പ്രസവിക്കുന്ന പാത്രം! ഒരു നര്‍മ്മ കഥ

പണ്ട് കുഞ്ഞിരാമന്‍ എന്നൊരു രസികന്‍ ഉണ്ടായിരുന്നു. അയാളുടെ അടുത്ത വീട്ടുകാരന്‍ വളരെ പിശുക്കനായിരുന്നു. മറ്റുള്ളവരെ തട്ടിക്കാന്‍ തക്കം നോക്കിക്കൊണ്ടിരിക്കും; അതായിരുന്നു പതിവ്.

കുഞ്ഞിരാമന്‍ അയാളെ ഒന്നു കളിയാക്കണമെന്നു' നിശ്ചയിച്ചു.

ഒരുദിവസം കുഞ്ഞിരാമന്‍ അയല്‍വാസിയോട് ഒരു പാത്രം കടം വാങ്ങി. പശുവിന്‌ വെള്ളം കൊടുക്കാനാണ്‌ വാങ്ങിയത്. മുന്നു ദിവസം കഴിഞ്ഞു. പാത്രം മടക്കിക്കൊടുത്തില്ല. അയല്‍വാസിക്ക്‌ സംശയമായി.

പാത്രം എന്തുചെയ്തു? അയല്‍വാസി ഒരാളെ അയച്ചു.

കുഞ്ഞിരാമന്‍ പറഞ്ഞു : “ശരി, ഇപ്പോള്‍ കൊണ്ടുവരാം.” ആള്‍ മടങ്ങിപോയി. പിന്നാലെ കുഞ്ഞിരാമനും പാത്രവുമായി ചെന്നു. എന്നാല്‍,  ചെറിയൊരു പാത്രവും കൂടി കുഞ്ഞിരാമന്‍ വലിയ പാത്രത്തില്‍ അടക്കം ചെയ്യിരുന്നു.

കുഞ്ഞിരാമന്‍ പാത്രം അയല്‍വാസിയുടെ മുമ്പില്‍ കൊണ്ടുവെച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു:

“അല്പം വൈകിപ്പോയി, ക്ഷമിക്കണം. പാത്രം പ്രസവിക്കാന്‍ കിടക്കുകയായിരുന്നു."

അയല്‍വാസിക്ക്‌ അത്ഭുതം തോന്നി.

അയാള്‍ ചോദിച്ചു: “പാത്രത്തിന്‌ പ്രസവമോ?" 

കുഞ്ഞിരാമന്‍ പറഞ്ഞു: “അതെ, പാത്രത്തിന്‌ പ്രസവം തന്നെ. എന്‍റെ വീട്ടില്‍ അങ്ങനെയൊക്കെ പതുിവുണ്ട്! ഇതാ കണ്ടില്ലേ ഈ ചെറിയ പാത്രം? വലിയ പാത്രത്തിന്‍റെ കുട്ടിയാണ്!"

"ഇത് കൊള്ളാമല്ലോ" പിശുക്കന്‍ ആലോചിച്ചു. എന്തായാലും ഒരു പാത്രം വെറുതെ കിട്ടുന്നതല്ലേ. അയാള്‍ മറ്റൊന്നും പറയാതെ രണ്ടു പാത്രവും വാങ്ങി അകത്തു വെച്ചു.

കുറച്ചു ദിവസം കഴിഞ്ഞു കുഞ്ഞിരാമന്‍ വീണ്ടും ഒരു പാത്രം ചോദിച്ച് പിശുക്കന്‍റെ അടുത്തെത്തി. ഇത്തവണ കുറെക്കൂടി വലിയ പാത്രമാണ് കുഞ്ഞിരാമന് വേണ്ടിയിരുന്നത്. പിശുക്കന്‍ വളരെ സന്തോഷത്തോട് കൂടി പാത്രം നല്കി. കഴിഞ്ഞ തവണത്തെപ്പോലെ ഒരു പാത്രം കൂടി കിട്ടിയാലോ?

നാളുകള്‍ കുറെ കടന്ന് പോയി. പാത്രം തിരികെ കിട്ടാതായപ്പോള്‍ പിശുക്കന്‍ കുഞ്ഞിരാമനെ വിളിപ്പിച്ചു.

"അല്ല, കുഞ്ഞിരാമാ, പാത്രം തിരികെ കിട്ടിയില്ലല്ലോ?" പിശുക്കന്‍ ചോദിച്ചു.

"ഞാന്‍ അത് അങ്ങയോട് വന്ന് പറയാന്‍ ഇരിക്കുകയായിരുന്നു. അങ്ങത്തേയ്ക്ക് വിഷമമാകുമല്ലോ എന്ന് കരുതി വൈകിച്ചതാണ്. കഴിഞ്ഞ ദിവസം ആ പാത്രം മരിച്ചു പോയി!" കുഞ്ഞിരാമന്‍ വിഷമത്തോട് കൂടി പറഞ്ഞു.

"പാത്രം മരിച്ചു പോകുകയോ? നീ എന്തു വിഡ്ഡിത്തമാണ് പറയുന്നത്?" പിശുക്കന്‍ ദേഷ്യപ്പെട്ടു.

"അത് പിന്നെ ഞങ്ങളുടെ വീട്ടില്‍ അങ്ങിനെയാണ്. ചിലപ്പോള്‍ പാത്രം പ്രസവിക്കും, പ്രസവിക്കുന്ന പാത്രങ്ങള്‍ മരിക്കുന്നതില്‍ എന്ത് അത്ഭുതമാണുള്ളത്!" കുഞ്ഞിരാമന്‍ സരസമായി ചോദിച്ചു.

പിശുക്കന് ഉത്തരമില്ലായിരുന്നു.


Post a Comment

0 Comments