ഉപമന്യുവിന്‍റെ കഥ

 അയോധധൌമ്യന്റെ മറ്റൊരു ശിഷ്യനായിരുന്നു ഉപമന്യു. പശുക്കളെ മേയ്ക്കുന്ന ജോലിയായിരുന്നു ഉപമന്യുവിന് ഗുരു ഏല്‍പ്പിച്ചിരുന്നത്. തന്‍റെ കടമ വളരെ ഭംഗിയായി തന്നെ ഉപമന്യു നിര്‍വഹിച്ച് പോന്നു.

ഒരു ദിവസം ശിഷ്യനെ അരികെ വിളിച്ച ഗുരു ചോദിച്ചു.

"ആശ്രമത്തില്‍ നിന്നും ഭക്ഷണമൊന്നും കഴിക്കാറില്ലെങ്കിലും നീ തീരെ ക്ഷീണമില്ലാതെ ബലവാനായിക്കാനുന്നുണ്ടല്ലോ. എന്താണ് നീ ഭക്ഷിക്കുന്നത്?"



"ഗുരോ, ഞാന്‍ ദിനവും ഭിക്ഷയെടുത്താണ് ഉപജീവനം കഴിക്കുന്നത്!' ഉപമന്യു ഭവ്യതയോടെ മറുപടി പറഞ്ഞു.

"അത് ശരി. ഭിക്ഷയെടുത്തതായാലും ഗുരുവിന് നല്‍കാതെ കഴിക്കാന്‍ പാടില്ല" ഗുരു കല്‍പ്പിച്ചു.

ഗുരു കല്‍പന പോലെ എല്ലാ ദിവസവും തനിക്ക് കിട്ടുന്ന ഭിക്ഷ ഉപമന്യു ഗുരുവിന് സമര്‍പ്പിച്ചു കൊണ്ടിരുന്നു. ദിനവും ഉപമന്യു കൊണ്ട് വരുന്ന ഭിക്ഷ വാങ്ങിച്ച് വെച്ചിരുന്ന മുനിവര്യന്‍ പക്ഷേ അതില്‍ നിന്നു ഒരല്‍പ്പം പോലും ഉപമന്യുവിന് കൊടുത്തിരുന്നില്ല.

ഉപമന്യു ആകട്ടെ തന്‍റെ ജോലിയില്‍ ഒരു കുറവും വരുത്താതെ തുടര്‍ന്ന് പോന്നു. ഭിക്ഷ കിട്ടുന്ന ഭക്ഷണമെല്ലാം തനിക്ക് തന്നിട്ടും ഉപമന്യുവിന് യാതൊരു കുഴപ്പവും കാണാതിരുന്ന ഗുരു വീണ്ടും ഒരു ദിവസം അവനോടു ചോദിച്ചു.

"കിട്ടുന്ന ഭിക്ഷയെല്ലാം എനിക്കു തന്നിട്ടും നിന്‍റെ ശരീരത്തിന് ഒരു കോട്ടവും കാണുന്നില്ലല്ലോ? നീ എന്താണ് ഭക്ഷിക്കുന്നത്?"

"ആദ്യം കിട്ടുന്ന ഭിക്ഷ അങ്ങേയ്ക്ക് സമര്‍പ്പിച്ച ശേഷം വീണ്ടും ഭിക്ഷ യാചിച്ച് കിട്ടുന്ന ഭക്ഷണമാണ് ഞാന്‍ കഴിക്കുന്നത്" ഉപമന്യു ഉണര്‍ത്തിച്ചു.

"നീ ചെയ്യുന്നത് എന്‍റെ ശിഷ്യന് ചേരുന്നതല്ല, അത് കൊണ്ട് ഇനി മുതല്‍ രണ്ടാമത് ഭിക്ഷ എടുക്കരുത്!" ഗുരു അതും വിലക്കി.

ഗുരുവിന്‍റെ നിര്‍ദേശം ശിരസാ വഹിച്ച ഉപമന്യു അതോടെ രണ്ടാമത് ഭിക്ഷയെടുക്കുന്നത് നിറുത്തി. പതിവ് പോലെ ഒരു ദിവസം സന്ധ്യയ്ക്ക് ഗുരു സന്നിധിയിലെത്തിയ ഉപമന്യുവിനെ കണ്ട് അത്ഭുതപ്പെട്ട ഗുരു ചോദിച്ചു.

"ഉപമന്യു, നിനക്കു കിട്ടുന്ന ആദ്യ ഭിക്ഷ നീ എനിക്ക് തരുന്നു. എന്‍റെ കല്‍പന പ്രകാരം നീ രണ്ടാമത് ഭിക്ഷയെടുക്കുന്നുമില്ല. എന്നിട്ടും നീ തടിച്ചു കൊഴുത്തിരിക്കുന്നല്ലോ! എന്താണ് നിന്‍റെ ഭക്ഷണം?"

"ഗുരോ, ഞാന്‍ പശുക്കളുടെ പാല്‍ കുടിച്ച് കൊണ്ടാണ് വിശപ്പടക്കുന്നത്" ഉപമന്യു മറുപടി പറഞ്ഞു.

"എന്‍റെ അനുവാദമില്ലാതെ ആശ്രമത്തിലെ പശുക്കളുടെ പാല്‍ കുടിക്കുന്നത് ഒട്ടും ശരിയല്ല" ഗുരു കല്‍പ്പിച്ചു.

