യുവതിയുടെ ബുദ്ധി!

 ഇത് വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന ഒരു കഥയാണ്. ഒരിയ്ക്കല്‍ ഒരു ചെറിയ കച്ചവടക്കാരന്‍ ഒരു കൊല്ലപ്പലിശക്കാരന്‍റെ കൈയില്‍ നിന്നും കുറെ പണം കടം വാങ്ങി. ദുഷ്ടനായ ആ പലിശക്കാരന്‍ ആഗ്രഹിച്ചത് പോലെ തന്നെ കച്ചവടക്കാരന്‍റെ കച്ചവടം വലിയ നഷ്ടത്തിലാകുകയും അദ്ദേഹത്തിന് താന്‍ കടം വാങ്ങിയ പണം തിരിച്ച് കൊടുക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. തക്ക നോക്കിയിരുന്ന പലിശക്കാരന്‍ കച്ചവടക്കാരന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. പലിശയെല്ലാം ചേര്‍ത്ത് ലക്ഷങ്ങള്‍ കടമുണ്ടായിരുന്നതിനാല്‍ കച്ചവടക്കാരന്‍ കുറച്ചു സാവകാശം ആവശ്യപ്പെട്ടു. എന്നാല്‍ ക്രൂരനായ പലിശക്കാരന്‍ സമ്മതിച്ചില്ല.

കച്ചവടക്കാരന് അതിസുന്ദരിയും മിടുക്കിയുമായ ഒരു മകള്‍ ഉണ്ടായിരുന്നു. അവളിലായിരുന്നു പലിശക്കാരന്‍റെ കണ്ണ്. കച്ചവടക്കാരന്‍റെ കടമെല്ലാം താന്‍ എഴുതിത്തള്ളാം, പക്ഷേ മകളെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് പലിശക്കാരന്‍ ആവശ്യപ്പെട്ടു. വയസ്സനും, വിരൂപനുമായ പലിശക്കാരന് മകളെ വിവാഹം ചെയ്തു കൊടുക്കുന്ന കാര്യം കച്ചവടക്കാരന് ചിന്തിക്കാന്‍ പോലും സാധ്യമല്ലായിരുന്നു. അത് കൊണ്ട് തന്നെ അയാള്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു.

കൌശലക്കാരനായ പലിശക്കാരന്‍ ഉടന്‍ തന്നെ മറ്റൊരു നിര്‍ദേശം വെച്ചു. അയാള്‍ പറഞ്ഞു.

"ഞാന്‍ എന്‍റെ കൈയിലുള്ള ഈ ചെറിയ സഞ്ചിയില്‍ നിലത്തു നിന്നും രണ്ടു കല്ലുകള്‍ പെറുക്കിയിടാം. ഒരെണ്ണം വെളുത്തതും, മറ്റൊന്ന് കറുത്തതും. നിങ്ങളുടെ മകള്‍ കണ്ണടച്ച് അതില്‍ നിന്നും ഒരു കല്ല് എടുക്കട്ടെ. എടുക്കുന്നത് വെളുത്ത കല്ല് ആണെങ്കില്‍ നിങ്ങളുടെ മുഴുവന്‍ കടവും ഞാന്‍ എഴുതിത്തള്ളാം. അതല്ല, കറുത്ത കല്ലാണ് എടുക്കുന്നതെങ്കില്‍ മകളെ എനിക്കു വിവാഹം ചെയ്തു തരണം"

കച്ചവടക്കാരന്‍ തന്‍റെ മകളെ വെച്ചു അങ്ങിനെ ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറല്ലായിരുന്നു. എന്നാല്‍ അച്ഛന്‍റെ പ്രയാസം അറിയാവുന്ന  മകള്‍ ആ വ്യവസ്ഥയ്ക്ക് സമ്മതിച്ചു. 

പലിശക്കാരന്‍ ഉടന്‍ തന്നെ രണ്ടു കല്ലുകള്‍ പെറുക്കി തന്‍റെ സഞ്ചിയിലേക്കിട്ടു. ഒരു വെളുത്ത കല്ലും, ഒരു കറുത്ത കല്ലും എടുക്കുന്നതിന് പകരം അയാള്‍ രണ്ടു കറുത്ത കല്ലുകളായിരുന്നു പെറുക്കിയെടുത്ത് സഞ്ചിയിലിട്ടത്. അയാള്‍ പെട്ടെന്നാണ് അത് ചെയ്തതെങ്കിലും, മിടുക്കിയായ യുവതിയുടെ അത് കണ്ണുകള്‍ അത് കണ്ടിരുന്നു.

