യഥാര്‍ത്ഥ അറിവ്!

 കുറെയേറെ നാളുകള്‍ക്ക് ശേഷമാണ് പൂച്ച തന്‍റെ കൂട്ടുകാരനായ കുറുക്കനെ കണ്ടുമുട്ടിയത്. 

"എവിടെയായിരുന്നു സുഹൃത്തെ നീ ഇത് വരെ? കുറെയധികം കാലമായല്ലോ കണ്ടിട്ട്?" പൂച്ച ആവേശത്തോടെ ചോദിച്ചു.

"ഞാന്‍ അടുത്ത കാട്ടില്‍ ചില പുതിയ വിദ്യകള്‍ അഭ്യസിക്കാന്‍ പോയതായിരുന്നു." കുറുക്കന്‍ പറഞ്ഞു.


"അതെയോ? അതെന്തൊക്കെയാണ് നീ പഠിച്ച പുതിയ വിദ്യകള്‍?" പൂച്ചയ്ക്ക് ആകാംക്ഷയായി.

"അതോ, ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാനുള്ള 101 പുതിയ അടവുകള്‍! അതാണ് ഞാന്‍ പഠിച്ചത്" കുറുക്കന്‍ അഭിമാനത്തോടെ അറിയിച്ചു.

"ഓ! ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാന്‍ 101 അടവുകളോ? അത് കൊള്ളാമല്ലോ! എനിക്കു കൂടി ഒന്നു പഠിപ്പിച്ചു താ!" പൂച്ച കുറുക്കനോട് അഭ്യര്‍ത്ഥിച്ചു.

"അതിനെന്താ, ഇപ്പോള്‍ തന്നെ പഠിപ്പിച്ചു തരാം." കുറുക്കന്‍ യാതൊരു മടിയും കൂടാതെ പൂച്ചയെ താന്‍ പഠിച്ച വിദ്യകള്‍ ഓരോന്നായി കാണിച്ചു കൊടുക്കാന്‍ തുടങ്ങി.

അപ്പോഴാണ് ഒരു പുലി ആ വഴി വന്നത്. വിശന്ന് വലഞ്ഞിരുന്ന പുലി മുന്നില്‍ ഒരു പൂച്ചയെയും കുറുക്കനെയും കണ്ടു അവരെ പിടിക്കാന്‍ മുന്നോട്ട് കുതിച്ചു. പൂച്ച അതിവേഗം ഒരു മരത്തില്‍ ചാടിക്കയറി രക്ഷപ്പെട്ടു. താന്‍ പുതുതായി പഠിച്ച 101 വിദ്യകളില്‍ ഏത് വിദ്യയാണ് പ്രയോഗിക്കേണ്ടത് എന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലായ കുറുക്കനെ പുലി അനായാസം പിടികൂടി ശാപ്പിട്ടു!

ഇതെല്ലാം കണ്ടു കൊണ്ട് മരത്തില്‍ ഇരിക്കുകയായിരുന്ന കാക്കച്ചി പറഞ്ഞു:

"ഒരു പാട് അറിവുകള്‍ നേടിയത് കൊണ്ട് മാത്രം കാര്യമില്ല, ഏത് സമയത്ത് എന്താണ് ഉപകരിക്കുക എന്നറിയുകയും, അത് വേണ്ട പോലെ ഉപയോഗിക്കുകയും ചെയ്യാനറിയണം!"

Post a Comment

0 Comments