വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന ഒരു കടയില്‍ ഒരു ദിവസം ഒരു കൊച്ചുകുട്ടിയെത്തി.
"ഒരു നായക്കുട്ടിക്കെന്താണ് വില?" അവന്‍ ചോദിച്ചു.
"ഇവിടെ 300 രൂപ മുതല്‍ നായക്കുട്ടികളുണ്ട്" കടയുടമ മറുപടി പറഞ്ഞു.
കുട്ടി തന്‍റെ പോക്കറ്റില്‍ കയ്യിട്ട് കുറെ ചില്ലറകള്‍ പുറത്തെടുത്ത് എണ്ണാന്‍ തുടങ്ങി. തന്‍റെ കയ്യിലുള്ള തുക എണ്ണി തിട്ടപ്പെടുത്തിയ ശേഷം അവന്‍ പറഞ്ഞു.
"എന്‍റെ കയ്യില്‍ ആകെ 50 രൂപയേ ഉള്ളൂ."
"സോറി! 50 രൂപയ്ക്ക് വില്‍ക്കാന്‍ പറ്റിയ നായക്കുട്ടികളൊന്നും ഇവിടെയില്ല" കടയുടമ പറഞ്ഞു.
"എനിക്ക് ആ നായക്കുട്ടികളെ ഒന്ന് കാണാന്‍ പറ്റുമോ?" കുട്ടി ചോദിച്ചു.
അവന്‍റെ താത്പര്യം കണ്ട കടയുടമ അവനെ ഉള്ളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ കുറെയധികം നായക്കുട്ടികള്‍ കളിച്ചു നടക്കുന്നുണ്ടായിരുന്നു.
അവരെ കണ്ടതും ആ നായക്കുട്ടികള്‍ അവരുടെ അടുത്തേയ്ക്ക് ഓടി വന്നു. എന്നാല്‍ ഒരു നായക്കുട്ടി മാത്രം ഏറ്റവും പുറകിലായി സാവധാനം മുടന്തിക്കൊണ്ട് വരുന്നുണ്ടായിരുന്നു.
"ആ നായക്കുട്ടിക്കെന്ത് പറ്റി" മുടന്തുന്ന നായക്കുട്ടിയെ ചൂണ്ടി കുട്ടി ചോദിച്ചു.
"ഓ! ആ നായ്ക്കുട്ടിയുടെ കാലിന് ഒരു തകരാറുണ്ട്. അതിന് ഒരിയ്ക്കലും ശരിയ്ക്ക് നടക്കാന്‍ സാധിക്കില്ല." കടയുടമ വിശദീകരിച്ചു.
"എനിക്കവനെ മതി! അവന് എത്ര രൂപയാകും" കുട്ടി ആവേശത്തോടെ ചോദിച്ചു.
"ഏയ്! ആ നായക്കുട്ടിക്ക് ഒരിയ്ക്കലും നടക്കാനാകില്ല. അതിനെ നീ എന്തിനാണ് വാങ്ങുന്നത്?" കടയുടമ ആശ്ചര്യത്തോടെ ചോദിച്ചു.
"അതെനിക്ക് മനസ്സിലായി. പക്ഷേ എനിക്കാ നായക്കുട്ടിയെ മതി" കുട്ടി തീര്‍ത്തു പറഞ്ഞു.
"അതിനെ തന്നെ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ നീ അതിനെ എടുത്തോളൂ. വിലയൊന്നും തരേണ്ട" കടയുടമ പറഞ്ഞു.
കുട്ടിയ്ക്ക് പക്ഷേ അതത്ര ഇഷ്ടപ്പെട്ടില്ല. അവന്‍ ചോദിച്ചു.
"അതെന്തു കൊണ്ടാണ് ആ നായക്കുട്ടിയ്ക്ക് വിലയില്ലാത്തത്? എനിക്കതിനെ വെറുതെ വേണ്ട. ഞാന്‍ അതിന് മറ്റ് നായക്കുട്ടികളുടെ അത്രയും വില തന്ന് തന്നെ വാങ്ങാം. ഇപ്പോള്‍ ഞാന്‍ മുന്‍കൂറായി 30 രൂപ തരാം. ബാക്കി ഞാന്‍ തവണകളായി തന്നു തീര്‍ത്തു കൊള്ളാം. മുഴുവന്‍ തുക തന്നതിന് ശേഷം അവനെ എനിക്ക് തന്നാല്‍ മതി." കുട്ടി വളരെ നിശ്ചയദാര്‍ഡ്യത്തോടെ പറഞ്ഞു.
കടയുടമ വളരെ അത്ഭുതത്തോടെ അവനെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
"ഏയ്, വേണ്ട വേണ്ട. നീ അതിനെ വാങ്ങിക്കേണ്ട, വേറെ നല്ല നായക്കുട്ടിയെ വാങ്ങിച്ചോളൂ. അതിന് നിന്‍റെ കൂടെ ഓടാനും ചാടാനുമൊന്നും കഴിയില്ല"
"അതിനെനിയ്ക്കും ഓടാനും ചാടാനുമൊന്നും കഴിയില്ലല്ലോ!" തന്‍റെ പാന്‍റ് മുകളിലേയ്ക്കുയര്‍ത്തി, ലോഹ ബ്രെസ് കൊണ്ട് താങ്ങി നിര്‍ത്തുന്ന തന്‍റെ വലതു കാല്‍ കാണിച്ചു കൊടുത്ത് കൊണ്ട് കൂട്ടി തുടര്‍ന്നു.
"ആ നായ്ക്കുട്ടിയ്ക്ക് അതിനെ നന്നായി മനസ്സിലാക്കുന്ന ഒരാളെയാണ് ആവശ്യം!"
കടയുടമ അവന്‍ പറഞ്ഞ വ്യവസ്ഥയില്‍ തന്നെ ആ നായക്കുട്ടിയെ കൊടുത്തു. അതിനെ അപ്പോള്‍ തന്നെ വീട്ടിലേയ്ക്ക് കൊണ്ട് പോകാനും അതിന്‍റെ വില പലപ്പോഴായി തന്നു തീര്‍ക്കാനും സമ്മതിച്ചു.
കുട്ടി സന്തോഷത്തോടെ ആ നായ്ക്കുട്ടിയുമായി വീട്ടിലേയ്ക്ക് മടങ്ങി.
0 Comments