കൌശലക്കാരനായ പലിശക്കാരന്‍റെ തന്ത്രം അവള്‍ക്ക് മനസ്സിലായി. എന്നാല്‍ അയാള്‍ ചെയ്ത ചതി വെളിപ്പെടുത്താന്‍ അവള്‍ ധൈര്യപ്പെട്ടില്ല. കാരണം, ആ സഞ്ചിയില്‍ അയാള്‍ ഇട്ടത് രണ്ടു കറുത്ത കല്ലുകളാണെന്ന് തെളിയിച്ചാല്‍ തത്കാലം ഈ കുരുക്കില്‍ നിന്നും തനിയ്ക്ക് രക്ഷപ്പെടാം. പക്ഷേ അയാള്‍ പറയുന്ന പണം മുഴുവന്‍ കൊടുക്കേണ്ടി വരും. 

പലിശക്കാരന്‍ അവളെ സഞ്ചിയില്‍ നിന്നും ഒരു കല്ലെടുക്കാന്‍ ക്ഷണിച്ചു. യുവതി സധൈര്യം മുന്നോട്ട് ചെന്ന് കണ്ണടച്ച് ആ സഞ്ചിയില്‍ നിന്നും ഒരു കല്ലെടുത്തു. എന്നിട്ട്, അറിയാതെ ആ കല്ല് തന്‍റെ കയ്യില്‍ നിന്നും വഴുതിപ്പോയെന്ന മട്ടില്‍ താഴേയ്ക്കിട്ടു. തുടര്‍ന്ന് അവള്‍ താഴെ വീണ കല്ല് തിരയാന്‍ തുടങ്ങി.

പലിശക്കാരന്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാന്‍ മുന്നോട്ട് വന്നു. ഉടന്‍ തന്നെ അവള്‍ തിരച്ചില്‍ നിര്‍ത്തി പറഞ്ഞു.

"ശെടാ! ഞാനെന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. താഴെ വീണ കല്ല് ഇത്രയും കല്ലുകള്‍ക്കിടയില്‍ നിന്നും എങ്ങിനെ തിരിച്ചറിയാനാണ്? ഏത് കല്ലാണ് എടുത്തത് എന്നറിയാന്‍ ആ സഞ്ചിയില്‍ നോക്കിയാല്‍ പോരേ? അതിനുള്ളില്‍ വെളുത്ത കല്ലാണ് ഉള്ളതെങ്കില്‍ ഞാനെടുത്തത് കറുത്ത കല്ലും, അതല്ലെങ്കില്‍ ഞാനെടുത്തത് വെളുത്ത കല്ലുമാകുമല്ലോ!"

അതും പറഞ്ഞ് അവള്‍ ആ പലിശക്കാരന്‍റെ കയ്യില്‍ നിന്നും ആ സഞ്ചി വാങ്ങി അതിനുള്ളിലെ കല്ല് പുറത്തെടുത്തു. അത് കറുത്ത കല്ലായിരുന്നു!

"ഓ! ഇതിനുള്ളില്‍ കറുത്ത കല്ലാണുള്ളത്! അപ്പോള്‍ അതിനര്‍ത്ഥം ഞാനെടുത്തത് വെളുത്ത കല്ലായിരുന്നു എന്നു തന്നെ! ദൈവം രക്ഷിച്ചു."

കുബുദ്ധിയായ പലിശക്കാരന് മറുപടിയൊന്നുമില്ലായിരുന്നു. തന്‍റെ കുതന്ത്രം തിരിച്ചടിച്ചത് കണ്ട് അമ്പരന്ന് നില്‍ക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളൂ.

വാഗ്ദാനം ചെയ്തത് പോലെ അയാള്‍ക്ക് കച്ചവടക്കാരന്റെ മുഴുവന്‍ കടവും എഴുതിത്തള്ളേണ്ടി വന്നു!




Post a Comment

0 Comments