ഒരിയ്ക്കല്‍ അക്ബര്‍ ചക്രവര്‍ത്തി തന്‍റെ സദസ്യരോട് ചോദിച്ചു.
"ഞാന്‍ ഒരു പാത്രത്തില്‍ നീതിയും, മറ്റൊരു പാത്രത്തില്‍ കുറച്ചു സ്വര്‍ണവും വെച്ചു നീട്ടിയാല്‍, നിങ്ങളതില്‍ ഏതാണ് സ്വീകരിക്കുക"
"നീതി തന്നെ, പ്രഭോ" മന്ത്രിപ്രമുഖര്‍ ഒരു മടിയുമില്ലാതെ ഒരേ സ്വരത്തില്‍ വിളിച്ച് പറഞ്ഞു.
"ഞാന്‍ സ്വര്‍ണ്ണമേ എടുക്കൂ പ്രഭോ!" ഏറ്റവും അവസാനം ബീര്‍ബല്‍ പറഞ്ഞു.
ബീര്‍ബലിന്‍റെ മറുപടി അക്ബറിനെ അത്ഭുതപ്പെടുത്തി. സദസ്യരും ബീര്‍ബലിന്‍റെ മറുപടി കേട്ട് അത്ഭുതപ്പെട്ടു.
"അതെന്താണ് ബീര്‍ബല്‍ നിങള്‍ക്ക് മാത്രം പണത്തിനോട് ഇത്ര ആര്‍ത്തി?' അക്ബര്‍ ചോദിച്ചു.
"പണത്തിനോട് ആര്‍ത്തിയായിട്ടല്ല, പ്രഭോ. അങ്ങ് ഭരിക്കുന്ന ഈ സാമ്രാജ്യത്തില്‍ നീതി കിട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത് കൊണ്ട് തന്നെ ആര്‍ക്കും നീതിയ്ക്ക് ഇവിടെ ഒരു കുറവുമില്ല. എന്നാല്‍ പണത്തിന്‍റെ കാര്യം അങ്ങിനെയല്ല. എനിക്കു പണം കിട്ടിയിട്ട് കുറെ അത്യാവശ്യമുണ്ട്!" ബീര്‍ബല്‍ മറുപടി പറഞ്ഞു.
ബീര്‍ബലിന്‍റെ ബുദ്ധിപരമായ മറുപടി കേട്ട് അക്ബര്‍ സന്തുഷ്ടനായി. അദ്ദേഹം ബീര്‍ബലിന്‍ നൂറ് സ്വര്‍ണ്ണ നാണയം സമ്മാനമായി നല്കി. ചക്രവര്‍ത്തിയെ പ്രീണിപ്പെടുത്താന്‍ വേണ്ടി നീതി മതിയെന്ന് പറഞ്ഞ മന്ത്രിമാര്‍ ഇളിഭ്യരായി.
0 Comments