എതിര്‍ത്തൊന്നും പറയാതെ ഉപമന്യു ഗുരുവിന്‍റെ കല്‍പന അനുസരിച്ചു. തന്‍റെ ജോലി കൃത്യതയോടെ ചെയ്തു പോന്നു. പാല്‍ കുടി നിന്നിട്ടും ഉപമന്യുവിന്‍റെ ദേഹം പഴയത് പോലെ തന്നെ! മഹര്‍ഷി വീണ്ടും  ചോദിച്ചു.

"അല്ല, ഇപ്പോള്‍ എന്താണ് നീ ഭക്ഷണമാക്കുന്നത്?"

"അത് പിന്നെ പശുക്കുട്ടികള്‍ പാല്‍ കുടിക്കുമ്പോള്‍ അവയുടെ ചിറിയില്‍ പറ്റാറുള്ള പതയും, തെറിച്ചു വീഴുന്ന പാലുമാണ് ഞാന്‍ നക്കി കുടിക്കുന്നത്!" ഉപമന്യു പറഞ്ഞു.

"കഷ്ടം. നീ എന്തൊരു പാതകമാണ് ആ പശുക്കിടാങ്ങളോട് കാണിക്കുന്നത്. നിനക്കു വേണ്ടി അവ ഒരു പക്ഷേ കൂടുതല്‍ പാത പുറത്തു നല്കുന്നുണ്ടാകും. അത് അവയ്ക്ക് ക്ഷീണമാകില്ലേ?" ഗുരു ചോദിച്ചു.

അതോട് കൂടി ഉപമന്യു അതും നിറുത്തി. അതോടെ അവന്‍ കൊടും പട്ടിണിയിലായി. ഒന്നും കഴിക്കാന്‍ കിട്ടാതെ ഉപമ്ന്യു കാട്ടിലെ ഇലകളും പഴങ്ങളും എല്ലാം പെറുക്കി കഴിക്കാന്‍ തുടങ്ങി. അതിനിടയില്‍ ചില വിഷാംശം കലര്‍ന്ന ഇലകളും പഴങ്ങളും ഉണ്ടായിരുന്നു. അവ കഴിച്ചതോടെ ഉപമന്യുവിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. അന്ധനായ ഉപമന്യു കാട്ടില്‍ വഴിയറിയാതെ തപ്പി തടഞ്ഞു നടന്നു. ഒടുവില്‍ കണ്ണു കാണാതെ അയാള്‍ ഒരു പൊട്ടക്കിണറ്റില്‍ കാല്‍ തെറ്റി വീണു.

രാത്രിയായപ്പോള്‍ പശുക്കള്‍ തിരികെ ആശ്രമത്തിലെത്തി. എന്നാല്‍ വളരെ നേരം വൈകിയിട്ടും ശിഷ്യനെ കാണാതായപ്പോള്‍ ഗുരുവിന് പരിഭ്രമമായി. അദ്ദേഹം ഉടന്‍ തന്നെ ഉപമന്യുവിനെ തിരഞ്ഞു പുറപ്പെട്ടു. കുറെ നേരത്തെ അലച്ചിലിന് ശേഷം ഗുരുവിന്‍റെ വിളി  ഉപമന്യു കേട്ടു. ഉപമന്യുവിന്‍റെ സ്വരം കേട്ട് അവിടെയെത്തിയ ഗുരുവിനോട് തന്‍റെ കാഴ്ച നഷ്ട്ടപ്പെട്ടതും താന്‍ കിണറ്റില്‍ വീണതും ഉപമന്യു അറിയിച്ചു.

"എങ്കില്‍ പിന്നെ ദേവലോകത്തെ വൈദ്യന്മാരായ അശ്വിനി ദേവകളെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊള്ളൂ" ഗുരു പറഞ്ഞു. 

ഗുരുവിന്‍റെ നീര്‍ദേശപ്രകാരം ഉപമന്യു അശ്വിനീദേവന്മാരെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഉപമന്യൂവിന്‍റെ പ്രാര്‍ത്ഥനയില്‍ പ്രസാദിച്ച അശ്വിനീദേവകള്‍ പ്രത്യക്ഷരായി. അവര്‍ ഉപമന്യുവിന് കാഴ്ച തിരികെ കിട്ടാനായി ഒരു മരുന്ന് കൊടുത്തു.

"എന്‍റെ ഗുരുവിന് സമര്‍പ്പിക്കാതെയും,  ഗുരുവിന്‍റെ അനുവാദമില്ലാതെയും ഞാന്‍ ഒന്നും കഴിക്കുകയില്ല. " ഉപമന്യു അത് കഴിക്കാന്‍ വിസമ്മതിച്ചു.

അശ്വിനീദേവന്മാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും ഗുരുവിന്‍റെ അനുവാദമില്ലാതെ മരുന്ന് കഴിക്കുകയില്ലെന്ന് ഉപമന്യു വാശി പിടിച്ചു.

അവന്‍റെ ഗുരുഭക്തിയില്‍ പ്രസന്നരായ അശ്വിനീദേവന്മാര്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

"നിനക്കു കാഴ്ച വീണ്ടു കിട്ടട്ടെ! എല്ലാ ശ്രേയസ്സുമുണ്ടാകട്ടെ!"

കാഴ്ച ലഭിച്ചതോടെ ഉപമന്യു അനായാസം കിണറ്റില്‍ നിന്നും പുറത്തു കടന്ന് ഗുരു സന്നിധിയിലെത്തി വണങ്ങി.

സന്തുഷ്ടനായ ഗുരു ഉപമന്യുവിന് എല്ലാ അറിവും ശാസ്ത്രങ്ങളും വശമാകട്ടെ എന്ന് അനുഗ്രഹിച്ചു.


Post a Comment

0 Comments