തായിച്ചനെയാണ്. പിന്നത്തെ കാര്യം പറയണോ? സുഹൃത്ത് ജീവനും കൊണ്ട് ഒരു വിധത്തില്‍ ഓടി രക്ഷപ്പെട്ടു.
മത്തായിച്ചന്‍ വിഷണ്ണനായി തിരികെ വീട്ടിലേയ്ക്ക് നടന്നു.
0 Comments