ആ മുഹമ്മദ് ഞാനാണ്!

ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്‍റെ യാത്രാമദ്ധ്യേ വളരെ ഭാരമേറിയ ഒരു ചുമടുമായി നടന്നു പോകുകയായിരുന്ന ഒരു വൃദ്ധ സ്ത്രീയെ കണ്ടുമുട്ടി. അവരും അതേ ദിശയിലേയ്ക്ക് തന്നെ പോകുകയായിരുന്നു.

പ്രവാചകകന്‍ വേഗം തന്നെ ആ വൃദ്ധയുടെ കയ്യില്‍ നിന്നും ആ ചുമട് ഏറ്റെടുത്തു തന്‍റെ ചുമലിലേറ്റി. ആ ചെറുപ്പക്കാരന്‍റെ സന്‍മനസ്സ് കണ്ടു വൃദ്ധ അത്ഭുതപ്പെട്ടു.

അവര്‍ അദ്ദേഹത്തോട് പറഞ്ഞു.

"മോനെപ്പോലെ സഹായമനസ്ഥിതിയുള്ളവര്‍ വളരെ അപൂര്‍വമാണ്. ഇവിടെ മുഹമ്മദ് എന്നൊരുത്തന്‍ യുവാക്കളെയെല്ലാം വഴിപിഴപ്പിക്കുന്നെന്ന് കേട്ടു. നമ്മുടെ പൂര്‍വികരെയും വിശ്വാസത്തെയും എല്ലാം അവന്‍ തളിപ്പറയുന്നു എന്നാണറിഞ്ഞത്. മോനറിയാമോ അയാളെ? അയാളുടെ വര്‍ത്തമാനങ്ങളില്‍ വീണു വഴിതെറ്റാതെ സൂക്ഷിക്കണം കേട്ടോ!"

പ്രവാചകന്‍ അവരോടു ഒരു മറുപടിയും പറഞ്ഞില്ല. വഴി നീളെ അവര്‍ പ്രവാചകനെക്കുറിച്ചുള്ള കുറ്റങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. പ്രവാചകനാകട്ടെ മറിച്ചൊന്നും പറയാതെ അതെല്ലാം ക്ഷമയോടെ കേട്ടു അവരോടൊപ്പം നടന്നു. ഒടുവില്‍ അവര്‍ക്ക് എത്തേണ്ട സ്ഥലത്ത് എത്തി. ചുമട് ഇറക്കി തിരികെ പോകവേ, ആ സ്ത്രീ അദ്ദേഹത്തോട് ചോദിച്ചു.

"അല്ല, മോന്‍ ആരാണെന്നോ മോന്‍റെ പേരോ ഇത് വരെ പറഞ്ഞില്ല?"

"താങ്കള്‍ നേരത്തെ പറഞ്ഞ ആ മുഹമ്മദ് തന്നെയാണ് ഞാന്‍!" പ്രവാചകന്‍ മറുപടി പറഞ്ഞു.

ആ വൃദ്ധ ആകെ അമ്പരന്നു പോയി. പിന്നീട് അവര്‍ ഇസ്ലാം മതം സ്വീകരിച്ചു.


Post a Comment

1 Comments